ബിഗ് ട്വിസ്റ്റ്... ബിഗ് ഫൈറ്റ്...
text_fieldsമറുപക്ഷം പൊടുന്നനെ നടത്തിയ രാഷ്ട്രീയ നീക്കത്തിൽ സ്തബ്ധരായി നിൽക്കാതെ ചടുലമായ മറുപടി. വമ്പൻ ട്വിസ്റ്റിലൂടെ പൊരിഞ്ഞ പോരിന് തയാറാണെന്ന സന്ദേശം. ‘റിസർവ്ഡ് സ്ഥാനാർഥി’ ഉണ്ടായിരുന്നിട്ടും നിർണയവും പ്രഖ്യാപനവും നീണ്ടുപോയ കോൺഗ്രസ് അവസാന മണിക്കൂറുകളിൽ തൃശൂരിൽ നടത്തിയത് അത്തരമൊരു കരുനീക്കമാണ്. ഒരുപക്ഷേ, രാഷ്ട്രീയ എതിരാളികൾ പോലും നമിച്ചുപോകുന്ന പ്രകടനം. രാഷ്ട്രീയ ചാണക്യനെന്ന വിശേഷണം ഉണ്ടായിരുന്ന അച്ഛൻ കെ. കരുണാകരനും താനും ഇപ്പോൾ കൂടുമാറിയ സഹോദരി പത്മജ രണ്ടു തവണയും വീണ തൃശൂരിന്‍റെ മണ്ണിൽ പോരാട്ടത്തിന് എത്തുന്ന കെ. മുരളീധരൻ മുമ്പ് തോറ്റ് അടിയറവ് പറഞ്ഞ മുരളീധരനല്ലെന്ന് എതിരാളികൾക്കും അറിയാം.
ഇതുവരെ തൃശൂരിലെ കാര്യങ്ങൾക്ക് സാധാരണ ഒഴുക്കായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തോറ്റ ബി.ജെ.പിയുടെ സുരേഷ് ഗോപി വീണ്ടും മത്സരിക്കാൻ എത്തുമെന്നത് എന്നേ അറിയാവുന്ന കാര്യം. തൃശൂർ നിയമസഭ മണ്ഡലത്തിന്‍റെ മുൻ പ്രതിനിധിയും മന്ത്രിയുമായിരുന്ന സി.പി.ഐയിലെ ചുണയുള്ള നേതാവ് വി.എസ്. സുനിൽ കുമാറിനെ ഇടതുപക്ഷം രംഗത്ത് ഇറക്കുമെന്നതും രഹസ്യമായിരുന്നില്ല. കോൺഗ്രസിന് വേണ്ടി സിറ്റിങ് എം.പി ടി.എൻ. പ്രതാപനല്ലാതെ മറ്റാര് എന്നതായിരുന്നു ചർച്ച. പക്ഷേ, ഏതാനും ദിവസംകൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞു.
സുരേഷ് ഗോപിയിലൂടെ മണ്ഡലത്തിൽ ബി.ജെ.പി, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്കിടയിൽ സ്വീകാര്യത ഉയർത്തിയെന്ന തോന്നൽ എതിരാളികളിൽ ചലനമുണ്ടാക്കി. ചില വിഭാഗങ്ങളുടെ വോട്ടിന് വേണ്ടി ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മത്സരം മുറുകുമ്പോൾ പരമ്പരാഗത മുന്നണി വോട്ടിനൊപ്പം സ്ഥാനാർഥിയുടെ പൊതുസ്വീകാര്യതക്കുള്ള വോട്ടുകൂടി തരപ്പെടുത്തി ജയിക്കാമെന്ന ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം ഒരുഭാഗത്ത്. ഒന്ന് മാറ്റിപ്പിടിക്കണോ എന്ന കോൺഗ്രസിന്‍റെ സന്ദേഹം മറുഭാഗത്ത്. കോൺഗ്രസ് ഈ സംശയവുമായി ദിവസങ്ങൾ തള്ളിനീക്കുമ്പോൾ പടയിൽനിന്ന് ഒരാൾ മറുകണ്ടം ചാടി. പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി ആശ്ലേഷം സംഘടനാപരമായി അത്ര വലിയ ആഘാതമൊന്നും ഏൽപിക്കില്ലെങ്കിലും പറഞ്ഞുനിൽക്കാൻ പാടുപെടുമല്ലോ എന്ന വേവലാതിക്ക് മണിക്കൂറുകളുടെ ആയുസ്സ് മാത്രം. വടകരയിൽനിന്ന് കെ. മുരളീധരൻ തൃശൂരിൽ എത്തുമ്പോൾ ‘ബി.ജെ.പിയുടെ കേരളത്തിലെ പരീക്ഷണശാല’കളിൽ ഒന്ന് എന്ന് അവർ സ്വയം വിശേഷിപ്പിക്കുന്ന തൃശൂരിന്‍റെ പോരിന് പൂരത്തെ വെല്ലുന്ന പെരുമ കൈവരികയാണ്.
