മലയാളിയുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ പാട്ടുകൾ
text_fieldsഇളംമഞ്ഞിന്റെ കുളിരുമായി മലയാളിയുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ. കേരളത്തിന്റെ ഗൃഹാതുര ബിംബങ്ങളും സാധാരണക്കാരന്റെ ജീവിതവികാരങ്ങളെ തൊട്ടറിയുന്ന വരികളും അദ്ദേഹത്തിന്റെ ഗാനങ്ങളെ നിത്യഹരിതങ്ങളാക്കി. പ്രേംനസീറിന്റെ കാലത്ത് തുടങ്ങി പുതുതലമുറ ചിത്രങ്ങളിൽ വരെ ആ രചനാഭംഗി പടർന്നു.
അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ഗാനരചനാ ജീവിതത്തിൽ എല്ലാ കാലങ്ങളെയും ചേർത്തുവെക്കുന്നതായിരുന്നു മങ്കൊമ്പിന്റെ രചനാശൈലി. ‘അയലത്തെ സുന്ദരി’യിൽ പഴയ തലമുറയുടെ പ്രണയകൽപനകളെ വരച്ചിട്ട അദ്ദേഹം ‘ആർ.ആർ.ആർ’ എന്ന ചിത്രത്തിൽ പുതുതലമുറയുടെ ‘വൈബി’നൊപ്പം നിന്നു. കവിയും നിരൂപകനും തിരക്കഥാകൃത്തും പത്രാധിപരും ഒക്കെയായി പ്രവർത്തിച്ചെങ്കിലും മലയാളിക്കിഷ്ടം മങ്കൊമ്പിലെ പാട്ടെഴുത്തുകാരനെയായിരുന്നു. അവർക്ക് ഏറ്റുപാടാൻ കഴിയുന്ന, ദുർഗ്രഹ സാഹിത്യത്തിന്റെ ക്ലിഷ്ടതകളൊന്നുമില്ലാത്ത വരികളായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളെ വേറിട്ട് നിർത്തിയത്.
സംഗീത സംവിധായകരായ ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്ര ജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ, ബാബുരാജ്, ദക്ഷിണാമൂർത്തി, എം.ബി. ശ്രീനിവാസൻ, എ.ടി. ഉമ്മർ, ഇളയരാജ, എ.ആർ. റഹ്മാൻ, കീരവാണി, ഹാരിസ് ജയരാജ് എന്നിവരോടൊപ്പമെല്ലാം പ്രവർത്തിച്ചു.
അന്യഭാഷാ ചിത്രങ്ങൾ മൊഴിമാറി മലയാളത്തിലെത്തിയപ്പോൾ അവക്ക് സംഭാഷണങ്ങളും യഥാർത്ഥ ഈണത്തിനൊപ്പിച്ച് വരികളും കുറിച്ചത് മങ്കൊമ്പായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിൽ നിന്ന് സിനിമാ ഗാനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി. അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റുമ്പോൾ അതൊരു ഡബ്ബിങ് സിനിമയല്ല എന്ന് പ്രേക്ഷകന് തോന്നണം എന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ‘തെമ്മാടി വേലപ്പൻ’ എന്ന സിനിമയിൽ മങ്കൊമ്പ് എഴുതിയ ‘തൃശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി, ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണി പോലത്തെ രാജാത്തി’ എന്നൊരു ഗാനം ഉണ്ടായിരുന്നു. പുറത്തുവന്നപ്പോൾ ആ പാട്ട് ഇന്ദിരാഗാന്ധിയെ കളിയാക്കുന്നതാണെന്ന് ചിലർ പ്രചരിപ്പിക്കുകയും രാഷ്ട്രീയ എതിരാളികൾ ആ അർത്ഥത്തിൽ ഉപയോഗിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കാലമായതിനാൽ പുലിവാല് പിടിക്കാൻ ഈ ഒരു പാട്ട് മതി. ഈ പ്രതിസന്ധിയെ മറ്റൊരു പാട്ടുകൊണ്ടാണ് മങ്കൊമ്പ് മറികടന്നത്. ആയിടെ ഇറങ്ങിയ ‘സംഗമം’ എന്ന സിനിമയിൽ ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിയെ പുകഴ്ത്തി ഒരു ഗാനം എഴുതി. നിർമാതാവ് പി.വി. ഗംഗാധരൻ ഈ ഗാനത്തിന്റെ ഹിന്ദി വിവർത്തനം ഇന്ദിരാഗാന്ധിക്ക് അയച്ചകൊടുക്കുക കൂടി ചെയ്തതോടെ പ്രശ്നം അവിടെ തീർന്നു.
ആപാദചൂഢം പനിനീര് (സംഗീതം: ബാബുരാജ്), ലക്ഷാർച്ചന കണ്ടു (ശങ്കർ ഗണേഷ്), നാടൻ പാട്ടിന്റെ മടിശ്ശീല (എം.എസ്. വിശ്വനാഥൻ), എന്റെ മനസ്സൊരു ശ്രീകോവിൽ (ദക്ഷിണാമൂർത്തി), ആഷാഡമാസം (ആർ.കെ. ശേഖർ), അഷ്ടമംഗല്യ സുപ്രഭാതത്തിൽ (എം.കെ. അർജുനൻ), ആശ്രിത വത്സലനേ (രവീന്ദ്ര ജെയിൻ), പാലാഴി മങ്കയെ പരിണയിച്ചു (ജി. ദേവരാജൻ), ഈ ജീവിതമൊരു (കെ.ജെ. ജോയ്), പാഞ്ച ജന്യത്തിൻ (എ.ടി. ഉമ്മർ), ഇളംമഞ്ഞിൻ (കണ്ണൂർ രാജൻ), ഈ പുഴയും (രവി ബോംബെ)...എന്നിങ്ങനെ പ്രതിഭാധനരായ സംഗീതജ്ഞരെല്ലാം തന്നെ മങ്കൊമ്പിന്റെ രചനാമികവിൽ നിന്ന് വൈവിധ്യമാർന്ന ഈണങ്ങൾ മെനഞ്ഞെടുത്തവരാണ്. എന്തുകൊണ്ടോ സലിൽ ചൗധരി മാത്രമാണ് ആ പട്ടികയിൽ ഇല്ലാതെ പോയത്. തന്റെ സ്നേഹവും ഭക്തിയും വേദനയും നഷ്ടബോധവും പ്രണയവുമെല്ലാം ഉൾച്ചേരുന്നതാണ് താൻ എഴുതുന്ന പാട്ടുകൾ എന്ന മങ്കൊമ്പിന്റെ തന്നെ സ്വയം സാക്ഷ്യപ്പെടുത്തൽ ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗാനവും. അവ വരും തലമുറകളുടെയും പ്രിയ ഗാനങ്ങളായി തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.