കൺഫ്യൂഷൻ തീരാത്ത മുന്നണികൾ
text_fieldsഎൻ.സി.പിയുടെ മതേതര വോട്ടുകളോ ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുകളോ തന്നെ തുണക്കില്ലെന്ന തിരിച്ചറിവിലാണ് അജിത് പവാർ. അജിത്തിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന്, പ്രതിസന്ധിഘട്ടത്തിൽ ഒപ്പംനിന്ന നേതാക്കളുടെ താൽപര്യത്തിനനുസരിച്ചായിരിക്കും തീരുമാനമെന്നാണ് പവാർ വ്യക്തമാക്കിയത്
ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളുടെ ആഘോഷ, നൊമ്പരാവസ്ഥകളിൽ നിന്ന് മഹാരാഷ്ട്രയിലെ ഭരണ, പ്രതിപക്ഷങ്ങൾ ഇനിയും മുക്തരായിട്ടില്ല. തൊട്ടുപിറകെ, നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കുന്നു. നവംബർ 28 വരെയാണ് നിലവിലെ സർക്കാറിന്റെ കാലാവധി. അപ്പോഴേക്ക് പുതിയ സർക്കാറിനെ തെരഞ്ഞെടുക്കണം. കഴിഞ്ഞ ദിവസം ഹരിയാന, ജമ്മു-കശ്മീർ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചതിനൊപ്പം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മഹാരാഷ്ട്ര തെരഞ്ഞെടുപ്പും പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. കശ്മീർ തെരഞ്ഞെടുപ്പിൽ കനത്ത സുരക്ഷ ഒരുക്കേണ്ടതിനാൽ അതിനൊപ്പം മഹാരാഷ്ട്ര തെരഞ്ഞെടുപ്പും നടത്താനാകില്ലെന്നാണ് കമീഷന്റെ നിലപാട്. ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും താളത്തിനൊത്ത് കമീഷൻ തുള്ളുകയാണെന്നാണ് കോൺഗ്രസ്, ശരദ് പവാർ പക്ഷ എൻ.സി.പി, ഉദ്ധവ് താക്കറെ പക്ഷ ശിവസേന എന്നിവരടങ്ങിയ പ്രതിപക്ഷ സഖ്യം (എം.വി.എ) ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. അജിത് പവാർപക്ഷ എൻ.സി.പിയെ ഒപ്പം കൂട്ടിയത് പാർട്ടി അണികൾക്കും അനുഭാവികൾക്കും അത്ര ബോധിച്ചിട്ടില്ല. അതിന്റെ പരിണിതഫലമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സഖ്യത്തിന്റെ മോശം പ്രകടനമെന്ന് ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ശരദ് പവാറിനും കുടുംബത്തിനുമെതിരെ അണികളിലും അനുഭാവികളിലും അവബോധമുണ്ടാക്കുന്നതിനിടയിൽ പവാർ കുടുംബത്തിലെ പ്രധാനിയെ തന്നെ ബി.ജെ.പി ഒപ്പം കൂട്ടിയത് ഒട്ടും ശരിയായില്ല എന്നാണ് വിമർശനം. ഇതോടെ, അജിത് പവാറിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലായി ബി.ജെ.പി.
സംസ്ഥാനത്തെ 48 ലോക്സഭ സീറ്റുകളിൽ 17 എണ്ണമാണ് ബി.ജെ.പി നയിച്ച മഹായൂത്തി സഖ്യത്തിന് ഇക്കുറി കിട്ടിയത്. 2019 ൽ 23 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഒമ്പതിലൊതുങ്ങി. ശിവസേനയെയും എൻ.സി.പിയെയും പിളർത്തി അവരുടെ ഭൂരിപക്ഷം എം.എൽ.എമാരെയും നേതാക്കളെയും ഒപ്പം കൂട്ടിയിട്ടും ഗുണമുണ്ടായില്ല. നാല് സീറ്റിൽ മത്സരിച്ച അജിത് പവാർ പക്ഷ എൻ.സി.പിക്ക് ഒരു സീറ്റിലാണ് ജയിക്കാനായത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേയോട് പവാർ തട്ടകമായ ബാരാമതിയിൽ പൊരുതിയ ഭാര്യ സുനേത്ര തോറ്റത് അജിത്തിന് കടുത്ത തിരിച്ചടിയുമായി. പ്രാക്ടിക്കൽ രാഷ്ട്രീയത്തിന്റെ ചാണക്യനായ പവാറിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ ബി.ജെ.പി നടത്തിയ കരുനീക്കമാണ് തകർന്നുപോയത്. ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേന ഏഴ് സീറ്റ് നേടിയത് അവരുടെ വിലപേശൽ ശക്തികൂട്ടിയിട്ടുണ്ട്.