കെ. കരുണാകരൻ, കെ. മുരളീധരൻ, പത്മജ വേണുഗോപാൽ
1996, 1998 ലോക്സഭ തെരഞ്ഞെടുപ്പുകളിലാണ് യഥാക്രമം കെ. കരുണാകരനും കെ. മുരളീധരനും തൃശൂരിൽ പരാജയപ്പെട്ടത്. രണ്ടു തവണയും വീഴ്ത്തിയത് സി.പി.ഐയിലെ വി.വി. രാഘവൻ എന്ന സൗമ്യൻ. 2016, 2021 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ തൃശൂർ നിയമസഭ മണ്ഡലത്തിലും തോറ്റു. ആദ്യം വി.എസ്. സുനിൽകുമാറും പിന്നീട് പി. ബാലചന്ദ്രനുമാണ് തോൽപ്പിച്ചത്. കരുണാകരന്‍റെ തട്ടകമായി അറിയപ്പെട്ടിരുന്ന തൃശൂരിനോട് മുരളീധരനും അടുത്ത ബന്ധമുണ്ട്. പത്മജക്കാണെങ്കിൽ നഗരത്തിലെ പൂങ്കുന്നത്ത് കരുണാകരനും ഭാര്യ കല്യാണിക്കുട്ടിയും ഉറങ്ങുന്ന ‘മുരളീമന്ദിര’മുണ്ട്. കരുണാകരനോട് ഇപ്പോഴും അങ്ങേയറ്റത്തെ മമത കാത്തുസൂക്ഷിക്കുന്ന തലമുറയുടെ കണ്ണികളും അവരുടെ പിന്തുടർച്ചക്കാരും തൃശൂരിലുണ്ട്.
സുനിൽകുമാർ, അജയ്യൻ
തെരഞ്ഞെടുപ്പുകളിൽ തോൽവിയറിയാത്ത സുനിൽ കുമാറിന് തൃശൂർ ലോക്സഭ മണ്ഡലത്തിന്‍റെ അൽപം ഇടത്തോട്ടാഞ്ഞ കൂറ് വലിയ ബലമാണ്. അതിലുപരിയാണ് മന്ത്രിയെന്ന നിലക്ക് ഉണ്ടാക്കിയ മികച്ച പ്രതിച്ഛായ. സുനിൽ കുമാർ തൃശൂരിൽ സ്ഥാനാർഥിയാകണമെന്ന് ഏറെ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും സി.പി.എമ്മാണെന്നാണ് മുന്നണി വർത്തമാനം. സുനിൽ കുമാറിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത നിമിഷം പ്രചാരണത്തിന് അവർ ചാടിയിറങ്ങിയത് തെളിവാണ്. മണ്ഡലത്തിലാകെ ഇതിനകം ഓടിയെത്തിയ സുനിൽ കുമാർ അല സൃഷ്ടിക്കുന്നുണ്ട്.
