മലയാള സർവകലാശാല ഗവർണർ ഇടപെടുമ്പോൾ
text_fieldsഉഴവൂർ കുറിച്ചിത്താനത്തെ ശ്രീധരിയിൽ പ്രതീക്ഷിക്കാതെയാണ് രാജ്ഭവ നിൽ നിന്നാണെന്ന് അറിയിച്ച് എസ്.പി. നമ്പൂതിരിയെ തേടി ആ ഫോൺ സന്ദേശം വന്നത്. തിരുവനന്തപുരംവരെ യാത്ര ആകാമോ എന്ന് ചോദ്യം. ആവാം എന്ന് ആ 87കാരെൻറ മറുപടി. പിറ്റേന്ന് കൃത്യം പതിനൊന്നരക്ക് രാജ്ഭവനിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവവും എസ്.പി. നമ്പൂതിരിയും തമ്മിൽ കൂടിക്കാഴ്ച. അരമണിക്കൂർ സംഭാഷണത്തിനൊടുവിൽ ഉന്നയിച്ച രണ്ടു വിഷയങ്ങളിലും മലയാള സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടുമെന്ന് ഗവർണർ.
സംസ്ഥാന സർക്കാറിെൻറ തലവനെന്ന നിലയിലും സർവകലാശാലയുടെ ചാൻസലർ എന്ന നിലയിലും മലയാള സർവകലാശാലയുമായി ബന്ധപ്പെട്ട രണ്ടു വിഷയങ്ങളിൽ സംസ്ഥാന ഗവർണർ ഇടപെടുകയാണ്. തലേദിവസം ഇ-മെയിൽ വഴി എസ്.പി. നമ്പൂതിരി തെര്യപ്പെടുത്തിയ വിഷയമാണ് ഒന്ന്. തിരൂരിലെ മലയാള സർവകലാശാല സ്ഥാപനലക്ഷ്യം അനുസരിച്ചുള്ള ചുമതലകൾ നിർവഹിക്കുന്നുണ്ടോ? അതോ, സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലെ ഡിപ്പാർട്െമൻറുകൾ നിർവഹിച്ചുപോരുന്ന വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുകയാണോ? രണ്ടാമത്തെ വിഷയം കഴിഞ്ഞ ജൂൺ നാലിന് കത്തുവഴി ഗവർണറെ അറിയിച്ചതാണ്. സർവകലാശാല പുതിയ ആസ്ഥാനത്തിനായി വാങ്ങാൻ ഉദ്ദേശിക്കുന്ന 27 ഏക്കർ സ്ഥലവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണമാണത്.
കണ്ടൽക്കാടുകൾ നശിപ്പിച്ചും തണ്ണീർത്തടങ്ങൾ നികത്തിയും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചും സർക്കാറിെൻറ പ്രത്യേക അനുമതിക്ക് വിധേയമായി സർവകലാശാലയുടെ തലയിൽ കെട്ടിവെക്കാൻ പോകുന്ന ഭൂമിയിടപാടിനെക്കുറിച്ച്. 45 കോടിയോളം രൂപ വരുന്ന ഇടപാട് ഭൂമാഫിയ അടിച്ചെടുക്കാനുള്ള നീക്കം അടിയന്തരമായി ഇടപെട്ട് തടയണമെന്നും സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച ആരോപണങ്ങൾ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണ് എസ്.പി ഒന്നര മാസത്തോളം മുമ്പ് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഈ രണ്ടു വിഷയങ്ങളും സംബന്ധിച്ച് ചാൻസലർ എന്ന നിലയിൽ വൈസ് ചാൻസലറോടുതന്നെ വിശദീകരണം തേടുമെന്നാണ് സുപ്രീംകോടതിയുടെ 40ാം ചീഫ് ജസ്റ്റിസ്കൂടിയായ ഗവർണർ പി. സദാശിവം അറിയിച്ചത്.
