ഹിന്ദുത്വ പ്രചാരണ അജണ്ട മീഡിയ ഏറ്റെടുക്കുമ്പോൾ
text_fieldsചില സമൂഹങ്ങളെ അപരവത്കരിക്കുന്നതിന്, അല്ലെങ്കിൽ രാക്ഷസവത്കരിക്കുന്നതിന് പടിഞ്ഞാറൻ മാധ്യമങ്ങൾ കാലാകാലമായി പ്രയോഗിച്ചുപോന്ന രീതിശാസ്ത്രത്തെക്കുറിച്ച് എഡ്വേഡ് സെയ്ദ് സസൂക്ഷ്മം പ്രതിപാദിക്കുന്നുണ്ട്. പൊതുബോധത്തെ അസ്വസ്ഥമാക്കുന്ന, ഒരു വിഭാഗത്തിനെതിരെ ഭൂരിപക്ഷത്തിെൻറ മനസ്സിൽ വെറുപ്പും ജുഗുപ്സയും വാരിവിതറുന്ന തരത്തിൽ വാർത്തകൾ അവതരിപ്പിക്കുക, വ്യാജവാർത്തകൾ ഉൽപാദിപ്പിച്ച് ഗൗരവതരത്തിൽ വിളമ്പുക തുടങ്ങിയ ശൈലി അവലംബിക്കുന്നത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. സമൂഹമാധ്യമങ്ങളുടെ വ്യാപനത്തിെൻറ ഇക്കാലത്തും അത് നിർവിഘ്നം തുടരാൻ ധൈര്യപ്പെടുന്നത് വലിയ ‘ലക്ഷ്യങ്ങൾ’ മുന്നിൽ കണ്ടു കൊണ്ടാവാനേ തരമുള്ളൂ. ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് ആൾദൈവം ഗുർമീത് രാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റവാളിയാണെന്ന കോടതി വിധി വന്നതോടെ അയാളുടെ അനുയായികൾ ഉത്തരേന്ത്യയുടെ തെരുവിൽ അഴിഞ്ഞാടിയതിെൻറ ഫലമായി മുപ്പതോളംപേർക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ അങ്ങേയറ്റം നടുക്കിയ ഈ സംഭവത്തിെൻറ വാർത്താമൂല്യം മനസ്സിലാകാത്ത മാധ്യമസ്ഥാപനം രാജ്യത്തുണ്ടെന്ന്് ആരും കരുതുന്നില്ല. പിറ്റേന്ന് ഡൽഹിയിൽനിന്ന് ഇറങ്ങിയ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിെൻറ മുഖ്യതലക്കെട്ട് ‘ഒരു ബലാത്സംഗ കുറ്റവാളിക്കുവേണ്ടി സംസ്ഥാനം കത്തിയാളിയപ്പോൾ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു’ എന്നായിരുന്നു. എന്നാൽ, അന്ന് കേരളത്തിൽ ഇറങ്ങിയ ന്യൂ ഇന്ത്യൻ എക്സ്പ്രസി’െൻറ മുഖ്യവാർത്ത ഒരു ‘എക്സ്ക്ലൂസിവ് സ്റ്റോറി’യാണ്: ‘ലവ് ജിഹാദ്’ കേരളത്തിൽ ഒരു യാഥാർഥ്യമാണെന്ന്, ഒടുവിൽ പൊലീസ് സമ്മതിച്ചിരിക്കുന്നു’- (After Denial, The Admission: Love Jihad a Reality in Kerala). കുറെക്കാലമായി കേരള പൊലീസ് നിഷേധിച്ചുകൊണ്ടിരുന്ന ‘ലവ് ജിഹാദ്’ പ്രതിഭാസം ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചിരിക്കുന്നത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണെത്ര. ‘ദഅ്വ സ്ക്വാഡ്’ എന്ന മതമൗലികവാദി ഗ്രൂപ്പാണ് േപ്രമംനടിച്ച് മതംമാറ്റുന്ന സംഘത്തിെൻറ പിന്നിലെന്നും ഇങ്ങനെ മതം മാറ്റപ്പെടുന്ന പെൺകുട്ടികളിൽ കൂടുതലും ഈഴവവിഭാഗത്തിൽനിന്നുള്ളവരാണെന്നും കണ്ടുപിടിക്കപ്പെട്ടു. ദഅ്വ സ്ക്വാഡുകൾ ഹിന്ദു-മുസ്ലിം സമൂഹത്തിനിടയിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സി.പി.എം ബന്ധമുള്ള യുവപ്രഫഷനലുകളെയാണ് മതപരിവർത്തനത്തിനായി ലക്ഷ്യമിടുന്നതെന്നുമൊക്കെ പൊലീസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
