Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പുര കത്തുമ്പോൾ വാഴവെട്ടുന്നവർ
cancel

നേകം തകർച്ചകളിലൂടെയും തളർച്ചകളിലൂടെയും കടന്നുപോകുമ്പോഴും അനാവശ്യ ചെലവുകളും ധൂർത്തുകളുമായി കൂടുതൽ താഴ്ചയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ് മോദി സർക്കാർ. വിഭാഗീയതയുടെ രാഷ്​ട്രീയം ആളിക്കത്തിച്ചും ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ബലികഴിച്ചും ഇവിടുത്തെ സാമൂഹികസന്തുലനം അപ്പാടെ തകർത്തതിനു പുറമെയാണ് കടുത്ത സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിനുമേൽ അധികഭാരം ചുമപ്പിക്കുന്നത്.

അത്തരം അനാവശ്യ ചെലവും ധൂർത്തുമായ സെൻട്രൽ വിസ്​റ്റ പദ്ധതിയുടെ ശിലാന്യാസം വലിയ ആഘോഷങ്ങളുടെ അകമ്പടിയോടെ നടത്താനാണ് മോദി സർക്കാർ ആഗ്രഹിച്ചിരുന്നതെങ്കിലും കർഷകസമരവും പദ്ധതിക്കുമേൽ കോടതി ഉയർത്തിയ ആശങ്കകളും ചടങ്ങിന്​ മങ്ങലേൽപിച്ചു. തറക്കല്ലിട്ടോളൂ, പക്ഷേ, പണി തുടങ്ങാനോ നിലവിലുള്ള ഏതെങ്കിലും എടുപ്പ് പൊളിക്കാനോ പാടില്ലെന്ന് കോടതി പറഞ്ഞതിനാൽ ഒരു മരം പിഴുതുമാറ്റുന്നതുപോലും സർക്കാറിന് ഇപ്പോൾ ആലോചിക്കാൻ പറ്റാത്ത സ്ഥിതിയാണ്. പക്ഷേ, കോടതിയുടെ അന്തിമവിധി ഇങ്ങനെത്തന്നെയാവുമെന്ന് നിനക്കാൻ സമീപകാലവിധികൾ സമ്മതിക്കുന്നില്ല. അത് കോടതിക്കുതന്നെ വിടാം.

കോവിഡ് ലോക്ഡൗൺ കാലത്താണ് സെൻട്രൽ വിസ്​റ്റ പദ്ധതിയുടെ ഏകദേശ രൂപം പൊതുമധ്യത്തിലെത്തുന്നത്. ഇരുപതിനായിരം കോടി രൂപയുടെ ബ്രഹ്മാണ്ഡപദ്ധതിയാണ്. ഇപ്പോഴുള്ള പാർലമെൻറിനെ സംരക്ഷിച്ചുതന്നെ പുതിയ പാർലമെൻറ്​ മന്ദിരവും മന്ത്രാലയങ്ങളും പണിയലാണ് മുഖ്യലക്ഷ്യം. ഈ പദ്ധതിയുടെ ഉദ്ദിഷ്​ട ചെലവിനെക്കുറിച്ച് നമ്മളറിയുമ്പോൾ തലസ്ഥാനനഗരിയിൽനിന്ന് കുടിയേറ്റ തൊഴിലാളികളുടെ കാൽനടയായുള്ള കൂട്ടപ്പലായനം നടക്കുകയായിരുന്നു. മാസങ്ങളായി പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കോവിഡ്ജാഗ്രതകളോ പ്രോട്ടോക്കോളുകളോ പോലും വന്നിട്ടില്ല. ആത്മനിർഭർ ഭാരത് എന്ന പൊള്ളയായ തെരഞ്ഞെടുപ്പ് വാഗ്ദാനം പോലും നടക്കുന്നത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്.

