നഷ്ടപ്പെട്ട നൊേബലിെൻറ നോവുകൾ
text_fieldsമലയാളിയായ പ്രഫ. ഇ.സി.ജി. സുദർശൻ ലോകംകണ്ട ഉന്നതരായ ഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു. ടെക്സസ് സർവകലാശാലയിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം അനേകം നൂതനമായ ചിന്താധാരകൾക്ക് തുടക്കമിട്ടു. വി മൈനസ് എ സിദ്ധാന്തം, സുദർശൻ-ഗ്ലോബർ റെപ്രസേൻറഷൻ, പ്രകാശത്തെക്കാൾ വേഗത്തിൽ പായുന്ന കണങ്ങളായ ടാക്കിയോണുകൾ, ക്വാണ്ടം സീനോ പ്രഭാവം തുടങ്ങിയ ആശയങ്ങൾ അതിപ്രധാനമാണ്. കോട്ടയം സി.എം.എസ് കോളജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഭൗതികശാസ്ത്രത്തോട് ഇദ്ദേഹത്തിന് പ്രത്യേക താൽപര്യം തോന്നിയത്. ഭൗതികമില്ലാതെ ലോകമില്ല. അതിനാൽ കണ്ണുകൾകൊണ്ടു കാണുമ്പോഴും കാതുകൾകൊണ്ട് കേൾക്കുമ്പോഴും അനുഭവങ്ങളുണ്ടാകുമ്പോഴും നമുക്ക് ഭൗതികത്തിെൻറ ഘടകം അനുഭവവേദ്യമാകുന്നുണ്ട്. താപത്തിെൻറ പ്രത്യേകതകളെക്കുറിച്ചുള്ള അന്വേഷണം അദ്ദേഹത്തെ ഭൗതികശാസ്ത്രത്തിെൻറ കാണാപ്പുറങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ആൽബർട്ട് ഐൻസ്റ്റൈെൻറ പ്രകാശവേഗത്തെക്കാൾ വേഗത്തിൽ ഒന്നുംതന്നെ സഞ്ചരിക്കില്ലെന്ന പ്രസ്താവത്തിനു ബദലായി, പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ എന്ന കണങ്ങളെക്കുറിച്ചുള്ള പരികൽപനകളാണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ടാക്കിയോണുകളെക്കുറിച്ചുള്ള നിരീക്ഷണ പരീക്ഷണ തെളിവുകളൊന്നുംതന്നെ ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും ഈ കണങ്ങളുടെ നിലനിൽപ് തള്ളിക്കളയാനാവില്ലെന്നാണ് കരുതപ്പെടുന്നത്.
അണുകേന്ദ്രത്തിലെ അശക്തബലത്തെക്കുറിച്ച് (വീക്ക് ഫോഴ്സ്) സുദർശൻ പഠനങ്ങളേറെ നടത്തി. റോച്ചസ്റ്റർ ഭൗതികശാസ്ത്ര സമ്മേളനത്തിൽ തെൻറ പഠനവിവരം അവതരിപ്പിക്കാൻ അദ്ദേഹത്തിനായില്ല. താൻ കണ്ടെത്തിക്കഴിഞ്ഞ ഉത്തരങ്ങൾക്കായി തലമുതിർന്ന ശാസ്ത്രജ്ഞർ ഗവേഷണ പ്രശ്നങ്ങളോരോന്നായി ചർച്ച ചെയ്യുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ അദ്ദേഹത്തിനപ്പോൾ കഴിഞ്ഞുള്ളൂ. വഴികാട്ടിയായ റോബർട്ട് മാർഷാക്ക് ഒരു യോഗം സംഘടിപ്പിച്ചു. ശാസ്ത്രജ്ഞരായ മുറെ ജെൽമാൻ, ലിയോണ മാർഷൽ, റൊണാൾഡ് ബ്രയൻ, എ.എച്ച്. വാപ്സ്ട്ര എന്നിവർ സാൻറാമോണിക്കയിലെ ഒരു റസ്റ്റാറൻറിൽ ഒത്തുകൂടി. അശക്തബലവാഹക കണങ്ങളുടെ പരസ്പര പ്രവർത്തനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ സുദർശനോട് ആവശ്യപ്പെട്ടിരുന്നു. പഠനവിവരം വെളിപ്പെടുത്തിയപ്പോൾ മുറെ അദ്ദേഹത്തെ വളരെയധികം ശ്ലാഘിച്ചു. മുറെ ജെൽമാൻ, റിച്ചാർഡ് ഫെയ്ൻമാൻ എന്നിവർ ചേർന്ന് ഇതേ പഠനവിവരം വിപുലപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം ഫിസിക്കൽ റിവ്യൂ എന്ന ജേണലിനു നൽകി. റോച്ചസ്റ്റർ സമ്മേളനത്തിെൻറ വിശദാംശങ്ങൾ വിവരിക്കുന്ന പുസ്തകത്തിൽ സുദർശെൻറയും പഠനവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാൽ ആദ്യം ഈ കണ്ടെത്തൽ നടത്തിയതും പഠനവിവരം പ്രസിദ്ധീകരിച്ചതും സുദർശനും മാർഷാക്കുമാണെന്ന കാര്യത്തിനു തർക്കമുണ്ടാകില്ലെന്ന് സുദർശൻ കരുതി. എന്നാൽ, ഈ പഠനവിവരം കണ്ടതായോ കേട്ടതായോ ആരുംതന്നെ പറഞ്ഞില്ല.
