പൊതു തെരഞ്ഞെടുപ്പിലെ നിശ്ശബ്ദ അടിയൊഴുക്കുകൾ
text_fieldsഇന്ത്യ നിർണായകമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് അടുക്കവേ, 2004ലെ പൊതുതെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന അടിയൊഴുക്ക് രാഷ്ട്രീയ ഭൂപടത്തിൽ സംഭവിക്കുമെന്നാണ് സ്വകാര്യ സംഭാഷണത്തിൽ ഉത്തരേന്ത്യയിൽനിന്നുള്ള ചില മാധ്യമ പ്രവർത്തക സുഹൃത്തുക്കൾ പറയുന്നത്. ഇന്ത്യയിലെ മിക്കവാറും എല്ലാ ദേശീയ മാധ്യമങ്ങളും ഭരണകക്ഷിയുമായി ബന്ധപ്പെട്ട കോർപറേറ്റ് കമ്പനികളുടെ കൈകളിലെത്തിയതിനാൽ, ദേശീയ തലത്തിലുള്ള പല രാഷ്ട്രീയ ചലനങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല.
2004ൽ എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ച്, വാജ്പേയിയുടെ നേതൃത്വത്തിലെ എൻ.ഡി.എ പരാജയപ്പെടുകയും, കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എ സഖ്യം അധികാരമേൽക്കുകയും ചെയ്തു. ഇന്ന്, സമാനമായ ഒരു നിശ്ശബ്ദ വിപ്ലവ സാധ്യത വോട്ടർമാർക്കിടയിൽ രൂപം കൊള്ളുന്നുണ്ടെങ്കിലും, ഇത് ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പിൽ ഒരു സർപ്രൈസ് ഉണ്ടാക്കാൻ ഇൻഡ്യ മുന്നണിക്ക് സാധിക്കുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോഴും ഇലക്ട്രോണിക് വോട്ടുയന്ത്രം ഉൾപ്പെടെയുള്ള സജീവ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് ശക്തമായ ഒരു മൂവ്മെന്റായി മാറാൻ എന്തുകൊണ്ടോ അവർക്ക് സാധിച്ചില്ല. മുന്നണിയുടെ ആരംഭശൂരത്വം ചോർന്നതിന് പലരും പഴിക്കുന്നത് കോൺഗ്രസിനെയാണെങ്കിലും ഈ കാര്യത്തിൽ ഇതര പ്രതിപക്ഷ കക്ഷികൾക്കും സമാനമായ പങ്കുണ്ട്.
നിലവിലെ മോദി സർക്കാറിനെതിരെ വോട്ടർമാർക്കിടയിൽ വർധിച്ചുവരുന്ന അസംതൃപ്തിയാണ് നിശ്ശബ്ദ വിപ്ലവത്തിന് അനുകൂല സാഹചര്യമുണ്ടെന്ന് പറയാൻ കാരണം. ഭരണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും നിരവധി നിർണായക വശങ്ങളെ സ്പർശിക്കുന്ന ഈ അസംതൃപ്തിയുടെ കാരണങ്ങൾ പലതാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഇന്ധന വില, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളോടൊപ്പം ഇലക്ടറൽ ബോണ്ട് എന്ന ആഗോള അഴിമതിയും ജനമനസ്സ് ബി.ജെ.പിക്ക് എതിരാവാൻ കാരണമായിട്ടുണ്ട്.