ലവ് ജിഹാദ് വിഷയം ഇപ്പോൾ കൂടുതൽ ചർച്ചാവിഷയമായത് ഹാദിയ/അഖില കേസ് അതിെൻറ അനന്തരഫലമാണോ എന്ന് അന്വേഷിക്കാൻ സുപ്രീംകോടതി ദേശീയ അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടതോടെയാണ്. ഭൂരിപക്ഷ സമുദായത്തിെൻറ മനസ്സിൽ അരക്ഷിതബോധം സൃഷ്ടിക്കാനും മുസ്ലിം സമൂഹത്തോട് വിദ്വേഷം വളർത്താനും ആസൂത്രിതമായി നടത്തുന്ന ദുഷ്പ്രചാരണപരിപാടിക്ക് എന്തിനു മാധ്യമങ്ങൾ ഒത്താശചെയ്യുന്നുവെന്ന ചോദ്യത്തിെൻറ ഉത്തരം ലളിതം: ‘ലവ് ജിഹാദ് ’ എന്നത് വലിയൊരു രാഷ്ട്രീയ അജണ്ടയാണിന്ന്. രാജ്യം ഭരിക്കുന്ന ഹിന്ദുത്വശക്തികൾ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ സാമുദായിക ധ്രുവീകരണത്തിനുള്ള ആയുധമായാണ് അത് കാണുന്നത്. ഏതായാലും ലവ് ജിഹാദ്് കണ്ടുപിടിത്തത്തിൽ പത്രത്തിെൻറ ഭാഷ്യം ശരിയല്ലെന്ന് പിറ്റേന്നുതന്നെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിശദീകരണം നൽകി. (‘ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി -2017 ആഗസ്റ്റ് 27).
ഐ.എസ് റിക്രൂട്ടിങ് കേന്ദ്രമോ?
‘സത്യാനന്തരം’ എന്ന പ്രയോഗത്തിൽതന്നെ പുതിയകാലത്ത് വസ്തുതകൾക്കല്ല, പ്രചാരണത്തിനാണ് പ്രഥമ പരിഗണനയെന്ന വിവക്ഷയുണ്ട്. വസ്തുനിഷ്ഠമായ വാർത്ത അപൂർമായിരിക്കുന്നു. തൽസ്ഥാനത്ത് കയറിവരുന്നത് അസത്യമോ അർധസത്യമോ കല്ലുവെച്ച നുണകളോ ആയിരിക്കാം. കേരളം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ റിക്രൂട്ട്മെൻറ് കേന്ദ്രമായി മാറി എന്ന തരത്തിലുള്ള പ്രചാരണമാണ് സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി ഹിന്ദുത്വശക്തികൾ ഇന്ന് ഉപയോഗിക്കുന്നത്. അതിനു ഉപോൽബലകമായി എടുത്തുകാട്ടുന്നതാവട്ടെ കാസർകോട് ജില്ലയിലെ പടന്നയിൽനിന്നും പാലക്കാട്ടുനിന്നുമായി 21 യുവതീയുവാക്കൾ കൈക്കുഞ്ഞുമായി എവിേടക്കോ തിരോഭവിച്ച സംഭവവും കണ്ണൂർ പെരിങ്ങത്തൂരിനടുത്ത് കനകമലയിൽനിന്ന് 2016 ഒക്ടോബർ ആറിന് ആറു യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതുമാണ്. കേരളം ഇമ്മട്ടിൽ ഐ.എസിെൻറ റിക്രൂട്ടിങ് കേന്ദ്രമായി മാറിയിട്ടുണ്ടെന്നതിന് പൊലീസിെൻറയോ ദേശീയ അന്വേഷണ ഏജൻസിയുടെയോ പക്കൽ അഖണ്ഡനീയമായ വല്ല തെളിവും ഉണ്ടോ? എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തിട്ട് ആഗസ്റ്റിൽ ഒരു വർഷം തികഞ്ഞെങ്കിലും ഏതാനും യുവതീയുവാക്കൾ ഐ.സിലേക്ക് റിക്രൂട്ട് ചെയ്യപ്പെെട്ടന്ന് പറയുന്നതല്ലാതെ ഇവർ എവിടേക്ക്് പോയെന്നോ ഇപ്പോൾ എന്തു ചെയ്യുന്നുവെന്നോ എത്ര പേർ മരിച്ചെന്നോ എത്രപേർ ബാക്കിയുണ്ടെന്നോ ഒന്നും എൻ.