കേമ്പാളം ലോക്ഡൗണിൽ; കച്ചവടം ഓൺലൈനിൽ
text_fieldsപെരുന്നാൾ കച്ചവടത്തിനായി വാങ്ങിവെച്ച കുഞ്ഞുടുപ്പുകൾ ഒക്കെയും പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്കായി വാരിയെടുത്തുകൊടുത്ത എറണാകുളം ബ്രോഡ്വേയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദിനെ ഓർക്കുന്നുണ്ടോ? കച്ചവടക്കണ്ണ് മറന്നുള്ള നൗഷാദിെൻറ കാരുണ്യം വാഴ്ത്തിപ്പാടിയ നമ്മളാരെങ്കിലും കോവിഡ് ലോക്ഡൗണിൽ അദ്ദേഹം എങ്ങനെയാണ് കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? രണ്ട് ലോക്ഡൗണിലും പാടെ അടഞ്ഞുകിടന്ന നൗഷാദിേൻറതുൾപ്പെടെയുള്ള കടകളടങ്ങുന്ന ബ്രോഡ്വേയിൽ ഇന്ന് മറ്റൊരു കാഴ്ച കാണാം. സ്കൂട്ടറുകളിലും ബൈക്കിലും ഇ-കാർട്ട് എന്ന് എഴുതിയ കൂറ്റൻ ബാഗുകൾ പൊത്തിപ്പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പായുന്ന അനേകം ഡെലിവറി പാർട്ണർമാരെ.
സംസ്ഥാനത്തിെൻറ വ്യാപാര മേഖലയിൽ വലിയൊരു പരിവർത്തനത്തിെൻറ നാളുകളാണ് ലോക്ഡൗൺ വരുത്തിയത്. അടഞ്ഞുകിടക്കുന്ന കടകളെ സാക്ഷിയാക്കി എന്തും വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ഇ-കോമേഴ്സ് കുത്തകകളുടെ സർവാധിപത്യം. ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളും മാത്രം വിൽക്കാൻ അനുമതി നൽകിയ നാളുകളിൽ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും ഉൾപ്പെടെ എന്തും എത്തിക്കും.
'ഈ ലോക്ഡൗൺ നാളുകളിൽ മൂന്നു ദിവസം മാത്രമാണ് കച്ചവടം നടത്താൻ അനുമതി ലഭിച്ചത്. ഡ്രസ് എല്ലാം പൊടിതട്ടി വെച്ചു. വഴിയോരത്ത് അടുക്കിവെച്ച് കാത്തിരുന്നിട്ടും വാങ്ങാൻ ആളെത്തിയില്ല. ബസും വണ്ടിയും ഓടുന്നില്ലല്ലോ. ഉപ്പുതൊട്ട് എല്ലാം വീട്ടിൽ എത്തിച്ചു നൽകുന്ന ഓൺലൈൻ കച്ചവടക്കാർക്കു മാത്രം നിയന്ത്രണം ഉണ്ടായില്ല. ബിസ്കറ്റ് വാങ്ങാൻപോലും കാശില്ലാതെ ആളുകൾ വിളിക്കുന്നുണ്ട്.
കൈയിലുള്ളതെല്ലാം കൊടുത്തു. ഇനിയെന്തു ചെയ്യും' -നൗഷാദ് ചോദിക്കുന്നു. നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന സമൂഹത്തിെൻറ ഒരു പ്രതിനിധി മാത്രമാണ് നൗഷാദ്. കേരളത്തിലെ ഓരോ നഗരത്തിലും ഗ്രാമത്തിലും ദുരിതത്തിലാഴ്ന്ന പതിനായിരക്കണക്കിന് ചെറുകിട വ്യാപാരികളിൽ ഒരാൾ മാത്രം.
നിലനിൽപ് ഭീഷണിയിൽ ചെറുകിട വ്യാപാരികൾ
പരമ്പരാഗത വ്യാപാരികളുടെ നിലനിൽപുതന്നെ അപകടത്തിലാക്കുന്നവിധമാണ് ഇ-കോമേഴ്സ് സ്ഥാപനങ്ങളുടെ പ്രവർത്തനം. അത് ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ ഇലക്ട്രോണിക്സ് ഉൽപന്ന വിപണിയെയാണ്.
'കേരളത്തിൽ മൊത്തം വിൽക്കുന്ന ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ 25 മുതൽ 30 ശതമാനം വരെ ഇന്ന് ഓൺലൈൻ കച്ചവടമാണ് നടക്കുന്നത്. ഈ ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെങ്കിലും ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വരെ ഇ-കോമേഴ്സ് കുത്തകകൾ ഡെലിവറി നടത്തി'- ഓൾ ഇന്ത്യ മൊബൈൽ റീെട്ടയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും ടെക്ക്യു മൊബൈൽ ശൃംഖലയുടെ ഉടമയുമായ യാസർ അറഫാത്ത് പറയുന്നു.
