ഉന്മൂലന സിദ്ധാന്തം ജനാധിപത്യപരമല്ല
text_fieldsലെനിനുശേഷം സോവിയറ്റ് യൂനിയനെ ആരു നയിക്കും എന്ന ചോദ്യം ഉയർന്നു. ലെനിൻ, ട്രോട്സ്കി, കമനേവ്, സ്റ്റാലിൻ- ഇവരായിരുന്നു കമ്യൂണിസ്റ്റ് മുന്നേറ്റത്തിെൻറ അമരത്ത്. ട്രോട്സ്കിയുടെ ജനകീയത അനുപമമായിരുന്നു. സ്റ്റാലിന് പാർട്ടിയിലും നേതാക്കന്മാരിലുമായിരുന്നു സ്വാധീനം. പാർട്ടിയിലെ അപ്രമാദിത്വത്താൽ സ്റ്റാലിൻ ലെനിെൻറ പിൻഗാമിയായി ഉയർന്നു. ഇവിടെ തീർന്നില്ല, ജനകീയനായ ട്രോട്സ്കിയുടെ സാന്നിധ്യം തനിക്ക് ഗുണകരമാവില്ലെന്നു കണ്ട സ്റ്റാലിൻ അയാളെ ഉന്മൂലനം ചെയ്യണമെന്നു കരുതി. ലെനിനും ട്രോട്സ്കിയും തമ്മിലുണ്ടായിരുന്ന അഭിപ്രായഭിന്നതകളും സ്റ്റാലിൻ പാർട്ടിയെയും ജനങ്ങളെയും ഓർമിപ്പിച്ചു. മുഴുവൻ ഔദ്യോഗികസ്ഥാനങ്ങളിൽനിന്നും ട്രോട്സ്കിയെ ഒഴിവാക്കി. വിപ്ലവാനന്തരം തകിടംമറിയുന്ന കമ്യൂണിസത്തിന് പ്രസക്തിയില്ലെന്നും വിപ്ലവം സ്ഥായിയായിരിക്കണമെന്നും ട്രോട്സ്കി വാദിച്ചിരുന്നു. ലെനിനുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ ഗുരുതരമാകുന്നത് ഇത്തരം സൈദ്ധാന്തിക വൈജാത്യങ്ങളാലായിരുന്നു. ട്രോട്സ്കിയെ ലെനിൻ ജൂദാസ് എന്നു വിളിച്ചാണ് പിന്നീട് അഭിസംബോധന ചെയ്തതത്രെ. എങ്കിലും ട്രോട്സ്കിക്ക് പാർട്ടിയിലും സോവിയറ്റ് യൂനിയനിലും നല്ലൊരിടമുണ്ടായിരുന്നു. പക്ഷേ, സ്റ്റാലിെൻറ ഏകാധിപത്യം ആരംഭിച്ചതോടെ ട്രോട്സ്കിക്ക് നാടുവിടേണ്ടിവന്നു.
മെക്സികോയിൽ ഒളിവിൽ കഴിയുന്ന ട്രോട്സ്കിയെപ്പോലും ഭയമായിരുന്നു സ്റ്റാലിന്. പലതവണ ട്രോട്സ്കിയെ വധിക്കാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. ഒടുവിൽ റാമൺ മെർസെഡാർ എന്ന സോവിയറ്റ് ചാരൻ മഞ്ഞുപാളികൾ മുറിക്കുന്ന മഴു ഉപയോഗിച്ച് ട്രോട്സ്കിയുടെ തലക്കു വെട്ടി. അങ്ങനെ ലിയോൺ ട്രോട്സ്കി എന്നറിയപ്പെട്ട ലെവ് ദെവദോവിച് ബ്രോൺസ്റ്റെയ്ൻ എന്ന കമ്യൂണിസ്റ്റ് വിപ്ലവകാരി ഉന്മൂലനം ചെയ്യപ്പെട്ടു. സ്റ്റാലിെൻറ കാലത്തുതന്നെ ട്രോട്സ്കിയെ സംബന്ധിച്ച വിവരങ്ങൾ ചരിത്രപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്തിരുന്നു. എന്നാൽ, പിന്നീട് നികിത ക്രൂഷ്ചേവിെൻറ കാലത്ത് അത്തരത്തിൽ മറവിയിലേക്കു തള്ളിമാറ്റിയ പല നേതാക്കളെയും ചരിത്രത്തിെൻറ ഓർമയിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ട്രോട്സ്കിയെ മാത്രം കൊണ്ടുവന്നില്ല. സെമിറ്റിക് മതക്കാരോടടക്കം ട്രോട്സ്കിയുടെ 'ചെമ്പട' ചെയ്ത ക്രൂരതയുടെ രക്തക്കറ പേറാതിരിക്കാനായിരിക്കണം ട്രോട്സ്കിയെ ഓർക്കാതിരിക്കാമെന്ന് ക്രൂഷ്ചേവ് കരുതിയത്. സോവിയറ്റ് കാലത്തെ ഇൗ ഉന്മൂലനം മാവോവാദിവേട്ടയുടെ പേരിൽ വ്യാജ ഏറ്റുമുട്ടലുകൾ നടപ്പാക്കുന്ന പിണറായി സർക്കാറിെൻറ കാലത്ത് വലിയ പ്രസക്തിയുള്ള ഓർമിപ്പിക്കലാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കകത്തുതന്നെയുള്ള