Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅച്ഛ​െൻറ മകൾ

അച്ഛ​െൻറ മകൾ

text_fields
bookmark_border
അച്ഛ​െൻറ മകൾ
cancel

ജനനം, ജാതി,​ തൊഴിൽ-മൂന്നിലും ഒരേകിടയിൽ. എന്നാൽ, കൊച്ചുന്നാൾ തൊ​േട്ടയുള്ള പൊതുപ്രവർത്തനപരിചയത്തിൽ എതിരാളിയേക്കാൾ ബഹുകാതം മുന്നിൽ. പാർട്ടിക്കാർ ഇറക്കിയ മുഹൂർത്തം ഒന്നു പാളിയെങ്കിലും റെയ്​സിനകുന്നിലേക്കുള്ള ഒാട്ടത്തിൽ രണ്ടും കൽപിച്ച്​ പൊരുതാനുറച്ചാണ്​ ‘ബിഹാറി​​​െൻറ മോൾ’. അതിലവർക്ക് ധൈര്യം പ്രതിസന്ധികളെ തുഴഞ്ഞുനീന്തി ജീവിതത്തെ പ്രതിഭയുടെ ഉച്ചിയിലെത്തിച്ച അച്ഛ​​​െൻറ പാരമ്പര്യം തന്നെ. അതുകൊണ്ട്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പിലേക്ക്​ പാർട്ടിയും മുന്നണിയു​ം ആനയിച്ചുകൊണ്ടുവരു​േമ്പാൾ മീരാകുമാർ കളിയല്ല, കാര്യത്തിൽ തന്നെയാണ്​. രാഷ്​ട്രീയതെരഞ്ഞെടുപ്പ്​ അക്കങ്ങളുടെ കളിയായതുകൊണ്ടുതന്നെ ആഞ്ഞുപിടിച്ചാൽ കഥയേതും മാറുമെന്നവർക്കറിയാം. ഇനി റെയ്​സിനയിലേക്കുള്ള ഒാട്ടം പിഴച്ചാലും പാർട്ടി അധ്യക്ഷ ചി​ലപ്പോൾ അടുത്ത പൊതുതെരഞ്ഞെടുപ്പിലേക്കുള്ള പ്രധാനമന്ത്രി സ്​ഥാനാർഥിയായി പ്രസാദിച്ചുകൂടെന്നില്ലെന്നുവ​രെ ഡൽഹിയിൽ ഉപശാലാവർത്തമാനങ്ങൾ വന്നുകഴിഞ്ഞു. അതുകൊണ്ട്​ അമിത്​ ഷായുടെ കൈയും ​കണക്കും വെച്ച്​ തന്നെ എഴുതിത്തള്ളേണ്ട എന്ന നെഞ്ഞൂക്കോടെതന്നെയാണ്​ മീരാകുമാറി​​​െൻറ നിൽപ്​.
വൈകിയെങ്കിലും ഏറ്റവും ഉചിതമായ തീരുമാനം എന്നാണ്​ മീരയുടെ സ്​ഥാനാർഥിത്വത്തെക്കുറിച്ച്​ സംഘ്​പരിവാറിനുപുറത്തുള്ള ഏകോപിച്ചഅഭിപ്രായം. രാജ്യതന്ത്രജ്ഞ, രാഷ്​ട്രീയക്കാരി, സാമൂഹികപ്രവർത്തക, പാർലമെ​േൻററിയൻ, മികച്ച നേതൃശേഷി തുടങ്ങി എല്ലാനിലയിലും ശാഖ മുതൽ രാജ്​ഭവൻ വരെ സംഘപ്രതിബദ്ധത തെളിയിച്ചു എന്നതിൽ കവിഞ്ഞൊന്നുമല്ലാത്ത രാംനാഥ്​ കോവിന്ദിനെ നിഷ്​പ്രഭമാക്കുന്ന ജീവചരിത്രരേഖ. അധികാരത്തി​​​െൻറ അത്യുന്നതങ്ങളിൽ വിരാജിച്ചപ്പോഴും രാഷ്​ട്രീയസദാചാരമൂല്യങ്ങളിലും സ്വന്തം സമൂഹത്തോടുള്ള പ്രതിബദ്ധതയിലും അളവിൽകവിഞ്ഞ ജാഗ്രതപുലർത്തിയ മഹാനേതാവായിരുന്നു അച്ഛൻ ജഗജീവൻറാം. എല്ലാവരും സ്​നേഹപൂർവം ബാബുജി എന്നു വിളിച്ചിരുന്ന അച്ഛ​​​െൻറ വളർച്ച മുത്തശ്ശി വാസന്തിദേവിയുടെ കൂടെ കിടന്നുള്ള രാക്കഥകളിലൂടെ കേട്ടുവളരുകയായിരുന്നു. മുത്തശ്ശി മുന്നിൽ വരച്ചിട്ട അച്ഛൻറ വാങ്​മയചിത്രങ്ങളാണ്​ ത​​​െൻറ വളർച്ചയുടെ ഉൗർജമെന്ന്​ എപ്പോഴും അഭിമാനം കൊള്ളാറുണ്ട്​. 

