മടങ്ങുന്നു പ്രവാസി മലയാളി, മനമില്ലാ മനസ്സോടെ
text_fieldsഎണ്ണവില തകർച്ച, മേഖലയിലെ സംഘർഷം, ആഗോള സാമ്പത്തിക മാന്ദ്യം എന്നീ സാഹചര്യങ്ങളിലുണ്ടായതിനെക്കാൾ നടുക്കമാർന്ന മടക്കമാണ് ഗൾഫ് മലയാളികളുടേത്
ദുബൈ: കോവിഡ് ഗൾഫിലെ തൊഴിൽ മേഖലയിലുണ്ടാക്കിയത് കടുത്ത പ്രതിസന്ധി. ജോലി നഷ്ടപ്പെട്ട പ്രവാസികളിൽ ഏറെയും മലയാളികൾ. മുൻനിര മാനേജർമാർ മുതൽ കരാർ-ദിവസ വേതനക്കാർക്കുവരെ തൊഴിൽ നഷ്ടമായി. ജീവനക്കാരെ ഒഴിവാക്കാനോ ദീർഘ അവധി നൽകാനോ സ്ഥാപനങ്ങൾക്ക് നിയമപരമായ അനുമതി നൽകിയതോടെയാണ് പിരിച്ചുവിടൽ വ്യാപകമായത്. ഇതുവരെയുണ്ടാകാത്ത ആശങ്ക പേറിയാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഒാരോ ‘വന്ദേ ഭാരത്’ വിമാനങ്ങളും പറന്നുയരുന്നത്.
എണ്ണവില തകർച്ച, മേഖലയിലെ സംഘർഷം, ആഗോള സാമ്പത്തിക മാന്ദ്യം എന്നീ സാഹചര്യങ്ങളിലുണ്ടായതിനെക്കാൾ നടുക്കമാർന്ന മടക്കമാണ് മലയാളികളുടേത്. ദുബൈ എക്സ്പോ-2020 മുതൽ ഖത്തർ ലോകകപ്പ് വരെയുള്ള വൻ സംരംഭങ്ങൾക്കായി റിക്രൂട്ട്മെൻറും നിക്ഷേപവും അടക്കമുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. സാമൂഹിക അകലം നിഷ്കർഷിച്ച ഘട്ടം മുതൽ ഇന്ത്യൻ പ്രവാസികൾക്ക് വൻതോതിൽ തൊഴിലിടങ്ങളിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നു. വീട്ടുപണികൾ ഉൾപ്പെടെ സ്വദേശികൾ സ്വയം ചെയ്തുതുടങ്ങി. പൊതുമേഖലയിലെ പല മെഗാ പ്രോജക്ടുകളും നിർത്തി.
സൗദി അറേബ്യയിൽ സ്വദേശിവത്കരണം ഉൾപ്പെടെ മുൻകാല പരിഷ്കരണങ്ങളെക്കാൾ വലിയ തൊഴിൽ നഷ്ടമാണ് നിലവിൽ. ഉംറ, ടൂറിസ്റ്റ് വിസകൾ നിർത്തിയതോടെ ട്രാവൽ-ടൂറിസം മേഖല തളർന്നു. സന്ദർശന സേവനങ്ങൾ, അനുബന്ധ വിപണി, ടാക്സി, ടൂറിസ്റ്റ് സർവിസ് തുടങ്ങി മലയാളികൾ ഇടപെടുന്ന മേഖലകളിൽ തിരിച്ചടിയുണ്ട്. ഹോട്ടലുകൾ ഭൂരിഭാഗവും അടച്ച് തൊഴിലാളികളെ നാട്ടിലയച്ചു.
ബഹ്റൈനിൽ മാത്രം ഇൗ വർഷം അവസാനത്തോടെ വിനോദ സഞ്ചാര മേഖലക്ക് 10,000 കോടി രൂപയോളം നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ലോകം ഒഴുകിയെത്തുന്ന ദുബൈ എക്സ്പോ പ്രതിസന്ധിക്ക് മറുമരുന്നാകുമെന്ന പ്രതീക്ഷയിലാണ് വമ്പൻ വ്യവസായ ഗ്രൂപ്പുകൾ മുതൽ സ്റ്റാർട്ട്അപ്പുകൾ വരെ നീങ്ങിയിരുന്നത്.
ഹോട്ടൽ-റിയൽ എസ്റ്റേറ്റ് രംഗത്തും റീെട്ടയിൽ മേഖലയിലും വൻ നിക്ഷേപവും റിക്രൂട്ട്മെൻറുമാണ് നടത്തിവന്നത്. ഇവക്കെല്ലാം അർധവിരാമമായി. ഒമാനിൽ ലോക്ഡൗണിനുശേഷം നിയന്ത്രണങ്ങളോടെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ കുറവാണ്. വിമാന സർവിസ് തുടങ്ങിയാൽ ജീവനക്കാരെ അവധിക്കയക്കാനുള്ള തീരുമാനത്തിലാണ് പല തൊഴിലുടമകളും.
ഖത്തറിൽ മുൻകാല പ്രതിസന്ധികളിലൊന്നും തളരാത്ത സ്ഥാപനങ്ങൾ വരെ പ്രവാസി ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചുകഴിഞ്ഞു. തൊഴിൽ മേഖലയിൽ പ്രവാസികളുടെ ആധിക്യം കുറക്കണമെന്ന വികാരം നിലനിൽക്കുന്ന കുവൈത്തിൽ, പല വകുപ്പുകളിൽനിന്നും വിദേശികളെ ഒഴിവാക്കാൻ സർക്കാറിെൻറ പച്ചക്കൊടി ലഭിച്ചു കഴിഞ്ഞു. ഒാരോ രാജ്യത്തിനും േക്വാട്ട നിശ്ചയിക്കണമെന്ന എം.പിമാരുടെ നിർദേശം നടപ്പായാൽ ഏറ്റവും ബാധിക്കുക ഇന്ത്യക്കാരെയാണ്.
സന്ദർശക വിസയിൽ എത്തിയവരും തൊഴിൽ നഷ്ടപ്പെട്ടവരും ചികിത്സ ആവശ്യമായവരുമായ ആയിരങ്ങൾ മാത്രമാണ് മടങ്ങിയിരിക്കുന്നത്. നിയന്ത്രണം നീങ്ങിയാൽ വീണ്ടും ഭാഗ്യാന്വേഷണം നടത്താനാകുമോ എന്ന് തിരക്കുന്നവരാണ് എംബസിയിൽ പേര് നൽകി കാത്തിരിക്കുന്നവരിൽ മുക്കാൽ പങ്കും. കുടുംബമൊന്നിച്ച് ഗൾഫിൽ പിടിച്ചുനിൽക്കാനാവില്ല എന്ന ആശങ്ക ഉപരിമധ്യവർഗത്തിനിടയിൽ പോലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.