Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആത്മവിശ്വാസത്തിന്‍റെ ...

ആത്മവിശ്വാസത്തിന്‍റെ അടവുകളുടെ പിൻബലം

text_fields
bookmark_border
election
cancel
camera_alt

ഹൈബി ഈഡൻ, കെ.ജെ. ഷൈൻ

ലോക്സഭയിലേക്കായാലും നിയമസഭയിലേക്കായാലും എറണാകുളം അങ്ങനെയങ്ങ്​ കൈവിട്ട്​ കളിക്കില്ലെന്ന ഒരു ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്​. എന്നാൽ, കടൽക്കാറ്റിന്‍റെ തലോടലിൽ മുഖം മാറുന്ന മെ​ട്രോ നഗരം ജനവിധി അപ്പാടെ യു.ഡി.എഫിന്​ എഴുതിക്കൊടുത്തിട്ടില്ലെന്ന്​ ഇടക്കിടെ തെളിയിച്ചിട്ടുമുണ്ട്​. അതുകൊണ്ട്​തന്നെ​ മണ്ഡലം എഴുതിത്തള്ളാനും എൽ.ഡി.എഫ്​ ഒരുക്കമല്ല. അവർ പരീക്ഷണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും. അടവുകൾ മാറ്റിപ്പിടിക്കും..

ജില്ലയിലെ 14 നിയോജക മണ്ഡലങ്ങൾ നാല്​ ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിലാണ്​. എറണാകുളം, കൊച്ചി, തൃപ്പൂണിത്തുറ, വൈപ്പിൻ, പറവൂർ, കളമശ്ശേരി, തൃക്കാക്കര എന്നിവയാണ്​ എറണാകുളത്ത്​ ഉൾ​പ്പെടുന്നത്​. നിയമസഭയിൽ എറണാകുളം, തൃപ്പൂണിത്തുറ, പറവൂർ, തൃക്കാക്കര എന്നിവ യു.ഡി.എഫിനും കൊച്ചി, വൈപ്പിൻ, കളമശ്ശേരി എന്നിവ എൽ.ഡി.എഫിനുമാണ്​.

ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്​ എന്നിവ ചാലക്കുടിയുടെയും കോതമംഗലം, മൂവാറ്റുപുഴ എന്നിവ ഇടുക്കിയുടെയും പിറവം കോട്ടയത്തിന്‍റെയും പരിധിയിലാണ്. ഇക്കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച്​ 6,68,193 സ്​ത്രീകളും 6,27,402 പുരുഷന്മാരും 11 ട്രാൻസ്​ജെൻഡറുമടക്കം 12,95,606 വോട്ടർമാരാണ്​ എറണാകുളം മണ്ഡലത്തിലുള്ളത്​. 2011ലെ സെൻസസ്​ പ്രകാരം മണ്ഡലത്തി​ൽ 53.2 ശതമാനം ഹിന്ദു വോട്ടർമാരാണ്​. ക്രിസ്​ത്യൻ 32.1, മുസ്​ലിം 14.8, എസ്​.സി 7.4, എസ്.ടി 0.5 എന്നിങ്ങനെയാണ്​ മറ്റ്​ സമുദായങ്ങളുടെ ഏകദേശ കണക്ക്​.

14 തവണ യു.ഡി.എഫ്​; അഞ്ചു തവണ എൽ.ഡി.എഫ്​

കേരളപ്പിറവിക്ക്​ മുമ്പും ശേഷവുമായി രണ്ട്​ ഉപതെരഞ്ഞെടുപ്പ്​ അടക്കം 19 തവണ ലോക്സഭയിലേക്കുള്ള പോരാട്ടങ്ങൾക്ക്​ എറണാകുളം സാക്ഷ്യം വഹിച്ചു​. 14 തവണയും വിജയം യു.ഡി.എഫ്​ രംഗത്തിറക്കിയ കോൺഗ്രസ്​ സ്ഥാനാർഥികൾക്കായിരുന്നു. അഞ്ച്​ തവണ എൽ.ഡി.എഫ്​ മണ്ഡലം പിടിച്ചു. നാലുതവണയും സ്വതന്ത്രരിലൂടെ​. കോൺ​ഗ്രസുകാരനായി അഞ്ചുതവണ ലോക്സഭയിൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ.വി.തോമസ്​ ഇപ്പോൾ​ ഇടതുപാളയത്തിലാണ്​.