നിലവിൽ സർവകലാശാല പ്രവർത്തിക്കുന്ന അഞ്ചേക്കർ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിന് നൂറ് ഏക്കർ സ്ഥലം ആവശ്യപ്പെട്ട് സർവകലാശാല പരസ്യം ചെയ്തിരുന്നു. സമീപപ്രദേശത്ത് സർക്കാർഭൂമി ഉണ്ടായിട്ടും നൂറ് ഏക്കർ ഒന്നിച്ചും അല്ലാതെയും ഭൂമി നൽകാൻ ആളുകൾ മുന്നോട്ടുവന്നിട്ടും ജില്ല കലക്ടർ 40,000 രൂപ സെൻറിന് വില കണക്കാക്കിയ ഭൂമിയാണ് 1,70,000 രൂപ വിലനൽകി സർവകലാശാല വാങ്ങുന്നത്. ഇതു തടയാനാണ് ഭാഷാേപ്രമിയെന്ന നിലയിൽ താൻ ഇടപെടുന്നതെന്നും രാഷ്ട്രീയ അഭിപ്രായഭേദങ്ങൾക്കപ്പുറം എല്ലാവരും ഇതിൽ യോജിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
ജൂണിൽ കത്തയച്ചതിെൻറ ആറാം ദിവസം ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മറുപടി കിട്ടി. വേണ്ടത്ര പരിഗണനയോടെ അനുയോജ്യമായ മറുപടി എസ്.പി. നമ്പൂതിരിക്ക് നൽകണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഗവർണർ എഴുതിയിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട്. ഈ രണ്ടു വിഷയങ്ങളുമാണ് എസ്.പി. നമ്പൂതിരിയെ നേരിൽ വിളിച്ചുവരുത്തി ഉത്തരങ്ങൾ തേടാൻ ഗവർണറെ േപ്രരിപ്പിച്ചത്. ‘മലയാളി മനസ്സിെൻറ മഹാദുഃഖം’ എന്നുപറഞ്ഞ് ഗവർണർക്കും മുഖ്യമന്ത്രിക്കും അയച്ച കത്തിെൻറ പകർപ്പ് നിയമസഭയിലെ എം.എൽ.എമാർക്കും കേരളത്തിൽനിന്നുള്ള രാജ്യസഭ-ലോക്സഭാംഗങ്ങൾക്കും അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ നേരിൽ സംസാരിക്കാമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിെൻറ ഓഫിസും ഒരു കോൺഗ്രസ് എം.എൽ.എയും മാത്രമാണ് പ്രതികരിച്ചത്. തീരുമാനമെടുക്കേണ്ട ഉന്നത വിദ്യാഭ്യാസമന്ത്രിയിൽനിന്നോ മലയാള സർവകലാശാല വൈസ് ചാൻസലറിൽനിന്നോ വിശദീകരണം തേടുന്നതിനുപകരം റവന്യൂ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉചിതമായ നടപടിക്ക് കത്ത് അയച്ചുകൊടുത്തെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചത്. എസ്.പി. നമ്പൂതിരിയുടെ കത്ത് കിട്ടിയെന്നു മാത്രമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിെൻറ ഓഫിസിൽനിന്ന് അറിയിച്ചത്. എന്നാൽ, ഇതിന്മേൽ എന്തെങ്കിലും നടപടി സ്വീകരിച്ചതായി എസ്.പി. നമ്പൂതിരിയെ ആരും ഇതുവരെ അറിയിച്ചിട്ടില്ല.
വിചിത്രമായത് ഒരാളൊഴികെ മറ്റ് എം.എൽ.എമാരോ കേരളത്തിൽനിന്നുള്ള എം.പിമാരോ കത്ത് കിട്ടിയെന്നറിയിക്കാനുള്ള പ്രാഥമിക ചുമതലപോലും കാണിച്ചില്ലെന്നതാണ്. ഏതു പൗരനും ഉന്നയിക്കുന്ന ആവശ്യങ്ങൾക്കും പരാതികൾക്കും താമസംവിനാ മറുപടി കൊടുക്കാൻ എൽ.എൽ.എമാർക്കും എം.പിമാർക്കും േപഴ്സനൽ സെക്രട്ടറിമാരെയും കമ്പ്യൂട്ടർ അടക്കമുള്ള സംവിധാനങ്ങളും സർക്കാർ ചെലവിൽ അനുവദിച്ചിട്ടുണ്ടെങ്കിലും. ഭൂമാഫിയയുമായി ബന്ധപ്പെട്ട ആരോപണമാണ് വിഷയമെന്നതുകൊണ്ട് എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും എം.എൽ.എമാരും ബി.ജെ.പിയുടെ ഏക എം.എൽ.എയും ഇക്കാര്യത്തിൽ ഒരേ തൂവൽപക്ഷികളായാണ് നിലകൊണ്ടത്. വ്യത്യസ്തനായി പ്രതികരിച്ച ഒരു കോൺഗ്രസ് എം.എൽ.എ പാർലമെൻററി പാർട്ടി തീരുമാനിക്കാതെ വ്യക്തിപരമായി പ്രശ്നത്തിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ടെന്ന് ഫോണിൽ അറിയിച്ചെന്നാണ് എസ്.പി. നമ്പൂതിരി പറയുന്നത്.