ആങ്ങള സുരേഷിൽ നിന്ന്​ വേറിട്ട്​ അച്ഛ​​​െൻറ നിഴലായി വളരാനായിരുന്നു ശ്രമം. ചെറുപ്പത്തിൽ ‘സ്​റ്റേറ്റ്സ്​മാൻ’ പത്രം വായിക്കാനായി രണ്ടുകിലോമീറ്ററോളം ആറാ റെയിൽ​േവ സ്​റ്റേഷനിലേക്ക്​ നടന്നിരുന്ന ജഗ്​ജീവൻറാമി​​​െൻറ മകൾ വായനയിൽ അച്ഛനെ പകർത്തി. പുസ്​തകപ്പു​ഴുവായിരുന്ന അച്ഛ​​​െൻറ മകൾ ലോക്​സഭ സ്​പീക്കർ സ്​ഥാന​ത്തെത്തിയപ്പോൾ ആദ്യം ചെന്നത്​ പാർലമ​​െൻറ്​ നടപടിക്രമങ്ങൾ സംബന്ധിച്ച 4000 ലേറെ പേജുകൾ വരുന്ന പുസ്​തകത്തിലേക്കാണ്​. ഏതാണ്ട്​ 10 ആവർത്തി അത്​ വായിച്ചതോടെ നിയമത്തി​​​െൻറ നൂൽപഴുതുകൾ പോലും ഹൃദിസ്​ഥമായി. അതിൽപിന്നെ സഭയിൽ ഏത്​ അംഗത്തെയും ഏത്​ വിഷയത്തെയും നേരിടാൻ പ്രയാസമുണ്ടായില്ല. 

ജാതിവിവേചനത്തി​​​െൻറ ക്രൂ​രതകൾ അനുഭവിച്ചറിഞ്ഞ അച്ഛൻ സ്വയം വെട്ടിത്തെളിച്ച അതിജീവനത്തി​​​െൻറ സ്വസ്​ഥമായ നാളുകളിലായിരുന്നു മീരയുടെ ജനനം. സ്വാതന്ത്ര്യസമരത്തിലും രാഷ്​ട്രീയപ്രവർത്തനങ്ങളിലും അച്ഛ​​​െൻറ പങ്കാളിയായിരുന്ന ഇ​ന്ദ്രാണിദേവി മകൾക്ക്​ ജന്മം നൽകുന്നത്​ 1945 മാർച്ച്​ 31ന്​ ബിഹാറിലെ ആറാ ജില്ലയിൽ. കോൺവ​​െൻറിൽ പഠിക്കാനുള്ള ക്രിസ്​ത്യൻപാതിരിമാരുടെ ക്ഷണം അമ്മ നിരസിച്ചതിനാൽ ഉന്നത ഇംഗ്ലീഷ്​ പഠനവും അമേരിക്കൻ ഉപരിപഠനവും മുടങ്ങിയതാണ്​ അച്ഛ​​​െൻറ ബാല്യം. ആ അനുഭവത്തിൽനിന്നാകാം, മകൾക്ക്​ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാനായിരുന്നു ജഗജീവൻറാമി​​​െൻറ തീരുമാനം. ഡറാഡൂൺ, ജയ്​പൂർ എന്നിവിടങ്ങളിലായിരുന്നു സ്​കൂൾ പഠനം. പിന്നീട്​ ഇന്ദ്രപ്രസ്​ഥ കോളജ്​, ​ഡൽഹി യൂനിവേഴ്​സിറ്റിയുടെ മിറാൻഡ ഹൗസ്​ എന്നിവിടങ്ങളിൽ നിന്നായി ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും നിയമത്തിൽ ബിരുദവും നേടി. സിവിൽ സർവിസ്​ പരീക്ഷ പാസായപ്പോൾ തെരഞ്ഞെടുത്തത്​ ഫോറിൻ സർവിസ്​. 1973ൽ ​െഎ.എഫ്​.എസ്​ ​നേടി. മൗറീഷ്യസ്​, സ്​പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നയതന്ത്ര സേവനമനുഷ്​ഠിച്ചു. വിദ്യാഭ്യാസത്തിലും കരിയറിലും മകളെ കൈപിടിച്ചുയർത്തിയ അച്ഛൻ ത​​​െൻറ സമകാലീനരിൽ നിന്ന്​ വ്യത്യസ്​തനായി മകളെ രാഷ്​ട്രീയത്തിലേക്ക്​ കൂടെ കൂട്ടിയില്ല. അത് കരിയറിലെ ശോഭ കൂട്ടാനുള്ള അവസരമാക്കിയെടുത്തു മീര. ചെറുപ്പത്തിൽകുറഞ്ഞ കാലം പഠിച്ചിരുന്ന രാജസ്​ഥാനിലെ ടോങ്കിലുള്ള ബനസ്​തലി സർവകലാശാലയുടെ ​ഒാണററി ഡോക്​ടറേറ്റും 2010 ൽ തേടിയെത്തി.  