ഐ.എക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഘത്തിന് നേതൃത്വം കൊടുക്കുന്നതായി സംശയിക്കുന്ന തെക്കെ തൃക്കരിപ്പൂർ സ്വദേശി അബ്ദുൽ റാഷിദ് ഇവരുടെ ബന്ധുക്കൾക്ക് അയച്ചതായി പറയുന്ന ചില സന്ദേശങ്ങളിൽനിന്നാണ് ഇതുവരെ അഞ്ചുപേർ മരിച്ചതായി അനുമാനിക്കുന്നത്. എന്നാൽ, ഇതൊന്നും സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസിക്ക് ഇതുവരെ സാധിച്ചിട്ടുമില്ല.
21 യുവതീയുവാക്കൾ കൈക്കുഞ്ഞുങ്ങളുമായി തിരോഭവിച്ച സംഭവം പൊലീസിനെ അറിയിച്ചത് പരിഭ്രാന്തരായ അവരുടെ കുടുംബം തന്നെയായിരുന്നു. ‘പുറപ്പാട്’ എവിടേക്കാണെന്നോ പ്രചോദനത്തിെൻറ ഉറവിടമെന്തെന്നോ അന്വേഷിച്ച് കണ്ടെത്തുന്നതിൽ പരാജയപ്പെട്ട ദേശീയ അന്വേഷണ സംഘം മാധ്യമങ്ങളെ കൂട്ടുപിടിച്ച് പിന്നീട് നടത്തിയ പ്രചാരണം മുഴുവൻ മതംമാറ്റം സംബന്ധിച്ചായിരുന്നു. അതിനിടയിലാണ് കണ്ണൂർ പെരിങ്ങത്തൂരിനടുത്ത് കനകമലയിൽ ആറ് ചെറുപ്പക്കാരെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്യുന്നത്. അതോടെ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ താവളമായി കേരളം മാറിയെന്ന തരത്തിലുള്ള വ്യാപക പ്രചാരണത്തിന് സംഘ്പരിവാറും അവർക്ക് ഓശാനപാടുന്ന മാധ്യമങ്ങളും കച്ചകെട്ടിയിറങ്ങി. ഭീകരാക്രമണം നടത്തുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കൾ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെത്തുടർന്നാണ് എൻ.ഐ.എ തിരച്ചിലിനെത്തിയത്’ എന്നാണ് കനകമല ഓപറേഷനുശേഷം പുറത്തുവന്ന റിപ്പോർട്ട് (മാതൃഭൂമി ഒക്ടോബർ 3, 2016). പിറ്റേദിവസം എൻ.ഐ.എ അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇതേ പത്രം നൽകിയ വാർത്തയിലെ പ്രധാനവസ്തുതകൾ ഇവയാണ്: 1. കേരളത്തിൽ ഐ.എസിന് 30 അംഗ സംഘമാണുള്ളത്. 2. കേരള ഘടകത്തിെൻറ പേർ അൻസാറുൽ ഖലീഫ എന്നാണ്. 3. കൊച്ചിയിൽ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനം കലക്കാൻ ശ്രമിച്ചത് ഈ സംഘത്തിൽപെട്ടവരാണ്. 4. നാല് പ്രമുഖരെ വധിക്കാൻ ഇവർ പദ്ധതിയിട്ടു. ‘രണ്ട് ഹൈകോടതി ജഡ്ജിമാർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും തീവ്രവാദ ഭീഷണി’ എന്ന് തലേദിവസം ലീഡ് സ്റ്റോറിയായി കൊടുത്ത ‘മംഗളം’ ആരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പേര് വെളിപ്പെടുത്തുന്നുണ്ട്. ‘സംസ്ഥാനത്തെ തീവ്രവാദ കേസ് അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഭീകരാക്രമണത്തിെനതിരെ ശക്തമായ നിലപാടെടുത്ത ഹൈകോടതി ജഡ്ജിമാർ, ബി.ജെ.പി നേതാവ് എന്നിവരെ വകവരുത്തുകയായിരുന്നെത്ര ലക്ഷ്യം.
