സമാധാനത്തിന്റെ തെളിനീർ തുള്ളികൾ
text_fieldsമാർച്ച് 22 ലോക ജലദിനമാണ്. ഓരോ തുള്ളിയും സൂക്ഷിച്ച് വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘ജലം സമാധാനത്തിന്’എന്നതാണ് ഈ വർഷത്തെ പ്രമേയം. ജലം ജീവന്റെ അടിസ്ഥാനമാണെന്ന് നമുക്കറിയാം. മനുഷ്യന്റെ സാമൂഹികജീവിതത്തിലും ജലലഭ്യത വലിയൊരു പങ്കുവഹിക്കുന്നു. ലോകത്തെ പ്രധാന നദികളിൽ 286 എണ്ണം ഒന്നിലധികം രാജ്യങ്ങളിലൂടെ ഒഴുകുന്നവയാണ്. 13 എണ്ണം അഞ്ചോ അതിലധികമോ രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. ഈ നദികളിലെ ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ നദീജല തർക്കങ്ങൾ നമുക്കറിവുള്ളതാണല്ലോ. സംഘർഷ കാരണമെന്നതിനുപകരം സമാധാനത്തിനുള്ള ഉപകരണമാക്കി മാറ്റാൻ സാധിക്കണമെന്നാണ് ഇത്തവണത്തെ ജലദിനം ലോകത്തെ ഓർമപ്പെടുത്തുന്നത്.
ദേശീയ ജലനയമനുസരിച്ച് പ്രഥമപരിഗണന കുടിവെള്ളത്തിനാണ്. കാലാവസ്ഥ വ്യതിയാനവും ജലസംരക്ഷണത്തിന്റെ അഭാവവും ജലലഭ്യത ക്കുറവിന് കാരണമായിത്തീരുന്നു. ഇപ്പോൾ അനുഭവപ്പെടുന്ന അത്യുഷ്ണം ഇതേപടി തുടർന്നാൽ കടുത്ത വരൾച്ചയാണ് നമ്മെ കാത്തിരിക്കുന്നത്. കേരളം ജലസമൃദ്ധമാണെന്ന് നാം പറയാറുണ്ടെങ്കിലും പെരിയാർ ഒഴികെ മിക്ക നദികളും വേനൽക്കാലത്ത് വറ്റിപ്പോവുകയോ നീരൊഴുക്ക് കുറയുകയോ ചെയ്യുന്നവയാണ്. ഭൂജലലഭ്യതയുടെ കാര്യത്തിലും ആശങ്കജനകമായ വസ്തുതകൾ പുറത്തുവന്നിട്ടുണ്ട്. 2022ൽ കേന്ദ്ര ഭൂജല ബോർഡ് നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മൂന്നു പ്രദേശങ്ങൾ -ക്രിട്ടിക്കൽ- എന്ന വിഭാഗത്തിലാണ് പെടുത്തിരിക്കുന്നത്. 27 പ്രദേശങ്ങൾ -സെമി ക്രിട്ടിക്കൽ- വിഭാഗത്തിൽ പെടുന്നതായും ഈ റിപ്പോർട്ടിൽ പറയുന്നു.
സംഘർഷങ്ങൾക്ക് വഴിവെക്കുന്ന മറ്റൊരു ഘടകം ജലത്തിന്റെ ഗുണനിലവാരമാണ്. ഓരോ ആവശ്യത്തിനും ഉപയോഗിക്കുമ്പോൾ ജലത്തിന് ഉണ്ടായിരിക്കേണ്ട ഗുണനിലവാരമെന്താണെന്ന് ബ്യൂറോ ഒാഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് നിർവചിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തിൽ ഗുണനിലവാരം പരമപ്രധാനമാണ്. കുടിവെള്ളം ശുദ്ധവും സുരക്ഷിതവുമല്ലെങ്കിൽ ജലജന്യരോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിത്തീരും. ലോകത്ത് ജലജന്യരോഗങ്ങൾ കാരണം പ്രതിവർഷം 10 ലക്ഷം പേർ മരണമടയുന്നതായി ലോകാരോഗ്യസംഘടന പറയുന്നു. ഇതിൽ നാല് ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു.
ചില പ്രത്യേക പ്രദേശങ്ങളിൽ പ്രകൃതിയിൽ കാണപ്പെടുന്ന ഫ്ലൂറൈഡ്, ആഴ്സനിക് തുടങ്ങിയ ചില രാസപദാർഥങ്ങൾ ജലമലിനീകരണത്തിന് കാരണമായിത്തീരുന്നു. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന്റെ അഭാവമാണ് ജല മലിനീകരണത്തിന്റെ പ്രധാന കാരണം. നാം ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങൾ മറ്റുള്ളവർക്കും സമൂഹത്തിനും പ്രകൃതിക്കും അപകടം വരുത്താത്ത വിധത്തിൽ സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന ബോധം ഇനിയും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിട്ടില്ല. നമ്മുടെ ജലാശയങ്ങൾ പലപ്പോഴും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിത്തീരാറുണ്ട്. കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ ഇനിയും വേണ്ടത്ര പ്രചാരത്തിലായിട്ടില്ല. കൂടിവരുന്ന ജനസാന്ദ്രത, ഇവ കാരണം തുണ്ടു വത്കരിക്കപ്പെടുന്ന പുരയിടങ്ങൾ എന്നിവ കൂടി ചേരുമ്പോൾ കക്കൂസ് മാലിന്യങ്ങൾ ഭൂജലത്തിലും അതുവഴി കിണറുകളിലും എത്തിച്ചേരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഈ സാഹചര്യത്തിൽ ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിനും മലിനജലം ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനും പ്രത്യേകം പ്രാധാന്യമുണ്ട്.
ജല ലഭ്യത, ഗുണനിലവാരം, പൊതുസമൂഹത്തിന് ജലത്തിന്മേലുള്ള അവകാശവും ഉടമസ്ഥതയും എന്നിവയെല്ലാം ഉറപ്പാക്കുന്നതിലൂടെ മാത്രമേ ജലവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഒഴിവാക്കാൻ കഴിയൂ. ഇതിനാകട്ടെ, പൊതുസമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. കാരണം രാഷ്ട്രീയമോ ഭരണപരമോ ആയ അതിർത്തികൾ ജലത്തിന് ബാധകമല്ല എന്നതുതന്നെ.
ഭൂമുഖത്തെ ജലം മനുഷ്യന് മാത്രമല്ല, മറ്റെല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ബോധം കൂടിയുണ്ടാകുമ്പോൾ മാത്രമേ പ്രകൃതിയോടുള്ള ഉത്തരവാദിത്തങ്ങൾ നമുക്ക് നിറവേറ്റാൻ കഴിയൂ.
(അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് (അക്വ) ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.