Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലവ്​ ജിഹാദ്​, സവർണ...

ലവ്​ ജിഹാദ്​, സവർണ സംവരണം:ഇടത്​ ഇത്ര വലതോ?

text_fields
bookmark_border
vs-achudanandan,-jose-k-mani
cancel

കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയെന്നു പറയുന്ന വികസനത്തില്‍ ഊന്നി കേരളത്തിൽ വോട്ടുപിടിക്കാൻ ഇറങ്ങിയ ഇടതുപക്ഷം അവസാനം എത്തിനിൽക്കുന്നത് ലവ്​ ജിഹാദ് എന്ന വർഗീയവിഷയത്തിലാണ്. ഭരണകാലത്തി​നൊടുവിൽ നടപ്പാക്കിയ സവർണ സംവരണംകൂടി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ ഇടതുപക്ഷം എത്രത്തോളം വലതുവത്​കരിക്കപ്പെട്ടിരിക്കുന്നു എന്ന സൂചനയാണ് കിട്ടുന്നത്. വ്യത്യസ്തമായ രണ്ടു വിഷയങ്ങളാണെങ്കിലും ആത്യന്തികമായി വർഗീയപ്രീണനത്തിലൂടെ തുടർഭരണം ഉറപ്പുവരുത്തുകയാണ് രണ്ടി​െൻറയും ലക്ഷ്യം. അതുകൊണ്ടുതന്നെ ജോസ് കെ. മാണിയുടെ ഏറ്റവും പുതിയ 'ലവ്​ ജിഹാദ്' ആരോപണവും വർഗീയ പ്രോപഗണ്ടയും കേവല വോട്ടുതന്ത്രങ്ങൾക്കപ്പുറത്ത് കേരളത്തിലെ ഇടതുപക്ഷം കളമറിഞ്ഞ് രാഷ്​ട്രീയം കളിക്കുന്നു എന്ന് വ്യക്തമാക്കുന്നു. ഒരേസമയം ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കുന്നതിന് ഇതിലും വലിയ തന്ത്രം ഇടതുപക്ഷത്തിന് പയറ്റാനില്ല. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സമയത്ത് തങ്ങൾ അകപ്പെട്ട അഴിമതിയാരോപണങ്ങളില്‍നിന്നും, സ്വർണക്കടത്ത് മുതല്‍ അവസാനം പ്രതിപക്ഷം കൊണ്ടുവന്ന ആഴക്കടല്‍ മത്സ്യബന്ധന കരാറടക്കം, രക്ഷനേടാന്‍ ഇതിലൂടെ കഴിയുമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു.

'ലവ്​ ജിഹാദ്' എന്ന തികച്ചും മുസ്​ലിംവിരുദ്ധമായ പ്രചാരവേല ഒരുപക്ഷേ, ഇന്ത്യയിൽ ആദ്യമായി ഉയർത്തിക്കൊണ്ടുവന്ന മുഖ്യമന്ത്രി സി.പി.എമ്മുകാരനായ വി.എസ്. അച്യുതാനന്ദനാണ്. ഹിന്ദു പെൺകുട്ടികളെ മുസ്​ലിംചെറുപ്പക്കാർ കല്യാണം കഴിച്ച് 20 വർഷംകൊണ്ട് കേരളത്തെ ഒരു മുസ്​ലിംഭൂരിപക്ഷ പ്രദേശമാക്കും എന്നായിരുന്നു അച്യുതാനന്ദന്‍ പറഞ്ഞത്. പാര്‍ട്ടി അതിനെ എതിര്‍ത്തില്ല. ഏകദേശം ഒരു ദശാബ്​ദത്തിനുശേഷം, പാര്‍ട്ടി ആ പ്രസ്താവനയുടെ നേട്ടം കൊയ്യാൻ ഒാങ്ങിനില്‍ക്കുന്നു. ആ അച്യുതാനന്ദസിദ്ധാന്തമാണ് രാജ്യത്താകമാനം സംഘ്​പരിവാറിന് ഈ വിഷയം കത്തിക്കാന്‍ വഴിമരുന്നിട്ടത്.

