ഗസ്സയിലെ കൂട്ടക്കുരുതിയും ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റവും
text_fieldsമലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധഭീഷണിയുടെ ഇരകളാണ്. ഇന്ത്യ പക്ഷംപിടിക്കേണ്ടിയിരുന്നത് സമാധാനത്തിനു വേണ്ടിയായിരുന്നു. അടിയന്തര യുദ്ധവിരാമം വിളംബരം ചെയ്യുന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു
ഫലസ്തീൻ ജനതയുടെ ജന്മനാട്ടിൽ സ്വയം രാജ്യമുണ്ടാക്കി സാമ്രാജ്യത്വശക്തികളുടെ സഹായത്തോടെ വേരുറപ്പിച്ച ഇസ്രായേൽ ലോകചരിത്രത്തിലെ അതിക്രൂരമായ മനുഷ്യവേട്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പതിനായിരത്തിലധികം പേരെ കൊലപ്പെടുത്തി, ലക്ഷക്കണക്കിന് ആളുകൾക്കു മുറിവേറ്റു, അനേകമിരട്ടി ആളുകൾ വഴിയാധാരമാക്കപ്പെട്ടു.
ഏഴു പതിറ്റാണ്ടുകൾക്കിടെ പലവട്ടം പലരൂപത്തിൽ ഫലസ്തീൻ ജനതയുടെ സമാധാന ജീവിതത്തെ നരകതുല്യമാക്കിയതിന്റെ ഒടുവിലത്തെ കാഴ്ചകളാണ് ഇപ്പോൾ അവിടെ നടക്കുന്ന മനുഷ്യക്കുരുതി. മനുഷ്യത്വമുള്ള ആരുടെയും ഹൃദയം തകർക്കുന്ന ഈ വേട്ടക്കെതിരെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കുക എന്നത് ലോകമനസ്സാക്ഷിയുടെ ദൗത്യമായി മാറിയിരിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗസ്സയിൽ 4,237കുഞ്ഞുങ്ങൾ മാത്രം മരിച്ചെന്നാണ് കണക്ക്. ഫലസ്തീൻ- ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ഭാവിയുടെ പ്രതീക്ഷകളെ, ഫലസ്തീന്റെ നാളെയുടെ ഊർജത്തെ ഉന്നംവെച്ചു കൊന്നൊടുക്കുകയാണ് ഇസ്രായേൽ. ഗസ്സ മേഖലയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.
മോദിയുടെ മനംമാറ്റം ഇന്ത്യക്കേറ്റ കളങ്കം
നിരുപാധിക വെടിനിർത്തലും യുദ്ധവിരാമവുമാണ് ഐക്യരാഷ്ട്ര സഭാ തലവൻ മുതൽ ഫ്രാൻസിസ് മാർപാപ്പ വരെ ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്. എന്നാൽ യുദ്ധം തീർന്നാലും ഗസ്സ വിടില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറയുന്നത്; മറ്റൊരാളുടെ പറമ്പിൽ കയറി വീടുവെച്ചിട്ട്, യഥാർഥ വീട്ടുകാർ ഇറങ്ങിപ്പോകുന്നതുവരെ സമാധാനം തരില്ല എന്നു പറയുന്നതുപോലെ.
ഗസ്സയിൽ മാത്രമല്ല, ഒട്ടേറെ നിരപരാധികൾ ഇസ്രായേലിലും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. മേഖലയിൽ അടിയന്തരമായി വേണ്ടത് വെടിനിർത്തലും സമാധാനവുമാണ്. പിന്നാലെ നിഷ്പക്ഷരും നീതിമാന്മാരുമായ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ, അന്താരാഷ്ട്ര മര്യാദകളും യു.എൻ പ്രമേയങ്ങളും മാനിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ചർച്ച; അതിലൂടെ ഫലസ്തീൻ- ഇസ്രായേൽ സംഘർഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരവും.
ഇക്കാര്യത്തിൽ ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച്, ഫലസ്തീനെ പിന്തള്ളി, ഇസ്രായേൽ- ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്ര പ്രമേയത്തിന്മേൽ നടത്തിയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
ഇത് ഇന്ത്യ ഇക്കാലമത്രയും പുലർത്തിപ്പോന്ന രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്. അതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങൾ പലതും ഇന്ത്യയെ വിമർശിച്ചു രംഗത്തുവന്നത്. ഇന്ത്യക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമർശനങ്ങളുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഫലസ്തീൻ ജനതക്ക് കോൺഗ്രസിന്റെ ഐക്യദാർഢ്യം
ഭൂപ്രദേശങ്ങൾ, അതിർത്തികൾ, പരമാധികാരം, സ്വയംനിർണയാവകാശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലികളും ഫലസ്തീനികളും തമ്മിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങിയ രാഷ്ട്രീയ ഏറ്റുമുട്ടൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷങ്ങളിൽ ഒന്നായി മാറി. അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോൾ മേഖലയിൽ നടക്കുന്ന കൊടുംയുദ്ധം.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതലിങ്ങോട്ടുള്ള ബഹുഭൂരിപക്ഷം നേതാക്കളും ഫലസ്തീൻ വിഷയത്തിൽ സുവ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതുപോലെ ഫലസ്തീൻ അവിടത്തുകാരായ അറബ് ജനതക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്.
