ടി.കെ എന്ന വിചാരമാതൃക
text_fieldsഇസ്ലാമിെൻറ ആഴം കണ്ട പണ്ഡിതനെയും ചിന്തകനെയുമാണ് ടി.കെ. അബ്ദുല്ല സാഹിബിെൻറ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത്. രൂപവത്കരണം തൊട്ട് കഴിഞ്ഞ മുക്കാല്‍ ശതകം കേരളത്തിന് ഇസ്ലാമിക പ്രസ്ഥാനം നൽകിയ സേവനങ്ങളിലെല്ലാം ആ ധിഷണയും മേലൊപ്പുമുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര മലയാളി, ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നതിെൻറ വഴിയടയാളങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ കേരളത്തിലെ മുസ്ലിം സമൂഹം ടി.കെയോട് കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും മുന്നില്‍ അതിവാദങ്ങളിലേക്കും മാപ്പുസാക്ഷിത്വത്തിലേക്കും നയിക്കപ്പെടുകയും പലതായി രൂപപ്പെടാന്‍ സാധ്യതയുമുണ്ടായിരുന്ന കേരളത്തിലെ മുസ്ലിം സമുദായത്തെ ഇസ്ലാമികാടിത്തറയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹത്തിെൻറ ധിഷണ വഹിച്ച പങ്ക് വലുതാണ്.
വിവിധ രംഗങ്ങളില്‍ പുതുതായി ഉയര്‍ന്നുവരുന്ന അനേകം സങ്കേതങ്ങളോടും ആശയങ്ങളോടും സംവദിക്കുന്നതിലും നിരൂപണം ചെയ്യുന്നതിലും ഇടപെടുന്നതിലും ദേശീയതലത്തിലും കേരളത്തിലും ടി.കെയുടെ സാന്നിധ്യം ജമാഅത്തെ ഇസ്ലാമിയുടെ ആത്മബലങ്ങളിലൊന്നായിരുന്നു. ഇസ്ലാം ഏതാനും ആചാരാനുഷ്ഠാനങ്ങളുടെ സമ്മേളനം മാത്രമാണെന്ന് ധരിച്ചിരുന്ന സമൂഹത്തിനു മുന്നില്‍ ഇസ്ലാമിെൻറ കാലിക പ്രസക്തിയും വികാസക്ഷമതയും അവതരിപ്പിക്കുന്നതില്‍ ടി.കെയുടെ വാക്കുകള്‍ വിശ്രമരഹിതമായി പൊരുതി.
തികഞ്ഞ മനുഷ്യസ്നേഹിയായ ടി.കെ, മാനുഷ്യകത്തിെൻറ ഏകതയില്‍ അടിയുറച്ച് വിശ്വസിച്ചു. സാമുദായികമായ വേർതിരിവുകള്‍ക്ക് സാധ്യതയുണ്ടാകുന്നതോ അന്യരെ വേദനിപ്പിച്ചേക്കാവുന്നതോ ആയ സന്ദര്‍ഭങ്ങളുടെ വിദൂരതയിലൂടെ മാത്രമേ ഇസ്ലാമിക പ്രസ്ഥാനം സഞ്ചരിക്കാവൂ എന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങളുടെ വിമോചനവും ദൃശ്യതയും അദ്ദേഹത്തിെൻറ സ്വപ്നമായിരുന്നു. 'മാധ്യമം' എന്ന ആശയത്തോടും പത്രനിലപാടുകളിലെ ആര്‍ജവത്തോടും അതിലൂടെ പ്രകാശിതമാകുന്ന വിപുലമായ സാന്നിധ്യങ്ങളോടും തുറന്ന സമീപനത്തോടും പത്രം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ച് അതിെൻറ തുടക്കക്കാരിലെ അവശേഷിക്കുന്ന കണ്ണിയായിരുന്നു ടി.കെ സാഹിബ്. മരണം വരെ ഇസ്ലാമിക പ്രസ്ഥാനത്തെ കുറിച്ചായിരുന്നു ചിന്ത. കോവിഡ് മഹാമാരിമൂലം സമൂഹം അടച്ചുപൂട്ടപ്പെടുന്നതുവരെയും ജമാഅത്തെ ഇസ്ലാമിയുടെ കേരള ആസ്ഥാനത്ത് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. വാര്‍ധക്യത്തിലെ വിശ്രമജീവിതം അദ്ദേഹത്തിനുണ്ടായില്ല. ഇടക്ക് കോവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും കോഴിക്കോടെത്തി. അനേകം തവണ നേതാക്കളെയും പ്രവര്‍ത്തകരെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ദീര്‍ഘ സംഭാഷണങ്ങളിലേര്‍പ്പെട്ടു.
ശാരീരിക ദൗര്‍ബല്യങ്ങള്‍ കാരണം പ്രഭാഷണം അസാധ്യമായപ്പോള്‍ എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുമുമ്പ് അവ പ്രസിദ്ധീകരണത്തിന് നൽകി. ഔപചാരികമായി ഞങ്ങളുടെ അധ്യാപകനല്ലെങ്കിലും എെൻറയും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലിയുടെയും ജീവിതത്തിലെ ഗുരുവര്യനായിരുന്നു അദ്ദേഹം. മക്കളെപ്പോലെ ഇസ്ലാമിക പ്രസ്ഥാനത്തിെൻറ വീഥിയിലൂടെ കൈപിടിച്ചു നടത്തി. ജമാഅത്തെ ഇസ്ലാമി ഒരു സംഘടന എന്നതിനപ്പുറം ഒരു സംസ്കാരവും ചിന്താരീതിയുമാണെന്ന് ഞങ്ങള്‍ പഠിച്ചു. അറിവിെൻറയും ചിന്തയുടെയും അനിവാര്യത അദ്ദേഹം ജീവിതം കൊണ്ടാണ് പഠിപ്പിച്ചത്. വിദ്യാര്‍ഥികാലം മുതല്‍ ഞാൻ അദ്ദേഹത്തെ കേള്‍ക്കുന്നു.
വിദ്യാര്‍ഥി പ്രസ്ഥാനത്തിന് നേതൃത്വം നല്കിയപ്പോഴും പിന്നീട് ജമാഅത്തിെൻറ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചപ്പോഴും അദ്ദേഹവുമായുണ്ടായ സഹവാസങ്ങള്‍ നല്കിയ ഊര്‍ജവും തേൻറടവും ചെറുതല്ല. ജമാഅത്തിെൻറ സംസ്ഥാന സാരഥ്യം ഏറ്റെടുത്തപ്പോള്‍ നീണ്ടകാലം നേതൃത്വം നല്കിയ ഭാവമേതുമില്ലാതെ വിനയം കൊണ്ട്, അനുസരണം കൊണ്ട് അദ്ദേഹം നിരവധി തവണ എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്ആെൻറയും പ്രവാചകചര്യയുടെയും ആഴപ്പരപ്പുകളിലേക്കിറങ്ങിയുള്ള വഴിനടത്തവും വഴികാട്ടലും തന്നെയാണ് ടി.കെയുടെ വിചാരമാതൃക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.