ജലപ്രതിസന്ധിക്ക് കാരണം മനുഷ്യൻതന്നെ
text_fieldsകാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതമായ ജനസംഖ്യാവർധനയും കണക്കിലെടുത്ത് ന്യൂഡൽഹിയിൽ ഭൂഗർഭ ജലത്തിെൻറ ഉപയോഗം ഒഴിവാക്കാൻ നിതി ആയോഗ് ആവശ്യെപ്പട്ടിരിക്കുകയാണ്. 2020ഒാടെ ബംഗുളൂരു, ഹൈദരാബാദ് തുടങ്ങിയ ടെക്നോ നഗരങ്ങളിലും ഇത് നടപ്പിൽവരുത്തും. നമ്മുടെ വെള്ളത്തിെൻറ 80 ശതമാനവും ഉപയോഗിക്കുന്നത് കാർഷിക ജലസേചനത്തിലാണ്. മഹാരാഷ്ട്രയിലെ മുന്തിരികൃഷിക്കും ഉത്തർപ്രദേശിലെ കരിമ്പ് കൃഷിക്കും രാജസ്ഥാനിലെ മുളക് കൃഷിക്കും മറ്റും വെള്ളം കൂടുതൽ ഉപയോഗിക്കേണ്ടിവരുന്നുണ്ട്. ഭീമമായ ഇൗ ജലോപയോഗം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നമ്മുടെ നദികളിൽനിന്നുള്ള ജലത്തിെൻറ സിംഹഭാഗവും ജലസേചനത്തിനായി തിരിച്ചുവിടുന്നതിന് പുറമെ ഭൂഗർഭ ജലവും ഇതിനായി ഉൗറ്റുന്നു. രാജ്യത്തിെൻറ കൂടുതൽ പ്രദേശങ്ങളിലും ജലസ്രോതസ്സുകളിലെ ജലനിരപ്പ് വർഷംപ്രതി ഒരുമീറ്റർ വരെ താഴുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
മുന്തിരി, കരിമ്പ്, മുളക് പോലെയുള്ള കൃഷികൾ നാം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇതിനുവേണ്ടി ഉപയോഗിക്കുന്ന കനാൽ ജലത്തിെൻറ കണക്കെടുപ്പ് നടത്താറില്ല. എത്ര കൂടുതൽ വെള്ളം ഉപയോഗിച്ചാലും കർഷകർ ചെറിയ തുക ഒടുക്കിയാൽ മതി. അതുകൊണ്ട് തന്നെ കർഷകർ ആവശ്യത്തിലധികം ജലസേചനം നടത്തുന്നു. ഇതിന് പുറമെ ഭൂഗർഭ ജലം പമ്പ് ചെയ്യുന്നതിന് അവർക്ക് സൗജന്യമായി വൈദ്യുതിയും അനുവദിക്കുന്നുണ്ട്. ഇൗ അമിതോപയോഗം തടയുന്നതിന് ഏറ്റവും നല്ല മാർഗം കനാൽജലത്തിന് നിശ്ചിത നിരക്ക് എർപ്പെടുത്തുകയും വൈദ്യുതിയുടെ സബ്സിഡി എടുത്തുകളയുകയുമാണ്. അങ്ങനെ വരുേമ്പാൾ കർഷകർ വെള്ളം കരുതി ഉപയോഗിക്കും. ഇതുമൂലം മുന്തിരി, കരിമ്പ്, മുളക് പോലെയുള്ള കൃഷികൾ കൂടുതൽ ലാഭകരമല്ലാതാവും. കൂടുതൽ വെള്ളം ഉപയോഗിക്കേണ്ട ആവശ്യവും ഇല്ലാതാവും.
