മാധ്യമപ്രവർത്തകരേ, ഒരുപകരണം മാത്രമാണ് നിങ്ങൾ!
text_fieldsന്യൂസ് ക്ലിക്കിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു എന്നാണ് എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നത്. യഥാർഥത്തിൽ അവിടെ 46 പേരെയാണ് അറസ്റ്റ് ചെയ്തത്. 46 പേരുടെ ഫോണും ലാപ്ടോപ്പും പിടിച്ചുവെച്ചുകഴിഞ്ഞാൽ പിന്നെ മനുഷ്യനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇത്തരത്തിൽ ഒരു സംഭവം അടിയന്തരാവസ്ഥക്കാലത്തുപോലും നടന്നിട്ടില്ല. എന്നിട്ടും നമ്മുടെ പത്രമാധ്യമങ്ങൾ അത് അർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തു എന്നെനിക്ക് തോന്നുന്നില്ല
2015ൽ അസോസിയേറ്റ് പ്രസും ഏകദേശം 25 മാധ്യമ കൂട്ടായ്മകളും ചേർന്ന് ഫ്രീലാൻസ് ജേണലിസ്റ്റുകൾക്കുവേണ്ടി ഒരു സർവൈവൽ കിറ്റ് (അതിജീവന സഞ്ചി) തയാറാക്കിയിരുന്നു. ഫ്രീലാൻസ് ജേണലിസ്റ്റുകൾ എന്നാൽ, മാധ്യമമേഖലയിലെ രണ്ടാംകിട പൗരരാണ്. സർവൈവൽ കിറ്റിൽ അടിസ്ഥാനപരമായി നമുക്ക് അറിയാവുന്നകാര്യങ്ങൾ തന്നെയാണുള്ളത്.
പ്രാഥമിക ചികിത്സാസൗകര്യങ്ങൾക്കുവേണ്ടിയുള്ള പരിശീലനം നേടിയിരിക്കണം. ബാലിസ്റ്റിക് വസ്ത്രങ്ങൾ വേണം. അങ്ങനെ ഏഴ് കാര്യങ്ങളാണ് വേണമെന്ന് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ... 2023ൽ ഇന്ത്യൻ ന്യൂസ് റൂമിന് ഒരു സർവൈവൽ കിറ്റ് ഉണ്ടാക്കുകയാണെങ്കിൽ എന്തൊക്കെയാണ് നമുക്ക് അവശ്യം വേണ്ടത് എന്ന് ചിന്തിക്കുകയാണ്.
പ്രമുഖപത്രങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഒരഹങ്കാരമുണ്ട്. ഞാൻ പ്രശസ്തമായ സ്ഥാപനത്തിലാണ് പ്രവർത്തിക്കുന്നത്, അതുകൊണ്ട് എനിക്കൊന്നും സംഭവിക്കില്ല എന്നൊക്കെ. ഒരു പ്രശ്നമുണ്ടാകുമ്പോൾ കണ്ടുവരുന്ന ഒരുകാര്യം, പ്രത്യേകിച്ച് വ്യവസായസ്ഥാപനങ്ങൾ നമുക്കെതിരെ കേസ് കൊടുക്കുമ്പോൾ ഈ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ വ്യവസായസ്ഥാപനങ്ങളുമായി ഡീലുറപ്പിക്കുകയും മാധ്യമപ്രവർത്തകരെ ബലിയാടാക്കുകയും ചെയ്യുമെന്നതാണ്.
മാസ്റ്റ് ഹെഡിൽ വളരെയധികം അഹങ്കാരം കൊള്ളുന്ന മാധ്യമപ്രവർത്തകർ ഒരൊറ്റ ദിവസംകൊണ്ട് ആരുമല്ലാതെയായി മാറും. ന്യൂസ് ക്ലിക്കിന്റെ പ്രശ്നത്തിൽപോലും ഒരു മാധ്യമപ്രവർത്തകന് നേരിട്ട അനുഭവമാണത്. വളരെ ലിബറൽ എന്നറിയപ്പെടുന്ന ഒരു മാസ്റ്റ് ഹെഡിൽനിന്നാണ് ഇത്തരത്തിൽ ഒരനുഭവമുണ്ടായത്.
ഞങ്ങളൊക്കെ ജേണലിസം കരിയറിൽ പ്രവേശിക്കുമ്പോൾ വായിക്കാൻ തന്നിരുന്നത് ബ്രിട്ടീഷ് അമേരിക്കൻ മാധ്യമപ്രവർത്തകനായിരുന്ന ഹറോൾഡ് ഇവൻസിന്റെ പുസ്തകങ്ങളോ ന്യൂയോർക് ടൈംസ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന മാക്സ് ഫ്രാങ്കലിന്റെയോ ഒക്കെ പുസ്തകങ്ങളാണ്.
പക്ഷേ, ഇന്ന് ഈ പുസ്തകങ്ങളൊന്നും വായിച്ചിട്ട് കാര്യമില്ല. ഇന്ത്യൻ പീനൽ കോഡാണ് നാം ഏറ്റവും അത്യാവശ്യമായി വായിച്ചിരിക്കേണ്ടത്. അതില്ലാതെ ഇന്ന് അതിജീവനം സാധ്യമല്ല. സെക്ഷൻ 153എ, 153ബി, 297എ, സെക്ഷൻ 499 ഇതൊക്കെ എന്തൊക്കെയാണ് എന്നറിയാത്തവർ സമകാലിക ഇന്ത്യയിൽ മാധ്യമപ്രവർത്തനം നടത്താൻ യോഗ്യരല്ല എന്ന് ഞാൻ പറയും. 33 വർഷമായി ഞാൻ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു.
ഇതിലെ ആദ്യത്തെ 25 വർഷത്തിൽ ഈ നിയമങ്ങളെക്കുറിച്ചൊന്നും അത്ര അറിവുള്ള ആളായിരുന്നില്ല. 2014വരെ മാധ്യമപ്രവർത്തകന് ഇത്തരം നിയമങ്ങളെക്കുറിച്ചൊന്നും അറിയാതെതന്നെ കരിയർ വികസിപ്പിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, ഇന്ന് ഇതേക്കുറിച്ചെല്ലാം അറിയാതെ, നിയമം പഠിക്കാതെ മാധ്യമപ്രവർത്തനം സാധ്യമല്ല എന്നായിരിക്കുന്നു.
മാധ്യമമേഖലയിലെ അപചയത്തെ സൂചിപ്പിക്കാനാണ് ഞാനിത് പറയുന്നത്. അടിസ്ഥാനപരമായ പൗരാവകാശങ്ങൾക്കുനേരെ വെല്ലുവിളി ഉയർത്തുന്ന നിയമങ്ങളെക്കുറിച്ച് പഠിക്കേണ്ടിവരുന്നത് മാധ്യമപ്രവർത്തനത്തിന് സംഭവിച്ച ശോഷണത്തിന്റെ സൂചകമാണ്.
ന്യൂസ് ക്ലിക്കിലെ റെയ്ഡിൽ സംഭവിച്ചകാര്യം പറയാം. നമ്മുടെ ജീവിതകാലത്തെ വിപ്ലവകരമായ മാറ്റം എന്നുപറയുന്നത് സ്മാർട്ട് ഫോണുകൾതന്നെയാണ്. 1996 മുതൽ സെൽഫോണുകളും 2016 മുതൽ സ്മാർട്ട് ഫോണുകളുമുണ്ട്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ഭാഗമായി മാറിയ ഉപകരണമാണിത്.
എന്നിട്ടും ഈ ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ അതിനെ സംരക്ഷിക്കാൻ ഒരു നിയമവും ഇന്ത്യയിൽ നിലവിലില്ല. 2021ൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസ് നിലവിലുണ്ടെങ്കിലും ഇതുവരെ ഇതുസംബന്ധിച്ച നിയമം നിർമിച്ചിട്ടില്ല. മാധ്യമപ്രവർത്തകരുടേയും കൂടി പരാജയമാണത്.