അസഹിഷ്ണുതയുടെ പ്രകടമായ ആവർത്തനമാണ് ഈ 2020ാം ആണ്ടിലും ലോകത്തുതന്നെ 'ഉത്കൃഷ്ട കമ്യൂണിസം' അവശേഷിക്കുന്ന കേരളത്തിലും കാണുന്നത്. മാവോവാദികളുടെയും നക്സലുകളുടെയും ഉന്മൂലനസിദ്ധാന്തത്തോടോ നിലവിലെ ജനാധിപത്യ സംവിധാനത്തോടുള്ള അവരുടെ എതിർപ്പിനോടോ ഒരു തരത്തിലും യോജിക്കാൻ നിർവാഹമില്ല. തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളും സംവിധാനങ്ങളും ഉണ്ടായിരിക്കെ സമാന്തരമായി നിയമം നടപ്പാക്കുന്ന ഒരു രീതിയും പ്രോത്സാഹിപ്പിക്കപ്പെടാനും പാടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും അവരോടുള്ള സമീപനം അപരിഷ്കൃതമാകുന്നത് ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല. ഇന്ത്യയുടെ ഭരണഘടനപ്രകാരമുള്ള സഹിഷ്ണുതാപരമായ നീക്കുപോക്കുകളിലൂടെ തുടരേണ്ട രാഷ്ട്രീയ സംവാദത്തിന് പകരം സ്റ്റാലിനിസ്റ്റ് രീതിയിൽ അവരെ അഭിമുഖീകരിക്കുന്നത് ഇവിടത്തെ കമ്യൂണിസത്തിനുതന്നെയാണ് ദോഷം.
ലോകത്ത് ബാലറ്റിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിലായിരുന്നു. അഥവാ, സായുധവിപ്ലവത്തിലൂടെയല്ലാതെ ജനകീയമായി ജനാധിപത്യപരമായി അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സർക്കാറായിരുന്നു ഇ.എം.എസിേൻറത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിളർപ്പുകളിലും മറ്റു കാലഹരണപ്പെട്ട നിലപാടുകളിലും ഉലഞ്ഞും അടിസ്ഥാനവർഗങ്ങളിൽനിന്നകന്നും ഇന്ന് കേരളത്തിൽ മാത്രമുള്ള 'ഒരു തരി കനലായി' ചുരുങ്ങിയതാണ് നിലവിലെ സാഹചര്യം. കേരളത്തിലെ പാർട്ടിയുടെ നൈതികതയെയും അസ്ഥാനത്താക്കുന്ന ഒരു പ്രധാന പ്രശ്നമായി തുടർക്കഥയാകുന്ന മാവോവാദിവേട്ടകൾ മാറുന്നുണ്ട്.
പിണറായി സർക്കാറിെൻറ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്കുപോലും കഴിഞ്ഞ ദിവസം നടന്ന വേൽമുരുകെൻറ കൊലയിലോ മുമ്പു നടന്ന ജലീലിെൻറ കൊലയിലോ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ട്. പിണറായി അധികാരത്തിൽ വന്നയുടനെ മാവോവാദി നേതാക്കളായ കുപ്പു ദേവരാജനെയും അജിതയെയും ഇതുപോലെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. ഈ മൂന്ന് മാവോവാദിവേട്ടകളും പൊലീസിെൻറ വ്യാജ ഏറ്റുമുട്ടൽ കൊലകളാണെന്ന് ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്. സർവ സന്നാഹങ്ങളുമുള്ള തണ്ടർ ബോൾട്ട് എന്ന പൊലീസ് സേനക്ക് അത്യാവശ്യമെന്ന് വന്നാൽപോലും ഒന്നോ രണ്ടോ മാവോവാദികളെ കീഴ്പ്പെടുത്തുക എളുപ്പമാകില്ലേ? എന്നിട്ടും, വെടിവെച്ചുകൊല്ലുക എന്ന രീതി ലോകത്തിന് നൽകുന്ന സന്ദേശം എന്താണ്? ആരാണ് പൊലീസിന് ഇതിനുള്ള നിർദേശങ്ങൾ നൽകുന്നത്? ആരെ പ്രീതിപ്പെടുത്താനാണ്, ആരുടെ രാഷ്ട്രീയ വ്യവഹാരത്തെ തൃപ്തിപ്പെടുത്താനാണ് പിണറായി ഈ എക്സ്ട്രാ ജുഡീഷ്യൽ കൊലകൾ നടപ്പാക്കുന്നത്?
