പിഴുതെറിയാനാവാത്ത നാവുകൾ
text_fieldsരാഹുൽ ഗാന്ധിക്ക് കോൺഗ്രസ് അധ്യക്ഷപദവിയോട് വേണ്ടത്ര പ്രതിബദ്ധതയില്ലെന്ന് മുദ്രയടിക്കുന്ന ടൈംസ് നൗ പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉയരുകയുണ്ടായി. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ട ഉടൻ രാഹുൽ ഗാന്ധി നേരെ പോയത് ‘സ്റ്റാർ വാർസ്’ കാണാൻ വേണ്ടിയായിരുന്നു എന്ന് ചിത്രീകരിക്കുന്ന പ്രത്യേക പരിപാടിയിലൂടെ ടൈംസ് നൗ കോൺഗ്രസ് അധ്യക്ഷനെ പരിഹാസ്യനാക്കുകയായിരുന്നു. ഇതെന്തുതരം മാധ്യമധർമമാണെന്നാരാഞ്ഞ സമൂഹമാധ്യമങ്ങളിലെ വിമർശകർ ഇതുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.
യഥാർഥ മാധ്യമപ്രവർത്തനം ഇന്ത്യയിൽ അസാധ്യമാവുകയാണെന്നും സത്യസന്ധമായ മാധ്യമധർമം എന്ന സങ്കൽപം തകർന്നടിഞ്ഞുവെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കാരണം മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും തമ്മിൽ അഹിതകരമായി തുടരുന്ന ബന്ധവും ഇത്തരം സന്ദേഹങ്ങൾക്ക് വഴിവെക്കുന്നു എന്നതിൽ സംശയമില്ല. പല മാധ്യമങ്ങളും പ്രത്യക്ഷമായി പക്ഷപാതം പുലർത്തുന്നു. അതേസമയം, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതിനുള്ള ശ്രമങ്ങളും തകൃതിയാണ്. മാധ്യമങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ പതിവുശീലങ്ങളുടെ ഭാഗം മാത്രം. പ്രഗല്ഭയും ധീരയുമായ ഗൗരി ലേങ്കഷിെൻറ കൊലപാതകത്തെ ആഘോഷമാക്കി മാറ്റാൻപോലും പലരും ഉദ്യുക്തരായി.
മാധ്യമപ്രവർത്തകരും ഇന്ത്യൻ ജനാധിപത്യവും
മാധ്യമങ്ങൾ എന്തിനുവേണ്ടി നിലകൊള്ളുന്നു, ജനാധിപത്യത്തിൽ അതിെൻറ റോൾ എന്ത് തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാത്തതുകൊണ്ടായിരുന്നു ഗൗരി ലേങ്കഷ് വധം െഎകകണ്ഠ്യേന അപലപിക്കപ്പെടാതിരുന്നത്. എന്നാൽ, മാധ്യമപ്രവർത്തനത്തിെൻറ പ്രസക്തി വ്യക്തമാകാൻ ഏതാനും വസ്തുതകൾ വിശദീകരിക്കേണ്ടതുണ്ട്.
ഒന്നാമതായി മാധ്യമമേഖലയിൽ പലതരത്തിൽപെട്ട വ്യക്തികളും സജീവമായി പ്രവർത്തിക്കുന്നു എന്ന യാഥാർഥ്യം. മുസ്ലിംകളെയും കശ്മീരികളെയും പാകിസ്താനെയും ഇകഴ്ത്തി ചിത്രീകരിക്കുന്ന പ്രബലരായ ആങ്കർമാരുടെ ഒരു നിരതന്നെ ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിക്കുന്നു. എന്നാൽ, അത്തരക്കാരുടെ കഥ പറയാൻ എനിക്ക് ഉദ്ദേശ്യമില്ല. ഗൗരി ലേങ്കഷ് അത്തരക്കാരിയായിരുന്നില്ല. വ്യത്യസ്തയായ സ്വതന്ത്ര മാധ്യമപ്രവർത്തകയായിരുന്നു അവർ.