കേന്ദ്രത്തില്‍ ബി.ജെ.പി അധികാരമേറിയശേഷം ഒരു പ്രധാന ആയുധമായി ഈ വിഷയം അവർ ഏറ്റെടുത്തു. ഉത്തർപ്രദേശ് നിയമസഭ 'ലവ്​ ജിഹാദി'നെതിരെ 2020 നവംബറില്‍ 'മതപരിവര്‍ത്തന നിരോധന നിയമം' പാസാക്കി. ഒന്നു മുതൽ അഞ്ചുവർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷയായി ഈ നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍, കൂട്ടത്തോടെയുള്ള ഇത്തരം മതംമാറ്റത്തിന് ഒന്ന​ു മുതല്‍ 10 വര്‍ഷം വരെ തടവും 50,000 രൂപ പിഴശിക്ഷയായും ഈ നിയമം പറയുന്നു. ഇതിനകം നിരവധി യുവാക്കളെ ഇതുമായി ബന്ധപ്പെട്ട് അറസ്​റ്റ്​ ചെയ്തിട്ടുണ്ട്. അവിടത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈ നിയമത്തിന് ആധാരമായി ഉദ്ധരിച്ചത് അച്യുതാനന്ദനെയായിരുന്നു. ഇപ്പോള്‍, മധ്യപ്രദേശ്, ഹരിയാന, കർണാടക സംസ്ഥാനങ്ങള്‍ ഈ വഴിക്കുള്ള നിയമം പാസാക്കാനൊരുങ്ങുന്നു.

കേരളത്തിലിപ്പോള്‍ ബി.ജെ.പി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനംതന്നെ ലവ്​ ജിഹാദിനെതിരായ നിയമനിര്‍മാണമാണ്. കേരളത്തിൽ ഇങ്ങനെയൊരു നിയമനിർമാണം നടക്കുമോ എന്ന് നാം പരിഹസിച്ചേക്കാം. പക്ഷേ, തികച്ചും ഭരണഘടനാവിരുദ്ധമായ സവർണ സംവരണം രാജ്യത്തിന് സംഭാവനചെയ്ത കേരളത്തിലെ ഇടതുരാഷ്​ട്രീയം അതിന് മുതിരില്ലെന്ന് ഉറപ്പില്ല. 1957ലെ ഒന്നാം ഇ.എം.എസ് മന്ത്രിസഭ തൊട്ട് കേരളത്തിലെ ഇടതുപക്ഷത്തി​െൻറ പ്രധാന രാഷ്​ട്രീയ അജണ്ടകളിൽ ഒന്ന് സവർണസംവരണമായിരുന്നു. 1980കളിലെ മണ്ഡൽ കമീഷൻ ശിപാർശകളെ, സര്‍ക്കാര്‍ നിയമനങ്ങളില്‍ 27 ശതമാനം ഒ.ബി.സി സംവരണം, ഇടതുപക്ഷം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, സകല അടവുകളും ഊർജവും സവർണസംവരണത്തിനായി ഉപയോഗിച്ചുപോന്നു. അതി​െൻറ പരിസമാപ്തിയാണ്, 70 വർഷങ്ങൾക്കിപ്പുറം വളരെ എളുപ്പത്തില്‍ സവർണ സംവരണം അവർ നടപ്പാക്കിയത്. തുടക്കത്തില്‍ വിദ്യാഭ്യാസ മേഖലയിൽ പ്രാബല്യത്തിൽ വന്ന 10 ശതമാനം സാമ്പത്തിക സംവരണമെന്ന സവർണ സംവരണം പിന്നീട് തിടുക്കത്തില്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ തൊഴിൽമേഖലകളിലും ഉറപ്പുവരുത്തി. അതായത്, പി.എസ്‌.സി നിയമനങ്ങളിൽ 10 ശതമാനം മുന്നാക്കസംവരണം യാഥാർഥ്യമാക്കി എന്നർഥം. അതേസമയം, ഇന്ത്യയിൽ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കംനിൽക്കുന്ന മുസ്​ലിം സമുദായത്തി​െൻറ ഉന്നമനത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങി​െൻറ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ സര്‍ക്കാര്‍ നിയമിച്ച സച്ചാർ കമ്മിറ്റി മുന്നോട്ടുവെച്ച നിർ​േദശങ്ങൾ കേരളത്തില്‍ അതി​െൻറ പൂർണാർഥത്തില്‍ നടപ്പാക്കിയില്ലെന്നു മാത്രമല്ല, പാലോളി കമീഷനെവെച്ച് അതിനെ നേര്‍പ്പിച്ച് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിലൂടെ മുസ്​ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യം മറ്റു ന്യൂനപക്ഷ സമുദായങ്ങള്‍ക്കും പങ്കിട്ടുനല്‍കി 'സാമുദായിക സന്തുലനം' ഉറപ്പുവരുത്തി.

