കാത്തിരിക്കുക, പൊൻപുലരിക്കായി
text_fieldsഞാനെന്റെ കലാലയ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചെലവഴിച്ചത് മാതൃമാതാവിന്റെ കൂടെ തലസ്ഥാന നഗരിയിലെ അവരുടെ വീട്ടിലായിരുന്നു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർഥിയായിരുന്ന അക്കാലം കലാ-സാംസ്കാരിക പരിപാടികൾ, സാമൂഹിക പ്രവർത്തനം, മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിങ്ങനെ എല്ലാംകൊണ്ടും ജീവിതത്തിലെ ഏറ്റവും നിറപ്പകിട്ടാർന്ന നാളുകളായിരുന്നു.
പഠനത്തിനുശേഷം സിവിൽ സർവിസ് പരീക്ഷക്കുള്ള തയാറെടുപ്പുകൾ തുടങ്ങുന്ന സമയമാണ്. അതിനിടയിൽ എനിക്ക് കടുത്ത പനി ബാധിച്ച് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഞാൻ മടങ്ങി ഒരാഴ്ചക്കുള്ളിൽ മുത്തശ്ശിക്ക് ഉദരസംബന്ധമായ അസുഖം പിടിപെടുകയും മക്കൾ അവരെ ആ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അതോടെ തിരുവനന്തപുരത്തെ കുടുംബവീടിന്റെ വാതിൽ എന്നെന്നേക്കുമായി അടഞ്ഞു. 2007ൽ ഇഹലോകം വെടിയുംവരെ മുത്തശ്ശി മക്കൾക്കൊപ്പമാണ് കഴിഞ്ഞത്.
ചില വേർപിരിയലുകൾ അങ്ങനെയാണ്. പനി ബാധിച്ചുള്ള എന്റെ മടക്കവും തൊട്ടുടനെയുള്ള മുത്തശ്ശിയുടെ മടക്കവുമെല്ലാം ആകസ്മികമായിരുന്നെങ്കിലും അവ തമ്മിൽ അദൃശ്യമായ എന്തോ ബന്ധമുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ആ വീടുമായി പിരിയാൻ ഞങ്ങൾക്കിരുവർക്കും ഒരുമിച്ചൊരു കാരണം വന്നുപെടുകയായിരുന്നല്ലോ. തറവാടുവീടുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമകളുണ്ട്.
മൺമറഞ്ഞുപോയ മാതൃപിതാവിന്റെ കുടുംബത്തിൽനിന്നുള്ളവരും മറ്റുമായി കുറേയേറെ പേർ വന്നിരുന്ന ഒരു വീടാണത്. പ്രായാധിക്യത്തിനിടയിലും മുത്തശ്ശി അവരെയെല്ലാം നന്നായി സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുമായിരുന്നു. മടങ്ങുമ്പോൾ കൈവശമുള്ള ചെറിയ തുക ആരും കാണാതെ ചിലരുടെയെല്ലാം കൈയിൽ കൊടുക്കും. ഒരു ദിവസം, ഞാൻ കോളജിൽ നിന്ന് വന്നപ്പോൾ തികച്ചും സാധാരണക്കാരനായ ഒരാളും ഭാര്യയും മകളും വീട്ടിലുണ്ട്. ആരാണെന്ന് ചോദിച്ചപ്പോൾ, മുത്തച്ഛന്റെ ബന്ധത്തിൽ പെട്ടതാണെന്നും മുമ്പൊക്കെ ഇവിടെ വരാറുണ്ടായിരുന്നുവെന്നും മുത്തശ്ശി പറഞ്ഞു. അദ്ദേഹത്തിന്റെ ജോലിയെന്താണ് എന്നെല്ലാം അന്വേഷിച്ചപ്പോൾ മുത്തശ്ശി ഒരു ചെറു ചിരിയോടെ ഒഴിഞ്ഞുമാറി. ആ കുടുംബം അന്ന് ഞങ്ങളോടൊപ്പം താമസിക്കുകയും ചെയ്തു.
