Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലോക്​ഡൗൺകാല കാഴ്ചകൾ

ലോക്​ഡൗൺകാല കാഴ്ചകൾ

text_fields
bookmark_border
covid-19
cancel

ലോകമാകെയുള്ള സാഹചര്യങ്ങളറിയുമ്പോൾ ഇന്ന് കേരളത്തിൽ ജീവിക്കുന്നവർ വലിയ ഭാഗ്യമുള്ളവരാണെന്ന് തിരിച്ചറിവുണ ്ടാക്കിയ കാലം കൂടിയാണിത്. കക്ഷിരാഷ്​ട്രീയ, ജാതി, മത, ലിംഗ ഭേദമെന്യേ ആ കേരള സവിശേഷത നാം അനുഭവിക്കുന്നു. ശശി തരൂർ അ ത്​ തുറന്നുപറയാനുള്ള രാഷ്​ട്രീയ സത്യസന്ധത കാണിച്ചു. അതേസമയം, പലരും ഈ ദുരന്തകാലത്തും വർഗീയ, രാഷ്​ട്രീയ നേട്ടങ് ങൾക്കുള്ള പ്രസ്​താവനകളും പ്രവർത്തനങ്ങളും നടത്തുന്നുമുണ്ട്.
മനുഷ്യരാകെ വൈകാരികമായി ദുർബലമായ ഈ സമയത്ത് പ് രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം നടന്ന രണ്ട് ചടങ്ങുകൾ–പാത്രം കൊട്ടലും ദീപം തെളിയിക്കലും– ജനമനസ്സിൽ സ്വന്തം സ മൂഹത്തി​​െൻറയും അവരവരുടെ ത​െന്നയും ആരോഗ്യ പരിപാലനം സംബന്ധിച്ച ശാസ്​ത്രീയ, വിവേക ചിന്തകളെ അൽപംപോലും ഉണർത്ത ുന്നതായിരുന്നില്ല. ആചാരാനുഷ്ഠാനപരവും ശാസ്​ത്രയുക്തികളെ വെല്ലുവിളിക്കുന്നതുമായ വിശ്വാസങ്ങളെ ഇന്ത്യയാകെ വ്യാപിപ്പിക്കുകയും ആരോഗ്യപ്രവർത്തകർക്കുവേണ്ടി എന്നവിധം അനുകൂലമാക്കിയെടുക്കുകയും ചെയ്യുന്നത്​ ഒരു പ്രവർത്തനരീതിയായി മാറിയിരിക്കുന്നു. ഇനിയുമുണ്ടാകും ആചാരാനുഷ്ഠാനങ്ങളുടെ തുടർ ഇന്ത്യൻ ഏകീകരണശ്രമങ്ങൾ. കോവിഡിനെ പ്രതിരോധിക്കാൻ ഈ എളുപ്പവഴികൾ മതിയാവില്ല എന്ന് ഇന്ത്യക്കാർ വൈകാതെ തിരിച്ചറിയുമായിരിക്കും.

കോവിഡ്കാലത്ത് കിട്ടിയ അവസരത്തിന്​ ഇന്ത്യയെ അതിദ്രുതം ഒരു നാടക അരങ്ങാക്കി മാറ്റുകയും അതിൽ അതിശ്രദ്ധയോടെ വസ്​ത്രാലങ്കാരവും ദീപവിതാനവും അമിതാഭിനയവും നടത്തി കൈയടി നേടുകയും ചെയ്യുന്ന പ്രധാന കഥാപാത്രങ്ങളോട് താദാത്മ്യം പ്രാപിച്ച് കഥാർസിസ്​ അഥവാ വികാരവിരേചനം നടത്തി യാഥാർഥ്യങ്ങളെ മറന്നുപോകുന്ന വിദ്യാസമ്പന്നരായ മലയാളികളടക്കമുള്ള മനുഷ്യരെ കണ്ട്, ബുദ്ധിയും ബോധവും യുക്തിയുമുള്ള മനുഷ്യർ കടുത്ത വിഷമമനുഭവിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ശാഹീൻബാഗ്​ പോലുള്ള ഇന്ത്യയുടെ തെരുവുകളിൽ നാം ഇന്ത്യയുടെ വ്യത്യസ്​തമുഖം കണ്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഇന്ത്യയുടെ തെരുവുകളിൽ ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ കിലോമീറ്ററുകളോളം നടന്ന്​ കാലും മെയ്യും തളർന്ന്​ വേച്ചുപോകുന്ന ആയിരക്കണക്കിനു കൂലിത്തൊഴിലാളികളെ കണ്ടിട്ടുണ്ട്. വേഷം കെട്ടുകളില്ലാത്ത, വേദനയുടെയും അവഗണനയുടെയും തള്ളിക്കളയലുകളുടെയും ഇരുണ്ട നിറങ്ങൾ മാത്രമുള്ള ഈ യഥാർഥ കാഴ്ചകളൊന്നും ദീപശോഭയിൽ മറഞ്ഞുപോവുകയോ മറന്നുപോവുകയോ ഇല്ല.

