രോഷാഗ്നി
text_fieldsരാജ്യസഭയുടെ അല്ല, ഇന്ത്യൻ പാർലമെൻറിെൻറതന്നെ ചരിത്രത്തിൽ കഴിഞ്ഞ ജൂലൈ 18ന് ഒരു പ്രത്യേകതയുണ്ട്. ദലിതുകൾക്കെതിരായ ആക്രമണത്തെക്കുറിച്ച് കേവലം മൂന്നു മിനിറ്റുകൊണ്ട് നാല് വാക്കുപറയാൻ അനുവദിച്ചില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാംഗത്വം പുല്ലുപോലെ വലിച്ചെറിഞ്ഞ ദിവസം, ഒരു ചരിത്ര ദിനമായി കാലത്തിന് ഗണിക്കേണ്ടിവരും. ബി.ജെ.പിയുടെ കാവിഭരണം മുന്നോട്ടു നീങ്ങുന്ന ഉത്തർ പ്രദേശിലെ സഹാറൻപുരിലെ ദലിതുകൾക്കുവേണ്ടി പാർലമെൻറിൽ ഗർജിക്കാൻ മായാവതിക്കുപുറമെ ചുരുക്കം പേരെയുള്ളൂ. സാേങ്കതികത്വത്തിെൻറ നൂലിൽ തൂങ്ങി സംസാരം തടസ്സപ്പെടുത്തിയപ്പോൾ മായാവതി സാക്ഷാൽ പുലിയായി പുറത്തേക്കിറങ്ങി.
രാജ്യസഭയിൽതന്നെ രാജി പ്രഖ്യാപിച്ച അവർക്ക് െയച്ചൂരിയും ശരദ് യാദവും രാംഗോപാൽ യാദവും ദിഗ്വിജയ് സിങ്ങും വക്കാലത്തെടുത്തു. ഒടുവിൽ രാജ്യസഭതന്നെ ശ്രമിച്ചിട്ടും ഫലം നാസ്തി. ആദ്യം മൂന്നു പേജുകളിലും പിന്നെ ഒറ്റവരിയിലും രാജിക്കത്ത് സഭാധ്യക്ഷന് നൽകിയ മായാവതി ‘ബി.ജെ.പി മുർദാബാദ്’ എന്ന് മനസ്സിൽ ഒന്നു കരുതിയപ്പോൾതന്നെ ഉത്തർപ്രദേശിലും മറ്റുമായി ആയിരക്കണക്കിനാളുകൾ അതേറ്റുവിളിച്ചു. ദലിത് സമൂഹത്തെ വളഞ്ഞിട്ട് അപഹസിക്കുകയും തല്ലുകയും കൊല്ലുകയും ചെയ്യുേമ്പാൾ കാൻഷി റാമിെൻറ ഒാർമകൾ ഇരമ്പിയാർക്കുന്ന മനസ്സുമായി മായാവതിക്ക് സമാധാനത്തോടെ ഇരിക്കാനാവുമോ. ഒരിക്കലുമില്ല എന്നാണ് രാജി നൽകുന്ന പാഠം.
ബാബാ സാഹേബ് അംബദ്കറിെൻറ ദർശനങ്ങളിൽനിന്നാണ് കാൻഷി റാം 1984ൽ ബി.എസ്.പി സ്ഥാപിച്ചത്. ആ നേതാവിെൻറ മനസ്സിൽ പ്രഥമ ഇടം കണ്ടെത്തിയ മായാവതിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ ‘ഒരത്ഭുത നക്ഷത്രമായി’ മായാവതിയെ ഒരു കാലത്ത് വാഴ്ത്തിയവരിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവരെയുണ്ട്. മരണാനന്തരവും മായാവതി ഒപ്പം വേണമെന്ന് കാൻഷി റാം ഒസ്യത്തിൽ രേഖപ്പെടുത്തിയത് അവരുടെ കുതിപ്പിന് ശക്തിയേകി. തെൻറ ഭൗതികാവശിഷ്ടം അടക്കം ചെയ്യാനുേദ്ദശിക്കുന്ന ഡൽഹിയിലെയും ലഖ്നൗവിലെയും ദലിത് സ്മാരകങ്ങളായ ‘ബഹുജൻ സമാജ് പ്രേരണ’ കേന്ദ്രങ്ങളിൽതന്നെ മായാവതിയുടെയും ചിതാഭസ്മവും സൂക്ഷിക്കണമെന്നായിരുന്നു കാൻഷി റാമിെൻറ അന്ത്യാഭിലാഷങ്ങളിലൊന്ന്. 2005 ജൂണിൽ അദ്ദേഹം ഒസ്യത്തിെൻറ പകർപ്പുകൾ പത്രക്കാർക്ക് നൽകി. ഒസ്യത്തിൽപോലും കാൻഷി റാം മനുവാദികൾക്ക് ഒരു കൊട്ടുകൊടുക്കുന്നുണ്ട്. മനുവാദി-ഫ്യൂസൽ സമ്പ്രദായത്തിന് തെൻറ നിർദേശം എതിരായിരിക്കാം. മായാവതിയുടെ മരണശേഷം ഭൗതികാവശിഷ്ടം ഗംഗയിലോ യമുനയിലോ ഒഴുക്കരുത്. അത് രണ്ടായി പകുത്ത് ഡൽഹിയിലും ലഖ്നോയിലും സൂക്ഷിക്കണം.