ഇതിനിടയിൽ അജിത് പവാറിന് ചില്ലറ കുറ്റബോധങ്ങളും തലപൊക്കിയിട്ടുണ്ട്. ബാരാമതിയിൽ പെങ്ങൾ സുപ്രിയക്കെതിരെ ഭാര്യയെ മത്സരിപ്പിക്കരുതായിരുന്നുവെന്നും രാഷ്ട്രീയം കുടുംബത്തിലേക്ക് കടന്നുവരരുതെന്നുമുള്ള തിരിച്ചറിവും നേടിയിരിക്കുന്നു. തന്നോടൊപ്പമുള്ള മുതിർന്ന നേതാവ് ചഗൻ ഭുജ്ബൽ അടക്കമുള്ളവർ ശരദ് പവാറിനെ ചെന്നുകാണുന്നതും അജിത്തിനെ അസ്വസ്ഥനാക്കുന്നു. ഉള്ളാൽ ശരദ് പവാറിനോട് കൂറുപുലർത്തുന്നവരാണേറെയും. താൻഭാഗമായ ബുൽധാന സഹകരണ ബാങ്കിനെ നിയമക്കുരുക്കിൽ നിന്ന് രക്ഷിക്കാനാണ് അജിത് പവാറിനൊപ്പം പോയതെന്ന എം.എൽ.എ രാജേന്ദ്ര ഷിൻഗ്നെയുടെ വെളിപ്പെടുത്തൽ ഇത് ശരിവെക്കുന്നു. എക്കാലത്തും തന്റെ കടപ്പാടും കൂറും ശരദ് പവാറിനോട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനകം പുണെ ജില്ലയിലെ മുതിർന്ന നേതാക്കളും കോർപറേറ്റർമാരും അജിത്തിനെ വിട്ട് പവാർ പക്ഷത്തേക്ക് തിരിച്ചുപോയി. എൻ.സി.പിയുടെ മതേതര വോട്ടുകളോ ബി.ജെ.പിയുടെ ഹിന്ദുത്വ വോട്ടുകളോ തന്നെ തുണക്കില്ലെന്ന തിരിച്ചറിവിലാണ് അജിത് പവാർ. അജിത്തിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പ്രതിസന്ധിഘട്ടത്തിൽ തന്നോടൊപ്പം നിന്ന നേതാക്കളുടെ താല്പര്യത്തിനനുസരിച്ചായിരിക്കും തീരുമാനമെന്നാണ് പവാർ വ്യക്തമാക്കിയത്.
288 നിയമസഭ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. സീറ്റ് വിഭജനവും മുഖ്യമന്ത്രി പദവും ഇരുപക്ഷങ്ങൾക്കുമിടയിലെ കീറാമുട്ടിയാണ്. ഭരണപക്ഷമായ മഹായൂത്തിയിൽ ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. അതിനാൽ ആരായിരിക്കും മുഖ്യമന്ത്രിയെന്ന് ആദ്യമേ പറയണമെന്നാണ് ഷിൻഡെ പക്ഷ ശിവസേനയുടെ പ്രധാന ആവശ്യം. തെരഞ്ഞെടുപ്പിനുശേഷം കൂടുതൽ സീറ്റുകൾ ലഭിക്കുന്ന പാർട്ടിക്ക് മുഖ്യമന്ത്രിപദമെന്ന നിലപാടിലാണ് ബി.ജെ.പി. മുഖ്യമന്ത്രിപദ മോഹവുമായെത്തിയ അജിത് പവാറിനു മുന്നിൽ തന്റെ രാഷ്ട്രീയ ഭാവി തന്നെ ആശങ്കയിലാണ്.
