Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുടിവെള്ളം ഇനി സർവത്ര!

കുടിവെള്ളം ഇനി സർവത്ര!

text_fields
bookmark_border
കുടിവെള്ളം ഇനി സർവത്ര!
cancel

കുടിവെള്ളക്ഷാമമുള്ള ഗ്രാമീണമേഖലയിൽ 2024 ഓടെ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പിലൂടെ ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി തുടക്കംകുറിക്കുകയാണിന്ന്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും ശുദ്ധ കുടിവെള്ളം ലഭ്യമാക്കുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കു സർക്കാർ ചുവടുവെക്കുകയാണ്. പൊതു ടാപ്പുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്കും കുടിവെള്ളം എത്തിക്കാൻ ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിലുള്ളവർക്കും പട്ടികവർഗ കോളനികൾക്കും മുൻഗണന നൽകിയാണ് 'ജലജീവൻ' മിഷൻ കേരളത്തിൽ യാഥാർഥ്യമാക്കുന്നത്.

നമ്മുടെ നാട്ടിൽ ശുദ്ധജലവിതരണത്തിന് സമാരംഭം കുറിക്കുന്നത് 1914ൽ കൊച്ചിയിലായിരുന്നു. പിന്നീട് 1933 ൽ തിരുവനന്തപുരത്തും സമാനപദ്ധതി ആരംഭിച്ചതോടെ കുടിവെള്ള വിതരണം കേരളത്തിൽ സജീവമായി. ഇവ പിന്നീട് കേരള ജല അതോറിറ്റിയായി രൂപാന്തരം പ്രാപിച്ചു. ആദ്യ കുടിവെള്ളപദ്ധതിക്ക്​ 106 വർഷങ്ങൾ കഴിഞ്ഞിട്ടും 33 ശതമാനം കുടുംബങ്ങളെ മാത്രമേ ഇതുവരെ ശുദ്ധജല വിതരണ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളൂ. ഇതേ വേഗതയിലാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിൽ ഇനിയും ഒരു 200 വർഷംകൂടി വേണ്ടിവരും 100 ശതമാനം ഭവനങ്ങളിലും പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ. ഈ അവസ്ഥ മറികടക്കാനാണ് സംസ്ഥാന ജലവിഭവ വകുപ്പും സർക്കാറും തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ജലശക്തി മന്ത്രാലയവുമായി സഹകരിച്ച് 'ജലജീവൻ മിഷൻ' പദ്ധതിയിലൂടെ കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള 67 ലക്ഷം കുടുംബങ്ങളിൽ 49.65 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്​ഷൻ ലഭ്യമാക്കുന്നതാണ് പദ്ധതി. കൃത്യമായ ആസൂത്രണത്തോടെ, തദ്ദേശ സ്ഥാപനങ്ങളുടെ പരിപൂർണ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ 100 ശതമാനം ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കാനാവും.