വ്യാജ ഏറ്റുമുട്ടൽ കൊലകൾക്ക് മോദി-ഷാ ഭരണകാലത്തെ ഗുജറാത്തിലേക്കോ യോഗി ആദിത്യനാഥിെൻറ യു.പിയിലേക്കോ പോകേണ്ടതില്ല, ഇവിടെ കേരളത്തിൽ ഇതൊക്കെ നടക്കും എന്നാണല്ലോ ഈ ചെയ്തുകൂട്ടുന്നതിെൻറയൊക്കെ അർഥം. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യപരമായ രീതികളിലൂടെ കൈകാര്യം ചെയ്യാൻ സൗകര്യമില്ലെങ്കിൽ ഇടതുപക്ഷ സർക്കാറിനും കാടുകയറി ഗറില പോരാട്ടം നടത്താമല്ലോ. രാജ്യത്തെ ഏറ്റവും പ്രബുദ്ധമായ ഒരു സംസ്ഥാനത്തിെൻറ ഭരണസാരഥ്യം ഉപയോഗിച്ച് പൊലീസ്രാജ് നടപ്പാക്കുമ്പോൾ നാട്ടിലെ കോടതികളും നിയമങ്ങളും വെറുതെയാവില്ലേ? സർക്കാർ സംവിധാനങ്ങൾ എത്തിപ്പെടാത്ത, പരാജയപ്പെടുന്ന, ഉദ്യോഗസ്ഥവൃന്ദത്തിെൻറ സാങ്കേതികതയുടെ ചുവപ്പുനാടകളിലോ രാഷ്ട്രീയക്കാരുടെ പിടിച്ചുപറിയിലോ അവകാശങ്ങളും അവസരങ്ങളും നഷ്ടമാകുന്ന അടിസ്ഥാന വർഗങ്ങൾക്കിടയിൽ മാവോവാദികളും നക്സലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവിടേക്ക് അയക്കേണ്ടത് അരിയും വെള്ളവും വെളിച്ചവും പാഠപുസ്തകങ്ങളും അവസരങ്ങളുമാണ്, അല്ലാതെ തണ്ടർ ബോൾട്ടിനെയല്ല.
സ്ഥിതിസമത്വവും സാമൂഹികനീതിയും മുഖമുദ്രയാക്കി മുന്നോട്ടുപോകാനാണ് കമ്യൂണിസ്റ്റുകൾ തുനിയേണ്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ തകർച്ചയോടെ ഒഴിവുവരുന്ന ഇടത്തേക്ക് വർഗീയ ഫാഷിസ്റ്റുകൾ കൂടുവെക്കുന്നത് ലോകത്തിനാകമാനം അപകടമാണ്. അതിനാൽ ജനാധിപത്യബോധമുള്ള, സാമൂഹിക സമത്വ ചിന്തയുള്ള കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇവിടെ പുലരണമെന്നു കരുതുന്ന കോൺഗ്രസുകാരനാണ് ഞാൻ.
ഒരു ആശയത്തിെൻറ ഉന്മൂലനം കോൺഗ്രസിെൻറ ആശയമല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിക്കുന്നതിെൻറ വിശാലമായ അർഥമെന്താണെന്നറിയാം. കമ്യൂണിസം അന്യംനിന്നുപോകാതിരിക്കാൻ രണദിവെ തീസിസ് മോഡലിൽ പ്രശ്നപരിഹാരം കാണുന്ന രീതി എല്ലാ കമ്യൂണിസ്റ്റുകാരും അവസാനിപ്പിക്കണം; അത് അധികാരമുള്ളവർക്കും ഇല്ലാത്തവർക്കും ബാധകമാണ്.
നാടുനീളെ ഏണസ്റ്റോ ചെ ഗുവേരയുടെ പടംവെക്കുന്ന കമ്യൂണിസ്റ്റുകൾ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ, ചെ ഗുവേര പിണറായി സർക്കാറിെൻറ കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന്. മറ്റൊരു സി.പി. ജലീലോ ദേവരാജനോ വേൽമുരുകനോ ആയേനെ. ഇപ്പോൾ തോക്കും അമ്പും വില്ലുമൊക്കെയുള്ള മാവോവാദികളും നക്സലൈറ്റുകളും ഇവിടെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടും.
അതുകഴിഞ്ഞാൽ കാറ്റഗറികൾ മാറും. ഇശ്റത് ജഹാന്മാരും സൊഹ്റാബുദ്ദീനും ഇവിടെ ധാരാളമുണ്ടാകും. ബട്ല ഹൗസുകൾ സ്ഥിരവാർത്തയാകും. അതിനാൽ വേണ്ടത് ഗൗരവതരമായ രാഷ്ട്രീയ-സാമൂഹിക ജാഗ്രതയാണ്. ഇതുവരെ നടന്ന മാവോവാദിവേട്ടകളെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇതുപോലെ നീതിന്യായ സംവിധാനങ്ങൾക്ക് അതീതമായ പൊലീസ് വാഴ്ച അവസാനിപ്പിക്കണം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.