ജെ.ജെ. സക്കുറായ് എന്ന ശാസ്ത്രജ്ഞനു മുന്നിൽ സ്വകാര്യമായി മാർഷാക്ക്് ഈ പഠനവിവരം അവതരിപ്പിച്ചിരുന്നു. എന്നാൽ, സക്കുറായിയും ഇതറിഞ്ഞ ഭാവം കാട്ടിയില്ല. മുതിർന്നവരാരോ പറഞ്ഞ കാര്യം എപ്പോഴും സുദർശൻ ഉദ്ധരിക്കാറുണ്ട്. ‘ഉറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ ഉണർത്താൻ നിങ്ങൾക്കാകും. പക്ഷേ, ഉറക്കം നടിക്കുന്നവരെ ഉണർത്താനൊരിക്കലും കഴിയില്ല’ എന്നതാണത്. ഗവേഷണത്തിെൻറ െക്രഡിറ്റ് സുദർശനു ലഭിക്കാതെപോയി. തെൻറ ആശയങ്ങളുടെ അടിസ്ഥാനത്തിൽ റിച്ചാർഡ് ഫെയ്ൻമാനും പിന്നീട് മറ്റൊരാശയത്തിെൻറ അടിസ്ഥാനത്തിൽ റോയ് ഗ്ലോബറും നൊേബൽ സമ്മാനം വാങ്ങുന്നത് വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നു. ആശയങ്ങൾ മറയില്ലാതെ ചർച്ചചെയ്തതിെൻറ ഫലമായിരുന്നു അത്. സ്വതന്ത്രമായി ഗവേഷണം ചെയ്താൽ ശരിയാകില്ല. എന്നാൽ, ആരോടെങ്കിലും ഇതു പറഞ്ഞാൽ അവരിത് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്ന് തെൻറ അഭാവത്തിെൻറ വെളിച്ചത്തിൽ പ്രഫ. സുദർശൻ പറഞ്ഞിരുന്നു. സ്വന്തം ആശയങ്ങൾ മറയില്ലാതെ ചർച്ചചെയ്തതിെൻറ ഫലമായി അതു മറ്റുള്ളവർ വിപുലീകരിച്ച് അംഗീകാരങ്ങൾ വാരിക്കൂട്ടി.
സി.വി. രാമനുശേഷം ശാസ്ത്രത്തിലെ സങ്കൽപങ്ങളെ മാറ്റിമറിക്കുന്ന ആശയങ്ങൾ ഇന്ത്യയിൽനിന്ന് മറ്റാരും അവതരിപ്പിച്ചതായി അറിവില്ല. സി.വി. രാമൻ തെൻറ ആശയങ്ങൾ, ആരോടും പറയാതെ പ്രസിദ്ധീകരിച്ചതു കൊണ്ട് നൊബേൽ ഉൾപ്പെടെ അംഗീകാരങ്ങൾ ലഭിച്ചു. സത്യേന്ദ്രനാഥ് ബോസിന് ഇത്തരത്തിൽ അബദ്ധം പറ്റിയിരുന്നു. തെൻറ കണ്ടെത്തലുകൾ ഐൻസ്റ്റൈന് അയച്ചുകൊടുത്ത് സഹായം തേടിയതിനാൽ ബോസ് -ഐൻസ്ൈറ്റൻ കണ്ടെൻസേറ്റ്, ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് എന്നൊക്കെ അറിയപ്പെട്ടു. 1920കളിൽ ബോസ്-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിക്കുന്നതിന് ഐൻസ്റ്റൈൻ മുൻകൈയെടുത്തു.