പ്രതിവർഷം 330 സെ.മി. മഴ ലഭിക്കുന്ന കേരളത്തിൽ 33 ശതമാനം പേർക്കു പോലും നിലവിൽ പൈപ്പിലൂടെ കുടിവെള്ളം ലഭിക്കുന്നില്ല. 67 ശതമാനവും കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ തുടങ്ങിയവയെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. 13 ഓളം ജലജന്യരോഗങ്ങൾ ശുദ്ധജലത്തി​െൻറ അപര്യാപ്തതയിൽ ഉണ്ടാകുന്നുണ്ടെന്ന് സമീപകാല പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ശരാശരി വളർച്ചനിരക്ക് അനുസരിച്ചാണെങ്കിൽ 2024 ആകുമ്പോൾ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 70 ലക്ഷം വീടുകൾ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഈ ഭവനങ്ങളിലെല്ലാം ശുദ്ധമായ കുടിവെള്ളം എത്തിക്കുക ചെറിയ വെല്ലുവിളിയല്ലെന്ന തിരിച്ചറിവ് പൂർണമായും ഉൾക്കൊണ്ടുള്ള കാൽ​വെപ്പാണിത്. ഈ സാമ്പത്തികവർഷം ആകെ നൽകേണ്ട പൈപ്പ് കണക്​ഷൻ 21.42 ലക്ഷമാണ്. ജല അതോറിറ്റി ഇതേവരെ നൽകിയിട്ടുള്ളത് 25 ലക്ഷം കണക്​ഷനാണെന്ന് ഓർക്കണം. ഏതാണ്ട് അത്രയും എണ്ണമാണ് ഈ സാമ്പത്തികവർഷം തന്നെ നൽകേണ്ടിവരുന്നത്. എങ്കിലും അത് യാഥാർഥ്യമാക്കാനുള്ള പരിശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ 100 ദിനപദ്ധതികളുടെ ഭാഗമായി 1.6 ലക്ഷം കണക്​ഷനുകൾ നൽകാൻ നടപടി സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുല്യ അനുപാതത്തിൽ ചെലവ് വഹിക്കുന്ന ഈ പദ്ധതിയിൽ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് വഹിക്കേണ്ടത്. ഗ്രാമീണ അടിസ്ഥാന സൗകര്യം നടപ്പിലാക്കുന്നതിനാവശ്യമായ എസ്​റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃ വിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, പഞ്ചായത്ത്, ഗുണഭോക്തൃ വിഹിതങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകുന്ന പഞ്ചായത്തുകളും നിരവധിയുണ്ടാകും. അത്​ പരിഹരിക്കുന്നതിനും സർക്കാർ നടപടിയെടുത്തിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ൽ ജലജീവൻ പദ്ധതി നടപ്പാക്കുമ്പോൾ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നൽകാൻ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുൻഗണനാക്രമം അനുസരിച്ച് ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടക്കുന്ന മുറക്ക്​ പദ്ധതി നിർവഹണം ആരംഭിക്കും. പദ്ധതി നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന തലത്തിൽ സ്​റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന്​ രൂപം നൽകി. ജില്ല തലത്തിൽ കലക്ടർമാർ ചെയർമാനായ ഡിസ്ട്രിക് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷനും പഞ്ചായത്ത് തലത്തിൽ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റിയും പദ്ധതി നിർവഹണത്തിനായി പ്രവർത്തിക്കും. കുടിവെള്ള കണക്​ഷനുകൾ ഉറപ്പാക്കാൻ വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റി വില്ലേജ് ആക്​ഷൻ പ്ലാൻ തയാറാക്കി, ജില്ലതല സമിതി അംഗീകരിച്ച ശേഷം, ക്രോഡീകരിച്ച ഡിസ്ട്രിക്ട് ആക്​ഷൻ പ്ലാൻ, സ്​റ്റേറ്റ് വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന് നൽകണം. ഇങ്ങനെ സമാഹരിക്കുന്ന പ്രവർത്തനപദ്ധതികളിൽ നിന്നാണ് ഓരോ വർഷത്തെയും ആക്​ഷൻ പ്ലാൻ തയാറാക്കുന്നത്.

ഈ വർഷം 716 ഗ്രാമപഞ്ചായത്തുകളിലായി 16.48 ലക്ഷം ഗാർഹിക കണക്​ഷനുകൾ നൽകുന്നതിന്​ 4348.89 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ കേരളത്തിൽ വിവിധ ജില്ലകളിലായി 701 പഞ്ചായത്തുകളിലെ 774 പ്രവൃത്തികൾ ടെൻഡർ ചെയ്​തു. മേൽ ടെൻഡർ ചെയ്​ത പ്രവൃത്തികളിൽ 93 നിയമസഭ മണ്ഡലങ്ങളിലായി 243 പഞ്ചായത്തുകളിലെ 1.78 ലക്ഷം ഗാർഹിക കണക്​ഷനുകൾ ഉൾപ്പെടുന്ന 250 പ്രവൃത്തികൾക്ക് അനുമതി നൽകി.

ജല​േസ്രാതസ്സ്​ കണ്ടെത്താനും അതുപയോഗിച്ച് കുടിവെള്ളം ലഭ്യമാക്കാനും പഞ്ചായത്ത് ഭരണാധികാരികളും അംഗങ്ങളും പ്രത്യേകതാൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ജില്ല തല പ്രവർത്തനങ്ങൾ ഏകീകരിക്കുകയും സാങ്കേതിക തടസ്സങ്ങൾ യഥാസമയംതന്നെ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതിൽ കലക്ടർമാർ ശുഷ്കാന്തി പുലർത്തുന്നുണ്ട്. ഈ ഒത്തിണക്കമാണ് ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പി​െൻറ കരുത്ത്. അതിൽ ജനങ്ങളുടെ സഹകരണവും കൂടി ഉണ്ടാവുമെന്ന പരിപൂർണ വിശ്വാസത്തോടെ ഈ മഹത്തായ ലക്ഷ്യത്തിലേക്ക് നമുക്കൊരുമിച്ച് നടന്നെത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam articledrinking Water
News Summary - madhyamam articles drinking Water
Next Story