ലോകായുക്ത ഓർഡിനൻസ് അട്ടിമറിക്കുന്നത് ജുഡീഷ്യറിയുടെ അടിസ്ഥാന പ്രമാണങ്ങളെ
text_fields''ലോകായുക്തയുടെ ശിപാര്‍ശ നിരാകരിക്കാനുള്ള അധികാരം ഗവൺമെന്റിനുമേല് നിക്ഷിപ്തമായിരിക്കുന്നത് ഇതുവരെ നടത്തിയ ചര്‍ച്ചയുടെ ഗൗരവസ്വഭാവം ഇല്ലായ്മ ചെയ്യുന്നതുകൊണ്ട് നിരാകരണത്തിനുള്ള അവകാശം എടുത്തുകളയണമെന്നാണ് എന്റെ അഭിപ്രായം. ലോകായുക്തയില്‍ ഇങ്ങനെയൊരു പ്രൊവിസൊ ഉണ്ടായാല്‍ ഗവൺമെന്റ് ലോകായുക്തക്കു മുകളിലായിരിക്കും. കോടതിയുടെ മുകളില്‍ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ഗവൺമെൻറിന് കൊടുക്കുന്നത് ശരിയല്ല. അതുകൊണ്ട് നിരാകരണത്തിനുള്ള അവകാശം എടുത്തുകളയണമെന്നാണ് എെൻറ നിർദേശം.''
1999 ഫെബ്രുവരി 22ന് കേരള നിയമസഭയില്‍ ലോകായുക്ത ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സി.പി.എം അംഗം ആനത്തലവട്ടം ആനന്ദന് പറഞ്ഞതാണിത്. ഫെബ്രുവരി ഒന്നിന് സഭയില്‍ അവതരിപ്പിച്ച ലോകായുക്ത ബില്ലിന്റെ 13ാം വകുപ്പില്‍ ലോകായുക്ത നിർദേശം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ 'കോംപീറ്റന്റ്് അതോറിറ്റി'ക്ക് അധികാരം നല്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
ഭരണ-പ്രതിപക്ഷഭേദമന്യേ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് നായര്‍ ആ വ്യവസ്ഥ ഒഴിവാക്കി. നിയമസഭ ഒരിക്കല്‍ വേണ്ടെന്നുവെച്ച കാര്യം പിന്‍വാതിലിലൂടെ ഓര്‍ഡിനന്‍സാക്കി കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. മൂന്നു തവണ മുഖ്യമന്ത്രിയായ ഇ.കെ. നായനാരെയും പരിണതപ്രജ്ഞനായ ഇ. ചന്ദ്രശേഖന് നായരെയും നിയമസഭയെയും അപമാനിക്കുകയാണ് അതുവഴി പിണറായി സര്‍ക്കാര്‍.
അഴിമതി നിരോധന സംവിധാനങ്ങളെയാകെ നിർജീവമാക്കാനാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് അതീവരഹസ്യമായി മന്ത്രിസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടമായിരുന്നു. ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്ന ലോകായുക്തയെ അപ്രസക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിയമഭേദഗതിയിലൂടെ ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ ലോകായുക്ത വിധിക്കുമേല്‍ ഹിയറിങ് നടത്തി നിർദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ സുപ്രീംകോടതി ജഡ്ജിയോ ഹൈകോടതികളിലെ ചീഫ് ജസ്റ്റിസുമാരോ ആകണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുകയാണ്. ഇഷ്ടക്കാരെ തിരുകിക്കയറ്റി വരുതിയിലാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിത്. സര്‍ക്കാറിനെതിരെ എന്ത് കേസ് കൊടുത്താലും ഒരു പ്രസക്തിയും ഉണ്ടാകാത്ത നിലയില്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം.
