പരിസ്ഥിതി ആഭിമുഖ്യം ഇനിയും വളരണം
text_fieldsഅറിവും ജ്ഞാനവും രണ്ടാണ്. അറിവ് പലതരത്തിൽ പ്രയാസം കൂടാതെ ആർജിക്കാം. ജ്ഞാനം അപ്രകാരമല്ല. ജ്ഞാനം അവരവരെയും മറ്റ് സകലതിനെയും ഒരുപോലെ കാണുക എന്ന ബോധമാണ്. ജ്ഞാനത്തിന് ആത്മീയമായ തലം കൂടിയുണ്ട്. ചരാചരങ്ങളെയും സഹജീവികളെയും താൻതന്നെയായി കാണാനുള്ള ഉൾക്കാഴ്ചയാണ് അതിൽ പ്രധാനം. ഇൗ ഉൾക്കാഴ്ച മുമ്പു പറഞ്ഞ ആത്മീയതലത്തെ ഏറ്റവും പ്രകാശനിർഭരമാക്കുന്നു. പരിസ്ഥിതിയെ സംബന്ധിച്ച് ധാരാളം അറിവുകൾ ഇന്ന് നമുക്ക് സ്വന്തമാണ്. ഇൗ അറിവുകളെ ജ്ഞാനമായി സ്വാംശീകരിക്കുക എന്ന അനിവാര്യതയിലേക്കാണ് ഇൗ പരിസ്ഥിതിദിനം വിരൽചൂണ്ടുന്നത്.
പരിസ്ഥിതിയെ സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾ പലതാണ്. എങ്കിലും സമകാല സഹചര്യങ്ങളിൽ പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമായ പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ, ലോക പരിസ്ഥിതിദിനത്തിനായുള്ള െഎക്യരാഷ്ട്രസഭയുടെ ഇൗ വർഷത്തെ മുദ്രാവാക്യം ‘Beat Plastic Pollution എന്നായത് ഏറ്റവും അർഥവത്തായിരിക്കുന്നു. ഇൗ വർഷം ആതിഥേയ രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയെയാണ് എന്നതും ഇൗ സന്ദർഭത്തിൽ സവിശേഷം ശ്രദ്ധേയമാകുന്നുണ്ട്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം. ഉപയോഗശേഷം നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കൈയും കണക്കുമില്ല. പ്ലാസ്റ്റിക് നിർമിത ബാഗുകൾ, കവറുകൾ, കപ്പുകൾ എന്നിങ്ങനെ പല വസ്തുക്കളും ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുകയും അവ മാലിന്യമായി കുന്നുകൂടുകയും ചെയ്യുന്നു. മണ്ണിലലിഞ്ഞു ചേരാതെയും സംസ്കരിക്കാൻ കഴിയാതെയും പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിനും ചുറ്റുപാടുകൾക്കും ഭീഷണിയായിത്തീരുന്നു.
നേർത്ത പ്ലാസ്റ്റിക് ബാഗുകൾക്കും മറ്റും മാത്രമാണ് നമ്മുടെ നാട്ടിൽ നിലവിൽ നിരോധനമുള്ളത്. ഇതര പ്ലാസ്റ്റിക് വസ്തുക്കൾ ഇപ്പോഴും വൻതോതിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. മനുഷ്യരാശിയുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്ന അപകടകരമായ നിരവധി രാസവസ്തുക്കൾ പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പല പഠനങ്ങളും നടന്നുകഴിഞ്ഞതാണ്. റീസൈക്ലിങ് നടത്താൻ കഴിയില്ല എന്ന പ്രധാന കാരണം മുൻനിർത്തിയാണ് പ്ലാസ്റ്റിക് മുൻ സൂചിപ്പിച്ച രീതിയിൽ നിരോധിക്കപ്പെട്ടത്്. എന്നാൽ, പ്ലാസ്റ്റിക് കത്തുേമ്പാഴുണ്ടാകുന്ന വിഷവസ്തുക്കളുടെ വ്യാപനവും ഇതേ പ്രധാന്യത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഡയോക്സിൻ എന്ന വിഷവസ്തുവാണ് ഇതിൽ ഏറ്റവും വിനാശകരമായത്. അർബുദബാധയിൽ ഡയോക്സിൻ മുഖ്യ പങ്കുവഹിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. പ്ലാസ്റ്റിക്കിന് നിറം നൽകാൻ ചേർക്കുന്ന ലെഡ്, കാഡ്മിയം, മെർക്കുറി എന്നിവയും മാരകരോഗങ്ങൾക്ക് വഴിതെളിക്കും. നിത്യജീവിതത്തിൽ, വീടകങ്ങളിൽത്തന്നെ പ്ലാസ്റ്റിക്കിെൻറ ധാരാളിത്തമാണ് നമുക്കുള്ളത്. ഗാർഹികോപകരണങ്ങളിലും അലങ്കാരവസ്തുക്കളിലും എല്ലാം പ്ലാസ്റ്റികിന് ഇന്ന് വൻ പ്രാധാന്യമുണ്ട്. ഇത് പാടേ ഒഴിവാക്കുക അസാധ്യമാണെങ്കിലും പ്ലാസ്റ്റിക്കിനോടുള്ള ആഭിമുഖ്യം കുറക്കാവുന്നതേയുള്ളൂ. ഇൗ രംഗത്ത് നമ്മൾ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണെന്ന് എടുത്തുപറയെട്ട. പേപ്പർ, തുണി, വാഴനാര്, കമുകിൻപാള, ചണം, കയർ എന്നിവ കൊണ്ടുള്ള ആവശ്യവസ്തുക്കൾ ഇന്ന് ധാരാളമായി നിർമിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു.
പരിസ്ഥിതി ചിന്തകൾക്കും അവലോകനങ്ങൾക്കും ഒരൊറ്റ ദിവസത്തിൽ ഒതുങ്ങുന്ന പ്രധാന്യമല്ല ഉള്ളതും ഉണ്ടാകേണ്ടതും. മനുഷ്യൻ ഒഴികെ ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയോടും പരിസ്ഥിതിയോടും ഇണങ്ങിച്ചേർന്നാണ് ജീവിക്കുന്നത്. മനുഷ്യനാകെട്ട, സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്തും പ്രകൃതിവസ്തുക്കൾ നശിപ്പിച്ചും ജീവിക്കുന്നു. ഇൗ വൈരുദ്ധ്യം തിരിച്ചറിയേണ്ടതുണ്ട്. പൂർണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുക അസാധ്യമാണെന്നത് പരമാർഥം. എങ്കിലും പ്രകൃതിനശീകരണവും പ്രകൃതി ചൂഷണവും അവസാനിപ്പിക്കാനും പ്രകൃതിസംരക്ഷണത്തിെൻറ ഭാഗമാകാനും എല്ലാ മനുഷ്യർക്കും കഴിയും, കഴിയണം. പരിസ്ഥിതിയുടെ ഏതെങ്കിലും ഒരു ഘടകത്തെ തകർത്തുകൊണ്ട് മറ്റൊരു ഘടകത്തെ നിലനിർത്താേനാ, പുഷ്ടിപ്പെടുത്താനോ കഴിയില്ല. സമഗ്രമായൊരു വീക്ഷണത്തിൽ സമസ്ത ഘടകങ്ങളെയും നശിപ്പിക്കാതെ സംരക്ഷിക്കാനുള്ള കരുതലാണുണ്ടാകേണ്ടത്. വയൽ നികത്തെട്ട -എനിക്കെന്താ, കുന്നുകൾ നിരപ്പാക്കെട്ട എനിക്കെന്താ, റോഡിൽ മാലിന്യം കുന്നുകൂടെട്ട -എനിക്കെന്താ എന്ന മട്ടിലുള്ള ചിന്താഗതിയെയാണ് നാമോരോരുത്തരും അകറ്റിനിർത്തേണ്ടത്. മുൻകാലങ്ങളിൽനിന്ന് ഭിന്നമായി പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധയും ഉത്തരവാദിത്തവും പുലർത്തുന്ന നിലകളിലേക്ക് നമ്മുടെ സമൂഹം ഇന്ന് വളർന്നിട്ടുണ്ട്. പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരം ഇടപെട്ടും സൂക്ഷ്മാവലോകനങ്ങൾ നടത്തിയും സ്ഥിതിലഗതികൾ വിലയിരുത്തിയും നമുക്ക് മുന്നേറാൻ കഴിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.