മണിപ്പൂരിലെ സ്നേഹസ്പർശം
text_fieldsരാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം തടയാനും കഴിയാതെ വന്നപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അതും ഫലപ്രദമല്ലെന്നായപ്പോൾ അപഹസിക്കാനും ഭരണകൂടവും ബി.ജെ.പിയും നടത്തിയ ശ്രമങ്ങളുടെ പകുതിയെങ്കിലും അവർ ആ സംഘർഷം ലഘൂകരിക്കാൻ ചെയ്തിരുന്നെങ്കിൽ ഇത്രയുംപേർക്ക് ജീവൻ നഷ്ടപ്പെടുകയും അനേകായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്യുമായിരുന്നില്ല
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രക്കുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സർഗാത്മകമായ ഇടപെടൽ രാഹുലിന്റെ തന്നെ മണിപ്പൂർ യാത്രയായിരുന്നു. ദേശീയ രാഷ്ട്രീയം എന്ന വഞ്ചനാത്മക വ്യവഹാരത്തിന്റെ ഇരകളായാണ് ഞാനെപ്പോഴും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെ കാണുന്നത്. ഇന്ത്യൻ മുഖ്യധാര എന്ന അച്ചടിവടിവുള്ള ഒരു ഭാഷയുടെ അർഥങ്ങൾക്കു പുറത്താണ് ആ സംസ്ഥാനങ്ങൾ എപ്പോഴും നിലകൊണ്ടിട്ടുള്ളത്. അവിടത്തെ സാംസ്കാരിക ചലനങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അസമും ത്രിപുരയും മാത്രമേ ഞാൻ സന്ദർശിച്ചിട്ടുള്ളു.
പക്ഷേ, വർഷങ്ങൾക്കുമുമ്പ് വിദേശത്ത് സഹപാഠികളായും പിന്നീട് സഹാധ്യാപകരും വിദ്യാർഥികളുമായും ആ സംസ്ഥാനങ്ങളിൽനിന്ന് നിരവധി സുഹൃത്തുക്കൾ എനിക്കുണ്ടായിട്ടുണ്ട്. നാഗാലാൻഡിലെയും മണിപ്പൂരിലെയും അസമിലെയും മിസോറമിലെയുമെല്ലാം സംഘർഷങ്ങളുടെ ചില ആന്തരിക ചിത്രങ്ങളും കാഴ്ചപ്പാടുകളും അവരിൽനിന്നൊക്കെ എനിക്ക് പകർന്നുകിട്ടിയിട്ടുണ്ട്. ഇന്ത്യ എന്ന വിശാലമായ ഒരു സങ്കൽപത്തോട് ഈ പ്രദേശങ്ങൾ ചേർന്നുനിൽക്കുന്നതാണ് നല്ലതെന്നു തോന്നുന്നവരായിരുന്നു അവരിൽ ഭൂരിപക്ഷവും.
നാഗാലാൻഡിലെ സമരത്തിന്റെ മുൻപന്തിയിൽ ഉള്ളവരും ചൈനയുമായി സഹകരിക്കുന്നവരുമായ ചിലരെയും മുമ്പ് ഞാൻ ഹോങ്കോങ്ങിൽവെച്ച് പരിചയപ്പെട്ടിട്ടുണ്ട്. മ്യാന്മറിൽ ഉള്ഫ മിലിറ്റന്റ്സ് സ്ഥാപിച്ച ആയുധ ശേഖരണ ക്യാമ്പും ഇന്ത്യന് അതിര്ത്തിക്കുള്ളില് അവര് സ്ഥാപിച്ച സ്വയംഭരണ പ്രദേശവും സന്ദർശിച്ച് അതേക്കുറിച്ച് പുസ്തകമെഴുതിയ പത്രപ്രവർത്തകനാണ് രാജീവ് ഭട്ടാചാര്യ. അസം സർവകലാശാല എന്നെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള സമ്മേളനത്തിൽവെച്ചായിരുന്നു 2015-ൽ Rendezvous with Rebels: Journey to Meet India’s Most Wanted Men എന്ന അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. ദീർഘനേരം ഇതേക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.