നൊേബലും ബോസിന് ലഭിച്ചില്ല. കണ്ടെത്തലുകൾ ആരോടും പറയാൻ പാടുള്ളതല്ലെന്ന് പ്രഫ. സുദർശൻ പറഞ്ഞിട്ടുണ്ട്. സി.വി. രാമൻ ചെയ്തതുപോലെ ചെയ്യണം. രാമൻ ഇഫക്ട് കണ്ടെത്തിയപ്പോൾ അത് സമർപ്പിച്ച്, അംഗീകരിപ്പിച്ച്, പ്രസിദ്ധീകരിച്ച് ലോകമാകെ വിതരണം ചെയ്യുകയാണ് സി.വി. രാമൻ ചെയ്തത്.
എന്നിട്ടുപോലും ജർമൻകാരനായ സ്മെക്കൽ അവകാശവാദവുമായി മുന്നോട്ടുവന്നു. കുറേക്കാലത്തേക്കെങ്കിലും സ്മെക്കൽ- രാമൻ ഇഫക്ട് എന്നാണിത് അറിയപ്പെട്ടിരുന്നത്. വിദ്യുത് കാന്തിക തരംഗങ്ങൾ ശൂന്യമായ സ്പേസിൽ പ്രസരിക്കുമെന്ന കാര്യം അക്കാലത്ത് അറിവുണ്ടായിരുന്നു. ഇത് പ്രസരിക്കുന്ന ദൂരങ്ങൾ മാക്സ്വെൽ എന്ന ശാസ്ത്രജ്ഞൻ പ്രവചിക്കുകയും ചെയ്തിരുന്നു. ഹെർട്സ് എന്ന ശാസ്ത്രജ്ഞൻ ചെറിയ ദൂരങ്ങൾക്കും ജഗദീഷ് ചന്ദ്രബോസ് വലിയ ദൂരങ്ങൾക്കുമുള്ള പരീക്ഷണ തെളിവുകൾ കണ്ടെത്തി. എന്നാൽ, ജെ.സി. ബോസിെൻറ ഈ കണ്ടെത്തലിെൻറ മുഴുവൻ അംഗീകാരവും മാർക്കോണിക്കാണ് ലഭിച്ചത്.
ബോസിെൻറ പിൻഗാമിയായി വന്ന് കണ്ടെത്തലിെൻറ മുഴുവൻ അംഗീകാരവും നേടിയെടുക്കുകയാണ് മാർക്കോണി ചെയ്തത്; നൊബേൽ സമ്മാനം ഉൾപ്പെടെയുള്ളവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക് എൻജിനീയേഴ്സ് എന്ന സ്ഥാപനം ഇപ്പോൾ ജെ.സി. ബോസിെൻറ കണ്ടെത്തലിന് അംഗീകാരം നൽകിയിട്ടുണ്ട്. റേഡിയോയുടെ കണ്ടെത്തലിൽ മാർക്കോണിയുടെ മുൻഗാമിയാണ് ബോസ് എന്നാണിപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. നൊബേൽ സമ്മാനങ്ങൾ പലതരം സ്വാധീനങ്ങളുടെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്ന് ദശകങ്ങൾ മുമ്പുതന്നെ വ്യക്തമായി. ഇനി ഇത്തരം പുരസ്കാരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതിരിക്കുന്നതാണ് ഉചിതം.
ഭൗതികശാസ്ത്രത്തിൽ അനേകം പേർ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കാര്യമായ ഒരു കണ്ടെത്തൽ എവിടെയും ഉണ്ടാകുന്നില്ല. വളരെയധികം ‘ഓപറേറ്റർമാരും’ രംഗത്തുണ്ട്. മറ്റുള്ളവരുടെ പ്രബന്ധങ്ങൾ മോഷ്ടിക്കുന്നവർ. ഏറ്റവും രസകരമായ കാര്യം, ഇതെല്ലാമറിയുന്നവർ ഒന്നുംതന്നെ പ്രതികരിക്കുന്നില്ലെന്ന് പ്രഫ. സുദർശൻ പറയാറുണ്ടായിരുന്നു. അഞ്ഞൂറോളം ശാസ്ത്ര പ്രബന്ധങ്ങൾ രചിച്ച മഹാനായ ഇൗ മലയാളി ശാസ്ത്രജ്ഞെൻറ വിയോഗം ലോകത്തിനൊന്നടങ്കം നികത്താനാകാത്ത നഷ്ടമാണ്.
(ഗ്രന്ഥകാരനും ശാസ്ത്ര ഗവേഷകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.