മുഴങ്ങട്ടെ ഉച്ചത്തിൽ നന്മയുടെ ശബ്ദം
text_fieldsപക്ഷപാതപരമായ വിധികൾ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നായാലും ചൂണ്ടിക്കാണിക്കുകയും ചെറുക്കുകയും ചെയ്യുന്നതാണ് മാധ്യമ ധർമം എന്ന തിരിച്ചറിവ് പ്രതികൂല സാഹചര്യങ്ങളിലും കൈയൊഴിയാൻ ഈ പത്രം തയാറല്ല
മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിെൻറ ഭൂമികയിൽ മലയാള മാധ്യമരംഗത്ത് പിറവിയെടുത്ത ‘മാധ്യമം’പത്രത്തിന് 33 സംവത്സരങ്ങൾ പൂർത്തിയാവുേമ്പാൾ സവിശേഷമായി അവകാശപ്പെടാവുന്ന നേട്ടങ്ങളെന്ത്, അഥവാ നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് സംഭവിച്ചതെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങളെന്ത് എന്ന പരിശോധനയും വിചിന്തനവും സംഗതമാണ്. കേരളീയരിലും പ്രവാസി മലയാളികളിലും ഒരേസമയം, ദശലക്ഷക്കണക്കിന് വരിക്കാരെയും വായനക്കാരെയും മൂന്നു പതിറ്റാണ്ടിലധികം കാലം പിടിച്ചുനിർത്താനും തൃപ്തിപ്പെടുത്താനും ഈ പത്രത്തിന് സാധിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഇതര മാധ്യമങ്ങളിൽനിന്ന് ലഭിക്കാത്ത ചിലതോ പലതോ ഇതിലൂടെ അവർക്ക് ലഭിക്കുന്നുണ്ട് എന്നതുകൊണ്ടു തന്നെയാവണം.
മറ്റു വാക്കുകളിൽ, സത്യസന്ധതയും വിശ്വാസ്യതയും പരമാവധി ഉറപ്പുവരുത്തി വാർത്തകളും, നിഷ്പക്ഷവും സ്വതന്ത്രവുമായ വീക്ഷണങ്ങളും അവതരിപ്പിക്കാൻ ‘മാധ്യമം’പുലർത്തിവന്ന നിഷ്കർഷതന്നെയാണ് അതിെൻറ സ്വീകാര്യതക്കുള്ള പ്രാഥമിക നിദാനം. വീഴ്ചകളും തെറ്റുകളും നഷ്ടങ്ങളും പോരായ്മകളും ഇതഃപര്യന്തമുള്ള പ്രയാണത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുസമ്മതിക്കേണ്ടത് ധാർമിക ബാധ്യത മാത്രമാണ്. പക്ഷേ, ചൂണ്ടിക്കാണിക്കപ്പെടുേമ്പാൾ തിരുത്താനും വേണ്ടിവന്നാൽ ക്ഷമാപണം ചെയ്യാനുമുള്ള ആർജവം പത്രം പോയകാലത്ത് കാണിച്ചിട്ടുണ്ടെന്നുതന്നെയാണ് വിശ്വാസം.
അതുപോലെ വിവാദപരമായ വിഷയങ്ങളിൽ പത്രത്തിന് ശരിയെന്ന് തോന്നുന്ന അഭിപ്രായത്തിൽ മാത്രം അള്ളിപ്പിടിച്ചുനിൽക്കാതെ ഭിന്നാഭിപ്രായ പ്രകടനങ്ങൾക്ക് ഉദാരമായി സ്ഥലം അനുവദിച്ചിട്ടുണ്ട്. പൊതുവായ സമീപനം ഇതായിരിക്കെത്തന്നെ ചില കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന ശാഠ്യവും മാധ്യമം ഇതഃപര്യന്തം പുലർത്തിയിട്ടുണ്ട്. രാജ്യത്ത് മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുേമ്പാൾ അതിനെതിരെ മൗനം വിദ്വാനുഭൂഷണം എന്ന് തീരുമാനിക്കാൻ സാധ്യമായിട്ടില്ല. ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണികൾ നേരിടുേമ്പാൾ അത് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നായാലും ശരി, ചെറുത്തുതോൽപിക്കാൻ ഇറങ്ങിത്തിരിച്ചവരോടൊപ്പമായിരുന്നു ഇന്നേവരെ പത്രം നിലയുറപ്പിച്ചത്.