ദേശീയതയും ഗോത്രരാഷ്ട്രീയവും
2003ൽ ഞാൻ വിദേശത്തായിരുന്ന കാലത്താണ് മേഘാലയയിലെ വിഘടനവാദ വിമോചന സംഘടനയായ ഹിനിയോട്രെപ് നടത്തിയിരുന്ന യാഹൂ ഗ്രൂപ് ഇന്ത്യൻ സർക്കാർ നിരോധിച്ചത്. പക്ഷേ, ഇന്ത്യയിൽ മാത്രമേ യാഹു അത് അപ്രത്യക്ഷമാക്കിയിരുന്നുള്ളു. അതുകൊണ്ടുതന്നെ എനിക്ക് ഗ്രൂപ് തുറക്കാനും അതിലെ ഉള്ളടക്കം പരിശോധിക്കാനും കഴിയുമായിരുന്നു. ഉൾഫ, നാഗാലാൻഡ് സോഷ്യലിസ്റ്റ് കൗൺസിൽ, ബോഡോലാൻഡ് ദേശീയ ജനാധിപത്യ മുന്നണി തുടങ്ങിയവരെല്ലാം പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും പൊതുവേ അതിർത്തി വഴിയുള്ള വിദേശസഹായംകൊണ്ടുപോലും അവർക്കു പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് എപ്പോഴും ഉണ്ടായിരുന്നത്. എന്നാലും ഈ പ്രദേശങ്ങളിലെ അസ്വസ്ഥതകളോ ഇന്ത്യയുമായുള്ള ഈ സംഘടനകളുടെയോ അല്ലെങ്കിൽ അവർ പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന ഗോത്രജനതകളുടെയോ അഭിപ്രായ വ്യത്യാസങ്ങൾ കുറയുകയല്ല കൂടുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ ഭരണകൂടത്തിന്റെ നിരന്തര സൈനിക ഇടപെടലുകൾ അവിടത്തെ ഉപദേശീയതയുടെ സൈനികവും ജനകീയവുമായ എതിർപ്പുകളുടെ മുനയൊടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ദേശീയതയും ഗോത്രരാഷ്ട്രീയവും തമ്മിലെ വൈരുധ്യം കൂടുതൽ ആഴപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മണിപ്പൂരിലെ പട്ടാള നിയമത്തിനെതിരെ നീണ്ട 16 വർഷം നിരാഹാരമനുഷ്ഠിച്ച് ഇറോം ശർമിള ഒരുകാലത്തു വടക്കു-കിഴക്കൻ സംസ്ഥാനങ്ങളുടെ ജനാധിപത്യ പ്രതിരോധത്തിന്റെ പ്രതീകമായി മാറിയിരുന്നു.
എന്നാൽ, നാം മനസ്സിലാക്കേണ്ട വസ്തുത ഇന്ത്യൻ ദേശീയതയുമായും ഇന്ത്യൻ ഭരണകൂടവുമായുമുള്ള വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ ജനതതികളുടെ വൈരുധ്യംപോലെതന്നെ പ്രധാനമാണ് അവിടത്തെ ഗോത്രസംസ്കാരങ്ങൾക്കിടയിൽ നിലനിൽക്കുന്ന വംശീയ വൈരുധ്യങ്ങളും എന്നതാണ്. കൊളോണിയലിസത്തിന്റെ കാലത്തെ വിഭജനങ്ങളും ഭരണസൗകര്യത്തിനായുള്ള ഇടപെടലുകളും ഗോത്രസംസ്കാരങ്ങളുടെ ആന്തരിക യുക്തികളെ മനസ്സിലാക്കുന്നതോ മനസ്സിലായാൽപോലും അവയെ പരിഗണിക്കുന്നതോ ആയിരുന്നില്ല.
അതിന്റെ ഫലമായി അതിരൂക്ഷമായ പരസ്പരവൈരങ്ങളാണ് കൊളോണിയൽ കാലത്തുതന്നെ അവർക്കിടയിൽ രൂപപ്പെട്ടത്. കുക്കികളും നാഗന്മാരും വിശ്വസിക്കുന്നത് 1891ലെ ബ്രിട്ടീഷ് ഇടപെടലുകൾ തങ്ങളുടെ പരമ്പരാഗത അധികാരങ്ങളിലും ദേശരാഷ്ട്ര സങ്കൽപത്തിലും മായംകലർത്തി എന്നാണെങ്കിൽ ഇതേ ഇടപെടൽ തങ്ങളുടെ രാജാധികാരത്തിന്റെ കീഴിലുള്ള സ്ഥലങ്ങളെ രണ്ടായി വിഭജിച്ചുകൊണ്ട് രാജാവിനെയും ഒപ്പം തങ്ങളുടെ പ്രാദേശിക സ്വത്വത്തെയും അപകടപ്പെടുത്തി എന്നാണു മെയ്തേയി വിഭാഗങ്ങൾ കരുതുന്നത്. പാരമ്പര്യാധികാര നഷ്ടത്തിന്റെ ഖേദവും രോഷവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ അധികാര വർഗത്തിന്റെ നിലപാടുകളിലെ കൊളോണിയൽ നിഴലുകളിൽ പരതിയാണ് ഈ ഗോത്രജനതകൾ ഇപ്പോഴും പരസ്പരവും ഇന്ത്യൻ ഭരണകൂടത്തിനെതിരെയും പോരടിക്കുന്നത്.