ഈ കോവിഡ് പ്രതിസന്ധിയിലും ഇപ്പോഴെന്തിനാണ് ഇങ്ങനെയൊരു പദ്ധതി എന്ന് മനസ്സിലാകുന്നേയില്ല. നിലവിലുള്ള പാർലമെൻറിൽ സൗകര്യക്കുറവുകളില്ലെന്നു തന്നെ പറയാം. പ്രത്യേകിച്ചും സാമ്പത്തികഞെരുക്കത്തി​െൻറ സമയത്ത് പുതിയതൊന്നിനെ കുറിച്ചാലോചിക്കേണ്ട ഒരു അവസ്ഥയുമില്ല. നേരത്തെ തീരുമാനിച്ചുറപ്പിച്ചതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ സമാനമായ പദ്ധതികളും പരിപാടികളും ഉപേക്ഷിച്ചോ, തൽക്കാലം നിർത്തിവെച്ചോ പരിപൂർണമായി ജനക്ഷേമത്തിലേക്കും പുനരധിവാസത്തിലേക്കും തിരിയേണ്ട സന്ദർഭമാണിതെന്ന്‌ കേന്ദ്ര സർക്കാറിന് മനസ്സിലാകില്ല. കാരണം, അവരെ നയിക്കുന്നത് ക്ഷേമരാഷ്​ട്രസങ്കൽപമല്ല. മറിച്ച് ദുരഭിമാനവും അഹന്തയും നിറഞ്ഞ കോർപറേറ്റ് താൽപര്യങ്ങളാണ്.

അമേരിക്കൻ ​പ്രസിഡൻറിന്​ പറക്കാൻ എയർഫോഴ്സ് വൺ ഉണ്ടെങ്കിൽ അത് ഇവിടെയും വേണമെന്ന് ആഗ്രഹിക്കാനുള്ള സമയവും സന്ദർഭവുമല്ല ഇത്. എണ്ണായിരം കോടിയാണ് ഇതിനു സർക്കാർ ചെലവാക്കുന്നത്. അമേരിക്കയിലെ ടെക്‌സസിൽ ചെന്ന് 'ഹൗഡി മോദി' പരിപാടിയിൽ 'അബ്‌കി ബാർ ട്രംപ് കി സർക്കാർ' എന്ന് ഒച്ചവെച്ച പ്രധാനമന്ത്രി ട്രംപിനെ ഇന്ത്യയിൽ കൊണ്ടുവന്ന് 'നമസ്തേ ട്രംപ്' എന്നൊരു പരിപാടി നടത്തി. ഇവിടത്തെ പരിപാടി സർക്കാർചെലവിലാണ്; ജനങ്ങളുടെ നികുതിപ്പണം കൊണ്ട്​. 'ഹൗഡി മോദി' എന്തായാലും അമേരിക്കയുടെ വകയല്ല. കേന്ദ്ര സർക്കാർതന്നെ ഏർപ്പാടാക്കിയതാണെന്ന വിവാദങ്ങൾ ഉണ്ടായപ്പോൾ ആ പരിപാടി അമേരിക്കയിലെ 'അഭ്യുദയകാംക്ഷികൾ' സംഘടിപ്പിച്ചതാണെന്ന് വിശദീകരണം വന്നു. പണ്ട് ഒബാമ പ്രസിഡൻറായിരിക്കുമ്പോൾ അദ്ദേഹത്തി​െൻറ ഇന്ത്യ സന്ദർശനവേളയിൽ ത​െൻറ പേര് തുന്നിപ്പിടിപ്പിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന കോട്ടും സ്യൂട്ടുമിട്ടാണ് മോദി ആതിഥേയപീഠത്തിൽ പ്രത്യക്ഷപ്പെട്ടത്. 'നമസ്തേ ട്രംപി'ന് ഗുജറാത്തിലും ഡൽഹിയിലും ചെലവാക്കിയ നികുതിപ്പണത്തി​െൻറ കണക്ക് ഭീമമാകാതെ തരമില്ല. എന്നിട്ടും പാവം ട്രംപ് തോറ്റുപോയി.

