ഇരിക്കുേമ്പാൾ ഹിമാലയം, എഴുന്നേറ്റാൽ എവറസ്റ്റ്
text_fieldsമലങ്കര മാർത്തോമ സുറിയാനി സഭയുടെ ഇരുപത്തിയൊന്നാം മാർത്തോമ മെത്രാപ്പോലീത്തയായിരുന്നു ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത. തദ്ദേശീയ ക്രൈസ്തവ പാരമ്പര്യത്തിെൻറ പൗരുഷരൂപമായിരുന്നു യഥാർഥത്തിൽ ജോസഫ് മാർത്തോമ. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ച് സാമൂഹികദർശനത്തോടെ സഭയുടെ ദൗത്യം നിർവഹിച്ച അദ്ദേഹം എല്ലാ മനുഷ്യരിലും ദൈവത്തിെൻറ മുഖം കണ്ടെത്തിയ ഒരു നല്ല ഇടയനായിരുന്നു.
മാർത്തോമ സഭയുടെ ചരിത്രനിർമിതിയിൽ വലിയ പങ്കാളിത്തമുള്ള കോഴഞ്ചേരി പാലക്കുന്നത്ത് കുടുംബത്തിൽനിന്ന് സഭയുടെ അമരക്കാരായി എത്തിയ അബ്രഹാം മല്പാൻ, മാത്യൂസ് മാർ അത്താനാസിയോസ്, തോമസ് മാർ അത്താനാസിയോസ്, തീത്തൂസ് പ്രഥമൻ, തീത്തൂസ് ദ്വിതീയൻ എന്നിവരുടെ കർമധീരതയും പ്രതിഭാസമ്പന്നതയും മാത്രമല്ല ജോസഫ് മാർത്തോമയിൽ സമന്വയിക്കപ്പെട്ടത്. പിതൃവഴിയിലെ ആ പാരമ്പര്യത്തോടൊപ്പം മാതൃവഴിയിൽനിന്ന് ഡോ. എബ്രഹാം മാർത്തോമ, ഡോ. യൂഹാേനാൻ മാർത്തോമ, ഡോ. മാത്യൂസ് മാർ അത്താനാസിയോസ് എന്നിവരുടെ സിദ്ധിയും സാധനയും ഡോ. ജോസഫ് മാർേത്താമയിൽ സമന്വയിക്കപ്പെട്ടു.
ഇപ്രകാരം ആർക്കും അവകാശപ്പെടാൻ കഴിയാത്ത പാരമ്പര്യത്തിെൻറ ഉടമയായ ഡോ. ജോസഫ് മാർത്തോമക്ക് പതിമൂന്ന് സംവത്സരങ്ങൾ മാർത്തോമ സഭയുടെ അമരക്കാരനായി പ്രവർത്തിക്കാൻ ഭാഗ്യം സിദ്ധിച്ചു. ഇച്ഛാശക്തികൊണ്ടും ആജ്ഞാശക്തികൊണ്ടും നേതൃത്വത്തിെൻറ കരുത്ത് തെളിയിക്കാൻ ഈ ചുരുങ്ങിയ കാലത്തെ സഭാസപര്യകൊണ്ട് അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം മെത്രാപ്പോലീത്തയുടെ സിംഹാസനത്തിൽ ഇരിക്കുേമ്പാൾ ഹിമാലയംപോലെ തോന്നിയിട്ടുള്ളവർക്ക് അദ്ദേഹം എഴുന്നേറ്റുനിന്ന് സംസാരിക്കുേമ്പാൾ മൗണ്ട് എവറസ്റ്റ് പോലെ അനുഭവപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
അതായിരുന്നു ജോസഫ് മാർേത്താമയുെട നേതൃത്വശൈലിയുടെ വ്യതിരിക്തത. അദ്ദേഹത്തിെൻറ മഹത്വത്തിൽ ഒട്ടേറെ സങ്കീർണ സ്വഭാവങ്ങൾ അന്തർലീനമായിരുന്നു. ഒരു ഭാവം കണ്ടുകൊണ്ട് അദ്ദേഹത്തിെൻറ ഈ സങ്കീർണതയെ വിലയിരുത്താൻ കഴിയുമായിരുന്നില്ല. അദ്ദേഹം സങ്കീർണസ്വഭാവമുള്ള ഒരു ഗോപുരംപോലെയായിരുന്നു. ഒരു ഗോപുരത്തിൽ പല ഭാവങ്ങളുള്ള ഒരു സ്വരൂപമായിരുന്നു ജോസഫ് മാർത്തോമ.
ജോസഫ് മാർത്തോമയുടെ സ്വരൂപത്തിൽ ശ്രദ്ധേയമായ ഒരു കാര്യം, പ്രതിസന്ധികളിൽ ഉചിതമായ തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിെൻറ വ്യുൽപത്തിയായിരുന്നു. പ്രതിസന്ധികളിൽനിന്ന് ഊർജം സമ്പാദിച്ചാണ് അദ്ദേഹം ചരിത്രഭാഗധേയങ്ങളെ നേരിട്ടത്. ധീരമായ തീരുമാനങ്ങൾ ധീരമായി പ്രഖ്യാപിക്കാനുള്ള കഴിവ് അനന്യസാധാരണമായ ഒന്നായിരുന്നു. പമ്പാനദിയുടെ ഒഴുക്കിനെതിരെ നീന്തി വളർന്ന ബാല്യത്തിൽ ജോസഫ് തെൻറ പേരിെൻറ പൊരുൾ അന്വർഥമാക്കിയ ഒരു സംഭവമുണ്ട്. ഒരു വെള്ളപ്പൊക്കകാലത്ത് പിതാവിനൊപ്പം നദിക്കരയിലൂടെ നടക്കുേമ്പാൾ മലവെള്ളപ്പാച്ചിലിൽപെട്ട് ഒരു കുഞ്ഞ് കരഞ്ഞൊഴുകുന്നത് ജോസഫ് കണ്ടു.
