അഫിലിയേഷൻ നഷ്ടപ്പെട്ട മഹാരാജാസും വിദ്യാർഥികളുടെ ഭാവിയും
text_fields“ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിൽനിന്നു പുറത്താക്കിയാലും ചോദ്യം അവിടെത്തന്നെ അവശേഷിക്കു”മെന്ന എം.എൻ. വിജയൻ മാഷിന്റെ വാചകം അന്വർഥമാക്കുന്ന വാർത്തകളാണ് മഹാരാജാസ് കോളജിന്റെ യു.ജി.സി അംഗീകാരം നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൊതുവിൽ അക്കാദമിക നിലവാരത്തിന് നിരക്കാത്ത വിധമുള്ള ചില പ്രവൃത്തികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ അവ ചൂണ്ടിക്കാട്ടിയതിന് കഴിഞ്ഞ വർഷം രണ്ട് അധ്യാപകരെ ഇതേ...
“ചോദ്യം ചോദിക്കുന്ന കുട്ടിയെ ക്ലാസിൽനിന്നു പുറത്താക്കിയാലും ചോദ്യം അവിടെത്തന്നെ അവശേഷിക്കു”മെന്ന എം.എൻ. വിജയൻ മാഷിന്റെ വാചകം അന്വർഥമാക്കുന്ന വാർത്തകളാണ് മഹാരാജാസ് കോളജിന്റെ യു.ജി.സി അംഗീകാരം നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പൊതുവിൽ അക്കാദമിക നിലവാരത്തിന് നിരക്കാത്ത വിധമുള്ള ചില പ്രവൃത്തികൾ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ അവ ചൂണ്ടിക്കാട്ടിയതിന് കഴിഞ്ഞ വർഷം രണ്ട് അധ്യാപകരെ ഇതേ കലാലയത്തിൽനിന്ന് സ്ഥലംമാറ്റിയിരുന്നു. ഒരു ജനാധിപത്യ രാജ്യമെന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായിരിക്കെ, തങ്ങൾ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ ഗുണപരമായ മുന്നേറ്റത്തിനായുയർത്തിയ ശബ്ദം അവരുടെത്തന്നെ അവകാശ ലംഘനങ്ങൾക്ക് കാരണമായി. എന്നാൽ, വിയോജന ശബ്ദങ്ങളെ അടിച്ചമർത്തി തെറ്റായ നിലപാടുകളുമായി മുന്നോട്ടുപോവുക എന്ന അധികാരികളുടെ രാഷ്ട്രീയ പകപോക്കൽ സമീപനം ഇന്ന് ആ കലാലയത്തിന്റെ യു.ജി.സി അംഗീകാരം പുതുക്കിക്കിട്ടാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നു.
വിവരാവകാശ നിയമപ്രകാരം സേവ് യൂനിവേഴ്സിറ്റി കാമ്പയിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2020 വരെ മാത്രമാണ് മഹാരാജാസ് കോളജിന് യു.ജി.സി അംഗീകാരമുള്ളത്. അംഗീകാരം പുതുക്കിക്കിട്ടാനായി 2022ൽതന്നെ യു.ജി.സിക്ക് അപേക്ഷ സമർപ്പിച്ചിരുന്നതായി കോളജ് അധികൃതർ മറുവാദമുന്നയിക്കുന്നു. എന്നാൽ, ഇത്തരം വാദപ്രതിവാദങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് പൊതുവിലും, മഹാരാജാസ് കോളജ് പോലുള്ള സർക്കാർ കലാലയങ്ങൾക്ക് പ്രത്യേകിച്ചും ഉണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ചിന്തിക്കുന്നുണ്ടോ? 2020ൽ അംഗീകാരം നഷ്ടപ്പെട്ട കോളജ് കഴിഞ്ഞ നാലു വർഷമായി ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ എന്തുകൊണ്ടാണ് യു.ജി.സിയിൽ സമ്മർദം ചെലുത്താതിരുന്നത്? 2020ൽ യു.ജി.സി അംഗീകാരം നഷ്ടപ്പെട്ടിട്ടും എന്തുകൊണ്ട് രണ്ടു വർഷം വൈകി കോളജ് അപേക്ഷ നൽകി? കഴിഞ്ഞ നാലു വർഷമായി മഹാരാജാസ് കോളജിൽനിന്ന് ബിരുദ-ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ വിദ്യാർഥികളുടെ ഭാവി എന്താണ്?
കേരളത്തിലെ പൊതുസമൂഹത്തിന്റെ ഇത്തരം ആശങ്കകൾ ദൂരീകരിക്കാനുള്ള ഉത്തരവാദിത്തം പൊതു ഖജനാവിൽനിന്ന് നികുതിപ്പണം ശമ്പളമായി കൈപ്പറ്റുന്നവർക്കുണ്ട്. അതല്ലാതെ രാഷ്ട്രീയ പകപോക്കലിന്റെ സങ്കുചിത താൽപര്യങ്ങൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് ആരോപണ പ്രത്യാരോപണത്തിലേക്ക് മാത്രം അധികാരികൾ ചിന്തിക്കുകയാണെങ്കിൽ, കേരളത്തിന് പുറത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം വരുംനാളുകളിലും കൂടാനേ തരമുള്ളൂ. മഹാത്മാ ഗാന്ധി സർവകലാശാലക്ക് കീഴിലെ പല കോളജുകളും പഠിക്കാൻ വിദ്യാർഥികളില്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യു.ജി.സിയുടെ അംഗീകാരംപോലും സമയബന്ധിതമായി നേടിയെടുക്കാൻ ശ്രമിക്കാത്തവിധമുള്ള അനാസ്ഥ കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനും, കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബാക്കി മാറ്റാനുമുള്ള സംസ്ഥാന സർക്കാറിന്റെ താൽപര്യങ്ങളുടെ കടക്കൽ കത്തിവെക്കുന്നതാണ് മഹാരാജാസ് കോളജിന്റെ യു.ജി.സി അഫിലിയേഷനുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ. ‘‘ഒരു മഹത്തായ സംസ്കാരവും പുറത്തുനിന്ന് കീഴടക്കപ്പെടുന്നില്ല, അത് ഉള്ളിൽനിന്ന് നശിപ്പിക്കപ്പെടുന്നതുവരെ’’ എന്ന വിൽ ഡ്യൂറന്റിന്റെ വാക്കുകൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ സർക്കാർ കലാലയങ്ങളിൽ പ്രവർത്തിക്കുന്നവർക്കുകൂടിയുള്ള മുന്നറിയിപ്പാണ്.
(കെ.കെ.ടി.എം ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.