ആക്ഷേപ ബിന്ദു
text_fieldsപ്രതിപക്ഷത്തിന് 'ഡിപ്ലോമാറ്റിക് റിലേഷൻസ്' അഥവാ, നയതന്ത്ര ബന്ധം വല്ലതുമറിയുമോ? ആയിരുന്നെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്ന് അവർ ആവശ്യപ്പെടുമായിരുന്നോ? മന്ത്രി എന്ന ഒരു ബിന്ദുവിൽ ഒതുങ്ങുന്നില്ല മാഡത്തിെൻറ ഉത്തരവാദിത്ത ഭാരം. സംസ്ഥാനത്തെ സർവകലാശാലകളുടെ മൊത്തം പ്രോ ചാൻസലർകൂടിയാണ്; മന്ത്രിയോളം ഭാരിച്ച പണി. ആ കൃത്യനിർവഹണത്തിൽ മേലധികാരിയായ ചാൻസലറുമായി ആശയവിനിമയം നടത്താതെ കഴിയില്ല. അതു നേരിേട്ടാ ഫോണിലൂടെയോ ഒൗദ്യോഗിക രേഖകൾ വഴിയോ ഒക്കെയാകാം. അതിനു തുരങ്കം വെക്കുകയാണ് പ്രതിപക്ഷം.
കണ്ണൂർ സർവകലാശാലയെ മികവിെൻറ കേന്ദ്രമാക്കി മാറ്റിയ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പ്രായം 60 കഴിഞ്ഞെങ്കിലും ഒരവസരംകൂടി നൽകണമെേന്ന ചാൻസലറോട് ആവശ്യപ്പെട്ടുള്ളൂ. അത്ര എളുപ്പത്തിൽ നടക്കുന്ന പണിയല്ലെന്നറിയാവുന്നതിനാൽ കാര്യങ്ങൾ വേഗത്തിലാക്കാനുള്ള ഉപായവും ഉപദേശിച്ചു. സെർച് കമ്മിറ്റി പോലുള്ള മാമൂലൊക്കെ ഒഴിവാക്കി, പട്ടിക വായിച്ച് മേലാവിൽ കൺഫ്യൂഷനാവേണ്ട എന്നു കരുതി ഗോപിനാഥൻ സാറിെൻറ പേരുമാത്രം കുറിച്ചുനൽകി; അത്രേയുള്ളൂ. അതിനാണിപ്പോൾ പ്രതിപക്ഷം യു.ജി.സി ചട്ടമെന്നും സർവകലാശാല നടപടിക്രമമെന്നുമൊക്കെ പറഞ്ഞ് കോടതി കയറുന്നത്. അകമ്പടിയായി മന്ത്രിയുടെ രാജി എന്ന മുറവിളിയും.
പദവികൾ മുൾക്കിരീടവും കുരിശുമൊക്കെയാണെന്ന് വിനയത്തിെൻറ ഭംഗിവാക്കു പലരും പറയാറുണ്ട്. എന്നാൽ, ബിന്ദുവിെൻറ കാര്യത്തിൽ അതു വിനതന്നെയാണ്. പ്രോ ചാൻസലർ പദവിയുടെ പേരിലാണല്ലോ ഇപ്പോഴത്തെ പുകില്. മാസങ്ങൾക്കുമുമ്പ് തെൻറ ജോലിയായ 'പ്രഫസർ' പദവിയും അപവദിക്കപ്പെട്ടു. തൃശൂർ കേരള വർമ കോളജിൽ പഠിപ്പിക്കുന്ന കാലംതൊേട്ട കുട്ടികൾ വിളിച്ചുപോന്ന പേരാണ്. പിന്നീട് തൃശൂരിൽ മേയറായപ്പോൾ നാട്ടുകാർക്കും 'പ്രഫസറാ'യി. സ്നേഹത്തോടെ ആളുകൾ വിളിക്കുേമ്പാൾ അതിെൻറ യു.ജി.സി ഔചിത്യം ഒന്നും ആലോചിച്ചില്ല. തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും ബാലറ്റിലുമെല്ലാം പ്രഫസർ ബിന്ദുവായിരുന്നു.
