മാധ്യമ സ്വാതന്ത്ര്യവും മയങ്ങുന്ന പാമ്പുകളും
text_fieldsഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാല സർക്കാർ സ്വതന്ത്ര ഇന്ത്യ ചരിത്രത്തിലെ കഠോരമായ മൂന്നു പത്രമാരണ നിയമങ്ങൾ പാസാക്കിയതിന്റെ 46ാം വാർഷികമാണ് ഈ ഫെബ്രുവരി 11. പ്രിവൻഷൻ ഓഫ് പബ്ലിക്കേഷൻ ഓഫ് ഒബ്ജക്റ്റബിൾ മാറ്റർ ആക്റ്റ്, 1976, പാർലമെന്ററി പ്രൊസീഡിങ്സ് റിപ്പീൽ ആക്റ്റ്, 1976, പ്രസ് കൗൺസിൽ (റിപ്പീൽ) ആക്റ്റ്, 1976 എന്നീ മൂന്നു നിയമങ്ങളും അടുത്ത വർഷം അധികാരത്തിൽ വന്ന ജനത സർക്കാറിൽ വാർത്തവിതരണ പ്രക്ഷേപണ മന്ത്രിയായി എൽ.കെ. അദ്വാനി ചുമതലയേറ്റയുടനെ റദ്ദാക്കി. കാലം ഒരുപാട് കടന്നുപോയി. ഇപ്പോഴിതാ അദ്വാനിയുടെ പിന്മുറക്കാർ മീഡിയവൺ ചാനലിനെതിരെ സ്വേച്ഛാപരമായ ഉത്തരവിറക്കിയിരിക്കുന്നു.
വിഖ്യാത എഴുത്തുകാരനും ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡറുമായ ജെ.കെ. ഗാൽബ്രൈത് ഇന്ത്യയെ വിശേഷിപ്പിച്ചത് പ്രവർത്തനക്ഷമമായ അരാജകത്വം (functioning anarchy) എന്നായിരുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, അടിയന്തരാവസ്ഥക്കാലത്തൊഴികെ ഇവിടെ കൃത്യമായ ഇടവേളയിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇന്ത്യക്കൊപ്പം സ്വതന്ത്രമായ മുൻ കോളനി രാജ്യങ്ങളിൽ ചുരുക്കം ചിലതിനു മാത്രം കൈവരിക്കാനായ നേട്ടമാണത്. ഉരുക്കുമുഷ്ടിയാൽ പിടിച്ചുനിന്ന ഇന്ദിര സർക്കാറിനെ ദരിദ്ര-നിരക്ഷര ജനകോടികൾ ചേർന്ന് അധികാരത്തിൽനിന്നിറക്കിവിട്ടതടക്കം ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ സവിശേഷ സ്വഭാവം പ്രകടമാക്കിയിരുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 62 കോടി ഇന്ത്യക്കാരാണ് സമ്മതിദാനം നിർവഹിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരുടെ നാലിരട്ടി വരുമത്. ജനസംഖ്യയുടെ വലുപ്പവും വൈജാത്യവും, വലിയ തോതിലുള്ള ദാരിദ്ര്യം, തൊഴിലില്ലായ്മ, നിരക്ഷരത തുടങ്ങിയ പ്രതിഭാസങ്ങളൊക്കെയുണ്ടായിട്ടും ഇന്ത്യയുടെ ജനാധിപത്യ സംവിധാനം കാത്തുപോരുന്ന ഈടുനിൽപ്പ്, രണ്ട് സഹസ്രാബ്ദങ്ങളിലേറെ നീണ്ട ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഇന്ത്യൻ അധ്യായത്തെ സമാനതകളില്ലാത്തതാക്കി മാറ്റി.