പരാതിക്കത്തിൽ നൽകിയ വിലാസമായ കുറിച്ചിത്താനത്തെ ശ്രീധരി ആയുർവേദ ചികിത്സാകേന്ദ്രം പതിറ്റാണ്ടുകളായി ആയുർവേദ വൈദ്യം മാത്രമല്ല, സംസ്കൃത-മലയാള ഭാഷയും സാഹിത്യവുമായി ചരിത്രത്തിെൻറ ചങ്ങലക്കണ്ണികൾ തീർത്ത സ്ഥാപനമാണ്. ഈ ആയുർവേദ ഗുരുകുലം സ്ഥാപിച്ചത് ബഹുമുഖപ്രതിഭയായ മഠം ശ്രീധരൻ നമ്പൂതിരിയാണ്. അദ്ദേഹത്തിെൻറ മകനാണ് എസ്.പി. നമ്പൂതിരി. പ്രതിഫലം പറ്റാതെ വൈദ്യവും സംസ്കൃതവും തേടി എത്തിയവർക്കൊക്കെ അദ്ദേഹം കൈമാറി. ഇക്കൂട്ടത്തിൽ മള്ളിയൂർ ശങ്കർ നമ്പൂതിരി മുതൽ പൊൻകുന്നം വർക്കിവരെയുള്ള പ്രതിഭകളും മുൻമന്ത്രി കെ.എം. മാണിയുടെ പിതാവിനെപ്പോലുള്ളവരും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിെൻറ വെളിച്ചം പെൺകുട്ടികളിലേക്കും സാധാരണക്കാരിലേക്കും എത്താൻ സ്വന്തം സ്ഥലത്ത് സ്കൂൾ പണിത് സർക്കാറിന് സംഭാവന നൽകിയതാണ് ഇന്നത്തെ കുറിച്ചിത്താനം കെ.ആർ. നാരായണൻ എൽ.പി സ്കൂൾ. പിന്നീട് രാഷ്ട്രപതിയായ കെ.ആർ. നാരായണൻ ഇവിടത്തെ വിദ്യാർഥിയായിരുന്നു. മഹാ കവിത്രയത്തോടൊപ്പം തിളങ്ങിനിന്ന മഠം ശ്രീധരൻ നമ്പൂതിരി ഭക്തിപ്രകർഷണവും ആശയ-സാംസ്കാരിക പ്രബുദ്ധവുമായ കാവ്യങ്ങൾ രചിച്ച, മലയാളികളുടെ പ്രിയപ്പെട്ട കവിയായിരുന്നു. പി.വി. കൃഷ്ണവാര്യരുടെ ‘കവന കൗമുദി’യിൽ പ്രസിദ്ധീകരിച്ച മഠം ശ്രീധരൻ നമ്പൂതിരിയുടെ അംബികാഷ്ഠപ്രാസ കാവ്യം മലയാളത്തിലെ ഏറ്റവും പ്രശസ്തമായ അഷ്ഠപ്രാസകൃതിയാണ്. അത് പുസ്തകമാക്കണമെന്ന് നിർദേശിച്ചതും സ്വയം മുഖവുര എഴുതിക്കൊടുത്തതും ഉള്ളൂർ. ‘കവന കൗമുദി’യിൽ അതു വായിച്ച് ബിക്കാനീർ ദിവാനായിരുന്ന സർദാർ കെ.എം. പണിക്കർ കാവ്യകാരനെ കാണാൻ കുറിച്ചിത്താനത്ത് എത്തുകയുണ്ടായി. വള്ളത്തോളും ഉള്ളൂരും പോലുള്ള മഹാപ്രതിഭകളും ആ കാലഘട്ടത്തിലെ മറ്റു പല എഴുത്തുകാരും തേടിച്ചെന്ന ഇടമാണ് ശ്രീധരി ആയുർവേദകേന്ദ്രം.
അച്ഛെൻറ വൈദ്യമാർഗത്തിനു പകരം സമൂഹത്തിെൻറ ആതുര ചികിത്സക്കിറങ്ങിയ എസ്.പി കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലിറങ്ങി പത്രപ്രവർത്തനവും എഴുത്തും സാംസ്കാരിക പ്രവർത്തനവും തുടർന്നു. അദ്ദേഹത്തിെൻറ ഈ പ്രായത്തിലുമുള്ള വിദേശയാത്ര സംബന്ധിച്ച പുസ്തകങ്ങൾ മലയാളത്തിനു മുതൽക്കൂട്ടാണ്. നമ്മുടെ നിയമസഭാ സാമാജികർക്ക് കണ്ണു തുറന്നില്ലെങ്കിലും ഇക്കാര്യങ്ങളെല്ലാം അതീവ താൽപര്യത്തോടെ ഗവർണർ പി. സദാശിവം ചോദിച്ചറിയാൻ സമയം കണ്ടെത്തി.