20 വർഷം മുമ്പ് കേരളത്തിലെ പിന്നാക്കവിഭാഗങ്ങളുടെ സര്‍ക്കാര്‍ തൊഴില്‍പ്രാതിനിധ്യം പഠിക്കാന്‍ നിയോഗിക്കപ്പെട്ട നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കാൻ മാറിവരുന്ന ഇടത്, വലത് സർക്കാറുകൾ ശ്രമിക്കാതിരിക്കുന്നതിൽനിന്ന്​ കേരള രാഷ്​ട്രീയം എത്രത്തോളം സവർണലോബികളുടെ പിടിയിലാണെന്നു മനസ്സിലാക്കാം. ഈ റിപ്പോര്‍ട്ടുപ്രകാരം അന്ന് കേരളത്തിലെ 25 ശതമാനം വരുന്ന മുസ്​ലിംകളുടെ തൊഴില്‍ പ്രാതിനിധ്യം എന്നുപറയുന്നത് വെറും 9.88 ശതമാനം മാത്രമാണ്, അതായത്, മൈനസ് 14 ശതമാനത്തി​െൻറ കുറവ്. മറുവശത്ത്, 24 ശതമാനം വരുന്ന ഹിന്ദുസമുദായത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ തൊഴിലി​െൻറ 39 ശതമാനവും കൈയടക്കിെവച്ചിരിക്കുന്നു. എന്നാൽ, ഇതൊന്നും സവർണ സംവരണം നടപ്പാക്കുന്നതിനെ തെല്ലും ബാധിച്ചില്ല എന്നതും ഇതിനോടു ചേർത്ത് വായിക്കണം. കേരളത്തിൽ സവർണസംവരണം തുടങ്ങിയശേഷമാണ് ഇന്ത്യയിൽ സവർണസംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണം ബി.ജെ.പി ഗവൺമെൻറ്​ നടത്തുന്നത്. ഇപ്പോൾ സുപ്രീംകോടതിപോലും ജാതിസംവരണമല്ല, സാമ്പത്തികസംവരണമാണ് വേണ്ടത് എന്ന് നിരീക്ഷിക്കുന്നു. തങ്ങൾ കൊണ്ടുവന്ന സവർണസംവരണ നയം രാജ്യത്താകമാനം സ്വീകാര്യത നേടുന്നുണ്ടല്ലോ എന്ന് സി.പി.എമ്മിന് സന്തോഷിക്കാം.