രാവിലെ പിരിയുംമുമ്പ് അദ്ദേഹത്തോടുതന്നെ ജോലിയെന്തെന്ന് ഞാൻ തിരക്കി. ഉത്സവപ്പറമ്പുകളിലും നേർച്ചസ്ഥലങ്ങളിലുമെല്ലാം ചെറുകച്ചവടങ്ങൾ നടത്തിയാണ് ജീവിതമെന്നും മുത്തശ്ശി കാര്യമായി സഹായിക്കാറുണ്ടെന്നും മറുപടി പറഞ്ഞു. ഇറങ്ങുന്നതിനു മുമ്പ് മുത്തശ്ശിയുമായി അദ്ദേഹം വീണ്ടും സംസാരിക്കുന്നത് കണ്ടു. ഈ ചെറിയ കച്ചവടവും വരുമാനവുംകൊണ്ട് എങ്ങനെ ജീവിക്കാനാണ്, എന്റെ മക്കളോടൊക്കെ ഒന്ന് സംസാരിച്ച് എന്തെങ്കിലുമൊരു മാർഗം കണ്ടെത്തി തന്നാലോ എന്നായി മുത്തശ്ശി. അദ്ദേഹം പറഞ്ഞു, ‘‘അങ്ങനെയൊരിക്കലും ചെയ്യരുത്, ഉമ്മയെനിക്ക് നൽകിയ ഈ സംഖ്യതന്നെ ധാരാളം. ഞാൻ എന്റെ ഈ ചെറിയ ജോലി ചെയ്ത് അങ്ങനെ മുന്നോട്ടുപോകും, അതു മതി.’’മുത്തശ്ശി വീണ്ടും ചോദിച്ചു, ‘‘ഒരു വീട് വേേണ്ട?, മക്കളുടെ പഠനവും മറ്റുമൊക്കെ നോക്കേണ്ടേ?’’
‘‘അതെല്ലാം നടക്കും, പടച്ചവൻ കൂടെയുണ്ടല്ലോ.’’-ചെറുപുഞ്ചിരിയോടെ അദ്ദേഹം പ്രതികരിച്ചു.
‘‘എന്നാലും മോനേ, പത്ത് രൂപ വേണ്ട സ്ഥാനത്ത് എട്ടു രൂപ കൊണ്ട് കാര്യമില്ലല്ലോ?’’
‘‘എന്റെ കൈയിൽ ഉള്ള എട്ട് രൂപ 80 രൂപയാകാൻ അധികം സമയം വേണ്ട ഉമ്മാ, ശരിയായ മാർഗത്തിലൂടെതന്നെ അത് സാധ്യമാണല്ലോ’’. അയാൾ പ്രതീക്ഷാനിർഭരനായി മൊഴിഞ്ഞു. എല്ലാം നന്നായി വരട്ടെയെന്നും ആശീർവദിച്ച് മുത്തശ്ശി അദ്ദേഹത്തെയും കുടുംബത്തെയും യാത്രയാക്കി.
മുൻ ലക്കങ്ങളിൽ പരാമർശിച്ച വ്യക്തികളെപോലെ തന്നെ ഇദ്ദേഹത്തെയും പിന്നീടെനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഒരിക്കൽ മുത്തശ്ശിയെ കാണാൻ പോയപ്പോൾ ആ ബന്ധുവിനെ കുറിച്ച് ഞാൻ തിരക്കി. അവർ പറഞ്ഞു, ‘‘നിന്റെ മുത്തച്ഛന്റെ കുടുംബത്തിലെ ധാരാളം പേർ അക്കാലത്ത് വരാറുണ്ടായിരുന്നു. എന്നെക്കൊണ്ട് ആവുംവിധം അവരെയെല്ലാം സ്വീകരിക്കുകയുംചെയ്തു.’’ആ വ്യക്തിയെ കുറിച്ച അവ്യക്തമായ ഓർമ മാത്രമാണ് അവർക്കുണ്ടായിരുന്നത്.