പത്തോ പന്ത്രണ്ടോ വയസ്സുള്ള ജോസഫ് ഒന്നും ആലോചിച്ചില്ല. പിതാവിെൻറ കരങ്ങൾ ഭേദിച്ചു ജോസഫ് മലവെള്ളപ്പാച്ചിലിലേക്ക് നീന്തിച്ചെന്ന് മരണത്തിൽനിന്ന് ആ കുഞ്ഞിനെ രക്ഷിച്ചു. എക്കാലത്തും ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയുടെ ജീവിതത്തിെൻറ ഒരു പ്രത്യേകത ഈ ധീരതതന്നെയായിരുന്നു. പ്രതിസന്ധികളിൽ അദ്ദേഹം ആർക്കും ഒരു രക്ഷകനായിരുന്നു.
ജോസഫ് മാർത്തോമ ജനിച്ചത് 1931ലായിരുന്നു. മലങ്കര മാർത്തോമ സഭയുടെ ചരിത്രത്തോടൊപ്പം വളരാൻ അദ്ദേഹത്തിനു കഴിഞ്ഞു. മാരാമൺ പള്ളിയിൽ മാമ്മോദീസ നൽകിയപ്പോൾ അദ്ദേഹത്തിന് ജോസഫ് എന്ന പേരുനൽകിയത് തീത്തൂസ് രണ്ടാമൻ മെത്രാപ്പോലീത്തയായിരുന്നു.
ഒരു ത്യാഗത്തിെൻറ കഥയിലെ നായകനായിരുന്നു തീത്തൂസ് രണ്ടാമെൻറ മനസ്സിലെ ജോസഫ്. വളർന്നുവന്നപ്പോൾ സഭയുടെ വിശ്വാസത്തിനും പാരമ്പര്യത്തിനുംവേണ്ടി സ്വജീവിതത്തെ സമർപ്പിക്കാൻ ജോസഫ് ത്യാഗബുദ്ധി കാണിച്ചു. ബിരുദം കഴിഞ്ഞ് ബിരുദാനന്തരപഠനത്തിന് വഴിതുറന്നപ്പോൾ ജോസഫ് ദൈവശാസ്ത്രപഠനത്തിന് പോകാനുള്ള തീരുമാനമാണ് എടുത്തത്. വൈദികനായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനുമുമ്പ് അദ്ദേഹം വേദശാസ്ത്രം പഠിച്ചത് അങ്ങനെയാണ്. പിന്നീട് 1957ലാണ് അദ്ദേഹം വൈദികവൃത്തിയുടെ ആദ്യഘട്ടമായ ശെമ്മാശ സ്ഥാനം സ്വീകരിച്ചത്. അതേ വർഷംതന്നെ അദ്ദേഹം വൈദികനായി. 1975ൽ റമ്പാനായും അതേ വർഷംതന്നെ എപ്പിസ്കോപ്പയായും അദ്ദേഹം സ്ഥാനമേറ്റു.
എപ്പിസ്കോപ്പയായേപ്പാൾ അദ്ദേഹം സ്വീകരിച്ച നാമം ഐറേനിയസ് എന്നായിരുന്നു. ജോസഫ് മാർ ഐറേനിയസ് എന്ന പേരിൽ സഭാരംഗത്ത് മാത്രമല്ല സാമൂഹിക, സാംസ്കാരിക മേഖലകളിലും അദ്ദേഹം നിറഞ്ഞുനിന്നു. ഐറേനിയസ് എന്നാൽ സമാധാനപുത്രൻ എന്നാണർഥം. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ അദ്ദേഹം എപ്പിസ്കോപ്പയായി പ്രവർത്തിച്ചു.
വിശ്വപ്രസിദ്ധമായ മാരാമൺ കൺവെൻഷൻ പന്തലിൽ ഐറേനിയസ് നടത്തിയ വചനശുശ്രൂഷകൾ പതിനായിരങ്ങളുടെ മനസ്സിലുണ്ട്. 1999ലാണ് അദ്ദേഹം സഫ്രഗൺ മെത്രാപ്പോലീത്തയായത്. 2007ൽ മാർത്തോമ മെത്രാപ്പോലീത്തയായത് പട്ടത്വശുശ്രൂഷയിലേക്കു പ്രവേശിച്ചതിെൻറ അമ്പതാം വർഷത്തിലായിരുന്നു. ആത്മീയ വളർച്ചെക്കാപ്പം സഭയുടെ ഭൗതിക വളർച്ചക്കുവേണ്ടിയും ഇക്കാലങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.
പുത്തൻ മാനവികതക്കായി ആഹ്വാനംചെയ്ത ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത മനുഷ്യനിൽ ക്രിസ്തുവിെൻറ മുഖം ദർശിക്കാൻ എക്കാലത്തും ആഗ്രഹിച്ചു. ആഴമേറിയ ദൈവാശ്രയവും അചഞ്ചലമായ വിശ്വാസവും ജോസഫ് മാർത്തോമയുടെ മുഖമുദ്രകളായിരുന്നു. കഠിനാധ്വാനത്തിെൻറയും കാര്യക്ഷമതയുടെയും ആൾരൂപമായ ഒരു മഹാവ്യക്തിത്വത്തെയാണ് കേരളസഭക്ക് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.