ശിവരാജിന്റെ ജൈത്രയാത്ര തുടരുന്നു...
text_fieldsകോൺഗ്രസും ബി.ജെ.പിയും തമ്മിൽ അജണ്ടയിലും വാഗ്ദാനങ്ങളിലും പ്രകടമായ വ്യത്യാസമില്ലാതായ മധ്യപ്രദേശിൽ ഹിന്ദുത്വ അജണ്ടയിലും സൗജന്യ വാഗ്ദാനങ്ങളിലും മുന്നിൽനിന്ന ബി.ജെ.പി ഫലം തൂത്തുവാരി
ജയിക്കാൻ ആളും അർഥവും വേണ്ടെന്നും താനൊരാൾ മതിയെന്നും തീരുമാനിച്ച് ഒറ്റയാനായി മുന്നോട്ടുപോയ കമൽനാഥ്, ബി.ജെ.പിയും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഒട്ടും പ്രതീക്ഷിക്കാത്ത വിജയമാണ് മധ്യപ്രദേശിൽ താലത്തിൽ വെച്ചുകൊടുത്തത്. മറുഭാഗത്ത് ശക്തമായ ഭരണവിരുദ്ധ വികാരം മൂലം രാഷ്ട്രീയഭാവി തീർന്നുവെന്ന് പാർട്ടിയും മാധ്യമങ്ങളും ഒരുപോലെ തീർപ്പാക്കിയിടത്തുനിന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എണീറ്റുവരുന്നത്.
മധ്യപ്രദേശ് ഭരിക്കാനുള്ള അവസരം കൈവന്നുവെന്ന് കരുതിയാണ് കമൽനാഥ് കോൺഗ്രസ് ഹൈകമാൻഡിനും ഇൻഡ്യ സഖ്യത്തിനും അതീതനായി മുന്നോട്ടുപോയത്. കർണാടകയിൽ കോൺഗ്രസ് പയറ്റിയത് ഹിന്ദുത്വ വർഗീയതക്കെതിരായ രാഷ്ട്രീയമാണെങ്കിൽ അതിന്റെ വിപരീത ദിശയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വഴിയേ കോൺഗ്രസിനെ കൊണ്ടുപോകുകയായിരുന്നു കമൽനാഥ്.
കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അജണ്ടയിലും വാഗ്ദാനങ്ങളിലും പ്രകടമായ വ്യത്യാസമില്ലാതായ മധ്യപ്രദേശിൽ ഹിന്ദുത്വ അജണ്ടയിലും സൗജന്യ വാഗ്ദാനങ്ങളിലും മുന്നിൽനിന്ന ബി.ജെ.പി ഫലം തൂത്തുവാരി. സൗജന്യങ്ങൾകൊണ്ട് കോൺഗ്രസ് ഭരണം പിടിക്കുമെന്ന് കരുതിയിടത്ത് ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിച്ച സൗജന്യങ്ങൾകൊണ്ട് ബി.ജെ.പി അവരെ തോൽപിച്ചു.
ബി.ജെ.പിയെ നേരിടാൻ ആർ.എസ്.എസുകാരെപ്പോലും രംഗത്തിറക്കിയ കമൽനാഥ് അവരുടെ ഭിന്നിപ്പിക്കൽ തന്ത്രം തിരിച്ചുപയറ്റുന്നത് തിരിച്ചടി നൽകാനാണെന്ന് ന്യായീകരിച്ചു. രാമായണം സീരിയലിലെ ഹനുമാനായ വിക്രം മസ്തൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയും പഴയകാല ആർ.എസ്.എസുകാരൻ അവ്ധേഷ് നായക് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രക്കെതിരെയും സ്ഥാനാർഥികളായി.
ബി.ജെ.പി സ്ഥാനാർഥിയായിരിക്കെ ഭൂരിപക്ഷ വോട്ടിനായി വർഗീയ കലാപമുണ്ടാക്കിയ കേസിൽ പ്രതിയായിരുന്നു അവ്ധേഷ്. ഒരു ഡസനിലേറെ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത ഇൻഡ്യ സഖ്യത്തിന്റെ പ്രഥമ നിർവാഹക സമിതി ഭോപാലിൽ നടത്താൻ നിശ്ചയിച്ച മുന്നണിയുടെ പ്രഥമ റാലി കമൽനാഥ് സ്വന്തം നിലക്ക് റദ്ദാക്കി. സമാജ്വാദി പാർട്ടിക്ക് ആറു സീറ്റുകൾ വാഗ്ദാനംചെയ്തശേഷം വാക്കുമാറി.
അതോടെ സമാജ്വാദി പാർട്ടി കോൺഗ്രസിനോട് മത്സരത്തിനിറങ്ങി. ആം ആദ്മി പാർട്ടിയും ജനതാദൾ-യുവും കൂടി മത്സരത്തിനിറങ്ങിയതോടെ ഇൻഡ്യ സഖ്യം തമാശയായി. ആദ്യ രണ്ടു സ്ഥാനാർഥിപ്പട്ടികയിൽ പേരില്ലാതിരുന്ന മുഖ്യമന്ത്രി ശിവരാജിന് ഒടുവിൽ സീറ്റ് നൽകിയെങ്കിലും മുഖ്യമന്ത്രിയാക്കില്ലെന്നായിരുന്നു ബി.ജെ.പി പ്രചാരണം.
മൂന്നു കേന്ദ്രമന്ത്രിമാരടക്കം ഏഴ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാനിറക്കിയിട്ടും ഭരണവിരുദ്ധവികാരം മറികടക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സൗജന്യ വാഗ്ദാനങ്ങൾ വാരിവിതറി ശിവരാജിനെതന്നെ മുന്നിൽ നിർത്തി ബി.ജെ.പി അവസാനത്തെ അടവ് പുറത്തെടുത്തത്. ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടങ്ങിയ ലാഡ്ലി ബഹൻ യോജനയായിരുന്നു ശിവരാജിന്റെ പ്രധാന തുറുപ്പുശീട്ട്.
ശിവരാജ് തന്നെ മുഖ്യമന്ത്രിയാകുമോ?
ഭരണവിരുദ്ധ വികാരം മറികടന്ന് പാർട്ടിയെ അമ്പരപ്പിച്ച ജയത്തിലേക്ക് മധ്യപ്രദേശിൽ ബി.ജെ.പിയെ നയിച്ച ശിവരാജ് സിങ് ചൗഹാൻ ഒരിക്കൽകൂടി മുഖ്യമന്ത്രിയാകുമോ? അതല്ലെങ്കിൽ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിനോ മൽസരിക്കാതെ ചമ്പൽ-ഗ്വാളിയോർ സ്വാധീന മേഖലയാണെന്ന് തെളിയിച്ച ജ്യോതിരാദിത്യ സിന്ധ്യക്കോ പുതിയ മുഖമെന്ന നിലയിൽ നറുക്ക് വീഴുക?
മധ്യപ്രദേശ്
ബി.ജെ.പി 48.57%
കോൺഗ്രസ് 40.42%
മറ്റുള്ളവർ 11.01%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.