അടിച്ചേൽപിക്കപ്പെട്ട വിലക്ക് വൈകാതെ വന്ന തിരുത്ത്
text_fields2013 ഫെബ്രുവരി 10ന് രാത്രി ഒമ്പതിന് കോഴിക്കോട്ടെ വെള്ളിപറമ്പിൽനിന്ന് സംപ്രേഷണമാരംഭിച്ച ‘മാധ്യമം’ കുടുംബത്തിെല മീഡിയവൺ ചാനൽ, 2020 മാർച്ച് ആറ് രാത്രി 7.30 വരെയുള്ള അതിെൻറ പ്രയാണം നിർവിഘ്നം തുടർന്നു. രണ്ടു വർഷമായി സമ്പൂർണ വാർത്തചാനലായി മാറിയ ‘മീഡിയ വൺ’ സാർവദേശീയ, ദേശീയ, പ്രാദേശിക വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും പരമാവധി സത്യസന്ധവും നിഷ്പക്ഷവുമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നാനാജാതി മതസ്ഥരായ അതിെൻറ പ്രേക്ഷകർ ശരിവെക്കുന്നു. അതുെകാണ്ടാണ് കടുത്ത മത്സരങ്ങൾക്കും പ്രതികൂല സാഹചര്യങ്ങൾക്കുമിടയിൽ പിടിച്ചുനിൽക്കാനും മുന്നോട്ടു ഗമിക്കാനും ചാനലിന് സാധിച്ചത്. കോർപറേറ്റുകളും പണച്ചാക്കുകളും മാധ്യമരംഗമാകെ കൈയടക്കി ജനാഭിപ്രായത്തെ തങ്ങളിച്ഛിക്കുന്ന ദിശകളിലേക്ക് തിരിച്ചുവിടാൻ സഫലയത്നം നടത്തുന്ന വർത്തമാനകാലത്ത് ജനകീയ പങ്കാളിത്തം മാത്രം മൂലധനമാക്കി ജനപക്ഷത്ത് ഉറച്ചുനിൽക്കുന്ന വേറിട്ട ഈ വാർത്ത ചാനലിന് ആരോടെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ അത് ദുരിതങ്ങളും പ്രാരബ്ധങ്ങളും പ്രയാസങ്ങളും പീഡനങ്ങളും ചൂഷണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട ജനസഞ്ചയത്തോടാണെന്ന് മീഡിയവൺ ചാനലിെൻറ സ്ഥിരം പ്രേക്ഷകർക്ക് ബോധ്യപ്പെട്ടുകഴിഞ്ഞ സത്യമാണ്. പ്രളയവും മഹാമാരിയും കലാപവും വംശീയാക്രമണങ്ങളും മനുഷ്യാവകാശധ്വംസനവും സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളും അവരെ വേട്ടയാടുേമ്പാൾ, വസ്തുതകൾ സാഹസികമായി പുറത്തുകൊണ്ടുവരാനും സുമനസ്സുകളുടെയും അധികാരികളുടെയും ശ്രദ്ധ അതിലേക്ക് ക്ഷണിക്കാനുമാണ് ഇന്നേവരെ ചാനൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, ഈ പ്രവർത്തനങ്ങളത്രയും സത്യവും നീതിയും ഭരണഘടനയും നിയമവാഴ്ചയും താൽപര്യപ്പെടുന്ന പരിധികൾക്കകത്ത് നിന്നുകൊണ്ടായിരിക്കണമെന്ന് അതിന് നിർബന്ധമുണ്ട്. മതം, ജാതി, സമുദായം, കക്ഷി, സംഘടന പക്ഷപാതിത്വങ്ങൾ ഒരിക്കലും ഈ വാർത്താമാധ്യമത്തെ വഴിതെറ്റിക്കരുതെന്ന നിഷ്കർഷയും അത് എന്നും പുലർത്തിയിട്ടുണ്ട്.
ഇതാണ് വാസ്തവമെന്നിരിക്കെ, കഴിഞ്ഞദിവസം രാത്രി 7.30 മുതൽ 48 മണിക്കൂർ നേരം മീഡിയവൺ സംപ്രേഷണം വിലക്കിക്കൊണ്ടുള്ള കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ ഉത്തരവും ചാനലിനെ നിശ്ശബ്ദമാക്കിയ നടപടിയും അവിചാരിതവും അമ്പരപ്പിക്കുന്നതുമായിരുന്നു, ചാനൽ മാനേജ്മെൻറും ജീവനക്കാരും പ്രേക്ഷകരും ഒരുപോലെ ഇതെന്തിെൻറ പേരിൽ എന്നറിയാതെ അന്തംവിട്ടു നിൽക്കുേമ്പാഴാണ് ഉത്തരവിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്നത്. ഫെബ്രുവരി 25 മുതൽ വടക്കു കിഴക്കൻ ഡൽഹിയിൽ നടമാടിയ, 1984ലെ സിഖ് വിരുദ്ധ കലാപത്തെയും 2002 ഫെബ്രുവരിയിൽ ഗുജറാത്തിനെ പിടിച്ചുകുലുക്കിയ വംശീയാക്രമണങ്ങളെയും അനുസ്മരിപ്പിക്കുന്ന ചോരക്കളിയുടെയും നശീകരണകൃത്യങ്ങളുടെയും വാർത്തകൾ സംപ്രേഷണം ചെയ്തതാണത്രെ വിലക്കിന് നിമിത്തമായത്. അത് ഒരു പ്രത്യേകസമുദായത്തിെൻറ പക്ഷം ചേർന്ന് പൊലീസിെൻറ നിഷ്ക്രിയത്വത്തെയും ആർ.എസ്.