മറു പക്ഷത്ത് ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ആരാകുമെന്ന് ആദ്യമേ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിപദമല്ല; മഹാരാഷ്ട്രയുടെ ആത്മാഭിമാനം വീണ്ടെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസും പവാർ പക്ഷ എൻ.സി.പിയും പറയുന്ന ആരെയും മുഖ്യമന്ത്രിപദത്തിൽ പിന്തുണക്കുമെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയെ ആദ്യം പ്രഖ്യാപിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പരസ്പരം തോൽപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഉദ്ധവ് നൽകുന്നത്. മുൻ മുഖ്യമന്ത്രിമാരായ പൃഥ്വിരാജ് ചവാൻ, സുഷീൽകുമാർ ഷിൻഡെ എന്നിവരും എം.വി.എ സഖ്യത്തിലുണ്ടെങ്കിലും ജനപ്രിയൻ ഉദ്ധവ് താക്കറെയാണ്. മുഖ്യമന്ത്രിയെ ആദ്യം പ്രഖ്യാപിക്കാൻ കോൺഗ്രസ് തയാറല്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലേക്ക് അമർന്നുപോയ കോൺഗ്രസിന് ഇത്തവണ 14 സീറ്റുകൾ ലഭിച്ചു. തളർന്നുപോയ കോൺഗ്രസിന് ഏറെ ആത്മവീര്യം പകരുന്നതാണ് ഇത്.
ഇരു സഖ്യങ്ങളിലും പരസ്പര സഹകരണം കീറാമുട്ടിയായി തുടരുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം നൽകുന്ന സൂചനകളെ മറികടക്കാൻ സ്ത്രീകൾക്കും ജോലിയില്ലാത്ത യുവാക്കൾക്കും പ്രതിമാസ ധനസഹായ പദ്ധതികളുമായി രംഗത്തുവന്നിരിക്കുകയാണ് മഹായൂത്തി. ലഡ്കി ബഹിൻ യോജ്ന എന്ന പേരിൽ സ്ത്രീകൾക്കും ലഡ്ല ഭായ് യോജ്ന എന്ന പേരിൽ യുവാക്കൾക്കുമുള്ള പദ്ധതി ഒരു വെല്ലുവിളിയായി എം.വി.എ സഖ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വോട്ടിന് കൈക്കൂലി നൽകുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ഈ പദ്ധതികളോട് മഹായൂത്തി ഘടകകക്ഷിയായ എൻ.സി.പിക്ക് പ്രത്യേകിച്ച്, അജിത് പവാറിന് താല്പര്യമില്ല. ധനകാര്യം അജിത്തിന്റെ വകുപ്പാണ്. മുഖ്യമന്ത്രിയുടെ പേരിലാണ് ഈ പദ്ധതികൾ. അജിത്പക്ഷ എൻ.സി.പിയും ഷിൻഡെ പക്ഷ ശിവസേനയും രണ്ട് ധ്രുവത്തിലാണ്. ഉൾപ്പോര് പലപ്പോഴും പുറത്ത് പ്രകടമായി പോകാറുണ്ട്. കൂടുതൽ സീറ്റുകളിൽ മത്സരിച്ച് ജയിച്ച് മുഖ്യമന്ത്രിപദം വീണ്ടെടുക്കുക എന്ന ബി.ജെ.പിയുടെ നയത്തോട് ഷിൻഡെ, അജിത് പക്ഷങ്ങൾ യോജിക്കുന്നില്ല. പ്രതിപക്ഷത്തും സീറ്റ് വിഭജനം അത്ര എളുപ്പമാകില്ലെന്നാണ് സൂചന. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോകുന്നത്. ആരാണ് യഥാർഥ ശിവസേന, ആരാണ് യഥാർഥ എൻ.സി.പി എന്ന ചോദ്യവും ഉത്തരം കാത്ത് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.