വടക്കു-കിഴക്കൻ നാടുകളിലെ നാഗാ ഭൂരിപക്ഷ പ്രദേശങ്ങളും വടക്കൻ മ്യാന്മർ പ്രദേശങ്ങളും ചേർന്ന ഒരു സ്വതന്ത്ര ക്രിസ്ത്യൻ സോഷ്യലിസ്റ്റ് രാഷ്ട്രം എന്ന നാഗാസങ്കല്പം കുക്കികൾക്കോ മെയ്തേയികൾക്കോ സ്വീകാര്യമായതല്ല. അതുകൊണ്ടുതന്നെ ഈ മൂന്നു വിഭാഗങ്ങൾക്കിടയിലും ഗോത്രവൈരത്തിന്റെയും വംശീയസ്പർധയുടെയും കനലുകൾ എപ്പോഴും നീറിക്കൊണ്ടിരിക്കുന്നു.
ഒരുവശത്തു ഇന്ത്യയുടെ വൻദേശീയതാ സങ്കൽപവും ഗോത്രജനതകളുടെ തദ്ദേശീയ രാഷ്ട്രസങ്കൽപങ്ങളും തമ്മിലെ നിരന്തരമായ സംഘർഷമാണ് മണിപ്പൂർ, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ദശാബ്ദങ്ങളായി ചോരപ്പുഴ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇവിടങ്ങളിലെ സാധാരണ ജനങ്ങൾ ഭരണകൂടത്തിന്റെയും മിലിറ്റന്റായ തദ്ദേശവിമോചന സൈനിക ഗ്രൂപ്പുകളുടെയും അധികാര ഭീഷണിയിലാണ് കഴിയുന്നത്. തങ്ങൾക്കു സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും ഗോത്ര സൈനിക വിഭാഗങ്ങൾ നികുതി പിരിക്കുകയും നിയമം നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെടുന്ന ലോകത്തിലെ പ്രധാന പ്രദേശങ്ങളിലൊന്ന് വടക്കു-കിഴക്കൻ സംസ്ഥാനങ്ങളാണ് എന്ന് അവിടത്തെ ജനാധിപത്യ വാദികൾ നിരന്തരം വിളിച്ചുപറയുന്നുണ്ട്.
കുടിയിറക്കും കടന്നാക്രമണവും
ഈ ചരിത്രപരമായ വിദ്വേഷങ്ങളുടെയും വിശ്വാസരാഹിത്യത്തിന്റെയും സംഘർഷങ്ങൾ ഒരുവശത്തും ഇന്ത്യൻ ഭരണകൂടത്തിന്റെ മൃത്യുരാഷ്ട്രീയ സമീപനം മറുവശത്തുമായി അവസാനമില്ലാത്ത നീളുന്ന അസ്വസ്ഥതകളിലേക്കാണ് ഇപ്പോൾ മെയ്തേയി-കുക്കി സംഘട്ടനങ്ങൾ കടന്നുവന്നിട്ടുള്ളത്. മണിപ്പൂരിലാണ് ഇപ്പോൾ സംഘർഷം ഉണ്ടായിട്ടുള്ളതെങ്കിലും ഇതിനു മണിപ്പൂരിന്റെ ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും അപ്പുറത്തുള്ള കാരണങ്ങളുണ്ട്. മണിപ്പൂരിലെ ജനസംഖ്യയിൽ 50 ശതമാനത്തിലധികം മെയ്തേയികളാണ്.
അധികാരത്തിന്റെ എല്ലാതലങ്ങളിലും അവർക്ക് പ്രാതിനിധ്യം ഉണ്ടെന്നിരിക്കെ, എസ്.ടി സംവരണത്തിന് അവർക്ക് അവകാശമുണ്ടെന്നും അത് നല്കണമെന്നുമുള്ള കോടതിനിർദേശം വലിയ എതിർപ്പാണ് കുക്കി-നാഗ വിഭാഗങ്ങളിൽ സൃഷ്ടിച്ചത്. കുക്കി-നാഗ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന പ്രദേശങ്ങൾ റിസർവ് വനമായി പ്രഖ്യാപിച്ച് അവരെ അവിടെനിന്ന് കുടിയിറക്കുന്ന പ്രക്രിയ ബി.ജെ.പി സർക്കാർ നടപ്പിലാക്കിത്തുടങ്ങിയിരുന്നു. പുനരധിവാസ നടപടികൾ ഗൗരവമായി സർക്കാർ കണ്ടിരുന്നുമില്ല.
