Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ ദലിത്​ വിദ്യാർഥിയുടെ...

ആ ദലിത്​ വിദ്യാർഥിയുടെ ഒാർമക്കു മുന്നിൽ

text_fields
bookmark_border
ആ ദലിത്​ വിദ്യാർഥിയുടെ ഒാർമക്കു മുന്നിൽ
cancel

ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി​െൻറ (AIIMS) മോർച്ചറിക്കു മുന്നിൽ ഞാൻ മുത്തുകൃഷ്ണ​െൻറ അച്ഛനെ കാണുേമ്പാൾ ആ മനുഷ്യൻ അനന്തതയിലേക്ക് കണ്ണുംനട്ട് കോൺക്രീറ്റ് ബെഞ്ചിൽ ഇരിക്കുകയായിരുന്നു. ഉള്ളിൽ അലയടിക്കുന്ന അടക്കാനാകാത്ത ദുഃഖത്തി​െൻറ ആഴം ആ മുഖത്ത് കാണാമായിരുന്നു. നിനച്ചിരിക്കാത്ത വേളയിൽ സ്വന്തം പുത്രൻ നഷ്ടപ്പെട്ട ഒരു മനുഷ്യ​െൻറ മുഖത്ത് അതല്ലാതെ മറ്റെന്ത് ഭാവമാണ് ഉണ്ടാവുക! ജീവാനന്ദം എന്നാണ് ആ മനുഷ്യ​െൻറ പേര്. സേലത്ത് സ്വകാര്യ സ്ഥാപനത്തിലെ വാച്ച്മാനാണ് അദ്ദേഹം. അടക്കാനാവാത്ത ദുഃഖം കടിച്ചമർത്തി ആ പിതാവ് അകത്ത് മോർച്ചറിയിൽ കിടക്കുന്ന മകനെപ്പറ്റിയും മൂന്നു പെൺമക്കളെപ്പറ്റിയും എന്നോട് പറഞ്ഞു. തുച്ഛവരുമാനംകൊണ്ട് ജീവിതം തള്ളിനീക്കാൻ പ്രയാസപ്പെടുേമ്പാഴും മക്കളെ നല്ലവണ്ണം പഠിപ്പിക്കണമെന്ന് ജീവാനന്ദത്തിന് നിർബന്ധമുണ്ടായിരുന്നു. സാമൂഹികമായ പിന്നാക്കാവസ്ഥമൂലം തനിക്ക് പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കൾക്ക് ആ ഗതി വരരുതെന്ന് ജീവാനന്ദത്തിന് വാശി ഉണ്ടായിരുന്നു. അഭിമാനിയായ ആ അച്ഛൻ പറഞ്ഞു: ‘‘എ​െൻറ മക്കളെല്ലാം നല്ലവണ്ണം പഠിച്ചു. മുത്തുകൃഷ്ണൻ ആയിരുന്നു അവരിൽ ഏറ്റവും മിടുക്കൻ.’’

മുത്തുകൃഷ്ണന് ജെ.എൻ.യു ഒരു സ്വപ്നമായിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റിയിലെ (എച്ച്.സി.യു) വിദ്യാഭ്യാസത്തിനുശേഷം ത​െൻറ സ്വപ്നസ്ഥാപനത്തിലെ വിദ്യാർഥിയാകാൻ അവനത്രമേൽ പാടുപെട്ടു. ഹൈദരാബാദിൽ പഠിക്കുേമ്പാൾ മുത്തുകൃഷ്ണൻ രോഹിത് വെമുലയുടെ ഉറ്റചങ്ങാതിയായി. രോഹിതി​െൻറ സസ്പെൻഷനെ തുടർന്ന് അവിടെയുണ്ടായ വിദ്യാർഥിപ്രക്ഷോഭത്തിലും മുത്തുകൃഷ്ണൻ സജീവമായിരുന്നു. നാലുതവണ പ്രവേശനപരീക്ഷ എഴുതിയപ്പോഴാണ് ഉന്നതവിദ്യാകേന്ദ്രമായ ജെ.എൻ.യുവി​െൻറ കവാടങ്ങൾ അവനുമുന്നിൽ തുറന്നത്. മുത്തുകൃഷ്ണന് െജ.എൻ.യു എന്തായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അവിടെ എത്തിയതിനുശേഷം ജസ്റ്റിസ് ഫോർ വെമുല പ്രസ്ഥാനത്തിൽ മുത്തു താൽപര്യപൂർവം പെങ്കടുത്തു. മനസ്സിലെ വലിയ കിനാവായി താൻ കൊണ്ടുനടന്ന ജെ.എൻ.യു കാമ്പസിൽ മുത്തുവിന് എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.