ഹൈകോടതിയുടെ രണ്ടു സുപ്രധാന വിധികള്‍ അനുസരിച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സെന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. എന്നാല്‍, ഇപ്പോള്‍ ഭേദഗതി നടത്തിയിരിക്കുന്ന ലോകായുക്ത നിയമത്തിെൻറ 14ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതല്ല ഈ രണ്ടു വിധികളും. 12ാം വകുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. 12(1)ാം വകുപ്പ് അനുസരിച്ച് ശിപാര്‍ശ ചെയ്യാനുള്ള അധികാരം മാത്രമേ ലോകായുക്തക്കുള്ളൂ.
അതു ശരിയുമാണ്. എന്നാല്‍, ഇവിടെ 12(1)ാം വകുപ്പല്ല, 14ാം വകുപ്പിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. ആരോപണവിധേയനായ ആള് സ്ഥാനം ഒഴിയണമെന്ന് ലോകായുക്ത വിധിക്കുന്നത് 14ാം വകുപ്പ് അനുസരിച്ചാണ്. മന്ത്രി കെ.ടി. ജലീലിനെതിരായ കേസില്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് വിധി പറഞ്ഞതും 14ാം വകുപ്പനുസരിച്ചാണ്. 22 വര്‍ഷത്തെ ചരിത്രത്തില്‍ 14ാം വകുപ്പ് അനുസരിച്ച് കെ.ടി. ജലീലിെൻറ കേസില്‍ മാത്രമാണ് ലോകായുക്ത വിധി പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന സര്‍ക്കാര്‍ വാദം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്.
ഭരണഘടനയുടെ 164ാം അനുച്ഛേദം അനുസരിച്ച് മന്ത്രിമാര്‍ രാജിവെക്കേണ്ടത് ഗവര്‍ണറുടെ 'പ്ലഷര്‍' അനുസരിച്ച് മാത്രമാണെന്ന സര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ല. ജനപ്രാതിനിധ്യ നിയമത്തിെൻറ എട്ടാം വകുപ്പ് അനുസരിച്ച് ഒരു മന്ത്രിയെ, എം.എല്‍.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയാലും രാജിവെക്കണം. അനുച്ഛേദം 32, 226 അനുസരിച്ച് സുപ്രീംകോടതിയോ ഹൈകോടതിയോ ക്വാ വാറന്റോ റിട്ടുകളില്‍ ഉത്തരവ് നല്കിയാലും ഗവര്‍ണറുടെ അനുമതി ഇല്ലാതെ മന്ത്രിക്ക് രാജിവെക്കേണ്ടിവരും. അനുച്ഛേദം 164ന് പരിമിതമായ അധികാരം മാത്രമാണുള്ളത്. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മന്ത്രിമാരെ പുറത്താക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന് നിയമമന്ത്രി വാദിക്കുന്നത്.
ലോകായുക്ത നിയമംതന്നെ ഭരണഘടനാവിരുദ്ധമാണെന്നതാണ് നിയമമന്ത്രിയുടെ മറ്റൊരു വാദം. 1999ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ലോകായുക്ത നിയമം പ്രാബല്യത്തില്‍ വന്നത്. 22 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ഇപ്പോള്‍ പറയാനുള്ള കാരണം എന്തെന്നു വ്യക്തമല്ല. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നാണ് പറയുന്നത്. ഒരു നിയമം ഭരണഘടനാവിരുദ്ധമെന്നു പറയേണ്ടത് എക്സിക്യൂട്ടിവല്ല, കോടതികളാണ്. ഭരണഘടനയുടെ അനുച്ഛേദം 13 അനുസരിച്ച് കോടതികളില്‍ നിക്ഷിപ്തമായിട്ടുള്ള അധികാരത്തെയാണ് സര്‍ക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.