മന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും പരിചയപ്പെടുത്തിയത് തഥൈവ. അപ്പോഴാണ് എതിർസ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടൻ യു.ജി.സി ചട്ടം പരതിയത്. ചട്ടവിരുദ്ധമായി പ്രഫസർ പട്ടം സ്വയം എടുത്തണിഞ്ഞുവെന്നായി. ആൾമാറാട്ടം നടത്തിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നുവരെ പറഞ്ഞു. അതോടെ ആ പദവി ഊരിയെറിഞ്ഞു വിവാദം ഒഴിവാക്കി. അതുപോലെയങ്ങ് കളയാവുന്നതല്ല പ്രോ ചാൻസലർ പദം. ഗവർണർക്ക് ചാൻസലർ പട്ടം നൽകിയതുപോലെ, ചട്ട പ്രകാരം സംസ്ഥാന ഭരണകൂടം കൽപിച്ചുനൽകിയതാണ്. ചാൻസലറുടെ അഭാവത്തിൽ സർവകലാശാലയുടെ ഉത്തരവാദിത്തം പ്രോ ചാൻസലർക്കാണ്. എന്നാൽ, മുഴുവൻ സമയവും കാര്യങ്ങൾ നോക്കാൻ ചാൻസലറുണ്ടായാൽ പിന്നെ വി.സി നിയമനങ്ങളിലടക്കം അവസാനവാക്ക് അവിടെ നിന്നു പറയും. അപ്പോൾ പിന്നെ ഒരു അലങ്കാരപദവിതെന്ന.
ആ നിലമറന്നതിനാണിപ്പോൾ പണികിട്ടിയത്. അക്കാദമിക് രംഗത്ത് കണ്ണൂർ സർവകലാശാലയെ നെറുകയിലെത്തിച്ച മഹാനായ ഡോ. ഗോപിനാഥ് രവീന്ദ്രനെ പാർട്ടി അഭീഷ്ടം മനസ്സിലാക്കി ഒരു വട്ടംകൂടി നിയമിക്കാനാവശ്യപ്പെട്ടു കത്തുകൊടുത്തതാണിപ്പോൾ തിരിഞ്ഞുകുത്തിയിരിക്കുന്നത്. കത്ത് ഗവർണർ ചവറ്റുകുട്ടയിലെറിഞ്ഞൊന്നുമില്ല. കഴിഞ്ഞവർഷം കാലിക്കറ്റ് സർവകലാശാലയിൽ േഡാ. കെ.എം. സീതിയെ ഒഴിവാക്കാൻ കളിച്ച പോലെ വെച്ചുതാമസിപ്പിച്ചതുമില്ല. സർക്കാറിെൻറയും മന്ത്രിയുടെയും ഇംഗിതമനുസരിച്ച് ഗോപിനാഥൻ എന്ന ഒറ്റയാനുവേണ്ടി ഒപ്പിട്ടു. ഇത്തവണ കൊടിപൊക്കിയത് സർവകലാശാല സെനറ്റിലെ ചില അംഗങ്ങളാണ്. അവർ വി.സിക്കു പ്രായപരിധി കഴിഞ്ഞെന്ന ആരോപണത്തിനു ജനനസർട്ടിഫിക്കറ്റും പൊക്കിപ്പിടിച്ച് ഹൈകോടതിയിലെത്തി. ഏതാണ്ട് അതേസമയത്തുതന്നെ ചാൻസലറും വെടിപൊട്ടിച്ചു-സർക്കാറിെൻറയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമ്മർദത്തിനടിപ്പെട്ടാണ് താൻ വി.സി നിയമനം അംഗീകരിച്ചതെന്ന്! അടുത്ത ദിവസം കത്തുകൂടി പുറത്തായതോടെ കാര്യങ്ങൾ കൈവിട്ടു. വെറും പാർട്ടിനിയമനമല്ല, സംഗതി സ്വജനപക്ഷപാതമാണെന്നും അതിനാൽ സത്യപ്രതിജ്ഞ ലംഘനമാണെന്നും രമേശ് ചെന്നിത്തലക്ക് നിയമോപദേശം കിട്ടി.
