ഹൃദയത്തെ സ്നേഹിക്കാം
text_fieldsസ്നേഹത്തിെൻറ ചിഹ്നമായി നാം വരച്ചിടാറ് ഹൃദയത്തിെൻറ രേഖാചിത്രമാണ്. എന്നാൽ, നമ്മളെത്രപേർ ഹൃദയത്തെ സ്നേഹിക്കുന്നുണ്ട്? അമ്മയുടെ ഉദരത്തിൽ രൂപം പ്രാപിച്ചതുമുതൽ അവസാന ശ്വാസംവരെ നമുക്കായി സ്പന്ദിച്ചുകൊണ്ടിരിക്കുന്നു ഹൃദയം. ഒപ്പം ശ്വാസകോശത്തിലേക്കും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്ന വിശ്രമമില്ലാത്ത ജോലിയും നിർവഹിക്കുന്നു. ദിവസവും 800 ലിറ്റര്‍ രക്തമാണിങ്ങനെ പമ്പ് ചെയ്യുന്നത്. അതിന് തടസ്സമുണ്ടാകുമ്പോഴാണ് ഹൃദ്രോഗമുണ്ടാകുന്നത്. ആഗോളതലത്തില്‍ ഹൃദ്രോഗ തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ ഉള്ള സംസ്ഥാനം കേരളവും.
കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. നമുക്കിടയിൽ പൊടുന്നനെ വേരുപിടിച്ച ഫാസ്റ്റ്ഫുഡ് സംസ്കാരവും അനാരോഗ്യകരമായ ജീവിതരീതികളുമാണ് ഇതിന് പ്രധാന കാരണം. പുകയില ഉപയോഗം, നിയന്ത്രണമില്ലാത്ത ഭക്ഷണം, വ്യായാമമില്ലാത്ത ജീവിതചര്യ, അമിത മാനസിക സമ്മര്‍ദം, രക്തത്തിലെ കൊളസ്ട്രോളിെൻറ ആധിക്യം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയത്തിെൻറ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കും. ഇത് കേൾക്കുേമ്പാൾ ആശങ്കതോന്നുമെങ്കിലും 90 ശതമാനം ഹൃദ്രോഗത്തെയും അതിെൻറ അപായഘടകങ്ങളെ ഒഴിവാക്കുന്നതിലൂടെ പ്രതിരോധിക്കാനാവും.
പലപ്പോഴും രോഗം പിടിമുറുക്കിയശേഷമാണ് പലരും പ്രതിരോധത്തെക്കുറിച്ച് ചിന്തിക്കുന്നത്. ഹൃദ്രോഗം പലപ്പോഴും അറിയാതെപോകുന്നത് അജ്ഞത കൊണ്ടാണ്. നെഞ്ചെരിച്ചിലോ വേദനയോ വന്നാല്‍ അത് വെറും ഗ്യാസാണെന്ന് പറഞ്ഞ് തള്ളാറാണ് പലരും. പ്രധാനമായ ചില കാരണങ്ങൾ ശ്രദ്ധിക്കുക:
രക്താതിസമ്മര്‍ദം
അമിത രക്തസമ്മര്ദമുള്ളവരില് ഹൃദ്രോഗസാധ്യത കൂടുതലാണ്. രക്തസമ്മര്‍ദം കൂടുന്നതനുസരിച്ച് ഹൃദയത്തിലേക്കുള്ള രക്തചംക്രമണ കുഴലുകളില്‍ സമ്മര്‍ദം വരുകയും ഹൃദയത്തിലെത്തുന്ന രക്തത്തിെൻറ അളവ് കുറയുകയും ചെയ്യും. ഇത് ശരീരത്തിലെ ഓക്സിജൻ താഴാനും ഹൃദയാഘാതത്തിനും കാരണമാവും. രക്താതിസമ്മര്‍ദം പൂര്‍ണമായി ചികിത്സിച്ചുമാറ്റാന്‍ കഴിയില്ലെങ്കിലും മരുന്നുകളിലൂടെ അത് തടയാനും നിയന്ത്രിക്കാനുമാവും.
