Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമലബാർ കലാപത്തി​െൻറ...

മലബാർ കലാപത്തി​െൻറ ഉള്ളടക്കം 

text_fields
bookmark_border
മലബാർ കലാപത്തി​െൻറ ഉള്ളടക്കം 
cancel

ആഗോള മുസ്​ലിം സമൂഹം ആരംഭിച്ച (1919^22) ഖിലാഫത്ത്​ പ്രസ്​ഥാനത്തിന്​ പിന്തുണ നൽകുന്നതിലൂടെ ബ്രിട്ടീഷ്​ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്​ ഇന്ത്യൻ മുസ്​ലിംകളുടെ പിന്തുണ ഉറപ്പാക്കാമെന്നും ഹിന്ദു^മുസ്​ലിം മൈത്രി ദൃഢീകരിക്കാമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു മഹാത്​മാ ഗാന്ധിക്കുണ്ടായിരുന്നതെന്നും എന്നാൽ, ‘‘ഖിലാഫത്ത് ​പ്രസ്​ഥാനത്തിന്​ ഗാന്ധിജി പിന്തുണ നൽകിയത്​ ശരിയായിരുന്നില്ലെ’’ന്നും ‘‘ആ സമരത്തി​​​​െൻറ ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിരുന്നു’’വെന്നും എം.എൻ. കാരശ്ശേരി ‘മാതൃഭൂമി’യിൽ എഴുതിയിരിക്കുന്നു. ‘‘ഖിലാഫത്തിനെ നിശിതമായി വിമർശിച്ച’’ മുഹമ്മദലി ജിന്നയാണ്​ ശരിയെന്ന്​ അദ്ദേഹം കരുതുന്നു. ‘‘നിസ്സഹകരണത്തി​​​​െൻറയും മതമൈത്രിയുടെയും അഹിംസയുടെയും’’  ഗാന്ധിയൻ സമരവേദി, ഖിലാഫത്ത്​ പ്രസ്​ഥാനത്തോട്​ ചേർന്നപ്പോൾ സായുധ കലാപമായി വഴിതെറ്റിപ്പോയതാണ്​ 1921ലെ മലബാർ കലാപമെന്നും കാരശ്ശേരി പറയുന്നു. ഖിലാഫത്ത്​^കോൺഗ്രസ്​ ​െഎക്യത്തെ  എതിർത്ത കാലത്ത്​ കോൺഗ്രസായിരുന്നെങ്കിലും മുഹമ്മദലി ജിന്ന ദേശീയവാദിയാവുന്നതിനേക്കാൾ ഒരു പരിഷ്​കരണ വാദിയായിരുന്നു. പരിഷ്​കരണവാദം റാംമോഹൻ റോയിയുടേതായാലും മഹാത്മാഫൂലെയുടേതായാലും മുഹമ്മദലി ജിന്നയുടേതായാലും സ്വീകാര്യമാവു​േമ്പാൾതന്നെ ഇന്ത്യൻ പരിഷ്​കരണവാദത്തിന് സൈദ്ധാന്തികതലത്തിലും പ്രായോഗികമായും ഗുരുതരമായ പിശകുകൾ പറ്റിയിട്ടുണ്ടെന്ന്​ മറന്നുകൂടാ. കോളനി ഭരണം സാമൂഹിക പരിഷ്​കരണം ത്വരിതപ്പെടുത്തുമെന്നും അതുകൊണ്ട്​ ബ്രിട്ടീഷുകാരോട്​ സമരമല്ല, സഹകരണമാണ്​ വേണ്ടതെന്നും അവരെല്ലാം വിചാരിക്കുകയും വിശ്വസിക്കുകയും ചെയ്​തു. ഇൗ നിലപാടാണ്​ സർ സയ്യിദ്​ അഹ്​മദ്​ ഖാനും മുറുകെപിടിച്ചത്​. അദ്ദേഹത്തി​​​​െൻറ അലീഗഢ്​ പ്രസ്​ഥാനത്തിൽനിന്ന്​ പ്രചോദനമുൾക്കൊണ്ടാണ്​ മുസ്​ലിംലീഗുണ്ടായത്​. മുഹമ്മദലി ജിന്ന കോൺഗ്രസിൽനിന്ന്​ വിട്ട്​ മുസ്​ലിംലീഗി​​​​െൻറ നേതാവായി മാറിയതിനു പിന്നിൽ ഇൗ പശ്ചാത്തലംകൂടിയുണ്ട്​. ബ്രിട്ടീഷ്​ ഭക്​തരായ സമുദായ പ്രമാണിമാരാണ്​ ലീഗിന്​ ജന്മംനൽകിയയത്​. കോളനിവാഴ്​ചയോട്​ കലഹിക്കാൻ നിൽക്കാതെ അവരുടെ സഹായത്തോടെ സമുദായ പരിഷ്​കരണവും പുരോഗതിയും ഇന്ത്യൻ മുസ്​ലിംകൾക്ക്​ കൈവരിക്കാൻ കഴിയുമെന്ന ധാരണയാണ്​ ലീഗിനുണ്ടായിരുന്നത്​. ‘ഹിന്ദുത്വ’ ശക്​തികളാക​െട്ട, സമുദായത്തിലെ യാഥാസ്​ഥിതിക മൂല്യങ്ങളുടെയും മുറകളുടെയും പരിരക്ഷണാർഥമാണ്​ ബ്രിട്ടീഷ്​ പക്ഷത്ത്​ നിലയുറപ്പിച്ചത്​. ഹിന്ദുക്കൾക്കിടയിലെ ‘ജാതി^ജന്മി^നാടുവാഴി’കളെയാണ്​ ആർ.എസ്​.എസ്​ പ്രതിനിധാനം ചെയ്​തതെങ്കിൽ മുസ്​ലിംകളിലെ കീഴാളരായ ‘പസ്​മന്ദ’കളുടെയല്ല, മേൽത്തട്ടുകാരായ ‘അശ്​​റഫി​’ വിഭാഗത്തി​​​​െൻറ താൽപര്യങ്ങളെയാണ്​ ലീഗ്​ പ്രതിഫലിപ്പിച്ചത്​. അതുകൊണ്ടുതന്നെ ഗ്രാമീണ ദരിദ്രരുടെ ജന്മിവിരുദ്ധവും ബ്രിട്ടീഷ്​ വാഴ്​ചയെ വെല്ലുവിളിച്ച്​ മുന്നേറിയതുമായ മലബാർ കലാപത്തോട്​ സ്വാഭാവികമായും ലീഗിന്​ പൊരുത്തപ്പെടാനായില്ല.

ഖിലാഫത്ത്​ പ്രസ്​ഥാനത്തെ ദേശീയ പ്രസ്​ഥാനവുമായി വിളക്കിച്ചേർക്കാൻ മുതിർന്ന ഗാന്ധിജിയുടെ വിവക്ഷകൾ തിരിച്ചറിഞ്ഞതുകൊണ്ടാണ്​ മോഴികുന്നത്ത്​​ ബ്രഹ്​മദത്തൻ നമ്പൂതിരിയും എം.പി. നാരായണമേനോനും കലാപത്തിൽ പ​െങ്കടുത്തതി​​​​െൻറ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയത്​. എന്നാൽ, പല കാരണങ്ങളാൽ കോൺഗ്രസ്​ വരച്ച വരവിട്ട്​ കലാപം വ്യാപിക്കാനും പടരാനും തുടങ്ങിയതോടെ നേതൃത്വം പതറിപ്പോയി. 1921ൽ മലബാറിൽ സംഭവിച്ചതുപോലുള്ള ഒരു ബഹുജന മുന്നേറ്റത്തെ നയിക്കാനും നിയന്ത്രിക്കാനും സ്വാധീനിക്കാനുമുള്ള കഴിവും പക്വതയും സംഘടനാശേഷിയും രാഷ്​ട്രീയ ഇച്ഛാശക്​തിയും 1920ൽ മാത്രം പ്രവർത്തനമാരംഭിച്ച കോൺഗ്രസ്​ കമ്മിറ്റി പ്രകടിപ്പിക്കാത്തതിൽ അത്ഭുതമില്ല. സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ സാധാരണ ബഹുജനങ്ങളെ അണിനിരത്തുന്നതിന്​ കോൺഗ്രസ്​ ഒരിക്കലും വലിയ ഉത്സാഹം കാട്ടിയിരുന്നില്ല. മാത്രമല്ല, സമരം ബ്രിട്ടീഷ്​ അധികാരികളെ മാത്രം ലാക്കാക്കി നീങ്ങണമെന്ന്​ അതിന്​ നിർബന്ധമുണ്ടായിരുന്നു. ഇന്ത്യക്കാരായ ജന്മിമാർക്കും നാടുവാഴികൾക്കും എതിരായ സമരം ഗാന്ധിയും കോൺഗ്രസും വിഭാവനം ചെയ്​തിരുന്നില്ല. സമരരീതി, അഹിംസാത്​മകമാവണമെന്ന നിഷ്​ഠയും കോൺഗ്രസിനുണ്ടായിരുന്നു. അപ്പോൾ എല്ലാ നിലക്കും കോൺഗ്രസി​​​​െൻറ ‘ലക്ഷ്​മണരേഖ’കൾ  ലംഘിച്ചാണ്​ കലാപം മുന്നേറിയത്​. അബോധപൂർവവും അനാസൂത്രിതവുമായി കർഷകരുടെ വർഗസമരത്തി​​​​െൻറ രാഷ്​ട്രീയവത്​കരണവും സ്വാതന്ത്ര്യപ്രസ്​ഥാനത്തി​​​​െൻറ ജനകീയവത്​കരണവുമാണ്​ 1921ൽ സംഭവിച്ചത്​. ഖിലാഫത്ത്​  സമരത്തി​​​​െൻറ ഉള്ളടക്കം ജനാധിപത്യവിരുദ്ധമായിരുന്നുവെന്ന്​ എം.എൻ. കാരശ്ശേരി പ്രസ്​താവിച്ചത്​ അത്​ ഖലീഫഭരണം തിരിച്ചുകൊണ്ടുവരാനുള്ള പ്രക്ഷോഭമായതുകൊണ്ടാവാം. എന്നാൽ, ചരിത്രനാടകത്തിലെ കഥാപാത്രങ്ങളുടെ (ഡ്ര​െമറ്റിസ്​ പേഴ്​സൊനെ) ആത്​മനിഷ്​ഠമായ ഉദ്ദേശ്യങ്ങളോ ലക്ഷ്യങ്ങളോ അല്ല, വസ്​തുനിഷ്​ഠമായ ഫലങ്ങളും പ്രതിഫലനങ്ങളുമാണ്​ സംഭവങ്ങളെ വിലയിരുത്തു​േമ്പാൾ പരിഗണിക്കേണ്ടതെന്ന വിലപ്പെട്ട പാഠം കാരശ്ശേരി മറന്നുപോയി.

ഗാന്ധിയുടെ കോൺഗ്രസ്​ ഒരു ഹിന്ദുപാർട്ടിയാണെന്നും അതിൽ മുസ്​ലിംകൾക്ക്​ കാര്യമില്ലെന്നുമുള്ള നിലപാടാണ്​ ലീഗ്​ തുടക്കംമുതൽ എടുത്തത്​. ബ്രിട്ടീഷുകാർ മാപ്പിള ലഹള എന്ന്​ വിശേഷിപ്പിച്ച മലബാർ കലാപത്തി​ൽനിന്നുള്ള കോൺഗ്രസി​​​​െൻറ പിന്മാറ്റം ലീഗിന്​ തങ്ങളുടെ വാദം സാധൂകരിക്കാനും ന്യായീകരിക്കാനുമുള്ള വാതിൽ തുറന്നുവെച്ചു. 1921ലേത്​ മാപ്പിള ലഹള​യാണെന്ന ബ്രിട്ടീഷ്​ അധികാരികളുടെ ആഖ്യാനത്തെ  അതേപടി സ്വീകരിച്ച്​ ബ്രിട്ടീഷ്​ കമ്മട്ടത്തിലടിച്ച ആ കള്ളനാണയം നിർലജ്ജം പ്രചരിപ്പിക്കുകയാണ്​ ലീഗ്​ ചെയ്​തത്​. ‘മാപ്പിള ലഹള’ എന്ന ‘പേരുകൊത്തി’ കലാപത്തെ സമുദായവത്​കരിച്ചും മാപ്പിളമാർ ലഹളക്കാരും എന്തുംചെയ്യാൻ മടിക്കാത്തവരും അക്രമികളുമാണെന്ന്​ പ്രചരിപ്പിച്ചും ബ്രിട്ടീഷുകാർ പട്ടാളത്തെ ഇറക്കി കലാപത്തെ അടിച്ചമർത്തിയതോടൊപ്പം പ്രതിനിധാനപരമായ ഹിംസയിലൂടെ ‘മാപ്പിള’യെ അപരവത്​കരിച്ചും അധമവത്​കരിച്ചും പ്രത്യയശാസ്​ത്രപരമായും കീഴടക്കുകയുണ്ടായി. 