ഗുജറാത്തും നീചപ്രവൃത്തികളും
text_fieldsഅതിനിടയിൽ ഇംഗ്ലീഷിൽ ചിന്തിച്ച് ഹിന്ദിയിൽ നടത്തിയ നീചൻ പ്രയോഗത്തിെൻറ നാനാർഥങ്ങളെക്കുറിച്ച് തമിഴനായ അയ്യർക്ക് പലതും പറയണമെന്നുണ്ട്. പിറന്ന ജാതിയല്ല, പെരുമാറ്റമാണ് ഒരാളെ നീചനോ മാന്യനോ ആക്കുന്നതെന്ന വ്യാഖ്യാനവുമുണ്ട്. പിന്നാക്കക്കാരനെന്ന കാർഡ് പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പു കാലത്ത് ഉപയോഗിക്കാൻ മാത്രമുള്ളതാണെന്ന് പറയുന്നത് ബി.ജെ.പി വിട്ട് പുറത്തു ചാടിയ എം.പി നാനാ പതോൾ ആണ്. എന്നാൽ, മോദിയെ മുമ്പ് അയ്യർ ചായവിൽപനക്കാരനെന്ന് വിളിച്ചതിെൻറ കെടുതി വേണ്ടതിലേറെ അനുഭവിച്ച കോൺഗ്രസ് ക്ഷമാ പരീക്ഷണങ്ങൾക്കുള്ള മനോനിലയിൽ ആയിരുന്നില്ല. അയ്യർ ചായവിൽപനക്കാരൻ എന്നു പറഞ്ഞതും, മോദി അതു വിറ്റു കാശാക്കി. അതുകൊണ്ട്, പിന്നാക്ക വിഭാഗക്കാരെ അയ്യരും കോൺഗ്രസും അപമാനിക്കുന്നുവെന്ന ആക്ഷേപം ഉയരുംമുേമ്പ രാഹുൽ ഗാന്ധി പ്രതിയുടെ തലവെട്ടി തളികയിൽ വെച്ചു. എന്നിട്ടും നിശ്ശബ്ദത പാലിച്ച് തത്തുല്യ അന്തസ്സ് കാണിക്കുകയല്ല മോദി ചെയ്തത്. അയ്യർ ഗുജറാത്തികളെയാണോ, പിന്നാക്കക്കാരെയാണോ, തന്നെയാണോ അപമാനിച്ചതെന്ന ചോദ്യം പ്രചാരണ വേദികളിൽ ഉറക്കെ ചോദിച്ചു.
അസ്മിതയല്ല, അസഹ്യത
അയ്യരുടെ നാവബദ്ധം പോലും പൊതിഞ്ഞുകെട്ടി വോട്ടർമാർക്ക് വിതരണം ചെയ്യുേമ്പാൾ ഉയർന്നു കേൾക്കുന്നത് മോദിയുടെയും ബി.ജെ.പിയുടെയും നെഞ്ചിടിപ്പാണ്. രണ്ടു പതിറ്റാണ്ടായി ബി.ജെ.പി അഹങ്കാരമാക്കി കൊണ്ടുനടക്കുന്ന ഗുജറാത്ത് എന്ന ഉരുക്കുകോട്ടയിൽ വിള്ളൽ വീണിരിക്കുന്നു. ദലിത് രോഷം, പാട്ടീദാർ പ്രക്ഷോഭം, ജി.എസ്.ടി അങ്കലാപ്പ്, ന്യൂനപക്ഷ അന്യവത്കരണം, പരിക്ഷീണമായ ഗുജറാത്ത് വികസനം എന്നിങ്ങനെ പല പേരുകളിൽ ബി.ജെ.പിക്കെതിരെ അലയടിക്കുന്ന ഭരണവിരുദ്ധ വികാരം കോട്ട തകർക്കാതിരിക്കാനാണ് കേന്ദ്ര -സംസ്ഥാന മന്ത്രിമാരും കേന്ദ്ര -സംസ്ഥാന ബി.ജെ.പിയും മോദി -അമിത് ഷാമാരുടെ നേതൃത്വത്തിൽ ഗുജറാത്തിൽ പരിഭ്രാന്തമായി പ്രവർത്തിക്കുന്നത്. സംഘ്പരിവാറിൽനിന്ന് ഇക്കുറി വേണ്ടത്ര പിന്തുണ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് കിട്ടുന്നില്ലെന്ന അന്തശ്ചിദ്രം, പ്രകടനപത്രിക വോെട്ടടുപ്പിെൻറ തലേന്നു മാത്രം പുറത്തിറക്കാൻ കഴിഞ്ഞത്, പതിവിൽനിന്ന് ഭിന്നമായി വികസനത്തിെൻറ മേനി പറയാൻ കഴിയാത്ത സ്ഥിതി എന്നിവയെല്ലാം ഇതിനിടയിൽ ബാക്കിനിൽക്കുകയും ചെയ്യുന്നു.