പുകയില ഉപയോഗം
ഹൃദ്രോഗംമൂലം മരിക്കുന്നവരില്‍ ഭൂരിഭാഗവും പുകയില ഉപയോഗിക്കുന്നവരാണ്. പുകയില ഹൃദയധമനികളില്‍ കേടുവരുത്തുകയും രക്തത്തിലെ പൂരിത കൊഴുപ്പിനെ കുറക്കുകയും ചെയ്യും. തന്മൂലം രക്തക്കുഴലുകളില്‍ തടസ്സങ്ങള്‍ രൂപപ്പെടുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു. ജീവിതത്തെയും കുടുംബത്തെയും സുഹൃത്തുക്കളെയും സ്നേഹിക്കുന്നവർ പുകവലി, പുകയില ഉപയോഗിച്ചുള്ള മുറുക്കൽ, ഹാൻസ്, ഗുഡ്ക, ഖൈനി തുടങ്ങിയ ലഹരിവസ്തുക്കൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുക.
കൊളസ്ട്രോൾ ആധിക്യം
ശരീരത്തിന് വളരെ പ്രയോജനമുള്ള കൊഴുപ്പാണ് കൊളസ്ട്രോൾ. എന്നാല്‍, ശരീരം സ്വാഭാവികമായി ഉൽപാദിപ്പിക്കുന്ന കൊളസ്ട്രോളിനൊപ്പം ക്രമീകൃതമല്ലാത്ത ഭക്ഷണരീതിയിലൂടെ ആവശ്യത്തിലധികം കൊഴുപ്പ് എത്തിച്ചേരുന്നതോടെ കൊളസ്ട്രോള്‍ പ്രശ്നക്കാരനായി മാറും. രക്തത്തിലെ കൊളസ്ട്രോളിെൻറ ആധിക്യം ഹൃദയസ്തംഭനങ്ങള്‍ക്കും ധമനികളിലെ കേടുപാടുകള്‍ക്കും കാരണമാകും. ചിട്ടയായ ജീവിതരീതിയിലൂടെയും വ്യായാമത്തിലൂടെയും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകൾ കൃത്യമായി പിന്തുടരുന്നതിലൂടെയും ഈ അപകടാവസ്ഥ തരണംചെയ്യാനാവും.
മാനസിക സമ്മര്‍ദം
സ്ഥിരമായി അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഹൃദയ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. മാനസിക സമ്മര്‍ദം ഹൃദയ പേശികളിലേക്കുള്ള രക്തപ്രവാഹം കുറക്കുകയും ഹൃദയത്തിെൻറ പ്രവര്‍ത്തനക്ഷമതയില്‍ ഗണ്യമായ വ്യതിയാനം വരുത്തുകയും ചെയ്യും.
പ്രമേഹം
പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗസാധ്യത മൂന്നിരട്ടിയാണ്. പക്ഷേ, പ്രമേഹത്തെ നന്നായി നിയന്ത്രിക്കാനായാല്‍ അത് അപകടകാരിയേ അല്ല. പ്രമേഹരോഗികളിലെത്തുന്ന ഗ്ലൂക്കോസ് വിഘടിക്കപ്പെടാതെ പോകുന്നു. ഈ ഗ്ലൂക്കോസ് കൊഴുപ്പായി രൂപാന്തരപ്പെടുകയും അത് ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗം പലപ്പോഴും നിശ്ശബ്ദ കൊലയാളിയാണ്. കാരണം, പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗമുണ്ടാകുമ്പോള്‍ വേദന അനുഭവപ്പെടുന്നില്ല. ചിട്ടയായ ജീവിതക്രമത്തിലൂടെ പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്.
ഹൃദ്രോഗം മനുഷ്യന് ഭീഷണിയായ കാലം മുതല്‍ അനവധി പഠനങ്ങളും പഠന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ടെങ്കിലും രോഗാതുരമായ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കാതിരിക്കാനുള്ള നടപടികള്‍ക്കും മുന്‍കരുതലുകള്‍ക്കും നാം വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയും ഹൃദ്രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാവും. അതുവഴി ഹൃദയത്തെ സ്നേഹിക്കാനുമാവും.
(കോഴിക്കോട് മെട്രോ ഇൻറര്‍നാഷനല്‍ കാര്‍ഡിയാക് സെൻറർ ചീഫ് കാര്‍ഡിയോളജിസ്റ്റും മാനേജിങ് ഡയറക്ടറുമാണ് ലേഖകന്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.