ഹോളി ആഘോഷദിവസം വൈകുന്നേരം കാമ്പസിനടുത്തുള്ള മുനീർക്കയിൽ ഒരു സുഹൃത്തി​െൻറ വീട്ടിൽ അവൻ തൂങ്ങിനിൽക്കുന്നതായാണ് കാണപ്പെട്ടത്. അന്നുരാവിലെ പ്രഭാതഭക്ഷണവേളയിൽ മുത്തുവിനോടൊപ്പം ഉണ്ടായിരുന്ന അവ​െൻറ ഒരടുത്ത സുഹൃത്ത് കുറേനേരം എന്നോട് സംസാരിച്ചു. ആ പ്രഭാതത്തിൽ മുത്തു സാധാരണപോലെയാണ് പെരുമാറിയത്. അവൻ ഉല്ലാസവാനുമായിരുന്നു. തനിക്കേറ്റവും ഇഷ്ടപ്പെട്ട രജനികാന്തിനെക്കുറിച്ച് മുത്തു സംസാരിച്ചിരുന്നുവത്രെ. കബാലി സിനിമയിലെ ഏതാനും രജനി ഡയലോഗുകൾ കൂട്ടുകാർക്കു മുന്നിൽ അവൻ അവതരിപ്പിക്കുകയും ചെയ്തു. സന്തോഷകരമായ ആ പ്രഭാത കൂടിക്കാഴ്ചക്കുശേഷം ദക്ഷിണ കൊറിയക്കാരനായ സുഹൃത്തി​െൻറ വീട്ടിലേക്ക് പോയതായിരുന്നു മുത്തു.

ദുഃഖകരമായ ആ വേർപാടി​െൻറ കാരണങ്ങൾ ആർക്കുമറിയില്ല. സമഗ്രവും കുറ്റമറ്റതുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇൗ മരണത്തിന് പിറകിലുള്ള കാരണങ്ങൾ കണ്ടെത്താൻ കഴിയൂ. മുത്തുവി​െൻറ അച്ഛൻ പൊലീസിൽ പരാതി നൽകുകയും സി.ബി.െഎ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുത്തുകൃഷ്ണൻ അംഗമായിരുന്ന ബാപ്സ (BAPSA^ബിർസമുണ്ട അംബേദ്കർ ഫുലെ സ്റ്റുഡൻറ്സ് അസോസിയേഷൻ), എ.െഎ.എസ്.എഫ്, എസ്.എഫ്.െഎ, െഎസ എന്നീ വിദ്യാർഥി സംഘടനകളും ജെ.എൻ.യു വിദ്യാർഥി യൂനിയനും ഇതേ ആവശ്യം മുന്നോട്ടുെവക്കുന്നു. ആ മോർച്ചറിക്കു മുന്നിൽ അങ്ങിങ്ങായി കൂട്ടംകൂടിനിന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും മുഖത്ത് പ്രതിഫലിച്ച വ്യഥകൾ ജെ.എൻ.എയുവി​െൻറ ഇന്നത്തെ അവസ്ഥയുടെ പ്രതിഫലനമായിരുന്നു.