നമ്മുടെ ജീവിതപങ്കാളിയേക്കാൾ കൂടുതൽ സമയം ഒപ്പം ചെലവഴിക്കുന്ന ഈ ഉപകരണങ്ങൾ സംരക്ഷിക്കാനുള്ള കഴിവ് മാധ്യമപ്രവർത്തകർക്കോ സ്ഥാപനത്തിനോ ഇല്ല എന്നുണ്ടെങ്കിൽ പിന്നെ എന്ത് സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമാണ് നാം സംസാരിച്ചുകൊണ്ടിരിക്കുന്നത്?
ന്യൂസ് ക്ലിക്കിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു എന്നാണ് എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നത്. യഥാർഥത്തിൽ അവിടെ 46 പേരെയാണ് അറസ്റ്റ് ചെയ്തത്. 46 പേരുടെ ഫോണും ലാപ്ടോപ്പും പിടിച്ചുവെച്ചുകഴിഞ്ഞാൽ പിന്നെ മനുഷ്യനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇത്തരത്തിൽ ഒരു സംഭവം അടിയന്തരാവസ്ഥക്കാലത്തുപോലും നടന്നിട്ടില്ല.
എന്നിട്ടും നമ്മുടെ പത്രമാധ്യമങ്ങൾ അത് അർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്തു എന്നെനിക്ക് തോന്നുന്നില്ല. 46 പേരുടെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങളിലേക്ക് പൊലീസ് കയറി മേയുകയായിരുന്നു. ബ്ലാങ്ക് ഫ്രണ്ട്പേജ് പബ്ലിഷ് ചെയ്യേണ്ട ദിവസമായിരുന്നു അത്. അത്രമാത്രം ഭീകരമായ ദിവസം. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇതെല്ലാം വളരെ സ്വാഭാവികമായി തോന്നുന്ന മാനസികാവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു.
അപകീർത്തി നിയമത്തെക്കുറിച്ച് എത്രത്തോളം മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെന്ന് എനിക്കറിയില്ല. എത്ര വിശ്വാസ്യതയുള്ള ആളാണ് ഒരുകാര്യം പറയുന്നതെങ്കിലും അത് റിപ്പോർട്ട് ചെയ്യുമ്പോൾ അപകീർത്തി നിയമത്തിന്റെ പരിധിയിൽ പെടുമെന്ന് നാം അറിഞ്ഞിരിക്കണം.
ചിലർ ഞങ്ങളല്ല, ന്യൂയോർക് ടൈംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു എന്നൊക്കെ പറയാറുണ്ട്. അതും അപകീർത്തി നിയമത്തിന്റെ പരിധിയിൽപെടും. പറഞ്ഞുകേട്ട കാര്യമാണെങ്കിൽപോലും, അധിക്ഷേപകരമായ കാര്യം റിപ്പോർട്ട് ചെയ്താൽ ശിക്ഷ ലഭിക്കും.
ന്യൂസ് ക്ലിക്കിലെ റെയ്ഡ് പോലുള്ള സംഭവങ്ങളുടെ വാർത്ത വന്ന് അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും ടെലിവിഷനിൽ ചാനലിൽനിന്ന് വിളിച്ച് അഭിപ്രായം ചോദിക്കുന്ന പരിപാടിയുണ്ട്. ആ നിമിഷത്തിൽ അതേക്കുറിച്ച് എന്തുപറയാനാണ്? നമുക്ക് ഒരു വിവരങ്ങളും ലഭിച്ചിട്ടുണ്ടാകില്ല.
ഇത് വലിയ അനീതിയാണ്. ചോദിക്കുന്ന ആളെയും ന്യൂസ് ക്ലിക്കിനേയും ഒരുപോലെ അപായപ്പെടുത്തുന്ന കാര്യം. ഏതാനും ആഴ്ച മുമ്പ് ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ച് എന്നോട് ടെലിവിഷനിൽനിന്ന് അഭിപ്രായം ചോദിച്ച് വിളിച്ചപ്പോൾ ഇപ്പോൾ പറയാൻ കഴിയില്ല എന്നുതന്നെ ഞാൻ പറഞ്ഞു. പക്ഷേ, രാത്രി മലയാളത്തിലെ ചാനലിലെ ഒരു എഡിറ്റർ അതേക്കുറിച്ച് വളരെ ആധികാരികമായി അനലൈസ് ചെയ്യുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
കൊൽക്കത്തയിലുള്ള എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം കേരളത്തിലിരുന്ന് ആ എഡിറ്റർ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംഭവത്തിനുശേഷം രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. ബംഗാൾ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നും പൂർണമായി പുറത്തുവന്നിട്ടില്ല. കോടതി തടഞ്ഞിരിക്കുകയാണ്.