അവശ്യസാധനങ്ങൾ വിൽക്കാനുള്ള ഇളവ് മുതലെടുത്ത് അതിെൻറ മറവിലാണ് ഇ-കോമേഴ്സ് കുത്തകകൾ മറ്റ് ഉൽപന്നങ്ങൾ വിൽക്കുന്നത്. സാധാരണ വ്യാപാരികൾക്ക് നിഷേധിക്കപ്പെട്ട അവകാശം വൻകിട ഓൺലൈനുകാർ മുതലെടുത്തു. ലോക്ഡൗൺ നീങ്ങുന്ന മുറക്ക് കേരളത്തിൽതന്നെ ബില്ലടിച്ച് നടക്കേണ്ട കച്ചവടം അങ്ങനെ ഓൺലൈൻ വ്യാപാരത്തിലൂടെ ഇതരസംസ്ഥാനങ്ങളിലേക്കു പോയി. നാട്ടിലെ കച്ചവടക്കാരുടെ അടിത്തറ തകർന്നു എന്നതിനു പുറമെ സംസ്ഥാന സർക്കാറിന് വൻ നികുതിനഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്.
നാട്ടിൽ നിറഞ്ഞ് ഫ്ലിപ്കാർട്ടും ആമസോണും
ഏതാനും വർഷം മുമ്പുപോലും എറണാകുളം നഗരത്തിൽ നിന്ന് ഏറെ അകലെയല്ലാത്ത പറവൂരിലേക്കോ കോഴിക്കോട്ടെ കൊടുവള്ളിയിലേക്കോ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ മുഖേന സാധനങ്ങൾ വാങ്ങൽ അസാധ്യമായിരുന്നു. വൻകിട നഗരങ്ങളിൽ മാത്രം ഡെലിവറി നടത്തിയിരുന്ന ഓൺലൈൻ ഷോപ്പിങ് കമ്പനികളിന്ന് ഊടുവഴികൾ താണ്ടി ഉൾനാടൻ ഗ്രാമങ്ങളിലെ വീട്ടുപടിക്കൽ വരെ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു. വീട്ടുമുറ്റത്തെ പെട്ടിപ്പീടികയിൽ പോയി തീപ്പെട്ടി വാങ്ങുന്നത്ര എളുപ്പത്തിൽ ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നുവേണ്ട എന്തും ഓൺലൈനിൽ കിട്ടും. അമേരിക്കൻ കുത്തക കമ്പനികളായ ഫ്ലിപ്കാർട്ടും ആമസോണും അത്രമാത്രം സുപരിചിതമായ പേരായി മാറിയിരിക്കുന്നു നമുക്ക്. റീട്ടെയിൽ രംഗത്തെ ഭീമന്മാരായ വാൾമാർട്ട് ഇന്ത്യയിലേക്ക് വരുന്നതിനെതിരെ ഒട്ടനവധി സമരങ്ങളാണ് ഒരു കാലത്ത് അരങ്ങേറിയിരുന്നത്. എന്നാൽ, ആ കമ്പനിയുടെ കൈപ്പിടിയിലായ ഫ്ലിപ്കാർട്ടിൽനിന്ന് ഷോപ്പിങ് നടത്തുേമ്പാൾ അതൊന്നും ആരും ഓർമിക്കുന്നുപോലുമില്ല.
മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിെൻറ അവസാന പാദത്തിൽ 43 ശതമാനം ബിസിനസ് വളർച്ചയാണ് ഫ്ലിപ്കാർട്ട് നേടിയത്. മുൻ സാമ്പത്തികവർഷത്തെക്കാൾ 47 ശതമാനം വരുമാന വളർച്ചയാണ് ആമസോണിന്. നിലവിൽ ഇരു കമ്പനികളും ഇന്ത്യയിൽ പ്രവർത്തിക്കുന്നത് ലാഭത്തിലല്ല. എന്നിട്ടുമെന്തിനാണ് കൂടുതൽ മുതലിറക്കി ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയിൽ അവർ തുടരുന്നത്? 2024ഓടെ ഇന്ത്യൻ ചെറുകിട ഇ-കോമേഴ്സ് വ്യാപാര മേഖല 11,100 കോടി ഡോളറിെൻറ വളർച്ച നേടും. ഇപ്പോൾ ഇറക്കുന്നതിെൻറ പലയിരട്ടി അന്ന് കൊയ്യാം. രാജ്യത്തെ ഉത്സവ സീസണായ ഒക്ടോബർ-നവംബർ മാസം മാത്രം 830 കോടി ഡോളറിെൻറ ഓൺലൈൻ കച്ചവടമാണ് നടക്കുന്നത്. ഇതിൽ ഏറിയ പങ്കും കൊണ്ടുപോകുന്നത് ഫ്ലിപ്കാർട്ടും ആമസോണും. മുകേഷ് അംബാനിയുടെ ജിയോ മാർട്ടുമാണ്. 'ജെൻ എക്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടുത്ത തലമുറകൂടി സജീവമാകുന്നതോടെ രാജ്യത്തെ ചെറുകിട വ്യാപാര മേഖല ഒരു മൊബൈൽ ചതുരത്തിലേക്ക് ഒതുങ്ങുമെന്ന് മനസ്സിലാക്കിയ കുത്തകകൾ കളമറിഞ്ഞ് കളി തുടങ്ങി. 2019ൽ 4.7 ശതമാനം മാത്രമായിരുന്നു ഓൺലൈൻ ചെറുകിട വ്യാപാരം. അതാണ് 2024ൽ 10.7 ശതമാനത്തിലേക്ക് കുതിക്കാൻ ഒരുങ്ങുന്നത്. അതിലൂടെ ആദ്യം കടപുഴകുന്നത് രാജ്യത്തെ ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ, ആക്സസറീസ് ചെറുകിട വ്യാപാരികളാകും.
അതേക്കുറിച്ച് നാളെ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.