ആയുധക്കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ
text_fieldsറോക്കറ്റിൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിപണനം സംബന്ധിച്ച് എൽബിറ്റ് സിസ്റ്റംസുമായി ഒരു പങ്കാളിത്ത കരാർ ഒപ്പുവെച്ചതായി ജർമനിയിലെ ഡീൽ ഡിഫൻസ് കമ്പനി പ്രഖ്യാപിച്ചിരുന്നു. എൽബിറ്റ് ഒരു ഇസ്രായേലി സ്ഥാപനമാണെന്ന കാര്യം ആ പ്രഖ്യാപനത്തിൽ പരാമർശിച്ചതുമില്ല. അതിനു രണ്ടുനാൾ മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന് നൽകുന്ന പുതിയ ഉപകരണങ്ങളുടെ നിർണായക അവലോകനം വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ച് എൽബിറ്റ് സിസ്റ്റംസ് യു.കെ ഒരു പ്രസ്താവനയിറക്കി....
റോക്കറ്റിൽ ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിപണനം സംബന്ധിച്ച് എൽബിറ്റ് സിസ്റ്റംസുമായി ഒരു പങ്കാളിത്ത കരാർ ഒപ്പുവെച്ചതായി ജർമനിയിലെ ഡീൽ ഡിഫൻസ് കമ്പനി പ്രഖ്യാപിച്ചിരുന്നു. എൽബിറ്റ് ഒരു ഇസ്രായേലി സ്ഥാപനമാണെന്ന കാര്യം ആ പ്രഖ്യാപനത്തിൽ പരാമർശിച്ചതുമില്ല.
അതിനു രണ്ടുനാൾ മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന് നൽകുന്ന പുതിയ ഉപകരണങ്ങളുടെ നിർണായക അവലോകനം വിജയകരമായി പൂർത്തിയാക്കിയതിനെക്കുറിച്ച് എൽബിറ്റ് സിസ്റ്റംസ് യു.കെ ഒരു പ്രസ്താവനയിറക്കി. ‘‘ഉന്നങ്ങളെ അതീവ കൃത്യതയോടെ തിരിച്ചറിയാനും’’ ‘‘യു.കെയിലുടനീളം നൂറുകണക്കിന് ജോലികൾ’’ നടത്താനും ഈ ഉപകരണങ്ങൾ സൈനികർക്ക് എപ്രകാരം സഹായകമാവും എന്നതിനെക്കുറിച്ചും ആ പ്രസ്താവന വിശദമാക്കി.
എൽബിറ്റ് സിസ്റ്റംസ് യു.കെ ഒരു ബ്രിട്ടീഷ് സംരംഭമാണെന്ന അനുമാനം സത്യസന്ധമല്ല. അത് ഇസ്രായേലിൽ നിന്നുള്ള എൽബിറ്റ് സിസ്റ്റത്തിന്റെ അനുബന്ധ സ്ഥാപനമാണ് - പ്രസ്താവനയിൽ ആ പ്രധാന വസ്തുത ഉൾക്കൊള്ളിച്ചിരുന്നില്ല. ഗസ്സക്കെതിരെ ഒരു വർഷം നീണ്ട വംശഹത്യയും ഇപ്പോൾ ലബനാനു നേരെ ബോംബാക്രമണങ്ങളും തുടരുന്നതിനിടയിലും യൂറോപ്പും ഇസ്രായേലും തമ്മിലെ രക്തപങ്കിലമായ ആയുധക്കച്ചവടം മുടക്കമില്ലാതെ നടക്കുന്നു.
ബ്രിട്ടനും മറ്റ് ചില പാശ്ചാത്യ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയിൽ കുറവുവരുത്തിയെങ്കിലും അവസാനിപ്പിച്ചിട്ടില്ല. ഇസ്രായേലി ആയുധ നിർമാതാക്കൾ നടത്തുന്ന ഇറക്കുമതിയും നിക്ഷേപങ്ങളും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. അടിച്ചമർത്തലിനും അധിനിവേശത്തിനും വേണ്ട ഉപകരണങ്ങൾ ഇസ്രായേൽ വിദേശരാജ്യങ്ങളിൽ വിൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഇതുതന്നെയാണ് രീതി.
ഇസ്രായേൽ സൈന്യം കഴിഞ്ഞാൽ എൽബിറ്റിന്റെ ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് യൂറോപ്പാണ്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ കുതിച്ചുയർന്ന യൂറോപ്യൻ രാജ്യങ്ങളുടെ സൈനിക ബജറ്റുകൾ നൽകുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് കമ്പനി.