മേൽചൊന്നവയെല്ലാം ഉണ്ടായിട്ടും, ഇന്ത്യൻ ജനാധിപത്യം മറ്റൊരു വലിയ വിരോധാഭാസവും പേറുന്നു. ജനാധിപത്യത്തിന്റെ ആണിക്കല്ലെന്ന് പറയാവുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥകളിലൊന്നാണ് ഇന്ത്യയിലേത്. 180 രാഷ്ട്രങ്ങളിലെ സ്ഥിതി വിശകലനം ചെയ്ത് പുറത്തിറക്കിയ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഈ വർഷം ഇന്ത്യക്ക് 142ാം സ്ഥാനമാണ്. രാഷ്ട്രീയ സ്വാതന്ത്ര്യവും പൗരാവകാശങ്ങളും വിലയിരുത്തുന്ന ലോക സ്വാതന്ത്ര്യ സൂചികയിലും സുതാര്യത സൂചികയിലും ഇന്ത്യയുടെ സ്ഥാനം ആരും കൊതിക്കാത്തതാണ്. യു.എസ്.എയിലേതുപോലെ സർക്കാറിന്റെ കടന്നുകയറ്റത്തിൽനിന്ന് മാധ്യമ സ്വാതന്ത്ര്യത്തെ ശാശ്വതമായി സംരക്ഷിച്ചു നിർത്തുന്ന ഒരു ഭരണഘടന സംരക്ഷണം ഇല്ലാത്തതുകൊണ്ടാവാമിത് (എന്തൊക്കെ സ്വാതന്ത്ര്യമുണ്ടായാലും ഇന്ത്യൻ മുഖ്യധാര മാധ്യമങ്ങൾ അത് വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ എന്നത് വേറെ കാര്യം!).
മീഡിയവൺ വാർത്ത ചാനലിന്റെ ലൈസൻസ് പുതുക്കിനൽകേണ്ടതില്ലെന്ന് ഈയിടെ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം, ഇന്ത്യയിലെ ടെലിവിഷൻ സംപ്രേഷണ നിയമങ്ങളുടെ ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഏകപക്ഷീയവുമായ സ്വഭാവത്തെ വീണ്ടും വെളിപ്പെടുത്തി. 1995ലെ കേബിൾ ടി.വി നെറ്റ്‌വർക്കുകൾ (റെഗുലേഷൻ) നിയമത്തിൽ അടങ്ങിയിരിക്കുന്ന, ഭരണഘടനയുടെ 19ാം അനുച്ഛേദത്തിൽ അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന് കടകവിരുദ്ധമായി നിൽക്കുന്നു അവ. കൂടാതെ, ഉള്ളടക്കം സംബന്ധിച്ച് നിർദിഷ്‌ട നിയന്ത്രണങ്ങളൊന്നുമില്ലാത്ത അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവ തികച്ചും അന്യായവും വിവേചനപരവുമാണ്. ഓരോ ജനാധിപത്യ സമൂഹവും ഇത്തരം ഏകപക്ഷീയമായ നിയമങ്ങളെ ഗൗരവമായി ചർച്ച ചെയ്യും.
എന്നാൽ ഇന്ത്യയിൽ, ചാനലുകൾക്ക് പ്രവർത്തിക്കാനുള്ള അവകാശം ഇല്ലാതാക്കാൻ ഉപയോഗിക്കുമ്പോൾ മാത്രമാണ് അവ ചർച്ചയാവുന്നത്. അധികാരികൾക്ക് ഇഷ്ടമല്ലാത്തവരെ കൊത്തുന്നതിനും നിശ്ശബ്ദരാക്കുന്നതിനുമായി തലപൊക്കുന്ന ഉറങ്ങുന്ന പാമ്പിനെപ്പോലെ ഈ കഠോര നിയമങ്ങൾ നിയമ പുസ്തകങ്ങൾക്കുള്ളിൽ ചുരുണ്ടുകൂടിക്കിടക്കുന്നു. ഇംഗ്ലീഷ്-ഹിന്ദി മാധ്യമങ്ങൾക്കെതിരെ അടിച്ചമർത്തൽ നടപടികളുണ്ടാകുമ്പോൾ ഉച്ചത്തിൽ പ്രതിഷേധിക്കുന്ന എഡിറ്റേഴ്‌സ് ഗിൽഡ് പോലുള്ള സംഘടനകൾ പ്രാദേശിക മാധ്യമങ്ങൾക്കെതിരെയാണ് നടപടികളെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു.
