ലോക്ഡൗണിൽ കേരളത്തിന് നഷ്ടം 80,000 കോടി
text_fieldsകോവിഡ് 19 മഹാമാരിയും ലോക്ഡൗണും കേരളത്തിെൻറ സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതം വരുത്തുമെന്ന് ആസൂത്രണ ബോർഡിെൻറ പഠനം. ലോക്ഡൗൺ കാലത്ത് കേരള സമ്പദ്വ്യവസ്ഥയുടെ മൊത്ത മൂല്യവർധനവിലുണ്ടായ നഷ്ടം 80,000 കോടിയാണെന്നാണ് കണക്കാക്കിയത്.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തയാറാക്കിയ അടിയന്തര വിലയിരുത്തലിലാണ് ഇൗ കണ്ടെത്തൽ. ലോക്ഡൗൺ കാലയളവായ മാർച്ച് 25 മുതൽ മേയ് മൂന്ന് വരെയാണ് പഠനത്തിന് തിരഞ്ഞെടുത്തത്. ആദ്യ 40 ദിവസത്തെ നഷ്ടമാണിത്.
കാർഷിക മേഖലയിൽ മൊത്ത നഷ്ടം 1570.75കോടി രൂപയാണ്. വേതനമില്ലായ്മ മൂലം തൊഴിലാളികൾക്കുണ്ടായ നഷ്ടം 200.30 കോടി രൂപയും. ആഗോള വ്യാപാരത്തിൽ 13 മുതൽ 32 ശതമാനം വരെ കുറവുണ്ടായത് കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സുഗന്ധ വ്യഞ്ജനം, തോട്ടവിളകൾ എന്നിവയെ ബാധിച്ചു. ആഭ്യന്തര വിപണിയിൽ കന്നുകാലി ഉൽപന്നങ്ങൾ, മത്സ്യം എന്നിവക്ക് വിലയിടിഞ്ഞു. തൊഴിലാളികളുടെ ലഭ്യതക്കുറവ് സംസ്കരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു. കാർഷിക പൊതുമേഖലാ സ്ഥാപനങ്ങൾക്കും വലിയ വരുമാന നഷ്ടമുണ്ടായി. നെൽകൃഷി മേഖലയിൽ 15 കോടിയും പച്ചക്കറി മേഖലയിൽ 147 കോടിയുമാണ് നഷ്ടക്കണക്ക്. ഏത്തക്കായ, മറ്റ് വാഴപ്പഴങ്ങൾ വിപണിക്ക് നഷ്ടം 269 കോടിയാണ്. പൈനാപ്പിൾ മേഖലയിൽ 50 കോടി, കശുവണ്ടി-10 കോടി, കിഴങ്ങുവർഗങ്ങൾ - 20 കോടി എന്നിങ്ങനെയാണ് മറ്റ് നഷ്ടങ്ങൾ. 45,064 ടൺ പ്രകൃതിദത്ത റബർ വിറ്റുപോകാതെ കിടക്കുന്നു. ഇതിെൻറ മൂല്യം 563 കോടിയാണ്. തേയില മേഖലക്ക് 141.1ഉം കാപ്പിക്ക് 92ഉം കോടിയാണ് നഷ്ടം. ഏലത്തിന് 126 കോടിയും കുരുമുളകിന് 50 കോടിയും നഷ്ടമുണ്ടായി.
റബർ മേഖലയിൽ ജോലി ഇല്ലാതായതോടെ തൊഴിലാളികൾക്ക് കൂലി ഇനത്തിൽ 110 കോടിയും ഏലം മേഖലയിൽ 28.8 കോടിയും തേയില തോട്ടം തൊഴിലാളികൾക്ക് 51.5കോടി രൂപയും നഷ്ടമായി. മൃഗസംരക്ഷണമേഖലയിൽ മൊത്തം നഷ്ടം 181 കോടിയാണ്. മാംസ മേഖല - 154.50 കോടി, മുട്ട 18.09 കോടി, പാൽ 9.2കോടി എന്നിങ്ങനെയാണ് നഷ്ടക്കണക്ക്. മത്സ്യ മേഖലയിൽ 1371കോടിയും മത്സ്യ കയറ്റുമതി രംഗത്ത് 600 കോടിയും ഇൗ കാലയളവിൽ നഷ്ടമായി. സംസ്ഥാനത്തെ സ്വയംതൊഴിലുകാർ, ദിവസക്കൂലിക്കാർ എന്നിവർക്കുണ്ടായ വരുമാന നഷ്ടം 350 കോടി രൂപയാണ്. 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ സംസ്ഥാനത്തുണ്ടാകുന്ന മൊത്തം വേതന/വരുമാന നഷ്ടം 14,000 കോടി മുതൽ 15,000 കോടി രൂപവരെയാകാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിനോദ സഞ്ചാര മേഖലയിൽ 20,000 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഗതാഗത മേഖലയിൽ ലോക്ഡൗൺ കാലത്തെ ആദ്യ 40 ദിവസം മാത്രം 9,600 കോടി നഷ്ടം സംഭവിച്ചിട്ടുണ്ട്. മോേട്ടാർ വാഹന വകുപ്പ് 276.20 കോടി, ജലഗതാഗത വകുപ്പ് 1.57 കോടി, കൊച്ചി മെട്രോ 9.20 കോടി എന്നിങ്ങനെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇൗ സാമ്പത്തിക വർഷം മൂന്നാംപാദത്തിൽ െഎ.ടി. രംഗത്ത് 26,236 പേർക്ക് തൊഴിൽ നഷ്ടമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.