കോവിഡ് വ്യാപനം ആരംഭിച്ച സന്ദർഭത്തിൽതന്നെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പലതവണയായി മഹാമാരി ഉണ്ടാക്കാനിടയുള്ള പ്രതിസന്ധികളെക്കുറിച്ചും തകരുന്ന സാമ്പത്തികമേഖലയെ സംബന്ധിച്ചും മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതെല്ലാം അതിലാഘവത്തോടെ അവഗണിച്ചു.

പ്രതിരോധമേഖലക്ക് കൂടുതൽ കരുത്തേകാനുള്ള ശ്രമമാണ്​ ആയുധക്കരാർ എന്ന് കരുതാൻ വരട്ടെ. കോർപറേറ്റ് സുഹൃത്തുക്കളെ സുഖിപ്പിക്കുന്നതുപോലെ രാജ്യാന്തര തലത്തിലുള്ള ആയുധക്കച്ചവടക്കാരെ സുഖിപ്പിക്കുകയേ ഇത്തരം കരാർ കൊണ്ട് മോദി ഉദ്ദേശിക്കുന്നുള്ളൂ. ഇത് റഫാൽ കരാറിലും വ്യക്തമായതാണല്ലോ. യു.പി.എ കാലത്തെ കരാറിലുള്ളതിനേക്കാൾ എത്രയോ ഇരട്ടി തുക ചെലവിട്ടാണ് വിമാനങ്ങൾ മോദിസർക്കാർ വാങ്ങിയത്. പോരാത്തതിന് അനിൽ അംബാനിക്ക് വേണ്ടി കരാർ അട്ടിമറിക്കുകകൂടി ചെയ്തു. ഇപ്പോഴും അതിർത്തിയിലുള്ള ഭടന്മാരുടെ കൈയിൽ കാലഹരണപ്പെട്ട ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമാണത്രെ. സൈനികരെ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി കൊണ്ടുപോകാൻപോലും സാധിക്കുന്ന വാഹനങ്ങളോ സുരക്ഷയോ മറ്റു അനുബന്ധ മാനദണ്ഡങ്ങളോ ഇല്ലാത്ത സർക്കാരാണിതെന്ന് പുൽവാമ ഭീകരാക്രമണം പറഞ്ഞുതന്നു.

സ്വാതന്ത്ര്യാനന്തരം രാജ്യം ഇത്രമേൽ ദയനീയമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടില്ല. പാകിസ്​താനും ബംഗ്ലാദേശും ശ്രീലങ്കയും നേപ്പാളും വരെ ഇന്ത്യയുടെ സാമ്പത്തിക മേഖലയേക്കാൾ മെച്ചത്തിൽ പിടിച്ചുനിൽക്കുന്നു എന്നതാണ് കയ്​പുള്ള യാഥാർഥ്യം. ജീവൽ പ്രശ്നങ്ങളിൽനിന്ന് അകന്നുമാറി പൊങ്ങച്ചത്തി​െൻറയും മേനി നടിക്കലി​െൻറയും പദ്ധതികളും പരിപാടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത് നമ്മുടെ ഭാവി കൂടുതൽ ഊഷരമാക്കുകയേയുള്ളൂ. മഹാമാരിയുടെ കെടുതികൾക്കിടയിലും കോർപറേറ്റ് താൽപര്യങ്ങൾക്ക് മോദി സർക്കാർ നൽകുന്ന പ്രാധാന്യമാണ് പുതുതായി പാസാക്കിയെടുത്ത കാർഷിക, തൊഴിൽ നിയമങ്ങൾ. തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അടിസ്ഥാനാവകാശങ്ങളെതന്നെ നിരാകരിക്കുന്നതാണ്. എന്നാൽ, കർഷകരെയും തൊഴിലാളികളെയും വഞ്ചിക്കാനുള്ള സർക്കാർ നീക്കം ഉടനെ തകിടം മറിയുമെന്നാണ് തലസ്ഥാനത്തി​െൻറ അതിർത്തികളിൽനിന്ന് ഉയർന്നുകേൾക്കുന്ന ജയ് കിസാൻ മുദ്രാവാക്യങ്ങൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinioncentral vistaParliament Building
Next Story