എന്നിട്ടും ഇതേക്കുറിച്ച് ഇങ്ങനെ ആധികാരികമായി സംസാരിക്കാൻ കഴിയുക എന്നത് അപാരമായ ധൈര്യമാണ് എന്നേ പറയാനുള്ളൂ. നാം എന്ത് തെറ്റ് വരുത്തുന്നു എന്ന് ഭരണകൂടം നോക്കിയിരിക്കുന്ന സമയത്ത് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് അബദ്ധമാണ്. ന്യൂസ് ക്ലിക്കിലെ റെയ്ഡിനെക്കുറിച്ച് അപ്പോൾതന്നെ അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ, നമ്മുടെ മനസ്സിൽ അത് അപ്പോൾതന്നെ വേണം എന്ന നിർബന്ധമാണ് ഉള്ളത്.
വായനക്കാർക്കല്ല, എഡിറ്റർമാരാണ് ഈ നിർബന്ധം പ്രകടിപ്പിക്കാറുള്ളത്. ജോലി പോകില്ലെങ്കിൽ പറ്റില്ല എന്നുതന്നെയാണ് ഇത്തരം സന്ദർഭങ്ങളിൽ ജേണലിസ്റ്റുകൾ പറയേണ്ടത്. അനലൈസ് ചെയ്യാൻ സമയമെടുക്കും എന്ന് പറയാൻ ആർജ്ജവമുള്ള ഒരു ന്യൂസ് റൂം ഉണ്ടായിരിക്കണം എന്നാണ് എന്റെ അഭിപ്രായം.
റിപ്പോർട്ടിൽ തെറ്റ് പറ്റുകയാണെങ്കിൽ, തെറ്റ് പറ്റിയെന്ന് പറയാനുള്ള ആർജ്ജവം കാണിക്കുക. ഒരുഭാഗം തെറ്റായിരിക്കാം, ഒരുഭാഗം ശരിയായിരിക്കാം. തെറ്റുപറ്റിയ ഭാഗം ബാധിക്കപ്പെടുന്നയാളെ അപമാനിക്കുന്നതാണെങ്കിൽ ഒരുമടിയും കൂടാതെ ക്ഷമപറയുക. അത് പറയാനുള്ള ആത്മവിശ്വാസം ഒരു ന്യൂസ് റൂമിന് ഉണ്ടായിരിക്കണം.
അത് കേരളത്തിൽ കാണുന്നില്ല. പ്രസ്തുതവാർത്ത കൊടുത്തതുമൂലം നല്ലകാര്യങ്ങൾ സമൂഹത്തിൽ സംഭവിച്ചിട്ടുണ്ട് എന്നൊക്കെ പറഞ്ഞോളൂ. പക്ഷേ, നമ്മൾ അനീതി കാണിച്ചവരോട് പരസ്യമായി മാപ്പ് പറയാനുള്ള കഴിവുണ്ടായിരിക്കണം. അത് പലപ്പോഴും ഉണ്ടാകുന്നില്ല. നമുക്ക് എല്ലാം അറിയുമെന്ന് അറിയിക്കാനുള്ള ഉത്സാഹം എല്ലാവരും കാണിക്കാറുണ്ട്. എന്ത് അറിയില്ല എന്ന് പറയാനുള്ള ധൈര്യവും വല്ലപ്പോഴും നാം കാണിക്കണം.