സമാന ശൈലി സ്വായത്തമാക്കിയ മറ്റു നിരവധി പേരും ഇൗ രംഗത്ത് പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തോടും പൊതു സംസ്കാരത്തോടുമുള്ള അവരുടെ കാഴ്ചപ്പാട് വേറിട്ടതാണ്. പത്രപ്രവർത്തനത്തിെൻറ അടിസ്ഥാന ശ്രേഷ്ഠമൂല്യങ്ങളെ സദാ മാനിക്കുന്നവരാണവർ. അവർ നിർവഹിച്ചുവരുന്ന പ്രധാന ദൗത്യം ഇതാണ്. അധികാരത്തിലിരിക്കുന്നവരെ നിശിതമായി ചോദ്യംചെയ്യുക. ഇൗ ദൗത്യം നിർവഹിക്കുന്നതിലൂടെ പരോക്ഷമായി സർവ പൗരന്മാരും തുല്യരാണ് എന്ന് ആവർത്തിച്ച് സ്ഥിരീകരിക്കുകയാണവർ.
പൗരന്മാരും ഭരണകൂടവും
ഭരണകൂടത്തെ അഥവാ ഭരണകർത്താക്കളെ തെരഞ്ഞെടുക്കുന്നത് പൗരന്മാർ തന്നെ. ഭരണകർത്താക്കൾ പൗരന്മാരാണെങ്കിലും അവർ കൂടുതൽ അധികാരം അനുഭവിക്കുന്ന വിഭാഗമാണ്. ഇൗ വരേണ്യ ന്യൂനപക്ഷം ജനങ്ങൾക്കുമേൽ അമിതാധികാരപ്രയോഗത്തിന് ഉദ്യുക്തരാകാറുണ്ട്. അവർ പൗരന്മാരെ യുദ്ധത്തിലേക്കാനയിക്കുന്നു. ക്യൂവിൽ നിർത്തുന്നു. പൗരന്മാരെ സ്കാൻ ചെയ്ത് നിരീക്ഷിക്കുന്നു. ചിലപ്പോൾ വളർത്തുമൃഗങ്ങളെപ്പോലെ കടുത്ത ശിക്ഷണങ്ങൾക്ക് വിധേയരാക്കുന്നു. പൗരന്മാർ എന്തു വായിക്കണം, എന്തു ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങൾ വരെ ഭരണകർത്താക്കൾ മുൻകൂർ നിശ്ചയിക്കുന്നു. അധികാരികൾ ഉൾപ്പെടെ ചോദ്യങ്ങൾക്ക് അതീതരായി ആരുമില്ലെന്ന് സ്ഥാപിക്കുകയാണ് പത്രപ്രവർത്തനം ചെയ്തുവരുന്ന ദൗത്യം. അഥവാ ജനാധിപത്യത്തിൽ സർവരും സമന്മാരാണെന്ന് അത് വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു.
അധികാരികളെ ചോദ്യംചെയ്യുക എന്ന അതുല്യ കർത്തവ്യമാണ് മാധ്യമപ്രവർത്തകർ നിർവഹിക്കുന്നത്. ജനാധിപത്യത്തിെൻറ മറ്റു ഘടകങ്ങൾ ഇൗ രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ പ്രാപ്തമല്ല. ഇന്ത്യയിൽ പാർലമെൻറ്, നീതിപീഠം, എക്സിക്യൂട്ടിവ് എന്നീ മൂന്ന് ഘടകങ്ങളും പരസ്പരം നിയന്ത്രിക്കുന്നതിൽ പരാജയമടയുന്നു എന്നു പരിശോധിച്ചാൽ വ്യക്തമാവും. എക്സിക്യൂട്ടിവിനെ നിയന്ത്രിക്കാൻ പാർലമെൻറിന് കരുത്തുണ്ട് എന്നാണ് പൊതുസങ്കൽപം. എന്നാൽ, പ്രായോഗികതലത്തിൽ അത് സാക്ഷാത്കരിക്കപ്പെടാറില്ല. പ്രതിപക്ഷം ദുർബലമായി അവശേഷിക്കുന്നു. നിയമനിർമാണങ്ങൾ നടത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് ഭൂരിപക്ഷം ലഭിക്കാറില്ല. ജോലിഭാരത്താൽ ജനങ്ങളുടെ പരാതികൾക്ക് തൽക്ഷണം ഉത്തരം നൽകാൻ നമ്മുടെ നീതിപീഠങ്ങൾ പ്രാപ്തമല്ല. എക്സിക്യൂട്ടിവ് (ഭരണനിർവഹണ വിഭാഗം) ആകെട്ട മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതിലാണ് ഒൗത്സുക്യം കാട്ടാറുള്ളത്.