‘‘റഷ്യ-യുക്രെയ്ൻ യുദ്ധം പോലെയുള്ള സമീപകാല സംഘർഷങ്ങളിൽ’ ഡ്രോണുകളും ചുറ്റിത്തിരിഞ്ഞ് നടന്ന് ലക്ഷ്യം സാധിക്കുന്ന യുദ്ധോപകരണങ്ങളും കൂടുതൽ കാര്യക്ഷമതയോടെ കൃത്യനിർവഹണം പൂർത്തിയാക്കുന്നുവെന്നും പരമ്പരാഗത രീതികളേക്കാൾ ചെലവ് കുറഞ്ഞ സംവിധാനമാണിതെ’’ന്നുമുള്ള പ്രസ്താവനയിൽ ആയുധക്കച്ചവടക്കാരുടെ വിപണനതന്ത്രം കാണാൻ സാധിക്കും.
മറ്റൊരു ഇസ്രായേലി ആയുധ നിർമാതാക്കളായ റാഫേൽ, യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം നാറ്റോയിൽ ചേർന്ന ഫിൻലൻഡിന് മിസൈൽ പ്രതിരോധ സംവിധാനം നൽകിയിരിക്കുന്നു. ഞങ്ങൾക്ക് ആ ആയുധങ്ങൾ വേണ്ടതുണ്ട് എന്ന വാദത്തോടെ റാഫേൽ ഇടപാടിനെ ന്യായീകരിച്ചു ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്.
പോളണ്ട്, നെതർലൻഡ്സ്, സ്പെയിൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ 12 മാസത്തിനിടെ റാഫേലിൽനിന്ന് മിസൈലുകളോ മിസൈൽ ലോഞ്ചറുകളോ വാങ്ങുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചു. ചെറുകിട ഇസ്രായേലി ആയുധ നിർമാതാക്കൾ പോലും കുറെ കരാറുകളിൽ ഏർപ്പെടുന്നതായി റിപ്പോർട്ടുണ്ട്.
ആകാശത്തുനിന്ന് ഡ്രോണുകളെ വെടിവെച്ചിടാൻ നിർമിത ബുദ്ധിയധിഷ്ഠിത സാങ്കേതിക വിദ്യ പ്രയോഗിക്കുന്ന സ്മാർട്ട് ഷൂട്ടർ നിർമിച്ച പുതിയ റൈഫിൾ സ്കോപ്പുകൾ (ഉന്നം വെക്കുന്ന വസ്തുവിനെ ഫോക്കസ് ചെയ്യാൻ സഹായിക്കുന്ന ഭാഗം) ബ്രിട്ടീഷ് സൈന്യത്തിന് നൽകിയതായി മാർച്ചിൽ ബി.ബി.സി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സ്മാർട്ട് ഷൂട്ടർ എന്നത് ഒരു ഇസ്രായേലി കമ്പനിയാണെന്നും ഫലസ്തീനികൾക്കുനേരെ ഉന്നം പിടിച്ചാണ് ഈ ആയുധങ്ങൾ പരീക്ഷിച്ചതെന്നുമുള്ള വിവരങ്ങൾ ബി.ബി.സി മറച്ചുപിടിച്ചു.
ഗസ്സ വംശഹത്യയിൽ ഇസ്രായേൽ അവതരിപ്പിച്ച പുതിയ നിരീക്ഷണ സാങ്കേതികവിദ്യയിൽ റൂസ്റ്റർ എന്ന ഹൈബ്രിഡ് റോബോട്ടിക് ഡ്രോണും ഉൾപ്പെടുന്നു. നാറ്റോ സൈന്യത്തിനും ഇസ്രായേലിനും 50ലധികം റോബോട്ടിക് സംവിധാനങ്ങൾ വിറ്റഴിച്ചെന്നാണ് റൂസ്റ്ററിന് പിന്നിൽ പ്രവർത്തിച്ച റോബോട്ടിക്കൻ എന്ന സ്ഥാപനം അവകാശപ്പെട്ടത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും സഹപ്രവർത്തകരുടെയും രക്തക്കൊതി ഇസ്രായേൽ സമ്പദ്വ്യവസ്ഥയെ തകർത്തുവെന്ന് നിസ്സംശയം പറയാം.
ഈ സാമ്പത്തിക തകർച്ചക്കിടയിലും ഇസ്രായേലി ആയുധ കമ്പനികൾ തടിച്ചുകൊഴുക്കുകയാണ്. ആയുധങ്ങൾക്കുള്ള ഡിമാൻഡ് റെക്കോഡ് തലത്തിലേക്ക് ഉയർന്നതായാണ് റിപ്പോർട്ട്. 21 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഓർഡറുകളാണ് എൽബിറ്റ് നിലവിൽ കൊടുത്തുതീർക്കാനുള്ളത്. വംശഹത്യയിൽനിന്ന് ലാഭം കൊയ്യുന്ന സ്ഥാപനങ്ങളിൽനിന്ന് ആയുധം വാങ്ങുന്ന യൂറോപ്യൻ രാജ്യങ്ങൾ വംശഹത്യയെ പുരസ്കരിക്കുകയാണ്, അവർ അതിനു സമാധാനം പറയേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.