വർധിച്ചുവരുന്ന തൊഴിലില്ലായ്മയിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാത്തതിലും യുവാക്കളും ഏറെ അസംതൃപ്തരാണ്. കാർഷിക പ്രതിസന്ധിയും ഒരുവിഷയമാണ്, പ്രത്യേകിച്ച് കാർഷിക നിയമങ്ങൾക്കെതിരായ സമീപകാല കർഷകരുടെ പ്രതിഷേധങ്ങൾക്ക് ശേഷവും മിനിമം താങ്ങുവിലയെക്കുറിച്ചും കോർപറേറ്റ് വത്കരണത്തെക്കുറിച്ചുള്ള ആശങ്കകളും കർഷകരിൽ വ്യാപകമായി അസംതൃപ്തി പടർത്തിയിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടത് താഴ്ന്ന, ഇടത്തരം വരുമാനക്കാർക്കിടയിൽ വ്യാപക അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ജാതീയവും സാമൂഹികവുമായ ധ്രുവീകരണമാണ് മറ്റൊരു കാരണം. പൗരത്വ നിയമങ്ങളെയും സാമൂഹിക നയങ്ങളെയും കുറിച്ചുള്ള മോദി സർക്കാറിന്റെ നിലപാടുകൾ സമൂഹത്തിൽ വിഭജനം സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴും മതപരവും ജാതിപരവുമായ ധ്രുവീകരണം വോട്ടർമാരിൽ ഒരു വിഭാഗത്തെ പാർശ്വവത്കരിക്കുകയും നിലവിലെ രാഷ്ട്രീയ സമവാക്യത്തിൽ ഒരു ബദലിനായി അവർ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയ എതിരാളികളെ ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നതും, അവരുടെ ഫണ്ടുകൾ മരവിപ്പിക്കുന്ന നടപടികളും, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ചുളുവിലക്ക് കോർപറേറ്റ് സുഹൃത്തുക്കൾക്ക് വിറ്റഴിച്ച നടപടികളും സർക്കാറിന് അപ്രിയമായ വാർത്തകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത സെൻസർഷിപ്പുമെല്ലാം മോദി സർക്കാറിനെതിരെ ജനവികാരം രൂപപ്പെടാൻ ഇടയായ കാരണങ്ങളാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമ ഘട്ടത്തിൽ ബി.ജെ.പിയുടെ പോരാട്ടം മറ്റ് രാഷ്ട്രീയ പാർട്ടികളോടോ മുന്നണികളോടോ ആയിരിക്കില്ല. മറിച്ച് ഇന്ത്യയിലെ ജനങ്ങളുമായിട്ടായിരിക്കും!
2004ലെ പൊതുതെരഞ്ഞെടുപ്പു കാലവുമായി ഇന്നത്തെ സമാനതകൾ ശ്രദ്ധേയമാണ്. അനുകൂലമായ മാധ്യമ വിവരണവും അഭിപ്രായ സർവേകളും മൂലം ‘ഇന്ത്യ തിളങ്ങുന്നു’ എന്ന വ്യാപകമായ പ്രചാരണത്തിൽ ഭരണകക്ഷിയുടെ വിജയത്തിന്റെ വികാരം അന്നും നിലനിന്നിരുന്നു. എന്നിരുന്നാലും, ദൈനംദിന ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ വേരൂന്നിയ വോട്ടർമാരുടെ മനസ്സ് വായിക്കുന്നതിൽ അഭിപ്രായ സർവേകൾ പരാജയപ്പെട്ടു. അന്ന് ആരും കാണാതെ പോയ മാറ്റത്തിന്റെ കാറ്റ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ചലനാത്മകവും പലപ്പോഴും പ്രവചനാതീതവുമായ സ്വഭാവത്തിന്റെ തെളിവാണ്.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം, വോട്ടർമാരുടെ അടിയന്തര ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പ്രായോഗിക ബദൽ രൂപവത്കരിക്കാനും ജനങ്ങളിലേക്കെത്താനും ലഭിച്ച അവസരം വേണ്ടപോലെ ഉപയോഗപ്പെടുത്തിയോ എന്ന സംശയം ഇപ്പോഴുമുണ്ട്. ചരിത്രം ആവർത്തിക്കാനുള്ള സാധ്യതയുടെ വക്കിൽ നിൽക്കുമ്പോൾ, തെരഞ്ഞെടുപ്പിലെ നിശ്ശബ്ദ വിപ്ലവം ഇന്ത്യൻ ജനാധിപത്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന രൂപരേഖക്ക് അടിവരയിടുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൽ, പലപ്പോഴും അവസാനം വരെ നിശ്ശബ്ദത പാലിക്കുന്ന വോട്ടർമാരുടെ ശബ്ദത്തിന് അതിന്റെ വിധി രൂപപ്പെടുത്താനുള്ള ആത്യന്തിക ശക്തി ഉണ്ടെന്നതിന്റെ ഓർമപ്പെടുത്തലായിരിക്കും ഇനി വരാനിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.