വിദേശത്ത് എത്ര പ്രവാസി മലയാളികളുണ്ട്? ഉത്തരം കാക്കത്തൊള്ളായിരം
text_fieldsലോകത്തെ മലയാളി പ്രവാസികളുടെ കൃത്യമായ വിവരം സർക്കാറുകളുടെ പക്കൽ ഇല്ലെന്നതാണ് യാഥാർഥ്യം. വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണമെത്രെ എന്നു ചോദിച്ചാൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളും സർക്കാറുകളും മാനത്തുനോക്കും. ജീവിച്ചിരിക്കുന്നവരുടെ കണക്ക് കൃത്യമായി സൂക്ഷിക്കാത്തവരുടെ കൈയിലുണ്ടാകുമോ മരിച്ചവരുടെ കണക്ക്.
സ്ത്രീകളും വിദ്യാർഥികളും കളത്തിനുപുറത്ത്
സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് (സി.ഡി.എസ്) ആണ് പ്രവാസികളുടെ വിവരശേഖരണം എന്ന ശ്രമകരമായ ദൗത്യം നടത്തുന്നത്. അവരുടെ ഡേറ്റയാകട്ടെ, അപൂർണമാണ്. യൂറോപ്പിലേതടക്കം ലോകത്തെ പല രാജ്യങ്ങളിലെയും പ്രവാസികളുടെ കൃത്യമായ വിവരമില്ലെന്നതാണ് ഇൗ റിപ്പോർട്ടിെൻറ പോരായ്മ. ഗൾഫിലെ മലയാളി പ്രവാസികളുടെ സി.ഡി.എസ് കണക്കിലും വൈരുധ്യമുണ്ട്. ഉദാഹരണത്തിന്, കുവൈത്തിൽ ഒന്നേകാൽ ലക്ഷം മലയാളികൾ എന്നാണ് സി.ഡി.എസ് എണ്ണുന്നത്. എന്നാൽ, കുവൈത്തിലെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിൽ മാത്രമുണ്ടത്രെ രണ്ടര ലക്ഷത്തിലേറെ മലയാളികൾ. ആസൂത്രണ ബോർഡും സംഘടനകളും മാധ്യമങ്ങളുമെല്ലാം ആശ്രയിക്കുന്നത് സി.ഡി.എസ് സർവേയിലെ കണക്കാണ്. ഇത് തെറ്റാണെന്നുവന്നാലോ? പിന്നെ എവിടെനിന്നാണ് ശരിക്കുള്ള കണക്ക് കിട്ടുക?
ആറു മാസമെങ്കിലും നാടിനു പുറത്ത് തൊഴിൽ വിസയിൽ പോയവരെ മാത്രമാണ് ഒൗദ്യോഗിക കണക്കെടുപ്പുകളിൽ പ്രവാസിയായി എണ്ണുന്നത്. അതായത്, താമസ വിസയിൽ വിദേശരാജ്യങ്ങളിൽ കഴിയുന്ന സ്ത്രീകളും പഠനവിസയിലുള്ള വിദ്യാർഥികളുമെല്ലാം കളത്തിനുപുറത്താണ്.
ആ കണക്കും ഈ കണക്കും
പല ഗൾഫ് രാജ്യങ്ങളിലും അവിടത്തെ സ്വദേശി ജനസംഖ്യയേക്കാൾ മുന്നിലാണ് ഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യക്കാരിൽ ഗണ്യമായ ഭാഗം മലയാളികളുമാണ്. യു.എ.ഇയിൽ 34.2 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് െഎക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക വകുപ്പിെൻറ ഇൻറർനാഷനൽ മൈഗ്രൻറ് സ്റ്റോക്- 2019 റിപ്പോർട്ടിനെ ഉദ്ധരിച്ച് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. എന്നാൽ, ഇതിനുശേഷം പലരാജ്യങ്ങളിലും കുടിയേറ്റ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് സംഭവിച്ചതായും ചേർത്തുവായിക്കണം. ഇൗ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയിൽ 26, ഖത്തറിൽ ഏഴ്, കുവൈത്തിൽ 10.29, ബഹ്റൈനിൽ 3.5 ലക്ഷം വീതമാണ് ഇന്ത്യൻ ജനസംഖ്യ. ഒമാനിൽ ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുപ്രകാരം 5.90 ലക്ഷം ഇന്ത്യക്കാരാണുള്ളത്. ഇതിൽ നാലു ലക്ഷമാണ് മലയാളികൾ.
യു.എ.ഇയിൽ 15 ലക്ഷത്തിനടുത്താണ് മലയാളികളുടെ എണ്ണമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ 13 ലക്ഷം മലയാളികളുണ്ടെന്നാണ് അംബാസഡറുടെ നിഗമനം. ബഹ്റൈനിൽ രണ്ടു ലക്ഷം മലയാളികളുണ്ടെന്ന് എംബസി വിലയിരുത്തുന്നു. കുവൈത്തിൽ ആറുലക്ഷമാണ് മലയാളികൾ എന്നാണ് കണക്ക്. ഖത്തറിൽ ഏഴരലക്ഷം ഇന്ത്യാക്കാരുണ്ട്, അവരിൽ നാലരലക്ഷം മലയാളികൾ.