തൊട്ടടുത്ത നിമിഷം, അദ്ദേഹം ലോകായുക്തയിലേക്ക് കുതിച്ചു. ബന്ധുനിയമനത്തിൽ കെ.ടി. ജലീലിനെ കുടുക്കിയതും ലോകായുക്തയായിരുന്നല്ലോ. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജലീലിെൻറ അതേ ഗതിയാകുമോ ബിന്ദുവിനുമെന്നാണ് ഇനി അറിയേണ്ടത്. ബിന്ദുവിന് 'ഡിപ്ലോമസി'യിൽ പിഴച്ചു. മറുവശത്ത് ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി നിയമിച്ചത് കേന്ദ്രസർക്കാറാണ്. അതിനാൽ കൂറ് ചോദിക്കേണ്ട കാര്യമില്ല. അദ്ദേഹത്തോട് കളിക്കുേമ്പാൾ ഭയം വേണ്ടെങ്കിലും ജാഗ്രത വേണ്ടിയിരുന്നു. തൽക്കാലം പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും മുന്നിൽ 'ഡിപ്ലോമസി' എന്നൊക്കെ പറയാമെങ്കിലും, െപാതുവിൽ പാളിയ മട്ടാണ്. ഡോ. ഗോപിനാഥിെൻറ പുനർനിയമനം ഹൈകോടതി ശരിവെച്ചുവെന്നതു മാത്രമാണ് ഏക ആശ്വാസം. പക്ഷേ, ഫയലിപ്പോൾ ഡിവിഷൻ ബെഞ്ചിലാണ്. അവിടെ ജഡ്ജിമാർ മറിച്ചുചിന്തിച്ചാൽ കുഴഞ്ഞതുതന്നെ.
ഇരിങ്ങാലക്കുടയുടെ ജനപ്രതിനിധിയാണ്. മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തുന്ന വനിത. ഒന്നാമൂഴത്തിൽ മന്ത്രിപദവിയും ഒത്തുകിട്ടി. സഖാവ് വിജയരാഘവെൻറ ജീവിതസഖിയായതിെൻറ സുകൃതമെന്നു പറയുന്നവർക്കു മരുന്നില്ല. അത്രയും അസൂയക്കു വകയുള്ളതാണ് പ്രവർത്തനപാരമ്പര്യം. ജനിച്ചുവീണതേ പാർട്ടിയുടെ മടിത്തട്ടിലേക്കാണെന്ന് പറഞ്ഞാൽ തെറ്റില്ല. പിതാവ് രാധാകൃഷ്ണൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തൃശൂർ ജില്ല കൗൺസിൽ അംഗമായിരുന്നു. മണലൂർ ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപികയായിരുന്ന കെ.കെ. ശാന്തകുമാരിയാണ് മാതാവ്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂൾ മുതൽ ഡൽഹി ജെ.എൻ.യു വരെ നീണ്ട പഠനകാലം മുഴുക്കെ, എസ്.എഫ്.െഎയുടെ മുന്നണിയിലുണ്ടായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ എം.ഫിലും പിഎച്ച്.ഡിയും നേടി. പഠനശേഷം അധ്യാപനത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി. യൂനിവേഴ്സിറ്റി സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സി.പി.എം തൃശൂർ ജില്ല കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര എക്സിക്യൂട്ടിവ് അംഗവുമായി. ഇക്കാലത്തുതന്നെ, തൃശൂർ കേരള വർമ കോളജിൽ അധ്യാപികയുമായി. കോളജിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ആയിരിക്കെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ആദ്യ അങ്കത്തിൽ ആറായിരത്തോളം വോട്ടിെൻറ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തി. സാമൂഹിക നീതി മന്ത്രികൂടിയാണ്. െലെംഗിക ന്യൂനപക്ഷങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രതീക്ഷയേകുന്ന ഒേട്ടറെ പദ്ധതികളാവിഷ്കരിച്ചിട്ടുണ്ട്; ഇപ്പോൾ സംസ്ഥാനത്തെ കാമ്പസുകളെ െജൻഡർ ന്യൂട്രലാക്കാനുള്ള അക്ഷീണയത്നത്തിലാണ്. എന്നാൽ, വി.സി നിയമന വിഷയത്തിൽ അത്ര ന്യൂട്രലായില്ല എന്ന ആക്ഷേപബിന്ദുവിലാണിപ്പോൾ മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.