സവർണ സംവരണത്തിനുശേഷം ഇടതുപക്ഷം ലവ്​ ജിഹാദ് ചർച്ചയാക്കുന്നതിൽ അത്ഭുതപ്പെടാനില്ല. നാട്ടിലുള്ള മുസ്​ലിംപേടിയെ പരമാവധി പ്രയോജനപ്പെടുത്തുകതന്നെയാണ് ഇടതി​െൻറ ലക്ഷ്യം. അതുകൊണ്ടാണ് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണശേഷം ലവ്​ ജിഹാദ് കേരളത്തിൽ ഇടതുമുന്നണി കാര്യമായി ചർച്ചയാക്കുന്നത്. ഇവിടെ സംഘ്​പരിവാര അജണ്ട കൃത്യവും വ്യക്തവുമാണ്. എന്നാൽ, സംഘ്​പരിവാരം മാത്രം ഉയർത്തിപ്പിടിച്ച ഈ രാഷ്​ട്രീയായുധം ഈയിടെ ചില ക്രൈസ്​തവസംഘടനകളും കാര്യമായി ഏറ്റെടുത്തിട്ടുണ്ട്. അവിടെയാണ് ജോസ് കെ. മാണി എന്ന കേരള കോണ്‍ഗ്രസ്‌ നേതാവ് ഇടതുപക്ഷത്തിനായി ഈ വിഷയം ഉയർത്തിയിരിക്കുന്നത്. കേരളത്തിൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പ് സർവേകൾ എല്ലാം ഇടതുപക്ഷത്തിന് കൃത്യമായ മേൽക്കോയ്മ പ്രവചിക്കുമ്പോൾ തന്നെ ജാതിതിരിച്ച കണക്കുകളിൽ ക്രൈസ്​തവസമുദായം അവർ തുടർന്നുപോന്ന യു.ഡി.എഫ് പിന്തുണ ഈ ​െതരഞ്ഞെടുപ്പിലും ശരിവെക്കുന്നുണ്ട്. ഇതിനെ മറികടക്കാൻ ഈയിടെ ചില ക്രൈസ്​തവസഭകൾ വീണ്ടും കുത്തിപ്പൊക്കിയ ലവ്​ ജിഹാദ് എന്ന തികച്ചും വർഗീയമായ രാഷ്​ട്രീയ തന്ത്രം ജോസ് കെ. മാണിയിലൂടെ ഉയർത്തിക്കൊണ്ടുവന്ന് ഒരേസമയം ഹിന്ദു, ക്രിസ്​ത്യൻ സമുദായങ്ങളെ കൂടെ നിർത്താനുള്ള രാഷ്​ട്രീയതന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്. അതേസമയം, ഗീവർഗീസ് മാർ കൂറിലോസിനെപ്പോലുള്ള ചില ക്രൈസ്​തവസഭകളും നേതാക്കളും ഇതിനെ ശക്തമായി തള്ളിപ്പറഞ്ഞതും കാണാതിരുന്നുകൂടാ. ലവ്​ ജിഹാദ് എന്ന രാഷ്​ട്രീയ അജണ്ട സെറ്റ് ചെയ്യുന്നതിലൂടെ ക്രൈസ്​തവ ഭൂരിപക്ഷ പ്രദേശമായ മധ്യകേരളം പൂർണമായും കൈപ്പിടിയിൽ ഒതുക്കാം എന്നും ഇടതുപക്ഷം കരുതുന്നു. അതേസമയം, സവർണസംവരണം ഹിന്ദു ഭൂരിപക്ഷ തെക്കൻകേരളത്തിൽ ഗുണംചെയ്യുമെന്നും അതിലൂടെ ശബരിമല വിഷയത്തിൽ പാർട്ടിക്ക് ഏറ്റ ക്ഷീണം മറികടക്കാം എന്നും അവര്‍ കണക്കുകൂട്ടുന്നു. ഈ അപകടകരമായ രാഷ്​ട്രീയം തിരിച്ചറിയപ്പെടാതെ പോവരുത്.

തെരഞ്ഞെടുപ്പ് രാഷ്​ട്രീയം എന്തുതന്നെയായാലും കേവല രാഷ്​ട്രീയനേട്ടങ്ങൾക്കുവേണ്ടി സാമുദായികബന്ധങ്ങളിൽ വിള്ളൽവീഴ്​ത്താൻ ഇടതു രാഷ്​ട്രീയ പാർട്ടികൾ ഒരു മടിയും കാണിക്കുന്നില്ല. ജോസ് കെ. മാണിയെപ്പോലുള്ളവര്‍ ഇപ്പോൾ അതിനോട് ചേർന്നുവെന്നു മാത്രം. ഒരേ സമയം സവർണസംവരണം നടപ്പാക്കിയും ഇല്ലാത്ത വർഗീയപ്രചാരണങ്ങൾ നടത്തിയും വ്യത്യസ്ത സമുദായങ്ങളെ പരസ്പരം പോരടിപ്പിച്ച് അധികാരം നിലനിർത്താനുള്ള, നൈതികത തൊട്ടുതീണ്ടാത്ത ഇടതുശ്രമങ്ങളെ കേരള ജനത വരുംകാലങ്ങളിൽ അതിശക്തമായി ചോദ്യംചെയ്യും.

(ഹൈദരാബാദ്​ കേന്ദ്ര സർവകലാശാലയിൽ ഗവേഷകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Love Jihadews reservation
News Summary - love jihad, ews reservation
Next Story