ഇതിനോടു യോജിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഉരുക്കുമനുഷ്യൻ സർദാർ വല്ലഭഭായി പട്ടേലും അടക്കമുള്ള ദേശീയ നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചുപോന്നത്. ഇസ്രായേലിനെ ഒരു രാജ്യമായി അംഗീകരിച്ചു കൊണ്ടുതന്നെ ഫലസ്തീൻ ജനതക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന ആവശ്യത്തെയും ഇന്ത്യ പിന്തുണച്ചു പോന്നു.
ഗസ്സ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന ഫലസ്തീൻ രാജ്യം അവിടെയുള്ള ജനതയുടെ ആവശ്യമാണ്; അവകാശവുമാണ്.
ഇന്ദിരാഗാന്ധി മുതൽ ഡോ. മൻമോഹൻ സിങ് വരെയുള്ള പ്രധാനമന്ത്രിമാരും ഫലസ്തീൻ ജനതയോട് അനുഭാവമുള്ള സമീപനമാണ് സ്വീകരിച്ചത്. അതിൽനിന്നു വേറിട്ടൊരു നിലപാട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതിനു പിന്നിൽ അദ്ദേഹം തുടർന്നുപോരുന്ന ഇസ്ലാം വിരുദ്ധ, മുസ്ലിം വിരുദ്ധ പൊതു രാഷ്ട്രീയ നിലപാടുകളാവാം.
പക്ഷേ, അതിലൂടെ മനുഷ്യത്വത്തിനു നേരെയാണ് മോദി മുഖം തിരിക്കുന്നത്. യുദ്ധക്കെടുതികളുടെ ഇര ഗസ്സ മാത്രമല്ല, ഇസ്രായേലുമാണ്. കൊല്ലപ്പെടുന്നവരിൽ ഇവർ മാത്രമല്ല, നിരപരാധികളായ ലബനാനികളുമുണ്ട്. നൂറിലേറെ ലബനാനികൾ ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന കണക്കുകൾ. മലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധഭീഷണിയുടെ ഇരകളാണ്.
ഇന്ത്യ പക്ഷംപിടിക്കേണ്ടിയിരുന്നത് സമാധാനത്തിനു വേണ്ടിയായിരുന്നു. അടിയന്തര യുദ്ധവിരാമം വിളംബരം ചെയ്യുന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. യുദ്ധക്കെടുതികളുടെ ഈ സമയത്ത് ഏകപക്ഷീയമായി ഇസ്രായേലിന് പിന്തുണ നൽകാതെ, ഫലസ്തീൻ ജനതയെ കൂടി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കണമായിരുന്നു.
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള ഏക മാർഗമെന്ന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അടിവരയിട്ടു പറയുന്നുണ്ട്. കോൺഗ്രസ് എന്നും സമാധാനത്തിന്റെ പക്ഷത്താണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് ഒരു നിലപാട് മാത്രമേയുള്ളൂ.
ചൈനയിലെ ഉയിഗൂറിലും മുസ്ലിം വേട്ട
അതേസമയം സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയും ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിരപരാധികളെ കൊന്നൊടുക്കിയ കൊടുംയുദ്ധത്തിനെതിരെ സി.പി.എമ്മിന് ശക്തമായ ഒരു നിലപാട് സ്വീകരിക്കാനായിട്ടില്ല.
അതേസമയം, സ്വതന്ത്ര ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഈ പ്രമേയത്തിനു മുൻകൈ എടുക്കാൻ കഴിഞ്ഞതിൽ എനിക്കും അനൽപമായ അഭിമാനമുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് മധ്യം മുതൽ കോൺഗ്രസ് പുലർത്തിപ്പോരുന്ന ശക്തമായ നിലപാടിന്റെ ഭാഗം തന്നെയാണ് ഈ പ്രമേയം.
ഫലസ്തീനിൽ മാത്രമല്ല, വടക്ക് കിഴക്കൻ ചൈനയിലെ ഉയിഗൂർ ജനതയുടെ കാര്യത്തിലും കമ്യൂണിസ്റ്റുകാർക്ക് വ്യക്തതയില്ല. 1949ൽ ചൈനയുടെ ഭാഗമാക്കപ്പെട്ട കമ്യൂണിസ്റ്റ് അധീശത്വ മേഖലയായ സിൻജ്യങ്ങിലെ തനതു വംശജരായ മുസ്ലിംകളാണ് ഉയിഗൂർ ജനത. ഇവരെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങൾ ഇടക്കിടെ പ്രസിദ്ധപ്പെടുത്താറുണ്ട്.