1922ൽ ‘ദുരവസ്​ഥ’യിൽ ക്രൂരമുഹമ്മദരാക്ഷസർ’ എന്ന്​ നവോത്​ഥാന മാനവികതയുടെ മഹാഗായകനായ കുമാരനാശാൻ​േപാലും എഴുതിപ്പോകുംവിധം ശക്​തമായ ആശയാധീശത്വം കോളനിമേധാവികൾ നേടിയെടുത്തിരുന്നു. ബ്രിട്ടീഷ്​ പട്ടാളത്തി​​​​െൻറയും മലബാർ സ്​പെഷൽ പൊലീസി​​​​െൻറയും നരഹത്യകളോടും പീഡനമുറകളോടും താരതമ്യപ്പെടുത്താനാവില്ലെങ്കിലും കലാപകാരികളും അക്രമങ്ങളും അത്യാചാരങ്ങളും ചെയ്​തുകൂട്ടിയിട്ടുണ്ട്​. പ്രതിഷേധസന്നദ്ധരായി ജനങ്ങൾ തെരുവിലിറങ്ങു​േമ്പാൾ എവിടെയും എപ്പോഴും ഇത്തരം അപഭ്രംശങ്ങൾ സംഭവിച്ചിട്ടുണ്ട്​. അഹിംസയുടെ പരമാചാര്യനായ ഗാന്ധി നയിച്ച സമരങ്ങളിൽപോലും വൻതോതിൽ ജനപങ്കാളിത്തമുണ്ടായ നിസ്സഹകരണ പ്രസ്​ഥാനത്തി​​​​െൻറയും നിയമലംഘനപ്രസ്​ഥാനത്തി​​​​െൻറയും ക്വിറ്റിന്ത്യാ സ​മരത്തി​​​​െൻറയും സന്ദർഭങ്ങളിൽ അക്രമങ്ങളും അരുതാവൃത്തികളും സംഭവിച്ചിട്ടുണ്ട്​. എന്നും അടിയേൽക്കുന്ന ജനങ്ങൾ ഒരു ദിവസം തിരിച്ചടിച്ചാൽ അതി​​​​െൻറ പേരിൽ ഭരണകൂട ഭീകരതകളെ ന്യായീകരിക്കാനാവില്ല.

1921ലെ കലാപത്തെ ‘മാപ്പിള ലഹള’ എന്ന്​ വിളിച്ചപോലെ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ്​ അധികാരികൾ ‘ശിപായി ലഹള’ എന്ന്​ പേരിട്ട്​ ആക്ഷേപിക്കുകയും അടിച്ചമർത്തുകയും ചെയ്​ത സമാനമായ ഒരു സംഭവം ഇന്ത്യാചരിത്രത്തിലുണ്ട്​. ‘ശിപായി’മാർ നടത്തിയ ‘അക്രമ’ങ്ങളുടെ നിറംപിടിപ്പിച്ച കഥകൾ ബ്രിട്ടീഷ്​ പത്രങ്ങളിൽ വന്നപ്പോൾ അതിലൊന്നും ത​​​​െൻറ കാഴ്​ച കലങ്ങിപ്പോകാതെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച്​ കൈവിറക്കാതെ കാൾ മാർക്​സ്​ എഴുതിയ കുറിപ്പുകൾ ഇവിടെ ഒാർക്കാവുന്നതാണ്​. മാർക്​സും അദ്ദേഹത്തി​​​​െൻറ അഭ്യർഥന മാനിച്ച്​ എംഗൽസും അതുസംബന്ധിച്ച്​ എഴുതിയ ലേഖനങ്ങൾ സമാഹൃത കൃതികളുടെ 15ാം വാല്യത്തിൽ ലഭ്യമാണ്​. ഖിലാഫത്തും മലബാർ കലാപവും എം.