മേജർ പാതകൾ യഥാർഥ്യമാക്കും; നിലവിൽ അനുയോജ്യം ആഭ്യന്തര ടൂറിസം -പി.എ. മുഹമ്മദ് റിയാസ്
text_fieldsപാർലമെൻററി രംഗത്ത് ആദ്യമാണെങ്കിലും സംഘടനാരംഗത്തെ പ്രവൃത്തി പരിചയത്തിന്റെ ആത്മബലത്തിൽ ജനങ്ങൾക്കൾക്ക് കൂടുതൽ ഉപകാരപ്രദമാവുന്ന രീതിയിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പുകളെ മുന്നോട്ടുനയിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അദ്ദേഹം വികസന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു...
പൊതുജനങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന വകുപ്പുകളാണ് പൊതുമരാമത്തും ടൂറിസവും. അതിനാൽ തന്നെ അവരാഗ്രഹിക്കുന്ന തരത്തിൽ കേരളത്തിെൻറ ഭാവികൂടി മുൻനിർത്തിയുള്ള പദ്ധതികളാവിഷ്കരിച്ച് നടപ്പാക്കിയാണ് മുന്നോട്ടുപോവുക. കിഫ്ബി, റീബിൽഡ് കേരള തുടങ്ങിയവയിൽ ഉൾപ്പെടുത്തി 25,000 കോടിയിൽപരം രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികളാണിപ്പോൾ പുരോഗമിക്കുന്നത്. 100 മേജർ പാലവും 72 റെയിൽവേ മേൽപാലവുമെല്ലാം ഇതിലുൾപ്പെടുന്നുണ്ട്. ഇവയെല്ലാം പെട്ടെന്ന് പൂർത്തിയാക്കുക എന്നതാണ് ആദ്യലക്ഷ്യം. ഇതോടൊപ്പം 20,000 കോടിയോളം രൂപയുെട പുതിയ പദ്ധതികൾ മുന്നിലുണ്ട്. ഇവക്ക് ഭരണാനുമതി ഉൾപ്പെടെ ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുകയും വേണം.
കോവിഡായതോടെ ടൂറിസം രംഗത്ത് വലിയ പ്രതിസന്ധിയാണുള്ളത്. ഇതിൽ നിന്ന് കരകയറാൻ ആഭ്യന്തര ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നടന്നു. രണ്ടാം തരംഗത്തിെൻറ രൂക്ഷത കുറയുന്നതോടെ ഇതുസംബന്ധിച്ച നടപടികൾ ആരംഭിക്കും. ലക്ഷോപലക്ഷം വരുന്ന ജനങ്ങളാണ് ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിച്ചത്.അവർക്കിഷ്ടപ്പെടാത്തതൊന്നും എെൻറ ഭാഗത്തുനിന്നുണ്ടാവില്ല എന്ന ഉറപ്പാണ് നൽകാനുള്ളത്.
തുരങ്കപാതയുൾപ്പെടെ പദ്ധതികളെല്ലാം പൂർത്തീകരിക്കും
കേരളത്തിെൻറ ഭാവികൂടി മുന്നിൽക്കണ്ടുള്ളതാണ് ദേശീയപാത, മലയോര ഹൈവേ, തീരദേശ പാത, ആറുവരിപ്പാത, വയനാട് തുരങ്കപാത എന്നിവയെല്ലാം. ഇവയെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയണം. പലതിനും പല പ്രശ്നങ്ങളാണുള്ളത്. അവ പരിഹരിച്ച് മുന്നോട്ടുപോകണം. മലയോര ഹൈവേക്ക് കണക്റ്റിവിറ്റിയുണ്ടാക്കുക എന്നത് പ്രധാനമാണ്. 13 റീച്ചുകളുടെ പ്രവൃത്തി നടക്കുന്നുണ്ട്. ഇത് ഉടൻ പൂർത്തീകരിക്കും. തീരദേശ പാതക്ക് സ്ഥലമേറ്റെടുക്കാൻ അവിടങ്ങളിലെ തൊഴിലാളികളുടെ ഉൾപ്പെടെ സംഘടനകളുമായി ചർച്ചനടത്തി പ്രശ്നങ്ങൾ പരിഹരിക്കണം. ദേശീയപാത വികസനം അഞ്ചുവർഷത്തിനിടെ പൂർണമായും പൂർത്തിയാക്കും. മലബാർ മേഖലയിലെ ചില പ്രദേശങ്ങളിൽ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്്. അതത് പ്രദേശങ്ങളിൽ യോഗം വിളിച്ചുകൂട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ ആറുവരിപ്പാതയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ആവശ്യമെങ്കിൽ കേന്ദ്രത്തെ സമീപിച്ചും ഇവക്ക് പരിഹാരമുണ്ടാക്കും.