ഫലസ്തീനിൽ വൻ ശക്തികളും ചൈനയിൽ കമ്യൂണിസ്റ്റ് ശക്തികളും ന്യൂനപക്ഷ മുസ്ലിംകളെ വേട്ടയാടുകയാണ്. സ്വന്തം വിശ്വാസങ്ങളോടും ആചാരങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന ഉയിഗൂർ വിഭാഗത്തെ പീഡിപ്പിച്ചു തടവിലിടുകയാണ് ചൈനീസ് ഭരണകൂടം. സിൻജ്യങ്ങിലെ ഉയിഗൂർ വിഭാഗത്തിന് സ്വയംഭരണ മേഖല വേണമെന്ന ആവശ്യമാണ് അവിടെയും അടിച്ചമർത്തപ്പെടുന്നത്.
സോവിയറ്റ് യൂനിയന്റെ തകർച്ച ലോകസമാധാനത്തിന്റെ നഷ്ടം
ചൈനയിലെ സിൻജ്യങ്ങിലും ഫലസ്തീനിലുമടക്കം ന്യൂനപക്ഷ മുസ്ലിം വിഭാഗം വേട്ടയാടപ്പെടുകയാണ്. അവരുടെ ചെറുത്തു നിൽപിനെ ഭീകരവാദമാക്കി മാറ്റി അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഫലസ്തീനിലടക്കം ഇന്നുണ്ടായ യുദ്ധത്തിനു കാരണം.
അടിച്ചമർത്തപ്പെടുന്ന ഫലസ്തീനികൾ അതിജീവിക്കാനുള്ള കടുത്ത സമ്മർദ തന്ത്രങ്ങൾ പുറത്തെടുക്കുന്നത് സ്വാഭാവികം. അതിനെ യുദ്ധവെറി കൊണ്ടുമാത്രം നേരിടാനാവില്ല. സമാധാന സംഭാഷണങ്ങളിലൂടെയും നയതന്ത്ര സമീപനങ്ങളിലൂടെയുമാണ് അതിനു പരിഹാരം കാണേണ്ടത്.
യു.എസ്, യു.എസ്.എസ്.ആർ എന്നിങ്ങനെ രണ്ട് വൻ ശക്തികളുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ രണ്ടു ചേരികളായി നിലയുറപ്പിച്ചപ്പോഴാണ്, പണ്ഡിറ്റ് നെഹ്റുവിന്റെ നേതൃത്വത്തിൽ ഇരുചേരിയിലും പെടാതെ ലോകം മൂന്നാമതൊരു ചേരി ഉണ്ടാക്കിയത്. വൻ ശക്തികളുടെ വെല്ലുവിളികളെ ചെറുക്കാനുള്ള ചങ്കുറപ്പ് ചേരിചേരാ പ്രസ്ഥാനത്തിനുണ്ടായിരുന്നു.
എന്നാൽ സോവിയറ്റ് യൂനിയന്റെ തകർച്ചയോടെ ചേരികൾ ഇല്ലാതാവുകയും ചേരിചേരാസംഘം അപ്രസക്തമാവുകയും ചെയ്തു. ലോകത്തിനു മേൽ അമേരിക്കൻ പൊലീസിങ് അടിച്ചേൽപിക്കുന്ന ഏകാധിപത്യ ശൈലി പ്രബലമായപ്പോൾ ഇതിനു വിരുദ്ധമായ ശക്തമായൊരു ചേരിക്ക് നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ അവസരമാണ് അനവസരത്തിൽ കളഞ്ഞുകുളിച്ചത്.
ഇസ്രായേൽ ഇന്ത്യയുടെ സൗഹൃദ രാജ്യമാകുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, സ്വതന്ത്ര സ്വയംഭരണാവകാശമുള്ള രാജ്യമെന്ന ഫലസ്തീൻ ജനതയുടെ അഭിലാഷത്തെ അട്ടിമറിച്ചുകൊണ്ട് ഇസ്രായേലിൽ സമാധാനദൗത്യം വിജയിക്കില്ല.
മേഖലയിലെ സമാധാന ദൗത്യത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ ഫലസ്തീൻ ജനതക്കും ലോകത്തെ മുഴുവൻ സമാധാനവാദികൾക്കും ഇപ്പോഴുമുണ്ട്. അതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ നിലപാട് ഇന്ത്യക്കകത്തും പുറത്തും വിമർശിക്കപ്പെടുന്നത്.
വ്യക്തത തീരെയില്ലാത്ത കമ്യൂണിസ്റ്റ് നിലപാടുകളും വല്ലാതെ വിമർശിക്കപ്പെടുമ്പോൾ, സംശയ ലവലേശമില്ലാത്ത ഫലസ്തീൻ അനുകൂല നിലപാട് ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.