തൊണ്ണൂറുകളിൽ തുടങ്ങി 2017ൽ എത്തിനിൽക്കുന്ന വിധം ഗുജറാത്തിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച ഉണ്ടായതിന് നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്ത വിഗ്രഹ പരിവേഷം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഹിന്ദുത്വത്തിെൻറ ആധാരശിലയിൽ നിന്നുകൊണ്ട് ഗുജറാത്തി അഭിമാനവും ഗുജറാത്ത് മോഡലും നരേന്ദ്ര മോദി വോട്ടർമാർക്കിടയിൽ നന്നായി വിറ്റു. പാഞ്ച് ക്രോർ ഗുജറാത്തികളുടെ അസ്മിതയെക്കുറിച്ച ഒാർമപ്പെടുത്തലും ഹം പാഞ്ച്, ഹമാരാ പച്ചീസ് പരിഹാസവുമാണ് ആ പ്രചാരണ തന്ത്രത്തിെൻറ പഞ്ച്
ൈലൻ. 2002ൽ അഞ്ചു കോടി ഗുജറാത്തികളുടെ അഭിമാനബോധം ഉണർത്താനാണ് മോദി ശ്രമിച്ചതെങ്കിൽ, 15 കൊല്ലം മുന്നോട്ടു പോയേപ്പാൾ അഭിമാന ബോധം ഉണരേണ്ട ഗുജറാത്തികളുടെ എണ്ണം ആറു കോടിയും കടന്നു. അതിനൊപ്പം അസ്മിതയല്ല, അസഹ്യത വർധിച്ചു വരുന്നത് കണ്ടില്ലെന്നു നടിക്കാനാണ്, അഭിമാന വാചാലതക്കിടയിൽ ബി.ജെ.പിയുടെയും മോദിയുടെയും അഹങ്കാരം സമ്മതിക്കാതിരുന്നത്. കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാൻ ഇക്കാലമത്രയും ഫലപ്രദമായൊരു ക്രമീകരണമില്ലാതെ ചുരുണ്ടുകൂടിയ കോൺഗ്രസ്, വർഗീയ ധ്രുവീകരണം കണ്ട് ഭയന്നു പതുങ്ങിയ മാളത്തിൽനിന്ന് ഇപ്പോൾ മാത്രമാണ് പ്രതീക്ഷാപൂർവം പുറത്തേക്കു വരുന്നത്. പല ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾ ഒരുമിപ്പിച്ചെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ ശ്രമം, ചെറുപ്പക്കാരായ നേതാക്കളുടെ കൂട്ടായ്മയായി മാറുന്നതു കണ്ടപ്പോഴാണ് മോദി -അമിത് ഷാമാർക്ക് അങ്കലാപ്പ് വർധിച്ചത്. തീവ്രമായി ശ്രമിച്ചിട്ടും ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫോേട്ടാഫിനിഷിെൻറ വക്കിലെത്തി നിൽക്കുന്നു. അതിനിടയിൽ അയ്യരെങ്കിൽ അയ്യർ. ബി.ജെ.പിക്കെന്ന േപാലെ കോൺഗ്രസിനും അയ്യരെങ്കിൽ അയ്യർ എന്നു ചിന്തിച്ചേ പറ്റൂ.