കാമ്പസിൽനിന്ന് കാണാതായ നജീബ് എന്ന വിദ്യാർഥിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ജെ.എൻ.യുവി​െൻറ മനസ്സിനെ ഇപ്പോഴും മഥിക്കുന്നുണ്ട്. ‘‘നജീബ് എവിടെ’’ എന്ന ചോദ്യം അവിടെ നിലയ്ക്കാതെ മാറ്റൊലികൊള്ളുകയാണ്. ജെ.എൻ.യു അധികൃതർക്കും ഗവൺമ​െൻറിനും ആ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയുന്നില്ല. 2016 ഫെബ്രുവരി 16 മുതൽ ജെ.എൻ.യു സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദേശീയതയുടെ മറവിൽ ജെ.എൻ.യുവിനെ ശ്വാസംമുട്ടിക്കാനും കുറ്റപ്പെടുത്താനും തന്ത്രങ്ങൾ മെനയുന്ന സംഘ്പരിവാർ ശക്തികൾ വിവരണാതീതമായ സമ്മർദങ്ങളാണ് അവിടത്തെ അധ്യാപകരുടെയും വിദ്യാർഥികളുടെയും മേൽ അടിച്ചേൽപിച്ചത്.

വിദ്യാർഥി യൂനിയ​െൻറ പ്രസിഡൻറായിരുന്ന എ.െഎ.എസ്.എഫ് നേതാവ് കനയ്യകുമാറിനെ അവർ പിന്തുടർന്ന് വേട്ടയാടി. ജെ.എൻ.യുവി​െൻറ വ്യതിരിക്തതയായി കരുതപ്പെടുന്ന ഉദ്ബുദ്ധമായ അന്വേഷണത്വരയുടെ നേർക്ക് അവർ നിരന്തരം ആക്രമണം അഴിച്ചുവിട്ടു. തങ്ങളുടെ ഫാഷിസ്റ്റ് വിചാരധാരക്ക് ഇണങ്ങുംവിധത്തിൽ ദേശാഭിമാനത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും അവർ പുനർനിർവചിച്ചു. ഇടതുപക്ഷ ആഭിമുഖ്യമുള്ള വിദ്യാർഥികളുടെയും അധ്യാപകരുടെയും സാന്നിധ്യം കാമ്പസിനെ അപകടത്തിലാക്കുമെന്ന് അവർ പ്രചരിപ്പിച്ചു.

കാമ്പസുകളിൽ എസ്.സി/എസ്.ടി/ഒ.ബി.സി വിദ്യാർഥികളുടെ കൂടിയ അളവിലുള്ള പ്രവേശനത്തിന് കളമൊരുക്കിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ആർ.എസ്.എസിനും എ.ബി.വി.പിക്കും എന്നും വൈമനസ്യമായിരുന്നു. അവരുടെ പ്രത്യയശാസ്ത്ര ചിന്താഗതി വാദിക്കുന്നത് സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികളെ അന്യരായി പരിഗണിക്കണമെന്നാണ്. ഇൗ വൈരുധ്യം മൂർച്ഛിച്ചപ്പോഴാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ രോഹിത് വെമുല ത​െൻറ ജീവൻ അവസാനിപ്പിക്കാൻ നിർബന്ധിതനായത്. രണ്ട് കേന്ദ്രമന്ത്രിമാരുടെ ഒത്താശയോടെ  എ.ബി.വി.പി നടത്തിയ ക്രൂരമായ ഇടപെടലുകളാണ് രോഹിത് വെമുലയുടെ സസ്പെൻഷന് വഴിതെളിച്ചത്. നിരന്തരമായ ഇത്തരം പീഡാനുഭവങ്ങൾക്ക് ഒടുവിലാണ് വെമുല ജീവിതത്തോട് വിടപറഞ്ഞത്. സ്ഥാപനത്തി​െൻറ കാർമികത്വത്തിൽ നടന്ന കൊലപാതകമെന്ന് അതിനെ വിശേഷിപ്പിച്ചാൽ അത് പൂർണമായി ശരിയായിരിക്കും. ഉന്നത വിദ്യാഭ്യാസത്തി​െൻറ മഹനീയ കേന്ദ്രങ്ങളിൽ പിന്നാക്ക വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളുടെ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും കഥകളാണ് വെമുലയുടെ ദുഃഖസാന്ദ്രമായ അനുഭവം പറയുന്നത്. ഇൗ അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് ജനാധിപത്യ വിദ്യാർഥി പ്രസ്ഥാനം ‘രോഹിത് വെമുല ആക്ട്’ എന്ന മുദ്രാവാക്യത്തിന് രൂപംകൊടുത്തത്.