കോടിക്കണക്കായ ദരിദ്രമനുഷ്യരുടെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഈ ലോക്​ഡൗൺ കാലത്ത്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജ് ആരോഗ്യ, സാമൂഹിക സുരക്ഷമേഖലയിൽ നടപ്പാകുന്നതെങ്ങനെ എന്നറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതിനായി കേന്ദ്ര ഉത്തരവാദിത്വത്തിലും സംസ്​ഥാനങ്ങളിലും നടക്കുന്നതെന്തൊക്കെയാണെന്ന്​ ജനങ്ങളോട് പറയാൻ രാജ്യത്തി​െൻറ പ്രധാനമന്ത്രിക്കാവണം. കേരളത്തിലെ സർക്കാർ ഇക്കാര്യത്തിൽ ഇന്ത്യക്കു മുന്നിൽ ഒരു മാതൃക മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ ദിവസവും ടി.വിയിൽ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കേൾക്കുന്നു. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ ഉൾക്കൊള്ളലാണത്. സുതാര്യവും ജനപങ്കാളിത്താടിസ്​ഥാനത്തിലുള്ള ഭരണനിർവഹണവുമാണ്​.

പ്രധാനമന്ത്രിയിൽനിന്നും കേന്ദ്ര സർക്കാറിൽനിന്നും ഈ കോവിഡ്കാലത്തെ അതിജീവിക്കാൻ ഇന്ത്യൻ ജനത ശക്തമായി ആവശ്യപ്പെടേണ്ടത് സുതാര്യവും പക്ഷപാതരഹിതവുമായ പ്രതിബദ്ധതയാണ്. ഇന്ത്യയിൽ ഇതുവ​െരയും പ്രശസ്​തമായശാസ്​ത്ര ഗവേഷണ സ്​ഥാപനങ്ങളും വിദഗ്​ധരായ ആരോഗ്യപ്രവർത്തകരുമുണ്ടായതിന് ജവഹർലാൽ നെഹ്​റുവിനും കേന്ദ്രത്തിൽ ദീർഘകാലമിരുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസിനും തീർച്ചയായും ഇപ്പോൾ അഭിമാനിക്കാം. ഇന്ന്​ ബി.ജെ.പി സർക്കാർ രാജ്യത്തെ ഒന്നാന്തരം യൂനിവേഴ്സിറ്റികളെ ഞെക്കിക്കൊല്ലുകയും ശാസ്​ത്രഗവേഷണ സ്​ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് ഗവേഷണങ്ങളെ തളർത്തുകയുമാണ്​ ചെയ്യുന്നത്​. അതേസമയം, ആചാരാഭിചാര തന്ത്രങ്ങളെ േപ്രാത്സാഹിപ്പിക്കുകയും സർക്കാർമേഖലയിലുള്ള ആരോഗ്യസ്​ഥാപനങ്ങളെ സ്വകാര്യവത്​കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇനിയും പല കാലങ്ങളിലായി കോവിഡിനെക്കാൾ മാരകമായ വൈറസുകൾ ഭൂമിയിലെ മനുഷ്യരെ ബാധിക്കും. അപ്പോഴായിരിക്കും നാം തീർത്തും നിസ്സഹായരും അനാഥരുമായിത്തീരുക.

എന്തായാലും കേരളത്തിലെ ആരോഗ്യമാതൃക ‘നിപ’ കാലവും കഴിഞ്ഞ് കോവിഡ് കാലത്ത് അത്യധികം ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. എല്ലാവർക്കും റേഷൻ കടകളിലൂടെയുള്ള അരിയും പലവ്യഞ്ജനങ്ങളും സമൂഹ അടുക്കളകളും കുറഞ്ഞ ചെലവിൽ ഭക്ഷണം വാങ്ങാവുന്ന ഹോട്ടലുകളും അന്തർസംസ്​ഥാന തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള ക്രമീകരണങ്ങളും വിവിധ പെൻഷൻ, സാമ്പത്തിക സഹായ വിതരണവും അതി​െൻറ അടിസ്​ഥാനമാണ്.

