ബ്രാഹ്മണി നദിക്കരയിൽ പന്ത്രണ്ടുകാരന്റെ രക്തസാക്ഷിത്വം
text_fields'ഞങ്ങൾക്ക് നദി കടക്കാൻ വഴിമാറൂ' എന്ന് തോക്കുചൂണ്ടി ആവശ്യപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തോട്, മനസ്സില്ല എന്ന് ഉറച്ചുപറഞ്ഞ ആ പന്ത്രണ്ടുകാരന്റെ നെഞ്ചിലേക്ക് അധിനിവേശത്തിന്റെ വെടിയുണ്ട പാഞ്ഞു. അങ്ങനെ, ഔദ്യോഗിക രേഖ പ്രകാരം ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രക്തസാക്ഷിയായി ബാജി റൗട്ട് ബ്രാഹ്മണി നദിക്കരയിൽ വീണു.പഴയ ഒറീസ മേഖലയിൽ ധൻകനാലിലെ നിലാകാന്ത്പുരിൽ 1926ൽ ജനിച്ച ബാജി റൗട്ട് രാജ്യത്തിനുവേണ്ടി 1938ൽ രക്തസാക്ഷിയാകുമ്പോൾ വയസ്സ് 12 മാത്രം.
ചെറുപ്പത്തിൽതന്നെ പിതാവിനെ നഷ്ടമായ ബാജിയെ അമ്മ പാടത്തുപണിയെടുത്താണ് പോറ്റിയിരുന്നത്. മുപ്പതുകളിൽ ഒറീസ മേഖലയിൽ പ്രജാമണ്ഡൽ പ്രസ്ഥാനം ശക്തിപ്പെട്ട കാലം. സംഘടനയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ കോൺഗ്രസ് പിന്തുണച്ചിരുന്നു. കടുത്ത നികുതി നിയമങ്ങൾക്കെതിരെ പ്രജാമണ്ഡൽ പ്രക്ഷോഭരംഗത്തിറങ്ങി. 1938ൽ അമ്പതിനായിരത്തിലേറെ ജനങ്ങൾ രാജാ ശങ്കർ പ്രതാപ്സിന്ധിയുടെ കൊട്ടാരത്തിനു മുന്നിൽ പ്രതിഷേധിച്ചു. ഇതിനെ നേരിടാൻ രാജാവ് വൻ സന്നാഹമൊരുക്കി. കൂടാതെ, പ്രതിഷേധത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് പട്ടാളവുമെത്തി.
പ്രക്ഷോഭകർ രൂപവത്കരിച്ച 'ബാനര സേന'യെന്ന വളന്റിയർ സംഘത്തിൽ ബാജിയുടെ രണ്ടു ജ്യേഷ്ഠന്മാർ സജീവമായിരുന്നു. ഇവരുടെ പ്രവർത്തനം കണ്ടുവളർന്ന ബാജിയിൽ രാജ വിരോധം സ്വാഭാവികമായി വളർന്നിരുന്നു. വലിയ നികുതി ചൂണ്ടിക്കാട്ടി, വീട്ടിൽനിന്ന് നൽകുന്ന ഉപ്പിന്റെ അളവ് അമ്മ കുറച്ചതും ആ 12കാരനിൽ ഭരണവിരുദ്ധ വികാരമായി മാറി. ഇതിനിടെ രാജാവിന്റെ സേനയും ബ്രിട്ടീഷ് പട്ടാളവും മേഖലയിൽ കടുത്ത ക്രൂരതകൾ അഴിച്ചുവിട്ടു.
വീടുകൾ കത്തിച്ചും കൊല്ലും കൊലയും നടത്തിയും അവർ അഴിഞ്ഞാടി. 1938 ഒക്ടോബർ 11ന് അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെയുമായി ബ്രാഹ്മണി നദിക്കരയിലെത്തിയ അധികാരികളെ ബാനര സേന വളന്റിയർമാർ തടഞ്ഞു. തുടർന്ന് നടന്ന വെടിവെപ്പിൽ, വളന്റിയർ സംഘത്തിലുണ്ടായിരുന്ന ബാജി റൗട്ട് അടക്കം ആറുപേർ മരിച്ചുവീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.