എസ്.പിയുടെകൂടി നേതൃത്വത്തിൽ ആരംഭിച്ചതാണ് കുറിച്ചിത്താനത്തെ പീപ്ൾസ് ലൈബ്രറി. സർവകലാശാലകളിലെ ഗവേഷണ വിദ്യാർഥികൾപോലും ഇന്ന് ഏറെ ആശ്രയിക്കുന്നത് ഈ ലൈബ്രറിയെയാണ്. ശ്രീധരി ചികിത്സാകേന്ദ്രം സന്ദർശിക്കാൻ ഇ.എം.എസ്, വയലാർ രാമവർമ, എം.ആർ.ബി, ലളിതാംബിക അന്തർജനം തുടങ്ങി എത്രയോ എഴുത്തുകാർ എത്തിയിട്ടുണ്ട്. കെ.എം. മാണിയും ഇടത് നിയമസഭ സാമാജികരും പതിവ് സന്ദർശകരായിരുന്നു.
ഈ ചരിത്രമൊന്നും അറിയില്ലെങ്കിൽപോലും ശബരിമല പ്രശ്നത്തിൽ അവഗണിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വമാണ് എസ്.പി. നമ്പൂതിരി. ശബരിമല കേസിൽ സുപ്രീംകോടതിയിൽ കക്ഷിചേരുകയും അദ്ദേഹത്തിെൻറ ശബരിമല സംബന്ധിച്ച പുസ്തകം സുപ്രീംകോടതി പരിഗണിക്കുകയും ചെയ്തു. ശബരിമല സമരത്തെ തുടർന്ന് സർക്കാർ നേതൃത്വത്തിൽ രൂപവത്കരിച്ച നവോത്ഥാന മുന്നണിയുടെ കോട്ടയം ജില്ല അധ്യക്ഷനുമായിരുന്നു എസ്.പി. അദ്ദേഹത്തിെൻറ ‘ശബരിമല: സുപ്രീംകോടതി വിധിയും അനുബന്ധ ചിന്തകളും’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.
ഗവർണർ ഭരണഘടനാപരമായി സർക്കാറിെൻറ തലവനാണെന്നതും സർവകലാശാലയുടെ തലപ്പത്തിരിക്കുന്ന ആളാണെന്നതും സാങ്കേതികം മാത്രമാണ്. ഭൂമി ഏറ്റെടുക്കലിൽ നിയമലംഘനം ഉണ്ടായെന്ന് തെളിഞ്ഞാൽ മാത്രമേ ഗവർണർക്ക് ഫലപ്രദമായി ഇടപെടാൻ കഴിയൂ. ഇത്തരം അഴിമതികൾക്ക് സാധുതയും പരിരക്ഷയും നൽകാനും നൽകാതിരിക്കാനും സർക്കാറിന് കഴിയും. പക്ഷേ, ഒന്നര മാസമായിട്ടും സെക്രട്ടേറിയറ്റിലെ ഒരു ഫയൽപോലും ഈ കാര്യത്തിൽ ചലിച്ചിട്ടില്ല. കാറ്റിെൻറ ഗതി ഏതു വഴിക്കെന്നു വ്യക്തം.
ഗവർണറുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇതു സംബന്ധിച്ച വാർത്ത അറിയിക്കാൻ എസ്.പി. നമ്പൂതിരി കൈരളിയുടെ പീപ്ൾ ചാനലിെൻറ പത്രാധിപരെ ചെന്നുകണ്ട അനുഭവം പറഞ്ഞു. എല്ലാം കേട്ടശേഷം പത്രാധിപർ പറഞ്ഞതിങ്ങനെയേത്ര: ‘‘ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെപ്പോലെ മുസ്ലിം ലീഗിൽനിന്നും കോൺഗ്രസിൽനിന്നും ചിലർ പാർട്ടിയിൽ വന്ന് സ്വതന്ത്ര എം.എൽ.എമാരായിട്ടുണ്ട്. പാർട്ടി അവരെ തള്ളിപ്പറയാത്തിടത്തോളം ആ നേതാക്കൾക്കെതിരായ വാർത്തകൾ കൊടുക്കാൻ ഞങ്ങൾക്കാവില്ല.’’ പിന്നെ ഈ പാർട്ടി നയിക്കുന്ന ഗവൺമെൻറിെൻറ വകുപ്പുകളും സർക്കാർതന്നെയും അഴിമതിക്കും നിയമലംഘനങ്ങൾക്കുമെതിരെ എന്തുചെയ്യാൻ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.