ഇതിനിടയിലാണ് സർക്കാർതന്നെ നിയമവിരുദ്ധമായ നിർമാണങ്ങൾ എന്നാരോപിച്ച് പള്ളികൾ പൊളിക്കാൻ തുടങ്ങുന്നത്. മെയ്തേയി ഭൂരിപക്ഷ ബി.ജെ.പി സർക്കാർ നടത്തുന്ന വംശീയ ആക്രമണത്തോടുള്ള പ്രതികരണമായാണ് കുക്കി-നാഗ-മെയ്തേയി കലാപങ്ങൾ ഉണ്ടായിട്ടുള്ളത്. നിരവധിപേർ മരിക്കുകയും അഭയാർഥികളായി മാറുകയുംചെയ്ത ഈ കലാപങ്ങളോടുള്ള കേന്ദ്ര സർക്കാറിന്റെ സമീപനം അവരുടെ മൃത്യുരാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമായിരുന്നു. മനുഷ്യർക്കിടയിലെ ഗോത്രവിദ്വേഷങ്ങൾ ആളിക്കത്തിച്ച് അവരെ തമ്മിലടിപ്പിച്ച് ക്രൂരമായ നിഷ്ക്രിയത്വത്തോടെ അതു നോക്കിരസിക്കുന്ന ഭരണകൂടത്തിന്റെ നൃശംസതയെ വെല്ലുവിളിച്ചുകൊണ്ടാണ് സ്നേഹത്തിന്റെ സന്ദേശവുമായി രാഹുൽ ഗാന്ധി മണിപ്പൂരിലേക്കു പോയത്. സി.പി.ഐ നേതാവ് ആനിരാജയും അവിടേക്ക് സാന്ത്വനവുമായി പോയിരുന്നു.
രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം തടയാനും അത് കഴിയാതെ വന്നപ്പോൾ അതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അതും ഫലപ്രദമല്ലെന്നായപ്പോൾ അതിനെ അപഹസിക്കാനും ഭരണകൂടവും ബി.ജെ.പിയും നടത്തിയ ശ്രമങ്ങളുടെ പകുതിയെങ്കിലും അവർ ആ സംഘർഷം ലഘൂകരിക്കാൻ ചെയ്തിരുന്നെങ്കിൽ ഇത്രയുംപേർക്ക് ജീവൻ നഷ്ടപ്പെടുകയും അനേകായിരങ്ങൾ ഭവനരഹിതരാവുകയും ചെയ്യുമായിരുന്നില്ല. രാഹുൽ ഗാന്ധിക്ക് മണിപ്പൂരിൽ രണ്ടുവിഭാഗത്തിലെയും സാധാരണ ജനങ്ങളിൽനിന്ന്, വിശിഷ്യാ സ്ത്രീകളിൽനിന്ന് കിട്ടിയ സ്വീകരണം മറ്റൊരു നേതാവിനും ലഭിക്കാത്തത്ര അഭൂതപൂർവമായ ഒന്നായിരുന്നു.
കുക്കി അഭയാർഥി ക്യാമ്പിലേക്കുള്ള യാത്ര തടഞ്ഞപ്പോൾ ആയിരക്കണക്കിന് സ്ത്രീകൾ ആവേശപൂർവം രാഹുലിന് സിന്ദാബാദ് വിളിച്ചുകൊണ്ട് പൊലീസ് ബാരിക്കേഡുകൾ തകർത്ത് അദ്ദേഹത്തിന് വഴിയൊരുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ അവരുടെ വൈകാരികാവസ്ഥ വെളിപ്പെടുത്തുന്നതായിരുന്നു. കുക്കി അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹത്തെ മെയ്തേയി അഭയാർഥി ക്യാമ്പുകൾ സന്ദർശിക്കാൻ അനുവദിക്കാതെ തിരിച്ചയക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
എന്നാൽ, ദൃഢനിശ്ചയത്തിനുമുന്നിൽ ഭരണകൂടത്തിന്റെ ദുർവാശികൾ മുട്ടുമടക്കുകയായിരുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവുകയോ ആവാതിരിക്കുകയോ ചെയ്യാം. എന്നാൽ, തന്റെ വ്യക്തിപ്രഭാവം തുച്ഛമായ രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടിയല്ലാതെ മനുഷ്യരുടെ വേദനകളും മുറിവുകളും ഭേദമാക്കാൻ കൂടിയുള്ളതാണ് എന്ന് തിരിച്ചറിയുന്ന നിർഭയനായ ഒരു മനുഷ്യൻ നമുക്കിടയിൽ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിനു പറയാൻ ബാക്കിയുണ്ടാവുമെന്നതായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ നൈതിക സംഭാവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.