നേതാക്കൾക്കും മതേതരത്വത്തിനും നിലനിൽപിന്റെ പോരാട്ടം
text_fieldsശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പുകൾക്കുശേഷം മഹാരാഷ്ട്ര നിയമസഭയിലേക്ക് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകളുടെ ദൂരം മാത്രം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിയും ബി.ജെപി.യും ചേർന്ന ഭരണമുന്നണിയായ മഹായുത്തി ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റുവാങ്ങിയത്. ...
ശിവസേനയിലെയും എൻ.സി.പിയിലെയും പിളർപ്പുകൾക്കുശേഷം മഹാരാഷ്ട്ര നിയമസഭയിലേക്ക് നടക്കുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകളുടെ ദൂരം മാത്രം. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻ.സി.പിയും ബി.ജെപി.യും ചേർന്ന ഭരണമുന്നണിയായ മഹായുത്തി ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റുവാങ്ങിയത്. ദലിത്, മുസ്ലിം, മറാത്ത തുടങ്ങിയ വിഭാഗങ്ങൾ ഒന്നടങ്കം ഉദ്ധവ് ശിവസേനയും ശരദ് പവാർ എൻ.സി.പിയും കോൺഗ്രസും അടങ്ങുന്ന പ്രതിപക്ഷ മുന്നണിയായ മഹാ വികാസ് അഘാഡിയെ (എം.വി.എ) പിന്തുണക്കുകയായിരുന്നു. കോൺഗ്രസിലേക്ക് തിരിച്ചുവന്ന സ്വതന്ത്രൻ ഉൾപ്പെടെ 31 സീറ്റുകൾ എം.വി.എ നേടിയപ്പോൾ മഹായുത്തി 17 സീറ്റുകളിലൊതുങ്ങി. എങ്കിലും 0.2 ശതമാനം വോട്ടിന്റെ വ്യത്യാസമേ ഇരുമുന്നണികളും തമ്മിലുണ്ടായിരുന്നുള്ളൂ.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർച്ച ആവർത്തിക്കപ്പെടാതിരിക്കാൻ അവസാന അടവെന്നോണം തൊഴിലില്ലാത്ത വനിതകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്ന മുഖ്യമന്ത്രിയുടെ ലഡ്കി ബെഹൻ യോജന ഉൾപ്പെടെ ഒരു കൂട്ടം ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട് മഹായുത്തി. ഖജനാവിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതകളുണ്ടാക്കുമെന്ന അജിത് പവാറിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഈ പ്രഖ്യാപനങ്ങൾ.
വിവിധ സമുദായങ്ങളെ ആകർഷിക്കാനുള്ള പദ്ധതികളാണ് മറ്റൊരു തുറുപ്പുചീട്ട്. എന്നാൽ, മറാത്തകൾക്ക് ഏർപ്പെടുത്തിയ സംവരണവും അതേത്തുടർന്ന് ഉരുത്തിരിഞ്ഞ സാമൂഹിക സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട ഭരണമുന്നണിയെ ജനവിഭാഗങ്ങൾ എത്രകണ്ട് വിശ്വസിക്കും എന്ന് ഉറപ്പിക്കാനാവില്ല. മൊത്ത സംവരണം 50 ശതമാനത്തിൽ കവിയരുതെന്നത് കേന്ദ്രസർക്കാർ തിരുത്തിയാലല്ലാതെ, മറാത്ത സംവരണം നിയമപരമായി നിലനിർത്താനാവില്ല. മറാത്തകൾക്ക് കുൺഭി ജാതി സർട്ടിഫിക്കറ്റ് നൽകി ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ഏകപക്ഷീയ നയം പ്രതിസന്ധി കൂട്ടുകയാണ് ചെയ്തത്. ഒ.ബി.സികൾ മുഖ്യ വോട്ടുബാങ്കായ ബി.ജെ.പിക്ക് അതൊരിക്കലും അംഗീകരിക്കാനാവില്ല. അജിത് പക്ഷ മന്ത്രിയും സംസ്ഥാനത്തെ പ്രമുഖ ഒ.ബി.സി നേതാവുമായ ഛഗൻ ഭുജ്ബലിനെ ഇറക്കി ബി.ജെ.പി ആ നീക്കം അട്ടിമറിച്ചു. ബ്രാഹ്മണ സമുദായക്കാരനായ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഇതിനു പിന്നിലെന്ന് മറാത്തകൾ വിശ്വസിച്ചു.