പക്ഷപാതപരമായ വിധികൾ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നായാലും ചൂണ്ടിക്കാണിക്കുകയും ചെറുക്കുകയും ചെയ്യുന്നതാണ് മാധ്യമ ധർമം എന്ന തിരിച്ചറിവ് പ്രതികൂല സാഹചര്യങ്ങളിലും കൈയൊഴിയാൻ ഈ പത്രം തയാറല്ല. പക്ഷേ, നിലപാടുകളെന്തും നിയമവാഴ്ചയെ മാനിച്ചുകൊണ്ടായിരിക്കണമെന്ന നിർബന്ധം ഇക്കാലമത്രയും പുലർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അബദ്ധങ്ങളിൽനിന്ന് മുതലെടുക്കാൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നവരുടെ-അവരുടെ എണ്ണം ഒട്ടും കുറവല്ല, ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഇതുവരെ അവസരം കൈവന്നിട്ടില്ല. രാജ്യത്തിെൻറ ഭരണഘടനയും നിയമസംഹിതയും പ്രയോഗതലത്തിൽ വെല്ലുവിളിക്കപ്പെടേണ്ടതല്ലെന്നതാണ് സുചിന്തിത നിലപാട്.
നവ ഉദാരീകരണത്തിെൻറ നീരാളിപ്പിടിത്തത്തിൽ അമർന്ന് ജീവിതത്തിെൻറ പുറംപോക്കിൽ കഴിയാൻ വിധിക്കപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദം സമൂഹത്തിലെത്തിക്കാനും പ്രാഥമികാവശ്യങ്ങൾക്കുവേണ്ടിയുള്ള അവരുടെ മുറവിളി പരമാവധി ഉച്ചത്തിൽ കേൾപ്പിക്കാനും മാധ്യമം എക്കാലത്തും പ്രതിജ്ഞാബദ്ധമായിരുന്നു. ഈ മാനുഷിക ദൗത്യത്തിെൻറ ഭാഗമായിതന്നെയാണ് രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് മാധ്യമം ഹെൽത്ത് കെയർ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചതും മനുഷ്യസ്നേഹികളുടെ സഹകരണത്തോടെ ഇപ്പോഴും വിജയകരമായി നടക്കുന്നതും. കോവിഡ്-19െൻറ ആഗോള താണ്ഡവത്തിൽ പരിഭ്രാന്തരായ പ്രവാസി മലയാളികളിൽ സ്വദേശത്തേക്ക് തിരിച്ചെത്താനുള്ള തത്രപ്പാടിൽ കൈത്താങ്ങ് വേണ്ടവർക്ക് വിമാന ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള മഹദ്സംരംഭത്തിൽ സഹോദരസ്ഥാപനമായ ‘മീഡിയവണി’നൊപ്പം ചേർന്ന് ‘മിഷൻ വിങ്സ് ഓഫ് കംപാഷൻ’ആരംഭിക്കാനും അത് ഉദാരമതികളുടെ സഹകരണത്തോടെ വിജയകരമായി മുന്നോട്ടുകൊണ്ടുപോവാനും മാധ്യമത്തിന് പ്രചോദനമാവുന്നതും അതിെൻറ ഭാഗംതന്നെ.
അതേയവസരത്തിൽ, ഒരേസമയം സാമ്പത്തികമാന്ദ്യവും ലോകവ്യാപകമായ പ്രകൃതിദുരന്തങ്ങളും ഐ.ടി മേഖലകളിലെ വൻ പരിവർത്തനങ്ങളും അച്ചടിമാധ്യമങ്ങൾക്കു നേരെ ഉയർത്തുന്ന വൻഭീഷണി ഈ പത്രത്തെ മാത്രം ഒഴിഞ്ഞുപോവുകയില്ലല്ലോ.
പ്രതിസന്ധികൾ തട്ടിമാറ്റി എവ്വിധമെങ്കിലും മുന്നോട്ടുപോവാനുള്ള ദൃഢനിശ്ചയത്തിന് നിദാനം സർവശക്തെൻറ കാരുണ്യത്തിലുള്ള വിശ്വാസം മാറ്റിനിർത്തിയാൽ ഇന്നേവരെ മാധ്യമത്തോടൊപ്പം നിന്ന അഭ്യുദയകാംക്ഷികളുടെ അകമഴിഞ്ഞ സഹകരണമാണ്, അതുമാത്രമാണ്. അപസ്വരങ്ങൾ രംഗം കൈയടക്കെ നന്മയുടെ ശബ്ദം പൂർവോപരി ഉച്ചത്തിൽ മുഴങ്ങട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.