എസിനെയും വിമർശിക്കുന്ന വിധത്തിലും സാമുദായിക വൈരം ഇളക്കിവിടുന്ന ശൈലിയിലുമായിരുന്നതിനാൽ കേബിൾ ടെലിവിഷൻ ന്യൂസ് വർക്സ് റൂൾസ് 1994ലെ റൂൾ 6 (1) സി, റൂൾ 6 (1) ഇ വകുപ്പുകളുടെ ലംഘനമാണ് എന്നാരോപിച്ചാണ് സംപ്രേഷണം രണ്ടു ദിവസത്തേക്ക് വിലക്കിയത്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേരത്തേ അയച്ച നോട്ടീസിന് മാനേജ്മെൻറ് കൃത്യവും വ്യക്തവുമായ മറുപടി യഥാസമയം നൽകിയിരുന്നതാണെങ്കിലും അത് തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് വിലക്ക്. നിയമവാഴ്ചയെ തീർത്തും മാനിക്കുന്ന ചാനൽ, സംപ്രേഷണം ഉടനടി നിർത്തിയ നടപടിക്കെതിരെ നീതിപീഠത്തെ സമീപിക്കാനുള്ള നീക്കങ്ങളിലേർപ്പെട്ടിരിക്കെ പിറ്റേന്ന് -ശനിയാഴ്ച രാവിലെ 9.30ന്- സംപ്രേഷണം നിരുപാധികം പുനരാരംഭിക്കാനുള്ള നിർദേശവും വരുന്നു. അപ്പോഴേക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് പ്രേക്ഷകരുടെ ശക്തമായ പ്രതിഷേധം പ്രവഹിച്ചുകൊണ്ടിരുന്നുവെന്നതാണ് ശ്രദ്ധേയം. വിലക്കിനെതിരെ പ്രമുഖരായ രാഷ്ട്രീയക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും മാധ്യമപ്രവർത്തക കൂട്ടായ്മകളുടെയും മത-സാംസ്കാരിക സംഘടനകളുടെയും കടുത്ത വിമർശനങ്ങളും ഉയർന്നു. ജനകീയ പ്രതിഷേധത്തിെൻറ വ്യാപ്തി തിരിച്ചറിഞ്ഞതുകൊണ്ടോ, നിയമനടപടികളെ നേരിടാനുള്ള പ്രയാസമോർത്തോ, പിണഞ്ഞത് അബദ്ധമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടോ എന്താണെന്നറിഞ്ഞില്ല 14 മണിക്കൂർ പിന്നിട്ടപ്പോഴുള്ള തിരുത്തൽ നടപടിക്ക് പ്രേരണ.
ഇന്ത്യൻ ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും അലംഘനീയ വ്യവസ്ഥയാണ് ആവിഷ്കാര സ്വാതന്ത്ര്യം. അറിയാനും അറിയിക്കാനുമുള്ള പൗരസ്വാതന്ത്ര്യത്തിന് ക്ഷതം പറ്റുകയോ അത് നിഷേധിക്കപ്പെടുകയോ ചെയ്താൽ ഫോർത്ത് എസ്റ്റേറ്റ് കേവലം അർഥശൂന്യമായി മാറും. ഇപ്പോൾതന്നെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന രാഷ്ട്രാന്തരീയ ഏജൻസിയുടെ പത്രസ്വാതന്ത്ര്യത്തിനായുള്ള മുൻഗണനാ പട്ടികയിൽ 140 ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നഭിമാനിക്കുന്ന ഇന്ത്യയുടെ സ്ഥാനം. അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ ഭരണകൂട ധ്വംസനനടപടികളെ ഭയപ്പെടുന്നതാണ് ഇന്ത്യൻമാധ്യമങ്ങളുടെ അസ്വാതന്ത്ര്യത്തിെൻറ പിന്നിൽ എന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. ഡൽഹി വംശീയാക്രമണങ്ങളുടെ വിഷയത്തിൽതന്നെ ആഗോള മാധ്യമങ്ങൾ തിക്തസത്യങ്ങൾ പുറത്തുകൊണ്ടുവരുേമ്പാൾ ഒട്ടകപ്പക്ഷിയെപ്പോലെ ഇന്ത്യൻ മാധ്യമങ്ങൾ തലപൂഴ്ത്തിയിട്ടെന്ത് കാര്യം എന്ന് ഭരണാധികാരികൾ ആലോചിക്കുന്നില്ല. തന്മൂലം ലോകശക്തിയും വികസനത്തിെൻറ മാതൃകയുമാവാൻ വെമ്പുന്ന നമ്മുടെ ജന്മഭൂമിയുടെ പ്രതിച്ഛായ അനുദിനം തകരുന്നതിൽ തീവ്രദേശീയവാദികൾക്ക് പരിഭ്രാന്തിയും കാണുന്നില്ല. എന്നാൽ, ഭരണഘടനാ തത്വങ്ങൾ നിലനിൽക്കണമെന്നും പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യാവകാശങ്ങളും എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥരായ ഒരു വലിയ വിഭാഗം രാജ്യത്തുണ്ട്. അവരുടെ എതിർപ്പും പ്രതിഷേധവും സമരവുമാണ് അപൂർവമായെങ്കിലും സർക്കാറിനെ മാറിച്ചിന്തിപ്പിക്കുന്നത്. മൗലികാവകാശങ്ങൾക്കായുള്ള ഈ പോരാട്ടം പൂർവാധികം ശക്തിയോടെ തുടർന്നേ മതിയാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.