എന്നാൽ, ഇതിന് ഒരു മറുവശം കൂടിയുണ്ട്. രാജ്യത്തെ കർഷകർ ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധിയിലാണ്. അതുകൊണ്ട് തന്നെ സബ്സിഡികൾ എടുത്തുകളയുന്നതിനൊപ്പം കാർഷികോൽപന്നങ്ങളുടെ വില വർധിപ്പിക്കാനും സർക്കാർ തയാറാകണം. ഇപ്പോൾ ഒരു ക്വിൻറൽ കരിമ്പ് ഉൽപാദിപ്പിക്കാൻ 250 രൂപ ചെലവ് വരുേമ്പാൾ സർക്കാർ പഞ്ചസാര വില നിശ്ചയിച്ചത് ക്വിൻറലിന് 300 രൂപയാണ്. വെള്ളക്കരം വർധിപ്പിക്കുന്നപക്ഷം കൃഷി ചെലവ് ക്വിൻറലിന് 30 മൂതൽ 280 രൂപ വരെ വർധിക്കും. അതുകൊണ്ട് തന്നെ കർഷകർക്ക് ഒരു ക്വിൻറൽ പഞ്ചസാരക്ക് 30 മുതൽ 330 രൂപ കൂടുതൽ വില ലഭിക്കണം. അങ്ങനെ വരുേമ്പാൾ സബ്സിഡികൾ എടുത്തുകളയുന്നതിെൻറ ആഘാതം കർഷകരെ ബാധിക്കില്ല. എന്നാൽ, നഗരത്തിലെ ഉപഭോക്താക്കൾ കൂടുതൽ പണംനൽകി പഞ്ചസാര വാങ്ങേണ്ടിവരും.
നഗരവാസികൾക്ക് മുമ്പാകെ ഉയരുന്ന ചോദ്യമിതാണ്. കുറഞ്ഞവിലക്ക് പഞ്ചസാര ലഭിക്കണമോ അതോ നിർലോഭം വെള്ളം കിട്ടണമോ?. കർഷകർക്ക് നൽകുന്ന വെള്ളത്തിന് കൂടുതൽ തുക ഇൗടാക്കിയാൽ പഞ്ചസാരക്ക് വില കൂടും. കുടിക്കാനും കുളിക്കാനും അവർക്ക് കൂടുതൽ വെള്ളം ലഭിക്കുകയും ചെയ്യും. നേരെമറിച്ച് കർഷകർക്ക് സബ്സിഡി നിരക്കിൽ വെള്ളം ലഭിച്ചാൽ പഞ്ചസാര വിലകുറയും. അതുകൊണ്ട് തന്നെ ജലപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് നഗരവാസികളാണ്.
തെഹ്രി, ഭക്ര തുടങ്ങിയ കൂറ്റൻ അണക്കെട്ടുകളിൽ വൻതോതിൽ വെള്ളം സംഭരിച്ചുവെക്കുന്നതാണ് ജലപ്രതിസന്ധിക്ക് പ്രധാനകാരണം. അവ തുറന്ന സംഭരണികളായതിനാൽ 10 മുതൽ 15 ശതമാനം വരെ ജലം ബാഷ്പീകരിച്ചുപോവുന്നു. മഴക്കാലത്തെ വെള്ളം അണക്കെട്ടുകളിൽ സംഭരിക്കപ്പെടുന്നതിനാൽ വെള്ളപ്പൊക്കം കുറയുന്നു. എന്നാൽ, വെള്ളപ്പൊക്കത്തിലൂടെ ജലം കൂടുതൽ പ്രദേശങ്ങളിൽ എത്തുകയും ഭൂഗർഭ ജലത്തിെൻറ തോത് ഉയർത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം കുറയുന്നത് ഭൂഗർഭ ജലത്തിെൻറ പുനഃചംക്രമണം കുറക്കുകയും കർഷകരുടെ ജലസേചന ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അണക്കെട്ടുകൾക്ക് പകരം മഴവെള്ളം ഭൂഗർഭ േസ്രാതസ്സുകളിൽ സംഭരിക്കുന്നത് അഭികാമ്യമാണ്. നദികളിൽ ചെക്ക്ഡാമുകളും വയലുകളിൽ തടയണകളും കെട്ടിയാൽ ഭൂഗർഭ ജലം സംഭരിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.