ഹനുമാൻ ഭക്തി, സെക്കുലർ ശക്തി
text_fieldsസദ്ദാമിന്‍റെ കുവൈത്ത് അധിനിവേശകാലത്ത് കുവൈത്തിൽനിന്ന് വിമാനത്തിലും കപ്പലിലും മുംബൈയിൽ വന്നെത്തുന്നവരെ കുറിച്ചുള്ള വിവരങ്ങൾ മലയാളി വായനക്കാരിലെത്തിക്കാൻ നിയോഗിക്കപ്പെട്ടിരുന്നു ഈ കുറിപ്പുകാരൻ. 1990 ഒക്ടോബർ മൂന്നിന് മുംബൈ നഗരത്തെ പിടിച്ചു കുലുക്കിയ കൂറ്റൻ നബിദിന റാലിക്കും അന്ന് സാക്ഷിയായി.
മുംബൈ ഖിലാഫത്ത് ഹൗസിൽ നിന്നാരംഭിച്ച റാലി നയിച്ചത് വെള്ളത്തൊപ്പിയണിഞ്ഞ യു.പി മുഖ്യമന്ത്രി 'മൗലാനാ മുലായം സിങ് യാദവ്. ഒരു കെട്ടിടത്തിനു മുകളിൽനിന്ന് കണ്ട ആ റാലിയുടെ ഗാംഭീര്യം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. സംഘ് ശക്തികൾ കളിയാക്കാൻ ഉപയോഗിച്ച 'മുല്ല, മൗലാന' തുടങ്ങിയ വിശേഷണങ്ങളെ അലങ്കാരമായി സ്വീകരിച്ചാണ് അദ്ദേഹം മുന്നോട്ടു നീങ്ങിയത്.
മുലായം മുംബൈയിലെ ജനതാദൾ യോഗത്തിൽ പ്രസംഗിച്ചതിങ്ങനെയാണ്: 'എന്നെ കളിയാക്കുന്നവർ എന്നെക്കാൾ വലിയ ഹിന്ദുക്കളല്ല. ഞാനൊരു ഹനുമാൻ ഭക്തനാണ്. ഹനുമാൻ ശ്രീരാമ ഭക്തനായിരുന്നു. മൗലാനാ യാദവെന്ന് വിളിച്ച് എന്നെ ആക്ഷേപിക്കുമ്പോൾ അവർ എന്നെ അംഗീകരിക്കുക കൂടിയാണ്, ഞാനൊരു സെക്കുലർ ചിന്താഗതിക്കാരനാണെന്ന്'.
ഈ യോഗം കലക്കാൻ ശിവസേന പ്രവർത്തകർ പദ്ധതി തയാറാക്കിയിരുന്നു. അവർ യോഗത്തിലേക്ക് ഇരച്ചുകയറി. ചെറിയ സംഘർഷമുണ്ടായെങ്കിലും സുരക്ഷാ സൈനികർ ഇടപെട്ട് മുലായം പ്രസംഗം പൂർത്തിയാക്കി. പിറ്റേന്ന് നബിദിന റാലിയെ തുടർന്നും സംഘർഷമുണ്ടായി.
പിന്നീട് നടത്തിയ വാ ർത്ത സമ്മേളനത്തിൽ, താൻ ക്ഷേത്ര നിർമാണത്തിനെതിരല്ലെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനം പോയാലും പള്ളി പൊളിച്ച് ക്ഷേത്രം നിർമിക്കാൻ അനുവദിക്കില്ലെന്നും അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. മുലായം സിങ് യാദവ് കേരളത്തിൽ വന്നപ്പോൾ മലപ്പുറവും സന്ദർശിച്ചിരുന്നു.
1921ലെ മലബാർ സമരത്തിൽ രക്തസാക്ഷികളായവരുടെ പൂക്കോട്ടൂരിലെ സ്മാരകം സന്ദർശിക്കാൻ രാഷ്ട്രീയ പ്രവർത്തകനായിരുന്ന അലവി കക്കാടനാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.