അച്ഛൻറ ജീവിതത്തി​​​െൻറ അന്തിച്ചോപ്പിലായിരുന്നു മകളുടെ ​രാഷ്​ട്രീയപ്രവേശം. ജഗ്​ജീവൻറാം മരിക്കുന്നതിന്​ ഒരു വർഷം മുമ്പ്​ 1985ൽ. അമ്മയുടെ നാടായ ഉത്തർപ്രദേശിലെ ബിജ്​നോർ ലോക്​സഭ മണ്ഡലത്തിലായിരുന്നു കന്നിപ്പയറ്റ്​; സംഭവബഹുലമാക്കി തന്നെ. മായാവതി, റാം വിലാസ്​ പാസ്വാൻ എന്നീ ദേശീയരാഷ്​ട്രീയത്തിലെ അതികായരെയാണ്​ നാൽപതുകാരിയായ മീരാകുമാർ അന്നു മലർത്തിയടിച്ചത്​. ഗംഭീരമായ ആ തുടക്കത്തി​​​െൻറ തുടർച്ചയായി പിന്നീട്​ പാർലമ​​െൻററി രാഷ്​ട്രീയത്തിലെ ഉയർച്ചകൾ. എട്ട്​, 11, 12 ലോക്​സഭകളിലേക്ക്​ എത്തിയത്​ ഡൽഹിയിലെ ​കരോൾബാഗിൽ നിന്ന്​. 1999ൽ സീറ്റ്​ നഷ്​ടപ്പെ​ട്ടു. അടുത്തതവണ അച്ഛൻ കുത്തകയാക്കിവെച്ചിരുന്ന ബിഹാറിലെ സസറാം മണ്ഡലം എടുത്ത മകൾ 14, 15 ലോക്​സഭകളിലേക്ക്​ അവിടെ നിന്നു ജയിച്ചുകയറി. ഒന്നാം യു.പി.എ മന്ത്രിസഭയിൽ സാമൂഹികനീതി ശാക്​തീകരണമന്ത്രിയായി. രണ്ടാം യു.പി.എയിൽ ജലവിഭവവകുപ്പിലായിരുന്നു മന്ത്രിപദം. 2009ൽ രാജ്യത്തെ ആദ്യ വനിത പാർലമ​​െൻറ്​ സ്​പീക്കറായി അവർ തെരഞ്ഞെടുക്കപ്പെട്ടു. അക്ഷോഭ്യതയിൽ അജയ്യനായിരുന്ന അച്ഛനായിരുന്നു പാർലമ​​െൻറിൽ മീരയുടെ മാതൃക. ഏതുബഹളത്തിലും സഭാനിയന്താവായ സ്​പീക്കർക്ക്​ നിയന്ത്രണം നഷ്​ടപ്പെട്ടുകൂടാ എന്ന്​ അവർക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സഭാധ്യക്ഷ സ്​ഥാനത്തെ ​ശ്രദ്ധേയരിൽ അവർ ഇടം നേടി. 

2014ലെ മോദി തരംഗത്തിൽ സസറാമിൽ മീരക്കും അടിപതറി. ഇപ്പോൾ പ്രചണ്ഡമായ ​പ്രചാ​രവേലകളുടെ പിൻബലമുള്ള ആ തരംഗത്തിനെതിരെ തുഴയാനുള്ള നിയോഗമാണ്​ വന്നുചേർന്നിരിക്കുന്നത്​. പാർട്ടിക്കാർ ദലിത്​ മുഖം ഉയർത്തിക്കാട്ടു​േമ്പാഴും കടന്നുവന്ന വഴികളേക്കാൾ കടത്തിക്കൊണ്ടുവന്ന സംഘ്​പരിവാറി​​​​െൻറ രാഷ്​ട്രീയാദർശങ്ങളോട്​ കൂറുപ്രഖ്യാപിക്കുന്ന പ്രതിയോഗിയിൽ നിന്ന്​ ഭിന്നമായി സ്വജാതിയുടെ അവകാശങ്ങൾക്കും അഭ്യുദയത്തിനും പ്രവർത്തിച്ച പാരമ്പര്യമാണ്​ മീരയുടേത്​. അച്ഛ​​​െൻറ മകളുടെ ആർജിതഗുണങ്ങളുമായി ഒരു കൈനോക്കാനാണ്​ ശ്രമം. കന്നിയങ്കത്തിൽ രണ്ടു ദലിത്​പ്രമുഖരെ തള്ളിയിട്ട തനിക്ക്​ കോവിന്ദ്​ കടമ്പയാകേണ്ടതല്ല. എന്നാൽ, അതിന്​ ചില നയകോവിദത്വമൊക്കെ ആവശ്യമുണ്ട്​. വിദേശതലസ്​ഥാനങ്ങളിൽ രാജ്യത്തിനുവേണ്ടി പയറ്റിയ നയചാരുത രാജ്യത്തി​​​െൻറ പരമോന്നതപദം പിടിക്കാനുള്ള പോരാട്ടത്തിൽ എത്രടം വിജയിക്കുന്നുവെന്ന്​ കണ്ടറിയുകതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meira Kumar
News Summary - meira kumar
Next Story