എൻ. കാരശ്ശേരി പറയു​േമ്പാലെ ജനാധിപത്യവിരുദ്ധമാണെങ്കിൽ ഒന്നാം സ്വാതന്ത്ര്യസമരത്തെയും (1857) ആ ഗണത്തിൽതന്നെ പെടുത്തേണ്ടിവരും. മലബാർ കലാപത്തി​നെന്നപോലെ ‘ശിപായി ലഹള’ക്കു​ പിന്നിലും ​വ്രണപ്പെട്ട മതവികാരങ്ങളുണ്ട്​. തോക്കി​​​​െൻറ തോട്ട കടിച്ചുതുറക്കു​േമ്പാൾ അതിൽ പുരട്ടിയ ഗ്രീസ്​ പന്നിയിറച്ചിയിൽനിന്നുണ്ടാക്കിയതാണെന്ന്​ മുസ്​ലിംകളും പശുവിറച്ചിയിൽനിന്നുള്ളതാണെന്ന്​ ഹിന്ദുക്കളും ധരിച്ചുവശായി. അത്​ കലാപം പൊട്ടിപ്പുറപ്പെടാൻ നിമിത്തമാവുകയും ചെയ്​തു. എന്നാൽ, കലാപകാരികളുടെ ഇത്തരം പരിമിതിക​ളോ അവർ ചെയ്​തുകൂട്ടിയ അക്രമങ്ങളെക്കുറിച്ചുള്ള കഥകളോ കലാപത്തെ വിലയിരുത്തു​േമ്പാൾ കാൾ മാർക്​സ്​ പരിഗണിച്ചതേയില്ല.

ഇങ്ങ​നെ ഒന്നാം സ്വാതന്ത്ര്യസമരത്തോട്​ മാർക്​സ്​ എടുത്ത സമീപനം സ്വന്തം നേതൃത്വത്തിൽ സമാരംഭിച്ച മലബാർ കലാപത്തോട്​ ​േകാൺഗ്രസിന്​ സ്വീകരിക്കാനായില്ല. സമരത്തി​​​​െൻറ പിതൃത്വം ഏറ്റെടുക്കുന്നതിന്​ പകരം അത്​ തങ്ങളുടേതല്ലെന്ന്​ സ്​ഥാപിക്കാനാണ്​ കോൺ​ഗ്രസ്​ വ്യഗ്രത കാട്ടിയത്​. ആ വിടവിലാണ്​ ലീഗി​​​​െൻറ വർഗീയ രാഷ്​ട്രീയം മലപ്പുറത്ത്​ ഇടംപിടിച്ചത്​. കമ്യൂണിസ്​റ്റ്​ പാർട്ടി രൂപംകൊള്ളുന്നതുതന്നെ കലാപാനന്തരം നീണ്ട 18 വർഷങ്ങൾക്കുശേഷം മാത്രമാണ്​. ’46ൽ പാർട്ടി യുടെ ‘ആഹ്വാനവും താക്കീതും’ പുറത്തുവരു​േമ്പാഴേക്കും വെള്ളം മുഴുവൻ വാർന്നുപോയിരുന്നു. കലാപം സംബന്ധിച്ച്​ അന്ന്​ പാർട്ടി മ​ുന്നോട്ടുവെച്ച നിലപാട്​ അന്തിമമല്ല. പുതിയ കാലം കലാപത്തിന്​ പുനർവായനകൾ ആവശ്യപ്പെടുന്നുണ്ട്​. ബ്രിട്ടീഷുകാർ ‘ശിപായി ലഹള’യായി വിശേഷിപ്പിച്ചത്​ സത്യത്തിൽ ‘ദേശീയ കലാപ’മാണെന്ന്​ കാൾ മാർക്​സ്​ നിരീക്ഷിച്ചപോലെ അധികാരത്തി​​​​െൻറ ആഖ്യാനങ്ങൾ മാപ്പിള ലഹളയെന്ന്​ വിളിച്ച 1921ലെ മലപ്പുറത്തെ ബഹുജന മുന്നേറ്റം സത്യത്തിൽ ‘ദേശീയ കലാപ’മാണെന്ന്​ വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും സ്​ഥാപിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemahatma gandhiMuhammad Ali Jinnahmalayalam newsMalabar RiotsMapila Lahala
News Summary - Malabar Riots - Article
Next Story