എ.എ. കൊച്ചുണ്ണി മാസ്റ്ററെ 70,324 വോട്ടിന്​ തോൽപിച്ച്​ 1984 ലായിരുന്നു തോമസിന്‍റെ കന്നിജയം. 1989, ‘91, 2009, ’14 വർഷങ്ങളിലും അദ്ദേഹം മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചു. 2009ൽ സി.പി.എമ്മിലെ സിന്ധു ജോയിയോട്​ ഏറ്റുമുട്ടിയപ്പോൾ വെറും 11,790 വോട്ടിനാണ്​ തോമസ്​ കടന്നുകൂടിയത്. എന്നാൽ, 2014ലെ തന്‍റെ അവസാന മത്സരത്തിൽ അദ്ദേഹം ഭൂരിപക്ഷം 87,047 ആയി ഉയർത്തി.

മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം ജോർജ്​ ഈഡന്‍റെയും മകൻ ഹൈബി ഈഡന്‍റെയും പേരിലാണ്​. 1999ൽ ജോർജ്​ ഈഡൻ നേടിയ 1,11,305 വോട്ടിന്‍റെ ഉയർന്ന ഭൂരിപക്ഷം 2019ൽ മകൻ ഹൈബി തിരുത്തിക്കുറിച്ചു. 1,69,153 വോട്ടിനാണ്​ ഹൈബി സി.പി.എമ്മിലെ പി. രാജീവിനെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത്​. റെക്കോഡ്​ ഭൂരിപക്ഷത്തോടെ നേടിയ ഈ ചരിത്ര വിജയം തന്നെയാണ്​ ഹൈബിയെ വീണ്ടും രംഗത്തിറക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിച്ചതും​.

എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ‘സ്വതന്ത്രർ ഈ മണ്ഡലത്തിന്‍റെ ഐശ്വര്യം’ എന്നതായിരുന്നു ഒരു കാലത്തെ അവസ്ഥ. പാർട്ടി ചിഹ്​നത്തിലെ സി.പി.എമ്മിന്‍റെ ആദ്യത്തെയും അവസാനത്തെയും വിജയം 1967ൽ വി​. വിശ്വനാഥ മേനോന്‍റേതാണ്​. ഇതേ മേനോൻതന്നെ 2003ൽ എറണാകുളം മണ്ഡലത്തിൽ നടന്ന ഉപതെര​ഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ മത്സരിച്ചതും മറ്റൊരു രാഷ്​ട്രീയ കൗതുകം.

​1967നുശേഷം മണ്ഡലം തിരിച്ചുകിട്ടാൻ എൽ.ഡി.എഫിന്​ കാൽനൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു. 1980ൽ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിച്ച സേവ്യർ അറയ്​ക്കൽ 1996ൽ സ്വതന്ത്രനായെത്തി കെ.വി. തോമസിനെ അടിയറവു പറയിച്ചാണ്​ എൽ.ഡി.എഫിന്​ ഈ വിജയം നേടിക്കൊടുത്തത്​. സേവ്യർ അറയ്​ക്കലിന്‍റെ മരണത്തെത്തുടർന്ന്​ 1997ലും ജോർജ്​ ഈഡന്‍റെ മരണത്തെത്തുടർന്ന്​ 2003ലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2004ലെ പൊതു തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ്​ സ്വതന്ത്രൻ ഡോ. സെബാസ്റ്റ്യൻ പോൾ മണ്ഡലം കാത്തു..

നിലനിർത്താൻ, തിരിച്ചുപിടിക്കാൻ

15 വർഷം മുമ്പ്​ കൈവിട്ടുപോയ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തിൽ ചില പുതുതന്ത്രങ്ങളാണ്​ എൽ.ഡി.എഫ്​ പയറ്റുന്നത്​​. പാർട്ടി ചിഹ്​നത്തിൽ, നഗര പരിധിക്ക്​ പുറത്തുനിന്ന്​ വനിതാ സ്ഥാനാർഥിയെ ഇറക്കിയാണ്​ ഇത്തവണത്തെ പരീക്ഷണം. ​

പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽനിന്ന്​ അധ്യാപക സംഘടനാ നേതാവായ കെ.ജെ. ഷൈനിനെ സ്ഥാനാർഥിയായി കണ്ടെത്തിയതിൽ മുന്നണിക്ക്​ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്​. എന്നാൽ, 15 വർഷമായി മണ്ഡലം കൈവശം വെച്ചിരിക്കുന്ന യു.ഡി.എഫിന്​ ഇത്തവണയും ആത്​മവിശ്വാസത്തിനും പ്രതീക്ഷകൾക്കും കുറവില്ല. അൽഫോൻസ്​ കണ്ണന്താനം കഴിഞ്ഞതവണ പിടിച്ച 1,37,749 വോട്ടിൽനിന്ന്​ വിഹിതം വർധിപ്പിക്കാനാകുമോ എന്നാണ്​ ബി.ജെ.പിയുടെ നോട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok SabhaLegislative AssemblyUDFLok Sabha elections 2024Kerala newsErnakulam
News Summary - Lok Sabha elections 2024
Next Story