ഭീതിയുടെ കാർമേഘച്ചോട്ടിൽ ഞങ്ങളന്ന്...
text_fieldsഗാന്ധി കൊല്ലപ്പെട്ട നാൾ - 98 വയസ്സുള്ള മൈമൂന ഖാത്തൂൻ പേരമകൻ മുഹമ്മദ് ഉമർ അശ്റഫിനോട് ഓർത്ത് പറയുന്നു
അതിർത്തിയിലും ഉത്തരേന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും വിഭജനാനന്തര കലാപത്തിന്റെ കനൽ കെടാതെ കിടപ്പുണ്ടായിരുന്നു. മറ്റൊരു കലാപം ആളിക്കത്താൻ ഏറെ നേരമൊന്നും വേണ്ടിവന്നേക്കില്ല.
കൊലപാതക വാർത്ത പുറത്തുവന്നതും സങ്കടത്തിനും നിരാശക്കും ഉപരിയായി ഭീതിയാണ് ജനങ്ങൾക്കിടയിൽ പരന്നത്. മുഖ്യമായ പേടി ഇതുതന്നെയായിരുന്നു- ഘാതകൻ ഒരു മുസ്ലിം ആണെന്നുവരുകിൽ..?
രാജ്യത്തിന്റെ മറ്റെല്ലാ കോണുകളിലുമെന്നപോലെ പട്ന നഗരത്തിലും പലതരം കിംവദന്തികൾ പ്രചരിച്ചിരുന്നു; പ്രധാനമായും കൊലയാളിയുടെ സമുദായത്തെപ്പറ്റിത്തന്നെ.
കോൺഗ്രസും മുസ്ലിം ലീഗും തമ്മിലെ പോരിലും സ്വാതന്ത്ര്യത്തിനു മുമ്പ് നടന്ന ലഹളകളിലും സകലതും നഷ്ടപ്പെട്ട മുസ്ലിം സമുദായം വിഭജനംകൂടി കഴിഞ്ഞതോടെ യത്തീംമക്കളെപ്പോലെ ആയിത്തീർന്നിട്ടുണ്ടായിരുന്നു; അതുകൊണ്ടുതന്നെ അവരന്നനുഭവിച്ച ഭീതിയുടെ ആഴം പുതിയ തലമുറയെ പറഞ്ഞു മനസ്സിലാക്കാൻ കഴിയാവുന്നതിലപ്പുറമാണ്.
എനിക്ക് ഇപ്പോഴും ഓർമയുണ്ട്, നാട്ടിൽ നന്നായി അറിയപ്പെടുന്ന ഒരു മൗലാന കശ്മീരി കോത്തിയിൽനിന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഓടിവരുന്നത്- ‘‘ഗാന്ധിജിയെ കൊലപ്പെടുത്തിയത് മുസ്ലിം ആകരുതേ എന്ന് ആശിച്ചുകൊള്ളുക, കൊലയാളി മുസ്ലിം ആണെങ്കിൽ നമ്മളും കൊല്ലപ്പെടുവാൻ ഒരുങ്ങിക്കൊള്ളുക’’ മറ്റൊരു മുസ്ലിം പ്രമുഖൻ പ്രദേശത്തെ ഹിന്ദുക്കളെയും മുസ്ലിംകളെയും വിളിച്ചു ചേർത്തു.
കൊലയാളിയുടെ മതത്തെപ്പറ്റി ഊഹാപോഹം പ്രചരിക്കുന്നുണ്ടെന്നും അത്തരം വിവരങ്ങളുടെ പേരിൽ ചേരിതിരിയലോ അക്രമങ്ങൾക്ക് മുതിരലോ പാടില്ലെന്നും ആ കൂട്ടായ്മ അഭ്യർഥിച്ചു.
ജനങ്ങൾ കൂട്ടമായി അവിടെയുള്ള ഒരു മാർവാഡി വീട്ടിലേക്ക് നീങ്ങി. അവിടെ റേഡിയോ തുറന്നുവെച്ചിരുന്നു. അവർ അറിയിപ്പിനായി കാതോർത്തു. കൊലയാളിയുടെ പേര് തെല്ലൊരു ആശ്വാസത്തോടെയാണ് ആളുകൾ കേട്ടത്. വാർത്തയുടെ ബാക്കി ഭാഗത്തിനായി കാത്തുനിൽക്കാതെ മുസ്ലിംകൾ പള്ളികളിലേക്കും വീടുകളിലേക്കും പോയി, ദൈവത്തിന് സ്തുതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.