മോദിയുടെ വിദ്വേഷ പ്രസംഗവും ബി.ജെ.പിയുടെ അംഗീകാരവും
text_fieldsലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ട്. സ്വാതന്ത്ര്യം നേടി ഭരണഘടന നിലവിൽവന്ന് താൽക്കാലിക പാർലമെന്റായി പ്രവർത്തിച്ച ഭരണഘടന നിർമാണസഭ പാസാക്കി നടപ്പിലാക്കിയ നിയമമാണ് 1951ലെ ജനപ്രാധിനിധ്യ നിയമം. ആരംഭം തൊട്ട് ഇന്നുവരെ പ്രസ്തുത നിയമത്തിൽ വരുത്തിയ നിരവധി ഭേദഗതികളും സുപ്രീം കോടതിയുടെ വിവിധ വിധിന്യായങ്ങളും ഈ നിയമത്തിന് കൂടുതൽ കരുത്തേകി. 1975ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുവാനും ആറു വർഷക്കാലം മത്സരിക്കുന്നതിൽനിന്ന് അയോഗ്യത കൽപിക്കാനും കാരണമായത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന ആരോപണമായിരുന്നു.
ഭരണഘടന 19(1) അനുച്ഛേദമനുസരിച്ച് സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താനുള്ള പൗരരുടെ അവകാശം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെങ്കിലും ഭരണഘടനയുടെ ഒന്നാം ഭേദഗതിയിൽതന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന വ്യവസ്ഥ ചേർക്കപ്പെട്ടു. ഇതിന് കാരണഹേതുവായത് പ്രഥമ മന്ത്രിസഭയിലെ ഹിന്ദുമഹാസഭ അംഗമായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ വിഷം ചീറ്റുന്ന പ്രസംഗമായിരുന്നു. വിഭജനാനന്തരം പഴയ കിഴക്കൻ പാകിസ്താനിൽനിന്ന് (ഇന്നത്തെ ബംഗ്ലാദേശ്) ഹിന്ദു അഭയാർഥികളുടെ പ്രവാഹം തുടരുന്ന സാഹചര്യത്തിൽ നെഹ്റു-ലിയാഖത്ത് അലി കരാർ റദ്ദ് ചെയ്ത് പാകിസ്താനോട് യുദ്ധം പ്രഖ്യാപിക്കണമെന്നായിരുന്നു വർഗീയത ആളിക്കത്തിക്കുന്ന വാക്കുകളാൽ ശ്യാമപ്രസാദ് മുഖർജി ആവശ്യപ്പെട്ടത്. ഇതേതുടർന്ന് വിദേശ രാഷ്ട്രങ്ങളുമായുള്ള സൗഹൃദബന്ധത്തെ തകർക്കുന്നവിധം അഭിപ്രായ പ്രകടനങ്ങൾ അരുതെന്ന നിബന്ധന ഉൾപ്പെടുത്തി ഒന്നാം ഭരണഘടനാ ഭേദഗതി താൽക്കാലിക പാർലമെന്റ് അംഗീകരിച്ച് പ്രാബല്യത്തിൽ കൊണ്ടുവന്നു.
തെരഞ്ഞെടുപ്പ് പ്രചാരണമെന്നത് രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ധാരാളം നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ഏതെങ്കിലും സ്ഥാനാർഥിയോ അയാളുടെ പാർട്ടിയോ ജാതിമത സമുദായങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും പരത്തുന്നരീതിയിൽ യാതൊന്നും ചെയ്യാൻ പാടില്ലായെന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിലെ പരമപ്രധാനമായ വ്യവസ്ഥയാണ്. എതിർ സ്ഥാനാർഥിയെയും പാർട്ടിയെയും സംബന്ധിച്ച് വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നതും സ്ഥിരീകരിക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതും മാതൃക പെരുമാറ്റച്ചട്ടം കർശനമായി വിലക്കിയിട്ടുണ്ട്.