ദിവസങ്ങൾ കടന്നുപോയെങ്കിലും മുത്തുകൃഷ്ണ​െൻറ മരണകാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു. രാജ്യത്തെമ്പാടുമുള്ള വിദ്യാർഥികളും ജനാധിപത്യ ശക്തികളും ആവശ്യപ്പെടുന്നത് നിഷ്പക്ഷവും ഫലപ്രദവുമായ സി.ബി.െഎ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നാണ്. ജെ.എൻ.യു കാമ്പസിന് അകത്തും പുറത്തുമുള്ള അക്കാദമിക് സമൂഹം പ്രതീക്ഷിക്കുന്നത് ഇൗ യുവഗവേഷക​െൻറ മരണകാരണം എത്രയുംവേഗം പുറത്തുവരമെന്നാണ്. ജീവാനന്ദത്തിനും അദ്ദേഹത്തി​െൻറ കുടുംബത്തിനും നഷ്ടപ്പെട്ടത് തങ്ങൾ സർവസ്വമായി കണ്ട പ്രിയപുത്രനെയാണ്.

ഒരു കൊല്ലം മുമ്പ് രോഹിത് വെമുലയുടെ അമ്മ രാധികയും ഇതേ ദുഃഖത്തി​െൻറ ചുഴികളിലൂടെയാണ് കടന്നുപോയത്. സാമൂഹിക വിവേചനത്തി​െൻറയും ഇല്ലായ്മകളുടെയും കഠിനപഥങ്ങൾ ചവിട്ടിവന്ന ഇൗ കുട്ടികൾ കൊതിച്ചത് ഭാവിയിലെ ചരിത്രകാരന്മാരും ശാസ്ത്രജ്ഞരും പ്രഫസർമാരുമൊക്കെ ആകാനാണ്. എന്നാൽ, ബൗദ്ധിക അന്വേഷണങ്ങളുടെ പ്രബുദ്ധ കേന്ദ്രങ്ങൾ ആകണമെന്ന് സങ്കൽപിക്കപ്പെടുന്ന നമ്മുടെ സർവകലാശാലകൾ അവരുടെ സ്വപ്നങ്ങളെയെല്ലാം തല്ലിക്കൊഴിക്കുകയാണ്. ഇതെന്തുകൊണ്ടാണ്? ജാതിവൈരുധ്യങ്ങളുമായി കെട്ടിപിണഞ്ഞുകിടക്കുന്ന ഇന്ത്യയിലെ സാമൂഹികബന്ധങ്ങളുടെ സ്വാധീനത്താലാണ് സർവകലാശാലകൾ ഇങ്ങനെയാകുന്നത്. ഇൗ വെല്ലുവിളി അതീവ ഗൗരവത്തോടെ നേരിടേണ്ടതാണ്.

