മന്നത്തിന്റെ നാൾവഴികൾ
text_fieldsപെരുന്ന മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി 1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. അഞ്ചാം വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. ചങ്ങനാശ്ശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകളാൽ അവിടെ തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു.
അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് സ്വന്തമായി. അക്കാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ എന്നിവയിലൂടെ ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവന പരീക്ഷ പാസായി കാഞ്ഞിരപ്പള്ളിയിൽ വാധ്യാരായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പല സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഥമാധ്യാപകനായി പ്രവർത്തിച്ചു. 27ാം വയസ്സിൽ മിഡിൽ സ്കൂൾ അധ്യാപകനായിരിക്കെ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിവെച്ചു. സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജ രൂപവത്കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം-ഇങ്ങനെ ഒന്നിനു പിറകെ മറ്റൊന്നായി സമുദായ പ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31ന് നായർസമുദായ ഭൃത്യജന സംഘത്തിന്റെ പേര് നായർ സർവിസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്തു.
1924ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, വൈക്കത്തുനിന്ന് രാജധാനിയിലേക്ക് നയിച്ച ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ മന്നത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും, പ്രക്ഷോഭണ വൈദധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി. 1947ൽ സംഘടനയുമായുള്ള ഔദ്യോഗിക ബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോൺഗ്രസിനും ഉത്തരവാദ ഭരണപ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തുചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് രണ്ടരമാസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് നിയമസഭാ സാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹിക പ്രവർത്തനങ്ങളിലും എൻ.എസ്.എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുകൊച്ചി സംസ്ഥാനവും, അനന്തരം കേരള സംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാവാൻ കൂട്ടാക്കിയില്ല. 1957ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. സമരത്തിന്റെ ഫലമെന്നോണം കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്റ് ഭരണം നടപ്പിൽവരുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച സേനാനി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രശസ്തി അതിരുകൾക്കപ്പുറത്തേക്കെത്തി. മികച്ച വാഗ്മിയായിരുന്ന മന്നത്തിന് സരളമായ ഭാഷാശൈലിയും രചനാരീതിയും അധീനമായിരുന്നു. പഞ്ചകല്യാണി നിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്ര നിരൂപണം, ഞങ്ങളുടെ എഫ്.എം.എസ് യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവയാണ് പ്രധാന കൃതികൾ.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്രപറഞ്ഞു. എങ്കിലും മന്നത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവിസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയിൽത്തന്നെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവിസ് സൊസൈറ്റിയുടെ ഏതു പ്രവർത്തനങ്ങൾക്കും സമാരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
സേവനപ്രവർത്തനങ്ങൾ മുഖ്യമായും നായർ സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, ഗുണഭോക്താക്കൾ നാനാജാതി മതസ്ഥരായ ബഹുജനങ്ങളാണെന്ന വസ്തുതയെ അംഗീകരിച്ച് 1966ൽ ഇന്ത്യാ ഗവൺമെന്റ് പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. കൂടാതെ, 1989ൽ തപാൽവകുപ്പ് അദ്ദേഹത്തിന്റെ സ്മാരകമായി സ്റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകിയാണെങ്കിലും 2014ൽ കേരള സർക്കാർ മന്നം ജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചു.
ആ മഹാത്മാവിന്റെ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച് എല്ലാവർഷവും ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നായർ സർവിസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.