ഈ നിയമവും രാജ്യത്തെ പ്രധാനമന്ത്രിമാർ ഇക്കാലമത്രയും പാലിച്ചുപോന്ന സകല മര്യാദകളും ലംഘിച്ച് പ്രത്യേക മതവിഭാഗങ്ങൾക്കെതിരെ വിദ്വേഷം വളർത്തുന്ന പ്രചാരണ പ്രസംഗങ്ങളാണ് ഇപ്പോൾ നരേന്ദ്ര മോദി നടത്തിവരുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം തൊട്ട് പ്രാബല്യത്തിൽ വരുന്ന മാതൃക പെരുമാറ്റച്ചട്ടം എല്ലാ അർഥത്തിലും നടപ്പാക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുണ്ട്. ഫുട്ബാൾ ഗ്രൗണ്ടിലെ റഫറിയെപ്പോലെ കളിക്കാരുടെ പിറകെ ഓടിനടന്ന് ചെറുതും വലുതുമായ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും ആവർത്തിച്ചാൽ വിസിലടിച്ച് ശിക്ഷ വിധിക്കുകയും ചെയ്യുന്ന ആ ഉത്തരവാദിത്തം ഏറെ ജാഗ്രതയോടെ നിർവഹിക്കുകയും വേണം. എന്നാൽ, വിഷം തുപ്പുന്ന പ്രസംഗങ്ങൾ മോദി ആവർത്തിക്കുകയും മന്ത്രിസഭയിലെയും പാർട്ടിയിലെയും മറ്റുനേതാക്കൾ ഈ രീതി അനുകരിക്കുകയും ചെയ്തിട്ടും കമീഷൻ മൗനിയായി നിൽക്കുന്ന ലജ്ജാകരമായ സ്ഥിതിവിശേഷത്തിനാണ് നാമിപ്പോൾ സാക്ഷ്യംവഹിക്കുന്നത്. ഇത് അക്ഷരാർഥത്തിൽ ഭരണഘടനാ ലംഘനമാണ്.
വർഗീയ വിദ്വേഷ പ്രചാരണ പ്രസംഗം നടത്തി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി ആവശ്യപ്പെട്ട് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യാന്ത് ദവേ തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചതായി അറിഞ്ഞു. മോദിയുടെ പ്രസംഗത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചും ജനപ്രാതിനിധ്യ നിയമമനുസരിച്ചും പൊലീസിന് കേസെടുക്കാം. കാരണം ഇന്ത്യൻ ശിക്ഷാനിയമം 153 (കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കുക) 505 (ബി) ജനങ്ങളിൽ ഭയവും ആശങ്കയും ഉണ്ടാക്കാനിടയുള്ള പ്രസ്താവന ചെയ്യുക) എന്നീ വകുപ്പുകളും ജനപ്രാതിനിധ്യ നിയമം 123 (4) (എതിർ സ്ഥാനാർഥിയുടെ ജയസാധ്യത ഇല്ലാതാക്കാൻ വ്യാജ പ്രസ്താവന നടത്തുക) എന്നീ കുറ്റങ്ങളനുസരിച്ച് ക്രിമിനിൽ പ്രോസിക്യൂഷനാണ് മോദിക്കെതിരെയുള്ള നടപടിയെന്നതു കൊണ്ട് അർഥമാക്കേണ്ടത്.
മാതൃക പെരുമാറ്റച്ചട്ടം വെറും ഒരു ജലരേഖയല്ല. ശക്തമായ നിയമസാധ്യതയുള്ള തെരഞ്ഞെടുപ്പ് നിയമം നിലവിലുള്ള രാജ്യമായ ഇന്ത്യയിൽ മാതൃക പെരുമാറ്റച്ചട്ട ലംഘനം ഒരിക്കലും നിസ്സാരമായി കാണാനാവില്ല. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുന്നത് ദേശീയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ പ്രതിനിധിയെന്ന നിലയിലാണ്. നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ വിഷലിപ്ത പ്രസംഗത്തെ ശരിവെക്കുന്ന സമീപനമാണ് ഭാരതീയ ജനതാപാർട്ടിയുടെ ദേശീയ നേതൃത്വം കൈക്കൊണ്ടത്. പ്രതിപക്ഷ കക്ഷി നേതാക്കളും വലിയൊരു വിഭാഗം മാധ്യമങ്ങളും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരും നരേന്ദ്ര മോദിയുടെ ആക്ഷേപാർഹമായ പ്രസംഗത്തെ ശക്തിയുക്തം എതിർത്ത് നടപടിയാവശ്യപ്പെട്ടപ്പോൾ ബി.ജെ.പി നേതൃത്വം ഒന്നടങ്കം മോദിയുടെ പിന്നിൽ അണിനിരക്കുന്ന ചിത്രമാണ് കാണാൻ സാധിച്ചത്.