ചാനലിന്റെ സുരക്ഷ ക്ലിയറൻസ് പുതുക്കേണ്ടതില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ തുടർന്ന് 2022 ജനുവരി 31ന്, കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം മീഡിയവൺ ചാനലിന് അപ്‌ലിങ്ക് ചെയ്യാനും ഡൗൺലിങ്ക് ചെയ്യാനുമുള്ള അനുമതി റദ്ദാക്കി. സ്വകാര്യ-സാറ്റലൈറ്റ് ചാനലുകൾക്കും ടെലിപോർട്ടുകൾക്കും അപ്‌ലിങ്ക് ചെയ്യുന്നതിനും ഡൗൺലിങ്ക് ചെയ്യുന്നതിനുമുള്ള അനുമതി നൽകുന്നതിന് കമ്പനികൾക്കും ഡയറക്ടർമാർക്കും സുരക്ഷ ക്ലിയറൻസ് ഉണ്ടായിരിക്കണമെന്നത് മന്ത്രാലയത്തിന്റെ ചട്ടപ്രകാരമുള്ള മുൻ ഉപാധികളിലൊന്നാണ്.
കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ (MBL) ഉടമസ്ഥതയിലുള്ള മീഡിയവൺ, 2011 സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് സുരക്ഷ അനുമതി നേടിയാണ് 2013ൽ പ്രവർത്തനം തുടങ്ങിയത്. അനുമതിയുടെ സാധുത 2021 സെപ്റ്റംബറിൽ അവസാനിക്കുമെന്നതിനാൽ, ജൂൺ രണ്ടിന് പുതുക്കുന്നതിനായി അപേക്ഷിച്ചു. മറുപടിയായി, മന്ത്രാലയം 2022 ജനുവരി അഞ്ചിന് MBLന് ഒരു കാരണം കാണിക്കൽ നോട്ടീസ് അയച്ചു, ക്ലിയറൻസ് പുതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസമ്മതിച്ചതിനാൽ അനുമതി പിൻവലിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനുണ്ടോ എന്നന്വേഷിച്ചുകൊണ്ട്. നിരസിക്കാനുള്ള കാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് അവർ മറുപടി നൽകി. MBLന്റെ പ്രതികരണം തൃപ്തികരമല്ലെന്നു കാണിച്ച് മന്ത്രാലയം അനുമതി അടിയന്തരമായി നിഷേധിക്കുകയായിരുന്നു, അനുമതിയുള്ള ചാനലുകളുടെ പട്ടികയിൽനിന്ന് മീഡിയവണിന്റെ പേര് നീക്കം ചെയ്തു.
ടെലിപോർട്ട് ഓപറേറ്ററായ നോയിഡയിലെ പ്ലാനറ്റ്‌കാസ്റ്റ് മീഡിയ സർവിസസിനോട് MBLലേക്ക് സേവനങ്ങൾ അപ്‌ലിങ്ക് ചെയ്യുന്നത് അടിയന്തരമായി നിർത്താനും 24 മണിക്കൂറിനുള്ളിൽ അതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ജനുവരി 31ന് സംപ്രേഷണം നിർത്തിയ ചാനൽ മന്ത്രാലയ ഉത്തരവിന്മേൽ കേരള ഹൈകോടതി രണ്ടുദിവസത്തേക്ക് അനുവദിച്ച സ്റ്റേയെ തുടർന്ന് രാത്രിയോടെ പ്രവർത്തനം പുനരാരംഭിച്ചു. തീരുമാനത്തിലേക്ക് നയിച്ച സുരക്ഷ കാരണങ്ങൾ വെളിപ്പെടുത്താനാവില്ല എന്ന മന്ത്രാലയത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നു കണ്ട് ഫെബ്രുവരി രണ്ടിന് ജസ്റ്റിസ് എൻ. നഗരേഷ് സ്റ്റേ അഞ്ചു ദിവസത്തേക്കുകൂടി നീട്ടി.