ഡേറ്റയുമില്ല, ബാങ്കുമില്ല
ഇന്ത്യയും വിവിധ രാജ്യങ്ങളും തമ്മിൽ നടത്തിയ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിെൻറയും പണമിടപാടിെൻറയും കണക്ക് രേഖപ്പെടുത്തുന്നതുപോലെ തുടിക്കുന്ന കരളുള്ള മനുഷ്യരുടെ കണക്കുകൂടി രേഖപ്പെടുത്തിയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. പുറപ്പെട്ടുപോയവർ പുറത്ത് എന്ന സമീപനമാണ് അധികൃതർക്ക്. മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും പ്രവാസികളെക്കുറിച്ച അടിസ്ഥാന വിവരശേഖരണത്തിന് കൃത്യമായ സംവിധാനമില്ലാത്തത്, രാജ്യത്തെ ഏറ്റവും ക്രിയാത്മകമായ മനുഷ്യവിഭവശേഷിയോടുള്ള കൊടും അവഗണനയാണ്. പ്രവാസി മലയാളികളുടെ, പ്രത്യേകിച്ച് ഗൾഫിലുള്ളവരുടെ എണ്ണം, തൊഴിൽ, പ്രവാസജീവിതകാലം, വരുമാനം തുടങ്ങിയവ സമഗ്രമായി രേഖപ്പെടുത്തിയാലേ ഇവർക്കുവേണ്ടിയുള്ള പദ്ധതികളുടെ ആസൂത്രണം ഫലപ്രദമാകൂ.
പ്രവാസിക്ഷേമവും പുനരധിവാസ പദ്ധതികളുമെല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങുന്നതിെൻറ പ്രധാന കാരണങ്ങളിൽ ഒന്ന് ഈ കൈയും കണക്കുമില്ലായ്മയാണ്. 2018ൽ പ്രവാസി ഡേറ്റ ബാങ്ക് തയാറാക്കാൻ നോർക്ക ശ്രമിച്ചെങ്കിലും നടന്നില്ല. ഡേറ്റ ബാങ്ക് ഇല്ലാത്തത് ക്ഷേമപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടായിട്ടില്ലെന്നാണ് സർക്കാർ നിലപാട്. എങ്കിലും ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഡേറ്റ ബാങ്ക് ആവശ്യമാണെന്ന് 2020 മാർച്ച് രണ്ടിന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.
കേരളം; തിരിച്ചെത്തിയവരുടെയും തിരിച്ചുപോയവരുടെയും നാട്
അവിദഗ്ധരായ അന്തർസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു മടങ്ങുേമ്പാൾ വിദഗ്ധരായ ഗൾഫ് പ്രവാസികൾ തിരിച്ചെത്തുന്നതാണ് കോവിഡ്കാലത്തെ കാഴ്ച. തൊഴിൽ വകുപ്പിലെ 2020 ഏപ്രില് 26 വരെയുള്ള കണക്ക് പരിശോധിക്കുേമ്പാൾ സംസ്ഥാനത്താകെയുള്ള അന്തർസംസ്ഥാന തൊഴിലാളികളുടെ എണ്ണം 3,60,753 ആയി കുറഞ്ഞതായി കാണാം. 20,788 ക്യാമ്പുകളിലായാണ് ഇവർ താമസിച്ചിരുന്നത്. സ്വദേശത്തേക്ക് ട്രെയിൻ സർവിസുകൾ തുടങ്ങിയതോടെ വൻതോതിലാണ് തിരിച്ചുപോക്കുണ്ടായത്. 2020 മേയ് അവസാനവാരം തിരുവനന്തപുരത്ത് 15,568 അന്തർസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്ന് ജില്ല ലേബർ ഒാഫിസിലെ കണക്കുകൾ വ്യക്തമാക്കുന്നു. മേയ് രണ്ടു മുതൽ 30 വരെയുള്ള െട്രയിനുകളിൽ 8150 പേർ തിരിച്ചുപോയി.
3.93 ലക്ഷം അന്തർസംസ്ഥാന തൊഴിലാളികൾ
ഇതര സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ തുടങ്ങി 35 ഇടങ്ങളിൽനിന്ന് 3,93,281 പേർ കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് തൊഴിൽ വകുപ്പിെൻറ 2019 ജൂലൈ 31 വരെയുള്ള കണക്ക്. കൂടുതൽ പേർ പശ്ചിമ ബംഗാളിൽനിന്നാണ്- 1,64,965. അസമാണ് തൊട്ടുപിന്നിൽ- 59,365. ഒഡിഷ- 42,830, ബിഹാർ- 38,762, തമിഴ്നാട്- 30,452, ഝാർഖണ്ഡ്- 20,116, ഉത്തർപ്രദേശ്- 14,791 എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുടെ എണ്ണം. ലക്ഷദ്വീപിൽനിന്ന് രണ്ടും ദാദ്ര-നാഗർഹവേലിയിൽനിന്ന് ആറും ദാമൻ-ദിയുവിൽനിന്ന് ഏഴു പേരും സംസ്ഥാനത്തുണ്ട്.
തയാറാക്കിയത്:
◆ സവാദ് റഹ്മാൻ ◆ റഫീഖ് മുഹമ്മദ് ◆ സിജു ജോർജ് ◆ നജീം കൊച്ചുകലുങ്ക് ◆ ഒ. മുസ്തഫ ◆ എ. മുസ്തഫ ◆ ടി. ജുവിൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.