ഒക്ടോബർ നാലിെൻറ പത്രത്തിൽ കഥമാറി. ‘ലക്ഷ്യമിട്ടത് സ്ഫോടന പരമ്പര’ എന്ന തലക്കെട്ടിൽ തട്ടിവിട്ടത് ഇങ്ങനെ: ഹിറ്റ്ലിസ്റ്റിൽ അഞ്ച് വി.ഐ.പികൾ, ഷോപ്പിങ് മാളുകൾ, നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി കപ്പൽശാല, ഹൈകോടതി’. എവിടെനിന്നാണ് ഈ വിവരങ്ങൾ ലഭ്യമായത്? വാർത്താ ഉറവിടം വെളിപ്പെടുത്തേണ്ട ആവശ്യമിെല്ലന്നതാണ് ഭീകരവാദവിഷയം റിപ്പോർട്ട് ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ സൗകര്യം. മുമ്പ്, കൊല്ലത്ത് സിവിൽസ്റ്റേഷൻ പരിസരത്ത് ബോംബ് പൊട്ടിയതിെൻറ പിറ്റേന്ന്, ഇതേപത്രം കാച്ചി: ‘പിന്നിൽ അൽ ഉമ്മ’. മലപ്പുറത്തെ സ്ഫോടനത്തിനു പിന്നിൽ തങ്ങളാണെന്ന് സ്വയം അവകാശപ്പെട്ട ‘ബേസ് മൂവ്മെൻറ്’ എന്ന പേരിലാണ് സംഘടന ഇപ്പോൾ അറിയപ്പെടുന്നത് എന്ന വിവരവും പത്രം വിളമ്പി. ഈ വിവരം എവിടെനിന്ന് കിട്ടി? അവരായിരിക്കില്ലേ മലപ്പുറം സ്ഫോടനത്തിനു പിന്നിൽ? ‘അൽഖാഇദ’യുടെ ഇംഗ്ലീഷ് ഭാഷ്യം ആരുടെ തലച്ചോറിലാണ് കൂടുകൂട്ടിയതെന്ന കാതലായ ചോദ്യമാണ് അപ്പോൾ ഉയർന്നത്. കേരളത്തെ ഭീകരവാദ കേന്ദ്രമാക്കുന്നതിലും ഐ.എസ് റിക്രൂട്ടിങ് കേന്ദ്രമായി അവതരിപ്പിക്കുന്നതിലും എൻ.ഐ.എയും സംഘ്പരിവാറും ചില മാധ്യമങ്ങളും ഏകോപിതമായ ശ്രമങ്ങൾ നടത്തുകയാണോയെന്ന് സംശയിച്ചുപോയാൽ കുറ്റപ്പെടുത്താനാവില്ല.