എംഫിൽ/പിഎച്ച്.ഡി പ്രവേശന നിബന്ധനകൾ പുതുക്കി എഴുതിയപ്പോഴാണ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇത്തരം സ്ഥാപനങ്ങളിൽ കൂടുതൽ സീറ്റും വർധിച്ച സ്കോളർഷിപ്പും ലഭ്യമായത്. കാമ്പസുകളുടെ ഇൗ മാറിയ മുഖച്ഛായ ഇഷ്ടപ്പെടാത്ത ചാതുർവർണ്യത്തി​െൻറ പുത്തൻ സംരക്ഷകന്മാരാണ് പിന്നാക്ക പ്രവേശനത്തി​െൻറ വാതിൽ കൊട്ടിയടക്കണമെന്ന് വാദിച്ചുപോരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാവങ്ങൾക്കും മർദിത ജനവിഭാഗങ്ങൾക്കും തുല്യാവകാശം ലഭ്യമാകേണ്ടതിനെപ്പറ്റി എന്നുംവാചാലമായി പറഞ്ഞയാളാണ്. ഇപ്പോൾ തെരഞ്ഞെടുപ്പി​െൻറ ഫലം കടന്നിരിക്കെ അദ്ദേഹം അത്തരം വർത്തമാനങ്ങൾ മറക്കാനാണിട. അടുത്ത തെരഞ്ഞെടുപ്പുവരെ മറ്റു കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യാപൃതനാകേണ്ടതുണ്ടല്ലോ. തുല്യതയുടെയും സ്വാതന്ത്ര്യത്തി​െൻറയും അടിത്തറയിൽ നിന്നുകൊണ്ട് അന്തസ്സാർന്ന ജീവിതം കെട്ടിപ്പടുക്കാൻ കൊതിച്ച ഒരു ദലിത്, ഗവേഷണ വിദ്യാർഥികൂടി ജീവിതം അവസാനിപ്പിക്കേണ്ടിവന്നിരിക്കുന്നു.

അത്തരക്കാരുടെ ജീവിതസങ്കൽപങ്ങളെല്ലാം തല്ലി ക്കൊഴിക്കപ്പെട്ടാണ് നമ്മുടെ സാമൂഹിക ഘടന പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അതി​െൻറ രീതിശാസ്ത്രങ്ങൾ സാമൂഹികശ്രേണിയുടെ ഏറ്റവും താഴെയുള്ളവരുടെ അവകാശങ്ങൾ എല്ലാം ചവിട്ടിമെതിക്കുന്നതാണ്. അവസരസമത്വത്തെക്കുറിച്ചും തുല്യാവകാശത്തെക്കുറിച്ചുമുള്ള ഭരണഘടനാ വാഗ്ദാനങ്ങൾപോലും ഇവിടെ കാറ്റിൽപറത്തപ്പെടുന്നു.

ഇത്തരം നീതിശാസ്ത്രങ്ങൾ ഉടച്ചുവാർക്കാത്ത കാലത്തോളം മുത്തുകൃഷ്ണന്മാർക്ക് നീതി ലഭിക്കുകയില്ല. മർദിതർക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുമായി അർഥപൂർണമായ ആശയവിനിമയത്തിനും ലക്ഷ്യബോധമുള്ള പരസ്പര സഹകരണത്തിനുമാണ് ഇടതുപക്ഷം ഉറ്റുനോക്കുന്നത്. ദലിത്^പിന്നാക്ക ജനവിഭാഗത്തി​െൻറ സ്വാഭാവിക ബന്ധുക്കളായാണ് ഇടതുപക്ഷം തങ്ങളെ കണക്കാക്കുന്നത്. ‘ദലിത്, േശാഷിത, വഞ്ചിത, പീഡിത സമാജ’ത്തി​െൻറ യഥാർഥ മോചനത്തിനുവേണ്ടി കൈയോടുകൈകോർത്ത് നീങ്ങേണ്ടവരാണ് തങ്ങളെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നുണ്ട്. ആ ദിശയിലുള്ള പരസ്പര സഹകരണത്തി​െൻറ ആവശ്യകതയാണ് ‘ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസി’​െൻറ മോർച്ചറിക്കു മുന്നിൽ നിന്നപ്പോൾ മനസ്സിൽ അലയടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalit studentMuthukrishnancaste discrimination in edication
News Summary - the memmories of that dalit student
Next Story