സുരേഷ് ഗോപി, ബി.ജെ.പി
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ തൃശൂരിൽ തോൽവി ഏറ്റുവാങ്ങേണ്ടിവന്നിട്ടും പിന്മാറാതെ വീണ്ടും അങ്കത്തിന് ഇറങ്ങിയതാണ് ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ പ്രത്യേകത. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് നേടാൻ കഴിഞ്ഞു. രണ്ടാം സ്ഥാനത്തെത്തിയ ഇടതുമുന്നണി സ്ഥാനാർഥിയുമായി വോട്ടുവ്യത്യാസം 30,000ഓളം മാത്രം. സ്ഥാനാർഥിക്ക് മണ്ഡലത്തിലെ സ്വീകാര്യത പിന്നെയും ഉയർന്നിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിശ്വാസം.
നിർണായക ഘടകങ്ങൾ
35 ശതമാനത്തോളം വരുന്ന ക്രൈസ്തവ വോട്ടും അത്രതന്നെ വരുന്ന ഈഴവ വിഭാഗത്തിന്‍റെ വോട്ടുമാണ് തൃശൂർ ലോക്സഭ മണ്ഡലത്തിൽ നിർണായകം. മുസ്ലിം വിഭാഗത്തിന് 15 ശതമാനം വോട്ടുണ്ട്. മറ്റെല്ലാവരും ചേർത്തും അത്രതന്നെ. മണിപ്പൂർ ഉൾപ്പെടെ ക്രൈസ്തവ സമൂഹം രാജ്യത്താകെ നേരിടുന്ന വെല്ലുവിളികളിൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കരുതുന്നു. അതിന്‍റെ അനുരണനങ്ങൾ ‘അതിരൂപത സമുദായ ജാഗ്രത സമ്മേളന’മായും മറ്റും ഇടക്കിടെ പുറത്തുവരുന്നുണ്ട്. എന്നാൽ, അങ്ങനെ ആരും മനപ്പായസമുണ്ണണ്ട എന്നാണ് ബി.ജെ.പിയുടെ മറുപടി. ചെറിയ വോട്ട് ശതമാനമുള്ള സമുദായങ്ങൾ കൂടെ നിൽക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ, എല്ലാ വിഭാഗത്തിന്‍റെയും പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസും ഇടതുപക്ഷവും അവകാശപ്പെടുന്നു.
പ്രതാപന്‍റെ മാറ്റം
ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് ആദ്യമേ തുറന്നുപറഞ്ഞ ടി.എൻ. പ്രതാപൻ, സിറ്റിങ് എം.പിമാരെല്ലാം മത്സരിക്കണമെന്ന പാർട്ടി തീരുമാനത്തിന് വഴങ്ങിയാണ് രംഗത്ത് സർവശക്തിയുമെടുത്ത് ഇറങ്ങിയത്. ‘വെറുപ്പിനെതിരെ സ്നേഹ സന്ദേശയാത്ര’യും മറ്റുമായി ഒരുപാട് മുന്നേറി. മുരളീമന്ദിരത്തിൽ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ച നടത്തി പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. അതിന് പിന്നാലെയാണ് കെ. മുരളീധരനെ തൃശൂരിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുരളീധരന് വേണ്ടി മണ്ഡലത്തിലെ ചുമരെഴുത്തിന് തുടക്കമിട്ട് പ്രതാപൻ അവിടെയും സജീവമായി.
മുന്നിൽ സ്ത്രീ വോട്ടർമാർ
തൃശൂർ ലോക്സഭയിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലത്തിലും നിലവിലെ കണക്കുപ്രകാരം സ്ത്രീവോട്ടർമാരാണ് കൂടുതൽ. ഈ വിഭാഗത്തിൽനിന്നാണ് കഴിഞ്ഞ തവണ കൂടുതൽ പിന്തുണ കിട്ടിയതെന്നും അത് ഇനിയും വർധിക്കുമെന്നുമാണ് സുരേഷ് ഗോപിയുടെയും ബി.ജെ.പിയുടെയും വിശ്വാസം. പക്ഷേ, വി.എസ്. സുനിൽ കുമാറിന്‍റെയും ഇപ്പോൾ കെ. മുരളീധരന്‍റെയും വരവ് ആ കണക്കുകൂട്ടൽ തെറ്റിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.