പരാതി പറയാൻ മൊബൈൽ ആപ്
ജനങ്ങളുടെ പരാതികൾ സ്വീകരിച്ച് സാങ്കേതിക തടസ്സങ്ങളില്ലാതെ പരിഹാരം കാണണമെന്നത് പ്രധാനമാണ്. ഇതടക്കം ലക്ഷ്യമിട്ട് പൊതുമരാമത്ത് വകുപ്പിൽ ജൂൺ ഏഴോടെ മൊബൈൽ ആപ് നിലവിൽ വരും. പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തേണ്ട റോഡിെൻറ ചിത്രങ്ങളുൾപ്പെടെ മൊബൈലിൽ പകർത്തി ആളുകൾക്ക് അപ്ഡേറ്റ് ചെയ്യാം. ഇത് പരിശോധിച്ച് ഉദ്യോഗസ്ഥർ നടപടി കൈക്കൊള്ളും. പൊതുമരാമത്ത് വകുപ്പിെൻറ കൺട്രോൾ റൂം കൂടുതൽ ശക്തിപ്പെടുത്തും. ആഴ്ചയിലൊരിക്കൽ നിശ്ചിത സമയം ഈ കൺട്രോൾ റൂം വഴി മന്ത്രി നേരിട്ട് പരാതികൾ കേൾക്കും. ഫോണിലൂടെ നേരിട്ട് പരാതി പറയാൻ അവസരം നൽകിയത് വലിയ ഗുണംചെയ്തെന്ന് കണ്ടതിനാലാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. റോഡ് വികസനത്തിലുൾപ്പെടെ വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തത് പോരായ്മയാണ്. പ്രത്യേകിച്ച് വാട്ടർ അതോറിറ്റിയുമായി. ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ ആദ്യമേ ഉണ്ടാവും. പൊതുമരാമത്ത് വകുപ്പിെൻറ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയതെല്ലാം തിരിച്ചുപിടിക്കും. എല്ലാ ജില്ലയിലെയും ഉന്നത ഉദ്യോഗസ്ഥരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോൾ നല്ലത് ആഭ്യന്തര ടൂറിസം
ലോകം മുഴുവൻ മഹാമാരിയെ നേരിടുന്നതിനാൽ കേരളത്തിനിപ്പോൾ അനുയോജ്യം ആഭ്യന്തര ഉത്തരവാദിത്ത ടൂറിസം വികസിപ്പിക്കുന്നതാണ്. വിദേശ രാജ്യങ്ങളിൽനിന്ന് ഉടൻ നമ്മുടെ നാട്ടിലേക്ക് ടൂറിസ്റ്റുകളെത്താനിടയില്ല. ആഭ്യന്തര ടൂറിസത്തിന് പുതിയ ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കണം. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളും മറ്റിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും ഉണ്ടാക്കണം. ശുചിത്വത്തിനും പരിസ്ഥിതിക്കും പരിഗണന നൽകിയാണ് ഇവ യാഥാർഥ്യമാക്കുക. ഇതുസംബന്ധിച്ച് മുഴുവൻ ജില്ലയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഓരോ പ്രദേശത്തിെൻറയും ടൂറിസം സാധ്യതകൂടി പ്രയോജനപ്പെടുത്തി വികസിപ്പിച്ചാൽ വലിയ നേട്ടമുണ്ടാക്കാനാവും. പ്രാദേശികമായി തന്നെ വിവിധ മേഖലകളിലെ നിരവധിപേർക്ക് തൊഴിൽ നൽകാനുമാവും. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, പ്രകൃതിഭംഗിയുള്ള ഇടം എന്നിവയെല്ലാമുൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളെ ഇതിനായി പ്രത്യേകം തിരഞ്ഞെടുക്കും. കേരളത്തെ ലക്ഷദ്വീപുമായി ബന്ധപ്പെടുത്തി ടൂറിസം പദ്ധതികളും നടപ്പാക്കും. അവിടത്തെ ആളുകൾക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. വിപുലമായ കെ.ടി.ഡി.സിക്ക് ശൃംഖല ക്രിയാത്മകമായി വിനിയോഗിക്കും.
കാലവർഷ മുന്നൊരുക്കം
ഓരോ വർഷകാലത്തും പൊതുമരാമത്ത് വകുപ്പിനും ടൂറിസം വകുപ്പിനും വലിയ നഷ്ടങ്ങളുണ്ടാവാറുണ്ട്്. അതിനാൽ തന്നെ ഇത്തവണ മുൻകരുതെലന്നോണം സ്വീകരിക്കേണ്ട നടപടികൾ ഉദ്യോഗസ്ഥരുമായി ചർച്ച െചയ്തു. മുൻവർഷങ്ങളിൽ സ്വീകരിച്ച നടപടികളും വിലയിരുത്തി. ഇതൊരു റിപ്പോർട്ടാക്കി എൻജിനീയർമാർക്ക് നൽകിയിട്ടുണ്ട്. മുഴുവൻ ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോവുക. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാം. എന്നാൽ, െതറ്റുകണ്ടാൽ മുഖം നോക്കാതെ നടപടിയെടുക്കും. ടൂറിസം വകുപ്പിൽ ജീവനക്കാർക്ക് സമ്പൂർണ വാക്സിനേഷൻ ഉറപ്പാക്കും. പ്രത്യേക പരിഗണന ലഭിക്കേണ്ട ജില്ലയെന്ന നിലക്ക് വികസന കാര്യങ്ങളുൾപ്പെടെ വയനാട്ടിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുെട ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.