ലോകായുക്ത നിയമത്തില്‍ അപ്പീലിനുള്ള വകുപ്പ് ഇല്ലെന്നതാണ് മറ്റൊരു വാദം. അങ്ങനെയെങ്കില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ഒരു വകുപ്പ് കൂട്ടിച്ചേര്‍ത്താല്‍ പോരേ? പ്രതിപക്ഷവും അനുകൂലിക്കാം. അപ്പീല്‍ വകുപ്പ് ഇല്ലാതെതന്നെ നിലവില്‍ ലോകായുക്ത വിധികള്‍ക്കെതിരെ ഹൈകോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാറുണ്ട്. ഇതിനായി ഹൈകോടതിയില്‍ ലോകായുക്ത അഭിഭാഷകനെയും നിയോഗിച്ചിട്ടുമുണ്ട്. ഇപ്പോഴത്തെ ഭേദഗതി അനുസരിച്ച് സുപ്രീംകോടതി ജഡ്ജിയായോ ഹൈകോടതി ചീഫ് ജസ്റ്റിസായോ പ്രവര്‍ത്തിച്ച ലോകായുക്ത ജുഡീഷ്യല്‍ പ്രക്രിയയിലൂടെ എടുക്കുന്ന തീരുമാനത്തിന്മേല് മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥന്മാരോ ഹിയറിങ് നടത്തുന്നതിലൂടെ അവര്‍തന്നെ അപ്പലേറ്റ് അതോറിറ്റിയാകും. ജുഡീഷ്യല്‍ സംവിധാനമാണ് ജുഡീഷ്യല്‍ പ്രക്രിയയിലൂടെയുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടത്. എക്സിക്യൂട്ടിവ് എങ്ങനെയാണ് ജുഡീഷ്യല്‍ സംവിധാനത്തിന്റെ അപ്പലേറ്റ് അതോറിറ്റിയാകുന്നത്? ഇതുതന്നെയാണ് ആനത്തലവട്ടവും ജി. സുധാകരനും പി. രാഘവനും ഉള്‍പ്പെടെയുള്ള ഇടത് അംഗങ്ങളും ജി. കാര്ത്തികേയന്, ടി.എം. ജേക്കബ്, കെ.എം. മാണി, കെ.സി. ജോസഫ് തുടങ്ങിയ പ്രതിപക്ഷാംഗങ്ങളും 1999ല്‍ സഭയില്‍ ചൂണ്ടിക്കാട്ടിയത്.
അവരവരുടെ കേസില്‍ അവരവര്‍തന്നെ ജഡ്ജിയാകാന്‍ പാടില്ലെന്നത് സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വമാണ്. അങ്ങനെയെങ്കില്‍ മന്ത്രിമാര്‍ക്കെതിരായ ഒരു കേസില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതും മുഖ്യമന്ത്രിക്കെതിരായ കേസില്‍ മന്ത്രിസഭയുടെ നിർദേശപ്രകാരം ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതും നിയമവിരുദ്ധമാണ്. ഇന്ത്യന്‍ ജുഡീഷ്യറിയുടെതന്നെ അടിസ്ഥാന പ്രമാണത്തെയാണ് മന്ത്രിസഭയും എക്സിക്യൂട്ടിവും അട്ടിമറിക്കുന്നത്. ലോകായുക്ത സര്‍ക്കാറിനെ മറിച്ചിടാനുള്ള തീരുമാനം എടുക്കുമെന്നാണ് ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. 22 വര്‍ഷത്തിനിടെ സര്‍ക്കാറിനെ മറിച്ചിടാനുള്ള എന്തു തീരുമാനമാണ് ലോകായുക്ത എടുത്തിട്ടുള്ളതെന്ന് സി.പി.എം വ്യക്തമാക്കണം.
മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസുകളില്‍ ലോകായുക്തയില്‍നിന്നു ശക്തമായ വിധി ഉണ്ടാകുമോയെന്ന് സര്‍ക്കാറും സി.പി.എമ്മും ഭയപ്പെടുന്നുണ്ട്. അതുതന്നെയാണ് കോടിയേരി പറയാതെ പറയുന്നതും. അനാവശ്യമായി ദുരിതാശ്വാസ നിധി ഉപയോഗിച്ചെന്ന മൂന്നു കേസും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ കേസും ഉള്‍പ്പെടെ നാലു കേസുകള്‍ 14ാം വകുപ്പ് പ്രകാരം ലോകായുക്തയുടെ മുന്നിലുണ്ട്. പ്രതികൂല വിധി വന്നാല്‍ ജലീല്‍ രാജിവെച്ച കീഴ്വഴക്കം മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പാലിക്കേണ്ടിവരും.
ഭരണഘടനയുടെ അനുച്ഛേദം 213 ആണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം സര്‍ക്കാറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അതനുസരിച്ച് നിയമസഭ സമ്മേളിക്കാത്ത അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടത്.
ഫെബ്രുവരിയില്‍ നിയമസഭ സമ്മേളിക്കുമെന്ന് സര്‍ക്കാര്‍തന്നെ പറയുമ്പോള്‍ എന്ത് അടിയന്തര സാഹചര്യമാണുള്ളത്? മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നു എന്നതു മാത്രമാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യം. ലോകായുക്തയെ ശക്തമാക്കണമെന്നതാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നയം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ലോകായുക്ത നിർദേശം സര്‍ക്കാറുകള്‍ സ്വീകരിക്കണമെന്നും അധികാരപരിധി വിപുലപ്പെടുത്തണമെന്നും പാര്‍ലമെന്റില്‍ നിരവധി തവണ വാദിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമായാണ് കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത്.
''ഓംബുഡ്സ്മാനെക്കുറിച്ച് സാധാരണ പറയാറുള്ള ഒരു വിശേഷണം 'കുരയ്ക്കാന്‍ മാത്രം കഴിയുന്ന, എന്നാല്‍ കടിക്കാന്‍ കഴിയാത്ത, ഒരു കാവല്‍നായ' എന്നതാണ്. എന്നാല്‍, ഓംബുഡ്സ്മാന്റെ കേരള പതിപ്പായ ലോകായുക്തക്ക് വിപുലമായ അധികാരങ്ങള്‍ നിയമപരമായി നല്കിയിരിക്കുന്നു. ആവശ്യമെന്നു കണ്ടാല്‍ കടിക്കാനും കഴിയുന്ന ഒരു സംവിധാനമാണ് നമ്മുടെ ലോകായുക്ത. ഭരണനിര്‍വഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകള്‍ക്കും പരിഹാരം തേടി ലോകായുക്തയെ സമീപിക്കാന്‍ കഴിയും. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ അഴിമതിവിരുദ്ധ-ദുര്‍ഭരണവിരുദ്ധ നിശ്ചയദാര്ഢ്യത്തിന്റെകൂടി പ്രതീകമാണ് 1999ല്‍ നിയമത്തിലൂടെ വന്ന ലോകായുക്ത.
ഇതിനെ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതയുണ്ടാകണം'' -മുഖ്യമന്ത്രി പിണറായി വിജയന് 2019ല്‍ പാര്‍ട്ടി പ്രസിദ്ധീകരണമായ 'ചിന്ത വാരിക'യില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നതാണിത്. അതേ ലോകായുക്തക്ക് ഇപ്പോള്‍ കത്രികപ്പൂട്ടിടാന്‍ കാർമികത്വം വഹിക്കുന്നതും പിണറായി വിജയന് തന്നെ. തനിക്കെതിരായി കേസ് പരിഗണിക്കപ്പെടുമെന്നായപ്പോള്‍ പല്ലും നഖവും കൊഴിച്ച്, മുഖ്യമന്ത്രിക്ക് ശിപാര്‍ശകള്‍ മാത്രം നല്കുന്ന വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി ലോകായുക്തയെ പിണറായി സര്‍ക്കാര്‍ മാറ്റുകയാണ്. ഉച്ചിയുറപ്പിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.