രാജ്യത്തെ ക്രിമിനൽ നടപടി ചട്ടപ്രകാരംപോലും ഓരോ കുറ്റാരോപിതർക്കും അവർക്കുമേൽ ചുമത്തിയിരിക്കുന്ന കുറ്റത്തിന്റെ വിശദാംശങ്ങൾ അറിയാൻ അവകാശമുണ്ടെന്നിരിക്കെ സുരക്ഷ ക്ലിയറൻസ് നിഷേധിച്ചത് എന്തുകൊണ്ട് എന്ന് വിശദീകരിക്കാതെ ചാനൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്ന് ആരോപിക്കുന്നതിൽനിന്ന് നടപടിയുടെ സ്വേച്ഛാസ്വഭാവം വായിച്ചെടുക്കാവുന്നതേയുള്ളൂ. ഇത് അടിയന്തരാവസ്ഥയുടെ നാളുകളിലേക്കുള്ള ഒരു മടങ്ങിപ്പോക്കുതന്നെയല്ലേ?
മുൻകാലങ്ങളിൽ കാര്യങ്ങൾ കുറച്ചുകൂടി ഭേദമായിരുന്നു. സമാനമായ നടപടികൾ മുമ്പ് സ്വീകരിച്ച സന്ദർഭങ്ങളിൽ ചാനലുകൾ 'പിഴവ്' വരുത്തിയ സന്ദർഭങ്ങൾ ഏതൊക്കെയെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നഗ്നത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് പല ചാനലുകളും (ഫാഷൻ ടി.വി പോലുള്ളവയെ) കോൺഗ്രസ്-ബി.ജെ.പി സർക്കാറുകളുടെ കാലത്ത് നിരോധിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ കാരണങ്ങളുടെ പേരിൽ ആദ്യമായി നിരോധിക്കപ്പെട്ടത് എൻ.ഡി.ടി.വി ഇന്ത്യയുടെ ഹിന്ദി ചാനലാണ്. 2016 നവംബർ 16ന് ഒരു ദിവസത്തേക്ക് സംപ്രേഷണം നിർത്താൻ മന്ത്രാലയം ഉത്തരവിടുകയായിരുന്നു.
2016 ജനുവരിയിൽ പത്താൻകോട്ടിലെ ഇന്ത്യൻ വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ കവറേജിനെ ചൊല്ലിയായിരുന്നു ഇത്. തീവ്രവാദികൾക്ക് സഹായകരവും ഇന്ത്യക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ തന്ത്രപരമായ വിവരങ്ങൾ ചാനൽ വെളിപ്പെടുത്തിയതായി മന്ത്രാലയം ആരോപിച്ചു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നത് വിലക്കിയ കേബിൾ ടിവി ആക്ടിലെ പ്രോഗ്രാം കോഡിന്റെ സെക്ഷൻ 6 (1) (പി) പ്രകാരമാണ് നിരോധന നടപടി ആരംഭിച്ചത്. എന്നാൽ, ചാനലിന്റെ റിപ്പോർട്ടിൽ കാണിച്ച കാര്യങ്ങളെല്ലാം പൊതുമണ്ഡലത്തിൽ അതിനോടകംതന്നെ ലഭ്യമായവയാണെന്നും അവ ഏതാണ്ടെല്ലാ മാധ്യമങ്ങളും പ്രദർശിപ്പിച്ചിരുന്നുവെന്നും എൻ.ഡി.ടി.വിയും മാധ്യമ പ്രവർത്തക സംഘടനകളും ഉടനടി ചൂണ്ടിക്കാട്ടി. എൻ.ഡി.ടി.വിയെ ഒറ്റതിരിഞ്ഞ് പിടികൂടിയതിനു പിന്നിൽ ബി.ജെ.പിയോട് പലപ്പോഴും വിമർശനാത്മക സമീപനം സ്വീകരിച്ചതിനുള്ള രാഷ്ട്രീയ പകപോക്കലിന്റെ ഗന്ധമുണ്ടായിരുന്നു. അടുത്ത ദിവസംതന്നെ അവർ നിരോധത്തിനെതിരെ സുപ്രീംകോടതിയിൽ പോയി. സർക്കാർ ഉടനടി നിരോധനം റദ്ദാക്കുകയും ചെയ്തു. അതോടെ അടിയന്തര സ്വഭാവം നഷ്ടപ്പെട്ട കേസ് പിന്നീട് മുന്നോട്ടുകൊണ്ടുപോയതുമില്ല.