ദുരന്തങ്ങളെ നേരിടാനുള്ള ജീവിതശൈലികൾ സ്വായത്തമാക്കാൻ നമ്മൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വെറുതെയിടാതെ ഇത്തിരി മണ്ണുണ്ടെങ്കിൽ പോലും അവിടെ പച്ചക്കറികൾ നട്ടുവളർത്താൻ പഠിക്കുകയാണ്. മാറ്റിവെച്ച ആർഭാട കല്യാണങ്ങൾ ഇനി നടത്തുന്ന സമയത്ത് തുടർന്നും വരാനിരിക്കുന്ന ആപത്​കാലങ്ങളെ ഓർമിക്കണം. ജീവിതത്തെ വരുന്നിടത്തുവെച്ച് നേരിടാൻ പഠിക്കുകയാണ് നമ്മൾ. ജനങ്ങളുടെ ആരോഗ്യബോധം മാറിയിട്ടുണ്ട്. കൈ കഴുകണമെന്ന ശുചിത്വശീലം മനസ്സിലാക്കി. ആവശ്യത്തിനുമാത്രം പുറത്തിറങ്ങിയാൽ മതിയെന്നും തോന്നിത്തുടങ്ങി. മന്ത്രിസഭ തീരുമാനങ്ങളുടെ വിശദീകരണത്തിനിടയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനുശേഷം പുരുഷന്മാർക്ക് അൽപമെങ്കിലും വീട്ടുപണികൾ ചെയ്യാം എന്നൊരു പൊതുബോധം വളർന്നിട്ടുണ്ട്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പുരുഷാധിപത്യത്തി​െൻറ ഒരു കുഞ്ഞു വേരിനെയെങ്കിലും ഇളക്കാനായിട്ടുണ്ടെങ്കിൽ ഈ ലോക്​ഡൗൺ കാലം വിജയമാണ്. ഇതൊക്കെയാണെങ്കിലും സ്​ത്രീകൾ വീടുകളിൽ കാണാപ്പണികൾ എടുത്തുകൊണ്ടേയിരിക്കുകയും ഗാർഹികാതിക്രമങ്ങൾ കൂടിക്കൊണ്ടേയിരിക്കുകയുമാണ്. വീടുകളിലിരിക്കണമെന്ന് പറഞ്ഞിട്ടും ആളുകൾ പുറത്തേക്കിറങ്ങി കറങ്ങി നടക്കുന്നു. ചില പൊ ലീസുകാർ അമിതാധികാരം കാണിച്ച് ജനങ്ങളെ ഏത്തമിടീക്കുകയും തല്ലുകയും അപമാനിക്കുകയും ചെയ്യുന്നു. അതേസമയം, കുറെ നല്ല പൊലീസുകാർ ജനങ്ങളെ രാപ്പകലില്ലാതെ സേവിക്കുന്നുണ്ട്. എല്ലാതരം നന്മയും തിന്മയും ധർമവും അധർമവും തമ്മിൽ ഈ ദുരന്തകാലത്തും, മരണം വന്ന്​ മുന്നിൽനിൽക്കുമ്പോഴും സംഘർഷത്തിൽ തന്നെയാണ്. നമുക്കിപ്പോൾ എല്ലാ കാഴ്ചകളും കാണാൻ സമയമുണ്ട്; ഉള്ളിലേക്ക് സ്വയം നോക്കാനും. ന്യായവും ധർമവും സത്യവും യുക്തിയും ശാസ്​ത്രവും യുക്തിയും സേവനവും സ്​നേഹവും കരുതലും എന്തെന്നറിയാനും ജീവിതത്തിൽ വളർത്തിയെടുക്കാനും ലോക്​ഡൗൺ കാലം സഹായിക്കട്ടെ. മാറ്റത്തിനു തയാറുള്ള കൂടുതൽ മനുഷ്യരുടെ ഉള്ളിൽനിന്നുള്ള വെളിച്ചം നമ്മുടെ ചുറ്റും നിറയട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newsCoronaviruscovid 19
News Summary - Lockdown issue-Opinion
Next Story