മറാത്ത സമരം ഏർപ്പെടുത്തിയതിൽപിന്നെ സംസ്ഥാനത്തെ സാമൂഹിക, സാമുദായിക സമവാക്യങ്ങളിലും സാരമായ മാറ്റമുണ്ടായി. മറാത്ത് വാഡയിൽ മറാത്തകളും മറ്റു വിഭാഗക്കാരും പരസ്പരം സഹകരിക്കാതായി. ആട്ടിടയന്മാരുടെ സമുദായമായ ധൻഗാറുകളടക്കം വിവിധ സമൂഹങ്ങളും സംവരണം ആവശ്യപ്പെട്ട് രംഗത്തിറങ്ങിയതോടെ അവരെ പ്രീണിപ്പിക്കാനായി അമ്പത് കോടി രൂപ വീതം മൂലധനം നീക്കിവെച്ച് പതിനേഴോളം കോർപറേഷനുകൾക്ക് മഹായുത്തി രൂപം നൽകി. സംസ്ഥാനത്ത് 12 ശതമാനം വരുന്ന ദലിതുകളെ ലക്ഷ്യമിട്ട് പട്ടികജാതിയിൽ ഉപജാതി ഉണ്ടാക്കുമെന്ന ചർച്ചക്ക് തുടക്കമിട്ടു. മദ്റസ നവീകരണ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത മദ്റസകളിലെ അധ്യാപകരുടെ ശമ്പളം മൂന്നിരട്ടിയാക്കി ഉയർത്തിയും മുസ്ലിംകളെ വിദ്യാഭ്യാസ, കച്ചവട മേഖലയിൽ സാമ്പത്തികമായി സഹായിക്കുന്ന മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷന്റെ മൂലധനം അറുന്നൂറ് കോടിയിൽ നിന്ന് ആയിരം കോടിയായി ഉയർത്തിയും ന്യൂനപക്ഷങ്ങളിലും മഹായുത്തി പ്രതീക്ഷയൂന്നുന്നു. മത വിദ്യാഭ്യാസത്തിനു പുറമേ ബൗദ്ധിക വിഷയങ്ങളും ഭാഷകളും പഠിപ്പിക്കുന്ന രജിസ്ട്രേഡ് മദ്റസകളിലെ പ്രൈമറി അധ്യാപകരുടെ മാസ ശമ്പളം ആറായിരം രൂപയിൽ നിന്ന് പതിനാറായിരം രൂപയായും സെക്കൻഡറി അധ്യാപകർക്ക് എട്ടായിരം രൂപയിൽ നിന്ന് പതിനെട്ടായിരം രൂപയായുമാണ് ഉയർത്തിയത്. സംവരണയോഗ്യതക്കുള്ള നോൺ ക്രീമിലെയർ പരിധി എട്ട് ലക്ഷത്തിൽ നിന്നും പതിനഞ്ച് ലക്ഷമാക്കി മാറ്റാൻ കേന്ദ്രത്തിനോട് ശിപാർശ ചെയ്ത് ഒ.ബി.സികളെയും ആകർഷിക്കാൻ ശ്രമിക്കുന്നു.
ഭരണഘടനയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ലോക്സഭാ തെരഞ്ഞെടുപ്പിൽ രക്ഷനേടിയ എം.വി.എ സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടു കണക്ക് പരിശോധിച്ചാൽ പതിനഞ്ചു ശതമാനം വീതം ദലിത് വോട്ടർമാരുള്ള 88 അസംബ്ലി മണ്ഡലങ്ങളിൽ 51 ലും എം.വി.എയാണ് മുന്നിലെന്നു കാണാം. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ മണ്ഡലങ്ങളിലും ഇതുതന്നെ അവസ്ഥ. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രകളും ഉദ്ധവ് താക്കറയിലുള്ള അവരിലെ വിശ്വാസവുമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. കോൺഗ്രസ് നേതാക്കൾ ഏത് സമയവും കാലുമാറിപ്പോകുമെന്ന ആശങ്ക നിലനിൽക്കുന്നിടത്ത് ഉദ്ധവ് വിശ്വാസം നേടുന്നു.ഉദ്ധവിന്റെ വലിയ പിന്തുണയോടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റ് നേടിയ കോൺഗ്രസ് വല്യേട്ടൻ കളിക്കാൻ ശ്രമിച്ചത് ഈഗോ പോരിന് വഴിയൊരുക്കി. ഒടുവിൽ ശരദ് പവാർ ഇടപെട്ടാണ് പ്രശ്നം മയപ്പെടുത്തിയത്.
ഉദ്ധവിനും പവാറിനും തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം വീണുപോകാതെ ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഷിൻഡെക്കും അജിത് പവാറിനും രാഷ്ട്രീയ നിലനിൽപാണ് പ്രശ്നം. ബി.ജെ.പിക്കാവട്ടെ ഏതു വിധേനയും ഭരണത്തിൽ തിരിച്ചുവരുകയും വേണം. സമുദായങ്ങൾ ഭിന്നിച്ചു പോയ കാലത്തെ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് പ്രവചിക്കുക എളുപ്പമല്ല. പ്രതിപക്ഷത്തിന് അവസരമുണ്ടെങ്കിൽപ്പോലും ഘടകകക്ഷികൾ മനോഭാവം മാറ്റിയില്ലെങ്കിൽ ഹരിയാനയിൽ സംഭവിച്ചത് ആവർത്തിക്കപ്പെടുമെന്ന ഭീതി മതനിരപേക്ഷ സമൂഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.