2020 മാർച്ച് ആറിന് ഏഷ്യനെറ്റ് ന്യൂസിനെയും മീഡിയവണിനെയും തടഞ്ഞതാണ് അടുത്ത സംഭവം. ഡൽഹി വംശീയ അതിക്രമം ഈ ചാനലുകൾ റിപ്പോർട്ടു ചെയ്ത രീതിയാണ് കാരണമായി പറഞ്ഞിരുന്നത്. ചാനലുകൾ പ്രോഗ്രാം കോഡിന്റെ 6 (1) (ഇ), (1) (എഫ്) നിയമങ്ങൾ ലംഘിച്ചതായി മന്ത്രാലയം ആരോപിച്ചു.
മതങ്ങളെയോ സമുദായങ്ങളെയോ ആക്രമിക്കുന്നതോ, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ, ദേശവിരുദ്ധ മനോഭാവം വളർത്തുന്നതോ ആയ പരിപാടികളെ തടയുന്നതിനുള്ളതാണ് ആ നിയമങ്ങൾ. നിരോധന നടപടി മാധ്യമ സംഘടനകളിൽനിന്നും നിയമ വിദഗ്ധരിൽനിന്നും പൗരാവകാശ പ്രവർത്തകരിൽനിന്നും വ്യാപകമായ വിമർശനം വിളിച്ചുവരുത്തി. ഏകപക്ഷീയവും അവ്യക്തവുമായ നിരോധന നടപടി നിയമപരമായ തെറ്റുകളാൽ ദുഷിച്ചുപോയിരിക്കുന്നു എന്നാണ് മനു സെബാസ്റ്റ്യൻ livelaw.in-ൽ കുറിച്ചിട്ടത്. ചാനലുകൾ നൽകിയ റിപ്പോർട്ട് അവാസ്തവമോ വ്യാജമോ ആണെന്ന് മന്ത്രാലയം ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൻ.ഡി.ടി.വി നിരോധന വേളയിൽ അഭിഭാഷകനും കോളമിസ്റ്റുമായ ഗൗതം ഭാട്ടിയ ദ ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത് നിരോധനത്തിന് ഉപോദ്ബലകമായ പ്രോഗ്രാം കോഡ് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങൾക്കും മേലുള്ള ഗുരുതരമായ കടന്നുകയറ്റവും ഭരണഘടന വിരുദ്ധവുമാണെന്നാണ്. 'പ്രോഗ്രാം കോഡിൽ അവ്യക്തവും അപരിമിതമായ രീതിയിൽ കൃത്രിമം നടത്താനുമാവുന്ന തരം പദങ്ങളുടെ പൂച്ചെണ്ടുതന്നെ കുടികൊള്ളുന്നു'വെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 'ദേശസുരക്ഷയുടെ പേരുപറഞ്ഞ് സർക്കാറിന് എല്ലായിപ്പോഴും സൗജന്യപാസ് നേടിയെടുക്കാനാവില്ലെന്ന്' ഇക്കഴിഞ്ഞ ഒക്ടോബറിൽ പെഗസസ് കേസിൽ സുപ്രീംകോടതി പറഞ്ഞതുകൂടി ഇത്തരുണത്തിൽ ഓർമിക്കേണ്ടതുണ്ട്.
(ഏഷ്യാനെറ്റ് ന്യൂസ് ഗ്രൂപ് എഡിറ്റോറിയൽ അഡ്വൈസറാണ് ലേഖകൻ)
കടപ്പാട്: English.mathrubhumi.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.