പരീക്ഷഹാളിലേക്ക് പോകാം, ആത്മവിശ്വാസത്തോടെ
text_fieldsമാർച്ച് മാസം നമുക്ക് പരീക്ഷക്കാലമാണ്..10,11,12 ക്ലാസുകളിൽ പൊതു പരീക്ഷയാണ്. ജീവിതത്തിൽ ആദ്യമായി പ്രധാന പൊതുപരീക്ഷ എഴുതുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി വിദ്യാർഥികൾ ഇന്ന് പരീക്ഷഹാളിലെത്തും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ രണ്ടായിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന് കേന്ദ്രങ്ങളിലായി നാലു ലക്ഷത്തി ഇരുപത്തിയേഴായിരത്തി ഒരുന്നൂറ്റി അഞ്ചു കുട്ടികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്.
11, 12 ക്ലാസുകളിലെ പൊതുപരീക്ഷ 2024 മാർച്ച് ഒന്നിന് ആരംഭിച്ചു. ഒന്നാംവർഷ പരീക്ഷ എഴുതുന്നത് നാലു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി അമ്പത്തൊമ്പത് വിദ്യാർഥികളാണ്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അവസാനഘട്ട പരീക്ഷ 12ാം ക്ലാസിലാണ്. അതെഴുതുന്നവർ നാലു ലക്ഷത്തി നാൽപത്തൊന്നായിരത്തി ഇരുനൂറ്റിപ്പതിനൊന്ന് കുട്ടികളാണ്. ഇതുകൂടാതെ വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷയും നടക്കുന്നു. ഒന്നാം വർഷം ഇരുപത്തിയേഴായിരത്തി എഴുന്നൂറ്റി എഴുപത് കുട്ടികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വർഷം ഇരുപത്തിയൊമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയേഴ് കുട്ടികൾ പരീക്ഷയുടെ ഭാഗമാകുന്നു.
പരീക്ഷകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് വേണ്ട എല്ലാവിധ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് അധിക പിന്തുണ നല്കിയ രക്ഷാകർതൃ സമിതികളെയും അധ്യാപകരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും അനുമോദിക്കുന്നു.
കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ, അവരുടെ പഠനകാലത്ത് ആർജിച്ച കാര്യങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു പ്രക്രിയയാകണം പരീക്ഷകൾ. സ്കൂൾ പഠനത്തിനു ശേഷവും കുട്ടികളുടെ മുന്നിൽ പലതരം പ്രശ്നങ്ങളും ഉയർന്നുവരും. അത്തരം ഘട്ടങ്ങളില്‍ പ്രശ്നങ്ങളെ നിർഭയമായി അഭിമുഖീകരിക്കാൻ സഹായകമാകുംവിധം സ്കൂൾ പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന ഒരു അവസരമായാണ് പരീക്ഷകളെ കാണേണ്ടത്. കുട്ടികളേക്കാൾ ഇക്കാര്യം ബോധ്യപ്പെടേണ്ടത് രക്ഷിതാക്കൾക്കാണ്.
കുട്ടികളിൽ ഒരുതരത്തിലുള്ള മാനസിക സമ്മർദങ്ങളും ഉണ്ടാകാതെ നോക്കാനുള്ള ചുമതല രക്ഷിതാക്കൾക്കുണ്ട്. അമിത പ്രതീക്ഷകളോടെ കുട്ടികളെ സമീപിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. താല്‍ക്കാലികമായുണ്ടാകുന്ന അഭിമാന പ്രശ്നമായി വിദ്യാഭ്യാസത്തെ കാണരുത്. നാം കൈക്കൊള്ളുന്ന ഏതൊരു കാര്യവും കുട്ടിയുടെ ജീവിതത്തെ ബാധിക്കുമെന്ന ബോധ്യം രക്ഷിതാക്കള്‍ക്കുണ്ടാകണം. ഒരു കുട്ടിയെ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യരുത്. ഓരോ കുട്ടിയും സ്വന്തമായ കഴിവുള്ള സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. അതുകൊണ്ട് ഓരോരുത്തരുടെയും കഴിവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്.
ഇനി ഏതെങ്കിലും സാഹചര്യത്തിൽ കുട്ടികൾക്ക് മാനസിക പിരിമുറുക്കങ്ങളോ സമ്മർദങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിനുള്ള കൗൺസലിങ് സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്. കുഞ്ഞുങ്ങൾ പരീക്ഷകളെ അമിതമായ മത്സരമായി കാണരുത്. വിദ്യാഭ്യാസ ഘട്ടത്തിൽ പലതരം വിലയിരുത്തലിനും കുട്ടികൾ വിധേയമാകേണ്ടിവരും.
അങ്ങനെ സ്വാഭാവികമായി നടക്കുന്ന ഒരു വിലയിരുത്തലായി കണ്ടാൽ മതി. നന്നായി തയാറാവുക. പരീക്ഷയെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുക. പരീക്ഷ എന്നത് ഒരാളുടെയും ജീവിതത്തിലെ അന്തിമ വിലയിരുത്തൽ അല്ല. ജീവിതവിജയം മറ്റൊട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണുള്ളത്. നന്നായി തയാറാവുക. ആത്മവിശ്വാസത്തോടെ പരീക്ഷകളെ അഭിമുഖീകരിക്കുക. പരീക്ഷപ്പേടി എന്നൊന്ന് ആവശ്യമില്ല.
എല്ലാവര്ക്കും ആശംസകള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.