നമ്മുടെ മഹാരാജ്യത്ത് ആർക്കും എവിടെയും അവഗണിക്കാനാവാത്ത വർഗ ശക്തിയായ ദലിത് വിഭാഗങ്ങളുടെ നായിക ആരാണെന്ന് ചോദിച്ചാൽ, ആനത്തലയോളം വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ഒറ്റ ഉത്തരമേയുള്ളൂ. കുമാരി മായാവതി എന്ന് പറഞ്ഞാൽ ബി.എസ്.പിയുടെ മാർക്ക് കൂടുതൽ കിട്ടും. മായാവതി പ്രഭുദാസ് എന്നാണ് യഥാർഥ നാമം. ബി.എസ്.പി എന്ന ആനപ്പുറത്ത് കയറിയ മായാവതി അപൂർവം സന്ദർഭങ്ങളിലാണ് താഴെയിറങ്ങിയിട്ടുള്ളത്. കുറച്ചു വർഷങ്ങളായി ഭൂമിയിലൂടെയാണ് നടക്കുന്നതെങ്കിലും നാലു തവണ യു.പി.യിൽ മുഖ്യമന്ത്രിക്കസേരയിലിരുന്ന കരുത്ത് ചില്ലറയല്ല. ഒരുവേള അധികാരക്കസർത്തിൽ ഇന്ദ്രപ്രസ്ഥം വരെ ലക്ഷ്യമിട്ട് നീലക്കൊടിയുമായി ആനപ്പുറത്ത് കയറിയ മായാവതിയെ ഇന്നും ആവേശത്തോടെ ഒാർക്കുന്നവരുണ്ട്.
ലക്ഷ്യം പിന്നെ വിദൂരത്തായി എന്ന കാര്യം വേറെ. അതിന് സ്വന്തം ചെയ്തികളും കാരണമായിട്ടുണ്ട്. ഉത്തർ പ്രദേശിൽ മായാവതി ഭരണം സുവർണ കാലമെന്ന് ദലിതുകൾ മാത്രമല്ല, സകല മനുഷ്യരും ഒരു വേള രേഖപ്പെടുത്തിയിരുന്നു. ഇന്നത്തെപ്പോലെ അരക്ഷിതാവസ്ഥയും അക്രമവും ഉണ്ടായിരുന്നില്ല എന്ന് നൂറുവട്ടം പറയാം. എന്നാൽ, അധികാരഭ്രാന്തും അഴിമതിയും യമുനയിലെ കുഞ്ഞോളങ്ങൾ പോലെയല്ല, കടൽത്തിരപോലെ ഇരമ്പിയാർത്തു. സുപ്രീംകോടതി, ഹൈകോടതി, ആദായ നികുതി വകുപ്പ്, സി.ബി.െഎ എന്നിവരെല്ലാം ബി.എസ്.പി യുടെ അമരക്കാരിയുടെ തേരോട്ടം തടുത്തുനിർത്താൻ രംഗത്തുവന്നതും ചരിത്രം. ഉത്തർപ്രദേശിൽ വിപ്ലവഗാഥ പാടിനടന്നവർ പ്രതിമകൾ നാടുനീളെ വന്നപ്പോൾ അമ്പരന്നു നിന്നു. കാൻഷി റാമിെൻറയും ആനയുടെയും നിരവധി പ്രതിമകൾ ആദ്യം തലയുയർത്തി. ഒരു പ്രതിമയുടെ ശരാശരി ചെലവ് ആറര കോടി രൂപവരെ ഉയർന്നു.
ഒരു കിലോമീറ്റർ ചതുരശ്ര വിസ്തീർണത്തിനുള്ളിൽ മാത്രം 40 പ്രതിമകൾ നിർമിച്ചപ്പോൾ മായാവതിയുടെ തലക്കുള്ളിൽ എത്ര ആനകളുണ്ടെന്ന് ജനം ചോദിച്ചു തുടങ്ങി. മുഖ്യമന്ത്രിയായ മായാവതിയുടെ പ്രതിമകളും അനന്തരം സൃഷ്ടിക്കപ്പെട്ടു. പ്രതിമകൾ നിരന്ന ഒരു പാർക്കിന് സർക്കാർ അനുവദിച്ചതും 3200 കോടി രൂപയായിരുന്നു.പ്രതിമ വിപ്ലവത്തിെൻറ പിന്നാലെ കോടാനുകോടി രൂപയുടെ അഴിമതിക്കഥകളും പത്തി വിടർത്തിയാടി. മായാവതിയെ കണ്ടെത്തിയതും വളർത്തിയതും അധികാരത്തിെൻറ മാസ്മരികത പഠിപ്പിച്ചതും പഞ്ചാബിൽനിന്നുള്ള ദലിത് മിശിഹയായ കാൻഷി റാം തന്നെയാണ്. രണ്ടു മൂന്നു പതിറ്റാണ്ടുമുമ്പ് അതൊരു അവതാരമായിരുന്നു.