ഒരു സ്ഫോടനം ഉണ്ടായെങ്കിൽ അത് ഗ്യാസാണോ പൊട്ടിത്തെറിച്ചത്, പൈപ്പ് ലൈനാണോ എന്നകാര്യം അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയണം. അടുത്തകാലത്ത് ടെലിവിഷനിൽ കണ്ട സ്റ്റോറിയെക്കുറിച്ചാണ് ഞാൻ പറയുന്നത്. ആദ്യദിവസം തന്നെ ഞങ്ങൾക്ക് ചില ചില കാര്യങ്ങൾ അറിയാം, പക്ഷേ ചിലകാര്യങ്ങൾ അറിയില്ല എന്ന് പറഞ്ഞിരുന്നുവെങ്കിൽ ആ സ്റ്റോറിയുടെ ഗതിതന്നെ മറ്റൊന്ന് ആയേനെ.
അത് സമൂഹത്തിന് സേവനം ചെയ്യുന്നതായി മാറിയേനെ. തെറ്റുപറ്റിയാൽ മാപ്പ് പറയുക എന്നുള്ളതും നമ്മുടെ അതിജീവനക്കിറ്റിന്റെ ഭാഗമായിരിക്കണം. കറക്ഷൻ എന്ന് പറയുന്നതിനുപകരം ക്ലാരിഫിക്കേഷൻ എന്ന് പറയുന്നതാണ് ഇപ്പോൾ ട്രെൻഡ്. തെറ്റ് സമ്മതിക്കാനുള്ള മടികൊണ്ടാണിത്. മനുഷ്യന് തെറ്റ് പറ്റാം. ദൈവമായി നാം അഭിനയിക്കേണ്ട കാര്യമില്ല. ജേണലിസത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നകാര്യം കൂടിയാണിത്.
മാധ്യമപ്രവർത്തകർ നേരിടുന്ന മറ്റൊരുഭീഷണി ജോലി ഏതു നിമിഷം വേണമെങ്കിലും ഇല്ലാതാകാം എന്നുള്ളതാണ്. ഏതു നിമിഷവും ജയിലിലാകാനും സാധ്യതയുണ്ട്. എന്താണിതിന് ഒരു പോംവഴി എന്ന് പലരും ചോദിക്കാറുണ്ട്. ഇതിന് പോംവഴികളൊന്നുമില്ല. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവർക്കൊക്കെ എന്തുസംഭവിച്ചു എന്ന് ഓർക്കുക.
വ്യക്തിപരമായ സുരക്ഷിതത്വത്തെക്കുറിച്ച് ഞാൻ പലപ്പോഴും ഓർക്കാറുണ്ട്. സംശയമുണ്ടാകുമ്പോൾ ഞാൻ വായിക്കാറുള്ളത് പ്രിസൺ ആശ്രം എന്നപേരിൽ വിനോബ ഭാവെ രചിച്ച ഒരു ഉപന്യാസമാണ്. എന്നെ വളരെയധികം സ്വാധീനിച്ച ഒന്നാണത്. മാധ്യമപ്രവർത്തകരെല്ലാം അത് വായിക്കണമെന്ന് ഞാൻ ശിപാർശ ചെയ്യുന്നു.
നമുക്ക് എത്രതന്നെ നിരാശയുണ്ടായാലും നിയമത്തെ ബഹുമാനിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂ. ഏതെങ്കിലും ന്യൂസ് റൂം, അല്ലെങ്കിൽ മാധ്യമപ്രവർത്തകർ എന്നെ എന്റെ സ്ഥാപനം സംരക്ഷിക്കും എന്ന ചിന്തയുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ ഒരുകാര്യം ഉറപ്പാണ്, സംഭവങ്ങൾ റെക്കോഡ് ചെയ്യുന്ന ഒരുപകരണം മാത്രമാണ് നിങ്ങൾ, ജേണലിസ്റ്റുകളല്ല.
(മാധ്യമം ജേണലിസ്റ്റ് യൂനിയൻ സംഘടിപ്പിച്ച മൂന്നാമത് എൻ. രാജേഷ് പുരസ്കാര വിതരണ വേദിയിൽ നടത്തിയ അനുസ്മരണ പ്രഭാഷണം)
തയാറാക്കിയത്: അനുശ്രീ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.