അറുകൊലക്കു നേരെ കണ്ണടച്ച്
നീചൻ പ്രയോഗത്തിെൻറ പേരിൽ ഗുജറാത്തിൽ ഇളക്കങ്ങൾ ഉണ്ടാക്കിയ അതേ ദിവസംതന്നെയാണ് ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിൽ ഒരു അറുകൊല കൂടി നടന്നത്. പശ്ചിമ ബംഗാളിൽനിന്ന് രാജസമന്ദിൽ പണിയെടുക്കാനെത്തി കുടുംബമായി താമസിക്കുന്ന തൊഴിലാളി അഫ്റസൂൽ ഖാനെ കോടാലിക്ക് വെട്ടി പെട്രോളൊഴിച്ചു കത്തിച്ചു കൊന്നു. ഹിന്ദു യുവതിയെ പ്രണയിച്ചു എന്ന് ആരോപിച്ചാണ് ശംഭുലാൽ എന്നയാൾ ഒരു മനുഷ്യനെ പച്ചക്ക് ചുട്ടത്. ഗുജറാത്ത് കഴിഞ്ഞാൽ ഹിന്ദുത്വത്തിെൻറ മറ്റൊരു പരീക്ഷണ ശാലയായി മാറിയിരിക്കുന്ന രാജസ്ഥാനിൽ മുസ്ലിംകൾക്കു നേരെ അതിക്രമങ്ങൾ പെരുകിയിരിക്കുകയാണ്. ഒമ്പതു മാസങ്ങൾക്കിടയിൽ അഞ്ചു മുസ്ലിംകളാണ് ഇങ്ങനെ അറുകൊലക്ക് ഇരയായത്. കാലിക്കടത്തിെൻറ പേരിൽ ആൾവാറിൽ 22കാരനായ താലിം ഹുസൈനെ കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഏപ്രിൽ മൂന്നിനാണ് കാലിക്കച്ചവടക്കാരനാണെന്ന് ആരോപിച്ച് ഗോരക്ഷക ഗുണ്ടകൾ പെഹ്ലൂഖാനെ തല്ലിക്കൊന്നത്. ജൂൺ 16നാണ് സഫർഖാൻ പ്രതാപ്ഗഢിൽ ആൾക്കൂട്ട കൊലക്ക് ഇരയായത്.
നവംബർ 10നാണ് കാലിക്കടത്തിെൻറ പേരിൾ ആൾവാറിൽ ഉമർ ഖാനെ വെടിവെച്ചു കൊന്നത്. രാജസ്ഥാനിൽ ന്യൂനപക്ഷ സമുദായക്കാർ ആസൂത്രിതമായി ആക്രമിക്കപ്പെടുന്നു. പാഠപുസ്തകങ്ങൾ കാവിവത്കരിച്ചു വരുന്നു. ആർ.എസ്.എസ് പോഷക സംഘടന അടുത്തയിടെ ജയ്പുരിൽ സ്കൂൾ കുട്ടികളെ നിർബന്ധപൂർവം പെങ്കടുപ്പിച്ചു നടത്തിയ സമ്മേളനത്തിൽ ലവ് ജിഹാദായിരുന്നു പ്രധാന പ്രമേയം. ഇങ്ങനെ വസുന്ധര രാജെ സർക്കാറിനെക്കുറിച്ച് വേറെയുമുണ്ട് ഒേട്ടറെ ഗൗരവപ്പെട്ട പരാതികൾ. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. ഗുജറാത്തിലെന്ന പോലെ രാജസ്ഥാനിലും ന്യൂനപക്ഷങ്ങൾ നിസ്സഹായരും നിരാലംബരുമായി പാർശ്വവത്കരിക്കപ്പെടുകയാണ്. അതിനായുള്ള ക്രൂരതകളുടെ മറ്റൊരു പതിപ്പാണ് രാജസമന്ദിൽ നടന്നത്. ഒരേ ദിവസമാണ് സംഭവിച്ചതെങ്കിലും അഫ്റസൂൽ ഖാെൻറ കൊലപാതകത്തേക്കാൾ തെരഞ്ഞെടുപ്പു ഗോദയിലും ദേശീയതലത്തിലും ചർച്ചയായത്, പ്രധാനമന്ത്രി പദവിയിലിരിക്കുന്നയാൾക്കു നേരെ മണിശങ്കർ അയ്യർ മോശം പദം പ്രയോഗിച്ചതാണ്. ദേശീയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും അജണ്ടയും വിളിച്ചുപറയുന്നു, രണ്ടു സംഭവങ്ങളോടുമുള്ള സമീപനം. നീചപ്രവർത്തനത്തെക്കാൾ മോശം, നീചനെന്ന് വിളിക്കുന്നതത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.