കാൻഷിജിയുടെ ബുദ്ധിയിൽനിന്ന് ദലിത് സോഷ്യലിസ്റ്റ് സംഘർഷ സമിതി പിറവികൊണ്ടു. അതിനൊരു കൊച്ചു സർവിസ് സംഘടന ഉണ്ടായി -ബാംസെഫ്. 1977ൽ ആ സംഘടന ജാതിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചപ്പോൾ അവിടെ തീപ്പൊരിയായി മായാവതി ഒന്ന് കത്തി. സെമിനാർ കഴിഞ്ഞപ്പോൾ കാൻഷി റാമിെൻറ വീട്ടിലേക്ക് ക്ഷണം കിട്ടി. സിവിൽ സർവിസ് പരീക്ഷയെഴുതി ഗുമസ്തന്മാർക്ക് മുകളിൽ ഇമ്മിണി വല്യ ബ്യൂറോ ക്രാറ്റാകണമെന്നാഗ്രഹം പ്രകടിപ്പിച്ച മായാവതിക്കു മുന്നിൽ കാൻഷിജി മഹാബുദ്ധി ചൊരിഞ്ഞു. ‘െഎ.എ.എസുകാർ നിെൻറ കാൽക്കീഴിൽ വരുന്ന ഒരുജോലി ഏറ്റെടുക്കാൻ കഴിയുമോ’ എന്ന ചോദ്യത്തിന് തലയാട്ടിയ മായാവതി അങ്ങനെ രാഷ്ട്രീയ പ്രവേശം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. പിന്നെ കാൻഷി റാം അധ്യക്ഷനും മായാവതി ജനറൽ സെക്രട്ടറിയുമായി കാട്ടു തീ പോലെ പടർന്നുകയറി.
ഡൽഹി ഹുമയൂൺ റോഡിലെ അവരുടെ വസതിയിലേക്ക് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉറ്റുനോക്കിയ കാലമുണ്ടായിരുന്നു. ‘ഗുരു ശിഷ്യ ബന്ധം’ രാഷ്ട്രീയത്തിലെ പതിവു പല്ലവികൾ പലതും മാറ്റിയെഴുതിയതിെൻറ ഫലമായിരുന്നു രാജ്യസഭയിലും പിന്നീട് യു.പി യിലും അധികാരക്കസേരകൾ. വാസ്തവത്തിൽ എത്ര തിളക്കം കുറഞ്ഞിട്ടും മായാവതി ഇന്നും ഒരു പ്രസ്ഥാനമാണ്. ദലിത്-പിന്നാക്ക ജനവിഭാഗങ്ങളിൽ പേരുകളുള്ള നേതാവ്. 1956 ജനുവരി 15ന് ഡൽഹിയിൽ ജനനം. പിതാവ് പ്രഭുദാസ് വാർത്ത വിനിമയ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ബിരുദവും നിയമപഠനവും കഴിഞ്ഞപ്പോൾ പ്രൈമറി സ്കൂൾ അധ്യാപികയായി. 1977ലാണ് രാഷ്ട്രീയത്തിലേക്ക് വലം കാൽവെച്ച് കയറിയത്.
പണമായാലും വസ്ത്രമായാലും, ആഭരണങ്ങളായാലും അവർ അതിലൊന്നും പിശുക്ക് കാണിച്ചില്ല. പണവും പ്രതാപവും കൊണ്ട് കൊണ്ടാട്ടം നടത്തിയപ്പോൾ പാർട്ടിയിൽ കലഹവും അണികളിൽ മടുപ്പും ഉണ്ടാക്കിയത് സ്വാഭാവികം മാത്രം. എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ശേഷം കുറേ പാഠങ്ങൾകൂടി പഠിച്ച അനുഭവം കടഞ്ഞെടുത്താണ് അവർ രാജ്യസഭയിൽതന്നെ ഇരുന്നത്. ദലിതുകൾക്കും മറ്റു പിന്നാക്ക ജനവിഭാഗങ്ങൾക്കുമെതിരെ ‘മനുവാദി’കളുടെ ആക്രമണം അതിരുവിടുേമ്പാൾ രാജിപോലുള്ള ബ്രഹ്മാസ്ത്രങ്ങൾ പുറത്തെടുക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ദലിത് തമ്പുരാട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ഇടംവലം നോക്കാതെ രാജ്യസഭയിൽ നിന്നുള്ള രാജി. അത് ഒരു വെറും രാജിയായി ആരും കാണുന്നില്ല. നാടു കത്തുേമ്പാൾ, ഇനിയും വീണ വായിച്ചിരിക്കാൻ തലയിൽ വെളിച്ചമുള്ള ആർക്കും കഴിയില്ലല്ലോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.