ഇതിൽനിന്ന് മനസ്സിലാക്കാനാവുന്നത് മോദിയുടെ വർഗീയ വിദ്വേഷ പ്രസംഗത്തിന് പിന്തുണയും പ്രോത്സാഹനവും പ്രചോദനവും നൽകിയത് അദ്ദേഹം പ്രതിധാനം ചെയ്യുന്ന പാർട്ടിയാണെന്നതാണ്. അതുകൊണ്ട് മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിന് 1968ലെ Election Symbols (Reservation and Allotment) Order ചട്ടം 16 എ അനുസരിച്ച് മോദിയുടെ വിദ്വേഷ പ്രസംഗത്തെ ശരിവെച്ച ഭാരതീയ ജനതാപാർട്ടിയുടെ ദേശീയാംഗീകാരം പിൻവലിച്ചുകൊണ്ടുള്ള ഉത്തരവടക്കം പുറപ്പെടുവിക്കാവുന്നതാണ്. മാതൃക പെരുമാറ്റച്ചട്ട ലംഘനം വെറും ക്രിമിനൽ കുറ്റം മാത്രമല്ല. അപ്രകാരം കുറ്റമാരോപിച്ചുള്ള ക്രിമിനൽ പ്രോസിക്യൂഷൻ കൊണ്ടും യാതൊരു ഫലപ്രാപ്തിയുമുണ്ടാവില്ല. 1968ലെ ചട്ടം രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നവും അംഗീകാരവും നൽകുന്നതിനുള്ള വ്യക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന നിയമസംഹിതയാണ്. 1994ലെ ഒരു ഭേദഗതിയിൽ കൂടിയാണ് ചട്ടത്തിൽ ഇതുപോലൊരു വ്യവസ്ഥ എഴുതിച്ചേർത്തത്.
അതുകൊണ്ടുതന്നെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയെന്ന് ഉറപ്പു വരുത്തേണ്ടത് ദേശീയ/സംസ്ഥാന അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളാണ്. അത്തരമൊരു നിയമത്തിന്റെ ചട്ടക്കൂട്ടിനുള്ളിലേ രാഷ്ട്രീയപാർട്ടികൾക്ക് പ്രവൃത്തിക്കുവാൻ അവകാശമുള്ളൂ. നിയമത്തിന്റെ മുന്നിൽ ഏവരും സമമാണെന്നും നിയമപരിരക്ഷ എല്ലാവർക്കും ഒരു പോലെയാണെന്നുമുള്ള അടിസ്ഥാന ഭരണഘടനാ തത്ത്വം നരേന്ദ്ര മോദിക്കും അദ്ദേഹം പ്രതിധാനം ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടിക്കും ബാധകമാണ്. നിയമം ഒരു ചിലന്തിവലയാണെന്നും അതിൽ ചെറുപ്രാണികൾ കുടുങ്ങുകയും ശക്തിയുള്ളവർ രക്ഷപ്പെടുകയും ചെയ്യുമെന്നുള്ള പഴമൊഴി യാഥാർഥ്യമാകുകയാണോ എന്ന ആശങ്ക ഇന്ന് രാഷ്ട്രത്തിലെ ജനങ്ങൾക്കുണ്ട്. ദൗർഭാഗ്യകരമായ ആ അവസ്ഥ സംഭവിച്ചാൽ അതിന്റെ ഫലം നിയമവാഴ്ചയുടെ മരണമണിയായിരിക്കും. അത് നാം ഒരിക്കലും അനുവദിച്ചുകൂടാ.
(കേരളത്തിന്റെ മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.