വരുന്നു; സ്ത്രീ ചേലാകർമവും
ഇന്ദ്രജാലമേതുമില്ലാതെ, ശൂന്യതയിൽനിന്ന് എങ്ങനെ വാർത്ത സൃഷ്ടിച്ചെടുക്കാം എന്നതിെൻറ മികച്ച ഉദാഹരണമാണ് കേരളത്തിൽ മുസ്ലിം സ്ത്രീകൾക്കിടയിൽ ചേലാകർമത്തിന് വിധേയമാകുന്ന ‘ക്രൂരവും പ്രാകൃതവുമായ’ ആചാരം നിലനിൽക്കുന്നുണ്ട് എന്ന മട്ടിൽ പ്രചരിപ്പിക്കപ്പെട്ട വാർത്ത (മാതൃഭൂമി, ആഗസ്റ്റ് 27, 2017). യഥാർഥത്തിൽ കേരളീയ മുസ്ലിംകൾ ഇതുവരെ കേൾക്കാത്ത ഒരാചാരമാണ് അവരുടെമേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചത്. ഗുർമീത് രാം റഹീം സിങ് എന്ന കള്ളദൈവത്തിെൻറ അനുയായികൾ ഉത്തരേന്ത്യ കത്തിച്ചാമ്പലാക്കാൻ പോവുകയാണെന്ന് കണ്ട് പ്രധാനമന്ത്രി മോദിക്ക് അടക്കം താക്കീത് നൽകിയ ഹരിയാന ഹൈകോടതിയുടെ അപൂർവ നടപടിയെ അരികിലേക്ക് തള്ളി, മുസ്ലിം പെണ്ണിെൻറ ചേലാകർമം തേടിപ്പോയ അമിതാവേശം ജേണലിസ്റ്റ് വിദ്യാഥികൾക്ക് എന്തല്ല മാധ്യമപ്രവർത്തനം എന്ന് പഠിക്കാനുള്ള മുന്തിയ മാതൃകയായി. ആഫ്രിക്കയിലെ ചില ഗോത്രവർഗക്കാർക്കിടയിലും ലോകത്ത് പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ന്യൂനാൽ ന്യൂനപക്ഷമായ ദാവൂദി ബോറമാർക്കിടയിലും മാത്രം നിലനിൽക്കുന്ന പെൺചേലാകർമം എന്ന പഴഞ്ചൻ ആചാരം ഒരാഴ്ച നീണ്ടുനിന്ന കൊട്ടിഘോഷത്തോടെ കേരളീയസാമൂഹിക മണ്ഡലത്തിലേക്ക്് തിരുകിക്കയറ്റാൻ ശ്രമിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യം ബാക്കിനിൽക്കുന്നു. ഒരു സമൂഹത്തിെൻറ മുഖത്ത് കരിവാരിത്തേക്കാനുള്ള ഈ ശ്രമത്തിൽ കേരളത്തിൽ പെൺചേലാകർമം പുതിയ അനുഭവമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഗവേഷക വിദ്യാർഥിയുടെ സത്യവാങ്മൂലം ഹാജരാക്കിയത് കൂടുതൽ സംശയങ്ങൾക്ക് ഇടം നൽകി. തിരുവനന്തപുരം ജില്ലക്കാരിയായ ഈ ഗവേഷക കേരളത്തിലെവിടെയെങ്കിലും മലയാളി മുസ്ലിംകൾക്കിടയിൽ ഈ ആചാരം നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടുന്നില്ല. പതിറ്റാണ്ടുകളായി മലബാറിെൻറ ആസ്ഥാനമായ കോഴിക്കോട് ഗൈനക്കോളജിസ്റ്റായി ജോലിചെയ്യുന്ന ഖദീജ മുംതാസിനെപ്പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ഡോക്ടറെ ഈ ‘അനുഭവസാക്ഷ്യം’ അദ്ഭുതപ്പെടുത്തിയെങ്കിൽ വിഷയത്തെ ആ നിലക്ക് കണ്ട് പ്രചാരണത്തിനു പിന്നിലെ അജണ്ട തിരിച്ചറിയേണ്ടതുണ്ട്.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.