സർവ സ്വീകാര്യനായ മതപണ്ഡിതൻ
text_fieldsഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ഒരു പണ്ഡിതൻ കൂടി തന്റെ 94ാം വയസ്സിൽ ദൈവസന്നിധിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. മൗലാന റാബിഅ് ഹസനി നദ്വിയെ പോലെ സമുദായത്തിൽ സുസമ്മതനായ ഒരു പണ്ഡിതൻ അത്യപൂർവമാണ്. അദ്ദേഹത്തിന്റെ സേവനങ്ങൾ ഇന്ത്യൻ മുസ് ലിംകൾക്ക് ഏറ്റവും ആവശ്യമായ പ്രതിസന്ധിഘട്ടത്തിലാണ് ഈ വിടവാങ്ങൾ സംഭവിച്ചിരിക്കുന്നത്.
മൗലാന അലിമിയാന്റെ സഹോദരിയുടെ മകനായ റാബിഅ് നദ്വി എല്ലാ അർഥത്തിലും മൗലാനയുടെ പിൻഗാമിയായിരുന്നു. 1999 ഡിസംബർ 31ന് മൗലാനയുടെ വിയോഗത്തെ തുടർന്ന് ദാറുൽ ഉലൂം നദ്വയുടെ റെക്ടർ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തത്. മൗലാനാ അലിമിയാന്റെ ജീവിതകാലത്തും അദ്ദേഹത്തിന്റെ നിഴലായിനിന്നുകൊണ്ട് നദ്വത്തുൽ ഉലമയുടെ ഭരണപരവും അക്കാദമികവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചത് മൗലാന തന്നെയായിരുന്നു.
അലിമിയാനുമായുള്ള സന്തത സഹചാരവും യാത്രകളും മൗലാനക്ക് അറബ് ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളുമായും സാഹിത്യ പ്രതിഭകളുമായും അടുത്ത് ഇടപഴകാൻ അവസരം നൽകി. അത് അദ്ദേഹത്തിന്റെ ചിന്താഗതികളെയും വീക്ഷണങ്ങളെയും ഏറെ സ്വാധീനിച്ചിരുന്നു.
അൽ ബഹസുൽ ഇസ്ലാമി, അർറായിദ് തുടങ്ങിയ നദ്വയിൽനിന്ന് പുറത്തിറങ്ങിയിരുന്ന അറബി പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്ന ലേഖനങ്ങളിൽ ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നിലപാട് തന്നെയാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. റാബിത്വത്തുൽ അദബിൽ ഇസ്ലാമി എന്ന പേരിൽ ഇസ്ലാമിക സാഹിത്യകാരന്മാരുടെ ഒരു സംഘടന കെട്ടിപ്പടുക്കാനും അദ്ദേഹം മുൻനിരയിൽ പ്രവർത്തിച്ചു.
അലീമിയാനെ പോലെ റാബിഅ് നദ്വിയും മൗലികതയുള്ള സാഹിത്യ പ്രതിഭയും സാഹിത്യ നിരൂപകനുമായിരുന്നു. അദ്ദേഹവും അനിയൻ വാളിഹ് നദ്വിയും ചേർന്നെഴുതിയ അറബ് സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളാണ് നദ്വത്തുൽ ഉലമയിൽ സാഹിത്യം പഠിപ്പിക്കാൻ ഉപയോഗപ്പെടുത്തുന്നത്. ഈ കുറിപ്പുകാരനും അദ്ദേഹത്തിൽനിന്ന് സാഹിത്യനിരൂപണം പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
രണ്ടായിരമാണ്ടിൽ പേഴ്സനൽ ലോ ബോർഡിന്റെ അധ്യക്ഷനായതോടെയാണ് അലി മിയാന്റെ നിഴലിൽനിന്ന് പുറത്തുകടന്ന് രാജ്യത്തെ ഏറ്റവും സ്വീകാര്യനായ മുസ്ലിം നേതാക്കളിൽ പ്രമുഖനായി അദ്ദേഹം ഉയർന്നത്. ദയൂബന്ദികൾക്കും ബറേൽവികൾക്കും അഹ് ലെ ഹദീസുകാർക്കും തുടങ്ങി മുസ്ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അദ്ദേഹം സ്വീകാര്യനായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായും അദ്ദേഹം നല്ല ബന്ധം നിലനിർത്തി.
പേഴ്സനൽ ലോ ബോർഡ് അധ്യക്ഷനായിരിക്കെ കേരള പര്യടനത്തിനിടയിൽ അദ്ദേഹം പട്ടിക്കാട് നടന്ന ജാമിഅ നൂരിയ വാർഷികത്തിലും എറണാകുളത്ത് നടന്ന ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തിലും ജാമിഅ ഹസനിയ്യയിൽ നടന്ന തബ്ലീഗ് സമ്മേളനത്തിലും മുഖ്യാതിഥിയായി സംസാരിക്കുകയുണ്ടായി. സമുദായത്തിലെ വ്യത്യസ്ത സംഘടനകളോട് മൗലാന സ്വീകരിച്ച ഉദാരമായ നിലപാടിന് ഇതിൽപരം തെളിവ് ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.