എന്നാൽ, മരിക്കുന്നതിന് നാലഞ്ച് മാസം മുമ്പ് കണ്ടപ്പോൾ വല്ലാത്തൊരു ആവേശത്തോടെ മുത്തശ്ശിയെന്നെ അടുത്തുവിളിച്ചു. ‘‘മോനേ, നിന്നോടെനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്. അന്ന് നീ ചോദിച്ച തിരുവനന്തപുരത്തെ വീട്ടിൽ വന്ന നമ്മുടെ ആ ബന്ധുവില്ലേ, അവൻ നല്ല നിലയിൽ എത്തിയിട്ടുണ്ട്. വീട് വെച്ചു. മക്കളെയൊക്കെ നന്നായി പഠിപ്പിച്ചു. മൂത്ത മകൾക്ക് കല്യാണം അന്വേഷിച്ച് കൊണ്ടിരിക്കുകയാണിപ്പോൾ.. അവന്റെ നല്ല മനസ്സിന് പടച്ചവൻ തുണയേകി...’’പറയുമ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതി അവരുടെ മുഖത്ത് ഞാൻ കണ്ടു. ജീവിതത്തിന്റെ സാഫല്യം രുചിച്ചറിയാൻ ആ മനുഷ്യന് സാധിച്ചതിന്റെ സന്തോഷമായിരുന്നു മുത്തശ്ശിയുടെ വാക്കുകളിൽ നിറയെ. മാസങ്ങൾ പിന്നിട്ടപ്പോൾ ജീവിതത്തിലെ മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളെ സൗമ്യമായി നേരിട്ട ആ സ്നേഹമയി എന്നെന്നേക്കുമായി ഞങ്ങളോട് വിടപറഞ്ഞു.
ആ മനുഷ്യൻ എല്ലാ അർഥത്തിലും ഒരു പാഠപുസ്തകമാണ്. ഭാവിയെക്കുറിച്ച അല്ലലും അലട്ടലുമില്ലാതെ പ്രതീക്ഷാനിർഭരനായി ജീവിച്ച ഒരാൾ. പ്രപഞ്ചശക്തിയിലുള്ള അചഞ്ചലമായ വിശ്വാസവും അതുവഴി സാധ്യമായ ആത്മീയ ഭാവവുമാണ് അദ്ദേഹത്തിന് ദുരിതങ്ങൾക്കിടയിലും ശാന്തത നൽകിയത്. കടുത്ത ജീവിത പ്രാരബ്ധങ്ങൾക്കിടയിലും ശോഭനമായ ഭാവിയെക്കുറിച്ച് അയാൾ ആത്മവിശ്വാസം കൊണ്ടു. വർത്തമാനകാല ദുരിതങ്ങളെല്ലാം സാന്ദർഭികവും താൽക്കാലികവുമാണെന്നും അതെല്ലാം മറികടന്ന് നല്ല നാളെയിൽ താൻ എത്തിച്ചേരുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് ഏതൊരാളെയും മുന്നോട്ട് നയിക്കേണ്ടത്.
ശോഭനമായ ഭാവിക്കായി കഠിനമായി പ്രയത്നിക്കാനും ചിന്തിക്കാനുമുള്ള കരുത്ത് സമ്മാനിക്കുക ആ വിശ്വാസമാണ്. ജീവിതത്തെ സംബന്ധിച്ചും ജീവിതത്തിനപ്പുറമുള്ള യാഥാർഥ്യത്തെ കുറിച്ചുമുള്ള തത്ത്വചിന്താപരമായ സമീപനമാണത്. വിദ്യാർഥികളാകട്ടെ, മുതിർന്നവരാകട്ടെ എല്ലാവരിലും ഈ ജീവിതവീക്ഷണം അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്. ജീവിതത്തിന് താളബോധം സമ്മാനിക്കാൻ അത് നിർണായകമത്രെ. പീറ്റർ പാൻ പോലുള്ള വിഖ്യാത സൃഷ്ടികൾ ലോകത്തിന് സമ്മാനിച്ച സ്കോട്ടിഷ് നോവലിസ്റ്റ് ജെ.എം. ബാരിയുടെ പ്രശസ്തമായ വരിയിങ്ങനെ:
‘‘നിങ്ങൾക്ക് പറക്കാൻ കഴിയുമോ എന്ന് സംശയിക്കുന്ന നിമിഷം, നിങ്ങൾക്കത് സാധിക്കാതെ വരുന്നു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.