സ്വന്തം വീക്ഷണങ്ങളും സമീപനങ്ങളും പ്രചരിപ്പിക്കുന്ന ഉപകരണമായി മാധ്യമങ്ങളെ മാറ്റുകയാണ് എക്സിക്യൂട്ടിവ്. വിമർശിക്കുന്ന സ്വതന്ത്ര മാധ്യമങ്ങൾക്ക് അഭിമുഖംപോലും അനുവദിക്കാതെ മന്ത്രിമാർ ഒഴിഞ്ഞുമാറുന്നു.
മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഒൗേദ്യാഗിക പദ്ധതികൾ ശക്തിപ്പെട്ട വർത്തമാന ഘട്ടത്തിൽ പൊതുജനതാൽപര്യമുള്ള പ്രശ്നങ്ങൾ സന്ദർഭോചിതം ഉയർത്തിക്കൊണ്ടുവരുന്ന മാധ്യമങ്ങൾ നിലനിൽക്കുന്നു എന്നത് അഭിമാനകരമാണ്. സർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളുടെ വേരുകൾ അവർ ചികഞ്ഞു കണ്ടെത്തുന്നു. അവ നടപ്പാക്കുേമ്പാൾ സമൂഹത്തിൽ അതുളവാക്കുന്ന ആഘാതങ്ങൾ പഠനവിധേയമാക്കുന്നു. കലാകാരന്മാർ, ചിന്തകർ, അക്കാദമിക്കുകൾ തുടങ്ങിയവരുടെ ഇടങ്ങൾ ശൂന്യമായിക്കൊണ്ടിരിക്കെ മാധ്യമങ്ങൾ സർവ പ്ലാറ്റ്േഫാമുകളിലും പ്രത്യക്ഷപ്പെടുന്നു. സ്വന്തത്തെ സേവിക്കുന്ന അധികാരശക്തികളുടെ കപട ആഖ്യാനങ്ങളെ അവ തുറന്നുകാട്ടുന്നു. മാധ്യമങ്ങൾ പ്രാതിനിധ്യ റോൾ കാര്യക്ഷമമായി നിറവേറ്റിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾ ഇക്കാലത്ത് എല്ലാവർക്കുംവേണ്ടി ശബ്ദമുയർത്താറില്ല. അതേസമയം, സർവ ജനങ്ങൾക്കുവേണ്ടിയും ശബ്ദിക്കുന്ന പ്രതിനിധാനമായി ഉയരാൻ മാധ്യമങ്ങൾ അർഹത നേടിയിരിക്കുന്നു.
ന്യൂനതകളിൽനിന്ന് മുക്തമല്ല മാധ്യമസംവിധാനം. ഇതര മാനുഷികവേദികളെ ബാധിക്കുന്ന തരത്തിലുള്ള പുഴുക്കുത്തുകൾ ഇൗ മേഖലയെയും ബാധിക്കാതിരിക്കില്ല. പക്ഷപാതിത്വവും ആന്ധ്യവും നിക്ഷിപ്തതാൽപര്യങ്ങളും മാധ്യമപ്രവർത്തകരെയും അധഃപതിപ്പിച്ചെന്നുവരാം. പോരായ്മകൾ കണ്ടേക്കാം. എന്നാൽ, ജനാധിപത്യത്തിെൻറ അവിഭാജ്യ അനിവാര്യതയാണ് മാധ്യമങ്ങൾ. അധികാരത്തെയും അതിെൻറ പ്രയോഗങ്ങളെയും ചതിക്കുഴികളെയും അത് സദാ നിരീക്ഷണവിധേയമാക്കുന്നു. മാധ്യമങ്ങൾ സമൂഹത്തിെൻറ കണ്ണും കാതുമാണ്. രാഷ്ട്രീയ നേതാക്കൾക്ക് ആഗ്രഹമുണ്ടായാലും ഇല്ലെങ്കിലും മാധ്യമങ്ങൾ ജനകീയമായ ഉത്കണ്ഠകളെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കും. മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾ ജനങ്ങളെ ഒന്നടങ്കം നിശ്ശബ്ദരാക്കാനുള്ള ശ്രമങ്ങൾതന്നെ.
കടപ്പാട് -ദി വയർ ഡോട്ട്കോം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.